sections
MORE

അച്ഛനും അമ്മയും അടുത്തില്ലാത്ത കുഞ്ഞുങ്ങളുടെ വേദനകൾ...

poor-boy
പ്രതീകാത്മക ചിത്രം
SHARE

ബാല്യം മരിച്ചവർ (കഥ)

അഞ്ച് സെന്റിൻറെ കോണിലായി നിന്ന കിളിച്ചുണ്ടൻ മാവിലിരുന്ന് പതിവായി പാടുന്ന കുയിലിനെ അന്നവൻ കണ്ടില്ല. പുറത്ത് കൂടി നിൽക്കുന്ന ജനക്കൂട്ടം പണിതീരാത്ത വീടിന്റെ ഉള്ളിലിരിക്കുന്ന അവനിൽ നിരവധി ചോദ്യങ്ങൾ ഉയർത്തിക്കൊണ്ടിരുന്നു. ചിലർ മരത്തിന്റെ അരികിലേക്ക് പോകുകയും വിഷണ്ണരായി മടങ്ങിവരുകയും ചെയ്യുന്നുണ്ട്. തന്റെ മാവിലേക്കുള്ള നോട്ടത്തെ ചിലർ വലം കൈയാൽ മറച്ചു പിടിച്ചു. വീടിന്റെ അരികിലേയ്ക്ക് മെല്ലെയെത്തിയ വെളുത്ത വാഹനം അൽപസമയത്തിനു ശേഷം മടങ്ങിപ്പോയി. പിറ്റേന്ന് പ്രഭാതത്തിൽ നീല പന്തലിനുള്ളിൽ ചലനമറ്റ് കിടന്ന തന്റെ മാതാപിതാക്കളെ നോക്കി അവൻ പൊട്ടിക്കരഞ്ഞു. മരണമെന്ന വാക്കിലൂടെ തനിക്ക് നഷ്ടപ്പെടാൻ പോകുന്ന ജീവിതത്തെ കുറിച്ച് ചിന്തിക്കാനുള്ള പ്രായം നാലാം ക്ലാസുകാരനായ അവന്റെ ചിന്തയിൽ ജനിച്ചിരുന്നില്ല.  

എല്ലാവരേയും പോലെ അടിത്തറയ്ക്ക് മേൽ സ്വപ്നങ്ങൾ പടുത്തുയർത്താൻ തുനിഞ്ഞ് ഒടുവിൽ വീണുപോയ സാധുവായ ഒരാൾ. ഒച്ചിഴയും വേഗത്തെ പരിഹാസമുനയിൽ കൊരുത്ത് തന്നെ കഴിവുകെട്ടവനായി ചിത്രീകരിക്കാൻ വെമ്പിയവർക്കു മുന്നിൽ പലിശപണം കൊണ്ട് ശരവേഗമാർജിച്ച സ്വപ്നങ്ങൾ പാതി വഴിയിൽ തകർന്നു വീഴുന്നതു കണ്ട് ജീവിതം ഉപേക്ഷിക്കേണ്ടി വന്ന അനേകരിൽ ഒരാൾ. പോയ വഴിക്കൊന്ന് കയറിയതെന്ന മട്ടിൽ പലിശയ്ക്ക് പണം നൽകി കടന്നു പോയവർ വച്ചു നീട്ടിയ പണത്തിന്റെ പലിശഭാരത്തിൽ രണ്ട് ചിറകും നഷ്ടപ്പെട്ട ജഡായുവിനെ പോലെ അയാളിരുന്നു. സ്വന്തം വീട്ടുകാരെ ഉപേക്ഷിച്ച് അനാഥനായ തനിക്കൊപ്പം നല്ലപാതിയായി ഇറങ്ങി വന്നവൾ ശാപവാക്ക് പറയാതെ തനിക്കൊപ്പം നിന്നു. ഒടുവിൽ മാന്യതയുടെ അതിർവരമ്പുകളിൽ നിന്നു കൊണ്ട് അയാൾ പലിശകാർക്കു നേരെ കൈകൾ കൂപ്പി. നിവൃത്തികേടിന്റെ അവസാനത്തിൽ ഏകമകനൊരു മുത്തം നൽകി താൻ ഏറെ സ്നേഹിച്ച കിളിച്ചുണ്ടൻ മാവിന്റെ ശിഖരത്തിൽ ജീവിതം കൊരുത്ത് സ്വന്തം മകനെ ഭൂമിയിൽ തനിച്ചാക്കി ഇരുവരും മറ്റൊരു ലോകത്തേക്ക് യാത്രയായി. 

ഖദർ ധരിച്ചെത്തിയ കുറെ മനുഷ്യർ വീടിന്റെ ഉള്ളിലിരുന്ന് നടത്തിയ ചർച്ചകൾക്കൊടുവിലാണ് അവൻ പുതിയൊരു യാത്രക്കൊരുങ്ങിയത്. യാത്ര പറയാൻ കാത്തു നിന്നവരിൽ അധ്യാപകരും സഹപാഠികളും ഉണ്ടായിരുന്നു. അവർ കൈയിൽ കരുതിയ സമ്മാനപ്പൊതികൾ നിറകണ്ണുകളോടെ അവന് കൈമാറി. എവിടേയ്ക്കാണ് തന്റെ യാത്രയെന്ന് അവനറിഞ്ഞിരുന്നില്ല. മറഞ്ഞു പോകുന്ന നിഴലുകൾ പോലെ കണ്ണുനീർ നനവുള്ള ഓർമകൾ ആ യാത്രയിൽ അലിഞ്ഞു തീരുകയായിരുന്നു. വാഹനം ആശ്രയം എന്നെഴുതിയ വലിയ ആർച്ചിനെ മറികടന്ന് അകത്തേയ്ക്ക് കയറി. അങ്ങനെ അനാഥാലയത്തിലെ ബാല്യം മരിച്ച കുട്ടികളിലൊരാളായി അവൻ മാറുകയായിരുന്നു. 

പാതി ജീർണ്ണിച്ച പുല്ലു പായയിൽ ഉറങ്ങാൻ കിടക്കുമ്പോഴൊക്കെ അച്ഛന്റെ ഒക്കത്തിരുന്ന് കുളിക്കടവിലേക്ക് പോകുന്നതും ചോറുരുളകളുമായി തനിക്കു പിൻപേ ഓടുന്ന അമ്മയേയും അവൻ സ്വപ്നത്തിൽ കണ്ടു. സ്വപ്നത്തിൽ നിന്നുണർന്ന് ഉറങ്ങാൻ കഴിയാതെ കണ്ണുകൾ ഇരുട്ടിലേക്ക് തുറന്നു വച്ചു. അലസമായ രാത്രിയുടെ ഏതോ യാമങ്ങളിൽ ഉറക്കം അവനെ കവർന്നെടുത്തു. 

ദിനങ്ങൾ ഇതളുകൾ പോലെ കൊഴിഞ്ഞു പോയി. വലിയ വീട്ടിലെ കുട്ടികൾ ഇട്ടുമുഷിഞ്ഞ വസ്ത്രങ്ങളോടും രുചിയില്ലാത്ത ആഹാരത്തോടും അവൻ പൊരുത്തപ്പെടാൻ തുടങ്ങിയിരിക്കുന്നു. അച്ഛനും അമ്മയും കണ്ണുനീർ ജനിപ്പിക്കുന്ന ഓർമകളായി അവനെ പിൻതുടർന്നുകൊണ്ടിരുന്നു. 

അത്താഴത്തിനു ശേഷം കുഞ്ഞു ബാല്ല്യങ്ങൾ കരുണാമയനായ കർത്താവിന്റെ മുന്നിലേക്ക് നിരയായി നീങ്ങി. ആരുമറിയാതെ ഉളളിൽ വിങ്ങിയ നൊമ്പരങ്ങളും ആഗ്രഹങ്ങളും തിരുമുന്നിൽ വച്ച് ഈറനായ മിഴികളുമായി എല്ലാവരും മടങ്ങിപ്പോയി. ഒടുവിലായ് ഉരുകി അവസാനിക്കാറായ മെഴുകുതിരിക്കു പിന്നിലെ കർത്താവിന്റെ മുന്നിൽ അവൻ നിന്നു. മെഴുതിരിയുടെ മഞ്ഞ നാളത്തിൽ നൊമ്പരം പോൽ ഒരു നീലനാളം ചുറ്റിവരിഞ്ഞു നിന്നു. വീടും പണവും ഒന്നുമില്ലെങ്കിലും അടുത്ത ജന്മത്തിലെങ്കിലും അച്ഛനും അമ്മയും ഒപ്പമുണ്ടാവണമെന്ന് പ്രാർത്ഥിച്ചു കൊണ്ട് പാതി ജീർണ്ണിച്ച പുല്ലു പായക്കു നേരെ അവൻ നടന്നു പോയി.

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA