ADVERTISEMENT

പുറം ചൊറിയാന്‍ ഒരാള്‍ വേണം (കഥ)

വിവാഹ പരസ്യം തയാറാക്കുകയാണ് കഥാനായകന്‍. മറ്റാരുടേതുമല്ല; കഥാനായകന്റേതു തന്നെ.    

ഞാന്‍ മാധവന്‍പിള്ള, സെക്രട്ടറിയേറ്റിലെ റിട്ട. അഡീ. സെക്രട്ടറി (5 പ്രാവശ്യം സ്റ്റേറ്റ് ക്വാട്ടയില്‍ ഐഎഎസ് കിട്ടാല്‍ ഡല്‍ഹി വരെ പോയതാണ്; കിട്ടിയില്ല) സുമുഖന്‍, സുന്ദരന്‍, സുശീലന്‍, വയസ്സ് 60. മതം ഏതായാലും കുഴപ്പമില്ല. 'പുറം ചൊറിയാന്‍ ഒരാള്‍ വേണം'.

പരസ്യം തയാറായി. ''പുറം ചൊറിയാന്‍ ഒരാള്‍ വേണം'' എന്ന തലക്കെട്ടില്‍ പരസ്യം കൊടുക്കണമെന്ന അഭ്യര്‍ത്ഥനയോടെ. ഈ കഥയുടെ പേരും അതുതന്നെ ഇടുന്നു.

കഥാനായകന്‍ സെക്രട്ടറിയേറ്റ് ധനകാര്യ വകുപ്പില്‍ അസിസ്റ്റന്റായി ജോലിയില്‍ പ്രവേശിച്ചു. മേലധികാരികളുടെ പ്രോത്സാഹനത്തോടെ ജോലിയില്‍ മിടുക്കനായ കഥാനായകന് കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ലഭിച്ചുതുടങ്ങി. ഞാനില്ലെങ്കില്‍ സംസ്ഥാന ബഡ്ജറ്റുപോലും ഇറങ്ങുകയില്ല എന്ന ചിന്ത എനിക്ക്. വകുപ്പില്‍ എനിക്കുവേണ്ടി സ്‌തോത്ര ഗീതങ്ങള്‍ മുഴങ്ങി. മാധവപിള്ള സാറില്ലെങ്കില്‍ സംസ്ഥാന ബഡ്ജറ്റ് മാത്രമല്ല, പേ റിവിഷനിലെയും റൂള്‍സിലെയും ജോലി മുടങ്ങുമെന്നും ധനകാര്യ സ്തംഭനം ഉണ്ടാകുമെന്നും ഭരണ കക്ഷി നിലനില്‍ക്കുന്നതുതന്നെ മാധവപിള്ള സാര്‍ ഉള്ളതുകൊണ്ടാണെന്നും മറ്റു ചിലര്‍. 

ഐ ടി യുഗം സെക്രട്ടറിയേറ്റ് കീഴടക്കിയപ്പോഴും മാധവന്‍ പിള്ള സാര്‍ ധനകാര്യവകുപ്പിലെ അഗ്രഗണ്യന്‍ തന്നെ. അതിനിടയില്‍ പുറംചൊറിയാന്‍ ഒരാളെ കണ്ടെത്താനായില്ല.

കഥാനായകന്‍ അടുത്തൂണ്‍ പറ്റുന്ന ദിനമാണിന്ന്. പ്രസംഗങ്ങളും പുകഴ്ത്തലുകളും തകര്‍ക്കുന്നു. സാറില്ലായെങ്കില്‍ 30 വര്‍ഷം, വകുപ്പിന്റെ ചലനം നിലച്ചേനെ കൂടാതെ സംഘടനയ്ക്ക് ഇനി എങ്ങനെ മുന്നോട്ടുപോകാനാവും? ദീര്‍ഘകാലം സംഘടനാ പ്രസിഡന്റായിരുന്നു കഥാനായകന്‍. സംഘടന പിരിച്ചുവിടണം എന്ന് ഒരുകൂട്ടര്‍; സംഘടനയ്ക്ക് കഥാനായകന്റെ പേര് കൊടുക്കണമെന്ന് മറ്റൊരു കൂട്ടര്‍. അങ്ങനെ ആ ദിനവും കടന്നുപോയി. 

പിള്ള സാര്‍ അടുത്തൂണ്‍ പറ്റിയിട്ട് 5 വര്‍ഷമാകുന്നു. ബഡ്ജറ്റും ഇറങ്ങി, പേ റിവിഷനും ഇറങ്ങി. ധനകാര്യവകുപ്പ് കൂടുതല്‍ വേഗത്തില്‍ ചലിക്കുന്നു. ആരെങ്കിലും വകുപ്പില്‍ നിന്നും വിളിച്ചാലായി. പുതിയ ഹെഡ് ഓഫ് അക്കൗണ്ട് തുറക്കുമ്പോള്‍ സംശയം ചോദിച്ച് ആളുകള്‍ ഇപ്പോഴും വിളിക്കാറുണ്ടെന്ന പിള്ളസാറിന്റെ ഗീര്‍വ്വാണങ്ങള്‍ മാത്രം ബാക്കിയായി. അങ്ങനെയാണ് പിള്ളസാര്‍ കല്യാണം കഴിക്കാന്‍ തീരുമാനിക്കുന്നത്. പരസ്യമായി. പരസ്യം കണ്ട് ഭവാനിയമ്മ വന്നു. അടുത്തയാഴ്ച കല്യാണം. സെക്രട്ടറിയേറ്റുകാര്‍ക്ക് വരാന്‍വേണ്ടി 'വര്‍ക്കിംഗ് ഡേ'യില്‍ കല്യാണം ഉറപ്പിച്ചു.

കല്യാണത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനു മുമ്പ് പിള്ള സാറിന്റെ ജീവിതവുമായി ബന്ധപ്പെട്ട് ചില ചിന്തകള്‍ കുറിക്കാന്‍ ആഗ്രഹിക്കുന്നു. 

(1) വിദ്യാഭ്യാസം, ജോലി, കുടുംബം, റിട്ടയര്‍മെന്റ്, അതിനുശേഷമുള്ള ജീവിതം - ഇതെല്ലാം ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളാണ്. ഓരോന്നിനും അതിന്റേതായ പ്രാധാന്യമുണ്ട്. ജീവിതം വളരെ ചെറുതാണ്. അതുകൊണ്ടുതന്നെ എല്ലാ ഘട്ടങ്ങളും ആസ്വദിക്കുക, ആനന്ദിക്കുക. 

(2) 'എന്റെ പിന്നാലെ വരുന്നവന്‍ എന്നെക്കാള്‍ കേമന്‍' ബൈബിളില്‍ സ്‌നാപക യോഹന്നാന്‍ യേശുവിന്റെ വരവിനെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്. അതുപോലെ ഞാനില്ലെങ്കില്‍ ധനകാര്യവകുപ്പില്‍ ഒന്നും നടക്കില്ല എന്ന് ചിന്തിച്ച കഥാനായകനും പാടിപ്പുകഴ്ത്തിയ പാണന്‍മാരും ഒരേ സമയം 'അറിവിന്റെ അതിരില്ലായ്മയെക്കുറിച്ച് അറിവുണ്ടാകണം' എന്ന ആപ്തവാക്യം മനസ്സിലാക്കിക്കാണില്ല. 

കഥാനായകന്‍ ഹാപ്പിയാണ്. കല്യാണം കെങ്കേമമായി. പുതുതലമുറ അകലം പാലിച്ചപ്പോള്‍ റിട്ടയര്‍ ചെയ്ത ആളുകള്‍ ധാരാളംപേര്‍ കല്യാണത്തിന് വന്നു. പുതു തലമുറയ്ക്ക് ജോലിയോട് താല്‍പ്പര്യമില്ല എന്നായിരുന്നു കല്യാണനാളിലെ സംസാര വിഷയം. പുതിയ ഭരണ സര്‍വ്വീസ് വന്നില്ലേ: ഇനി മാക്‌സിമം അണ്ടര്‍ സെക്രട്ടറിയായി അടുത്തൂണ്‍ പറ്റാം. സദ്യ കഴിഞ്ഞ് ഏമ്പക്കം വിട്ട് അവര്‍ മടങ്ങി. 

ആദ്യ രാത്രി. മാധവപിള്ള സാര്‍ അക്ഷമനായി ഭവാനിയമ്മയെ കാത്തിരുന്നു മടുത്തു. റേഡിയോ ഓണ്‍ ചെയ്തു. അതാവരുന്നു ഗാനം; 

''കാത്തിരുന്ന പെണ്ണല്ലേ... 

കാലമേറെയായില്ലേ''

ഭവാനിയമ്മ പാല്‍ ഗ്ലാസ്സുമായി കടന്നുവരുന്നു. പുറംചൊറിയാന്‍ ആളെത്തി എന്ന ആശ്വാസത്തില്‍ കഥാനായകന്‍. ഭവാനിയമ്മ ആദ്യ രാത്രിയിലെ ആദ്യ ഡയലോഗ് പറയാന്‍ തയാറെടുത്തു. ''എന്റെ മുതുകില്‍ ഉറുമ്പ് കടിച്ചെന്നാ തോന്നുന്നെ; എന്റെ പുറം ഒന്നു ചൊറിഞ്ഞേ ചേട്ടാ''

നീണ്ട 10 വര്‍ഷങ്ങള്‍ അവര്‍ ഒരുമിച്ച് കഴിഞ്ഞു. കഥാനായകന്‍ കഥാവശേഷനായി. ഭവാനിയമ്മ കഥാനായകന്റെ ഡയറി തുറന്നു വായിക്കാന്‍ തുടങ്ങി. അതില്‍ ഇങ്ങനെ കുറിച്ചു കഥാനായകന്‍;

'ഈ മനോഹര തീരത്തു തരുമോ 

ഇനിയൊരു ജന്മം കൂടി'

അടുത്ത ജന്മവും ധനകാര്യ വകുപ്പില്‍ തന്നെ ജോലിചെയ്യണമെന്ന ആഗ്രഹത്തോടെ കഥാനായകന്‍. സെക്രട്ടറിയേറ്റ് ഒരു ക്യാമ്പസ് ആണ്. അത് നമ്മളെ എന്നും എപ്പോഴും ആകര്‍ഷിച്ചുകൊണ്ടിരിക്കും. 

'ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com