ADVERTISEMENT

പൊയ്മുഖങ്ങൾ (കഥ)

തിരക്കുപിടിച്ച ഒരു പ്രവർത്തിദിനത്തിൽ ആണ് ആദ്യമായി അവർ തന്റെ കണ്ണിൽ പെട്ടത്. നല്ല മുഖപരിചയം തോന്നിയെങ്കിലും സ്ത്രീകളെ അങ്ങനെ സൂക്ഷിച്ചു നോക്കാനുള്ള ഉൾഭയം കൊണ്ടും ചാർജ് എടുത്തിട്ട് ഒരു മാസം പോലും തികയാത്തതിനാൽ വന്നുപെട്ടിരിക്കുന്ന സ്ഥലത്തെ കുറിച്ച് വലിയ പരിചയം ഇല്ലാത്തതു കൊണ്ടും ഒന്നിനും പോയില്ല. എന്തിനാ വെറുതെ ഓരോന്ന് ചോദിച്ചു പുതിയ ഏടാകൂടങ്ങൾ ഉണ്ടാക്കിവെക്കുന്നത്. എന്നാലും മനസ്സിന്റെ ഏതോ ഒരു കോണിൽ ഇരുന്ന് ആ മുഖം തന്നെ അസ്വസ്ഥനാക്കിയിരുന്നു. അങ്ങനെ ഇരിക്കെയാണ് അവർ വീണ്ടും കടന്നുവന്നത്. എന്തോ സർട്ടിഫിക്കറ്റിന്റെ ആവശ്യമാണെന്ന് മനസിലായി. അതും കൈപറ്റി തൃപ്തിപ്പെട്ട മുഖവുമായി അവർ പടിയിറങ്ങി പോയി. സഹപ്രവർത്തകന്റെ സഹായത്തോടെ ഡീറ്റെയിൽസ് തപ്പിയെടുത്തു. അത് പരിശോധിച്ചപ്പോഴാണ് ആളെ പിടികിട്ടിയത്. അഡ്രസ്സും കൂടി നോക്കി ഉറപ്പ് വരുത്തി. അതേ. അമ്മുവേച്ചി തന്നെ. അമൃത ഗോപിനാഥ്. പലതരം വികാരങ്ങൾ മനസ്സിൽ മിന്നിമറയുന്നുണ്ടായിരുന്നു. ഒരു നോക്ക് കാണാൻ ആഗ്രഹിച്ച മുഖം. പക്ഷേ കാലം അവരിൽ ഒരുപാട് മാറ്റങ്ങൾ വരുത്തിയിരുന്നു. തന്നെ അവർക്കും തിരിച്ചറിയാൻ കഴിഞ്ഞിട്ടുണ്ടാകില്ല. വല്ലാത്തൊരു നഷ്ടം ആയിപ്പോയി. അമ്മുവേച്ചിയെ ഇത്ര അടുത്ത് കണ്ടിട്ടും ഒന്ന് പോയി മിണ്ടാൻ പറ്റിയില്ലല്ലോ... 

ഓർമകൾ വീണ്ടും പുറകോട്ടു പോവുകയാണ്. "വല്യ വീട്ടിലെ കുട്ടി" ആയതിനാൽ സ്വാതന്ത്ര്യം നന്നേ കുറവായിരുന്നു തനിക്ക്. അന്നത്തെ ഏറ്റവും വലിയ സ്കൂളിൽ തന്നെ പഠിപ്പിച്ചു. കളിക്കാനും ഉല്ലസിക്കാനും ഒക്കെയുള്ള അവസരങ്ങൾ വളരെ വിരളം ആയിരുന്നു. മുത്തശ്ശിക്ക് മറ്റു കുട്ടികളെ കാണുന്നത് തന്നെ ഈർഷ്യയായിരുന്നു. ഓർമവെച്ച കാലം മുതലേ അമ്മുവേച്ചിയായിരുന്നു തന്റെ ആശ്രയം. കോളജിൽ ഒക്കെ പോയി പഠിപ്പും ഗവേഷണവും നടത്തുന്ന അമ്മുവേച്ചിക്ക് തന്നോട് കൂട്ട് കൂടാനുള്ള യോഗ്യത ഉണ്ടായിരുന്നു. അവരുടെ കൂടെ എവിടെയും പോകാനുള്ള അനുവാദം കിട്ടിയിരുന്നു. അവർ മാത്രം ആയിരുന്നു തന്നെ കുട്ടാ എന്ന് വിളിച്ചിരുന്നത്. വൈകുന്നേരങ്ങളിൽ അവർ തന്നെ കുളിക്കാൻ കൊണ്ടു പോകുമായിരുന്നു. അന്നേ അവർ ദേഷ്യക്കാരി ആയിരുന്നു. ദേഷ്യം വരുമ്പോൾ ആ മൂക്ക് ചുവക്കുന്നത് കാണാൻ തനിക്ക് ഇഷ്ടം ആയിരുന്നു."ഈ അമ്മുവേച്ചീടെ ഒരു വാസന". അങ്ങനെ പറയുമ്പോൾ അവർക്ക് ഒന്ന് കൂടി ദേഷ്യം കയറും. 

ഒരിക്കൽ താൻ പറഞ്ഞു :"അമ്മുവേച്ചീടെ കല്യാണം കഴിയുമ്പോൾ ഞാൻ മരിക്കും. ന്നിട്ട് അമ്മുവേച്ചീടെ കുട്ട്യായിട്ട് ജനിക്കും". അന്ന് അവർ തന്നെ ഒരുപാടടിച്ചു. "ഈ അമ്മുവേച്ചിക്കെന്താ കല്യാണം ന്ന് പറഞ്ഞ ഇത്ര ദേഷ്യം". തനിക്കും ശുണ്ഠി പിടിച്ചു. താൻ പിണങ്ങി  മുന്നോട്ടു നടന്നു. "കുട്ടാ നിക്ക്.. " താൻ വളരെ മുമ്പിലായിരുന്നു. പഞ്ചാരമണലിൽ കാലുകൾ പൂഴ്ത്തി നടന്നപ്പോൾ ഓരോരോ കോപ്രായങ്ങൾ കാണിച്ചു അമ്മുവേച്ചിയെ ചിരിപ്പിക്കാൻ ശ്രമിച്ചു. അന്ന് അവർ ചിരിച്ചില്ല. ഏതൊക്കെയോ ഗഹനമായ ചിന്തകൾ അവരെ അലട്ടുന്നുണ്ടായിരുന്നു. "ഈ അമ്മുവേച്ചീടെ ഒരു വാസന. അന്ന് രാത്രി അമ്മുവേച്ചീടെ കൂടെ സർപ്പം തുള്ളൽ കാണാൻ പോയി. നാഗക്കളങ്ങൾ തന്നിൽ ഭയമുണർത്തി. നന്തുണിയുടെ താളത്തിനൊപ്പം നാഗങ്ങൾ ഇഴപിരിഞ്ഞാടി. വലിയ പത്തിയുയർത്തി എന്തോ തിരയുന്നതു പോലെ. പേടിയുടെ അലകൾ മനസ്സിൽ മുളപൊട്ടിയപ്പോൾ അമ്മുവേച്ചിയുടെ മുഖത്തേക്ക് ഒന്നു തിരിഞ്ഞു നോക്കി. അമ്മുവേച്ചിയില്ല! അവർ വന്നപ്പോൾ താൻ പരിഭവം പറഞ്ഞു. എന്നിട്ടും മിണ്ടാട്ടമില്ല. "ഈ അമ്മുവേച്ചീടൊരു... " ബാക്കി തൊണ്ടയിൽ കുരുങ്ങി. പിറ്റേന്ന് കുളിച്ചൊരുങ്ങി അമ്പലത്തിൽ പോകുമ്പോൾ പറഞ്ഞു "അമ്മുവേച്ചി എന്തൊരു ചന്താ" തന്റെ കുസൃതിക്ക് ഉത്തരം കിട്ടിയില്ല. "ഈ അമ്മുവേച്ചീടൊരു വാസന". ഇത്തവണയും മറുപടിയില്ല. തനിക്കും സങ്കടമായി. പിന്നെയൊന്നും പറയാൻ പോയില്ല. "നീ ഇവിടെ നിക്ക്. ഞാനിപ്പം വരാം." ആലിന്റെ പിന്നിൽ നിന്നിരുന്നത് ഗോപിയേട്ടനായിരുന്നു. തിരിച്ചു വന്നപ്പോൾ അമ്മുവേച്ചിയുടെ കണ്ണ് കലങ്ങിയിരുന്നു.

വീടെത്തിയപ്പോൾ അവർ തന്നെ ചേർത്തുനിർത്തി ചുംബിച്ചു. "കുട്ടാ നിനക്കിന്നാ ചേച്ചീടെ വെള്ള ടവൽ ". ടവൽ വാങ്ങി മണത്തു നോക്കി. "ഈ അമ്മുവേച്ചീടെ ഒരു വാസന". അപ്പോൾ അവർ ചിരിച്ചു."കുട്ടന് ഈ അമ്മുവേച്ചീനോട് ദേഷ്യം ണ്ടാകുവോ?" താൻ ഒന്നും പറയാതെ അവരുടെ കണ്ണിൽ തന്നെ നോക്കിയിരുന്നു. 

രണ്ടു ദിവസം കഴിഞ്ഞപ്പോൾ പാറുവമ്മ വന്ന് അമ്മയുമായി എന്തൊക്കെയോ രഹസ്യമായി സംസാരിച്ചു. "അസത്ത് ! കുട്ടിയെ ആ വൃത്തികെട്ടോൾടെ ഒപ്പായിരുന്നോ ഞാൻ അയച്ചിരുന്നത്... "തനിക്ക് ഒന്നും മനസ്സിലായിരുന്നില്ല. രണ്ട് മാസം എന്നേ കേട്ടൊള്ളു. "പാറു... ഇവന്റെ മുടി വെട്ടാറായിരിക്കണു. ഒന്ന് കൊണ്ടു പോകൂ. "അച്ഛൻ തന്നെ പുറത്ത് തട്ടി പറഞ്ഞയച്ചു. തിരിഞ്ഞു നോക്കിയപ്പോൾ അച്ഛനും അമ്മയും എന്തൊക്കെയോ പറയുന്നു. പിറ്റേന്ന് തന്നെ അമ്മുവേച്ചിയും കുടുംബവും വീടൊഴിഞ്ഞു പോയി. അവസാനമായി ഒന്ന് യാത്ര ചോദിക്കാൻ പോലും വന്നില്ല. തനിക്ക് ഒരുപാട് സങ്കടം വന്നു. ഓർമയ്ക്ക്  ആ വെള്ള ടവൽ എന്നും താൻ സൂക്ഷിച്ചുവെച്ചു. ആ അമ്മുവേച്ചിയായിരുന്നു കാലങ്ങൾക്കു ശേഷം വീണ്ടും തന്റെ  മുന്നിലെത്തിയത്. അന്ന് തനിക്ക് ഒന്നും ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെങ്കിലും പിന്നീട് എപ്പോഴോ മനസിലായി എന്താണ് അവരുടെ ജീവിതത്തിൽ സംഭവിച്ചതെന്ന്. വെറുതെ അറിയാൻ ക്ലാർക്കിനോട്‌ ചോദിച്ചു: "എന്തായിരുന്നു അവരുടെ ആവശ്യം? "

"വിവാഹമോചന സർട്ടിഫിക്കറ്റ് ". കേട്ടപ്പോൾ ഉള്ളിൽ എന്തോ ഒരു നീറ്റൽ. അന്നത്തെ ഗോപിയേട്ടൻ തന്നെയാണോ ഈ ഗോപിനാഥ്? ഏറെ ദാഹിച്ചു ഒന്നായി തീർന്ന ആ ആത്മാക്കൾ പിരിയുകയോ? എന്തായിരിക്കും അവർക്കിടയിൽ സംഭവിച്ചിട്ടുണ്ടാവുക. ചോദ്യങ്ങൾ പിന്നെയും ബാക്കിയായി. അന്നു രാത്രി വീട്ടിൽ ചെന്ന് പഴയ പെട്ടി തുറന്നു. പഴക്കം ചെന്ന പെട്ടിയുടെ ഒരു മൂലയിൽ  ആ വെള്ളതൂവാലയും പൊടിപിടിച്ചു കിടന്നിരുന്നു. പൊടി കളഞ്ഞു അതെടുത്തു മണത്തു നോക്കി. എന്തോ അറിയാതെ രണ്ടു തുള്ളി കണ്ണുനീർ അടർന്നു വീണു...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com