ADVERTISEMENT

സ്വപ്നം (കഥ)

ഒരിക്കൽ മരണത്തിന് ഞാൻ കത്തയച്ചു. ഒപ്പം ജീവിതത്തിനും... മറുപടി കിട്ടുമോ എന്ന് എനിക്ക് അറിയില്ലായിരുന്നു, എന്നിട്ടും ഞാൻ കാത്തിരുന്നു... ആരുടെ മറുപടിയാവും എനിക്ക് ആദ്യം ലഭിക്കുക?

അത് ആരുടേതായാലും സ്വീകരിക്കുമെന്ന് ഞാൻ വാക്ക് നൽകിയിരുന്നു. ആ വാക്ക് പാലിക്കാതിരിക്കാൻ എനിക്ക് കഴിയില്ലായിരുന്നു... അതിന്റെ കാരണം ഇന്നും എനിക്ക് അറിയില്ല ... ചിലപ്പോൾ ഭയമായിരിക്കും.

ആർക്കായിരുന്നു ഞാൻ വാക്കു നൽകിയത്? മുൻകൂട്ടി അറിയാൻ കഴിയാത്ത സ്വന്തം വിധിക്കോ? അറിയില്ല ...

ആരുടെ മറുപടി കത്തായിരുന്നു ഞാൻ ആദ്യം പ്രതീക്ഷിച്ചിരുന്നത് ? കൃത്യമായി പറയാൻ കഴിയുന്നില്ല... ജീവിതത്തിന്റെ മനോഹരമായ വെളിച്ചത്തേക്കാൾ ആ നിമിഷം ഞാൻ പ്രണയിച്ചത് മരണത്തിന്റെ വന്യമായ സൗന്ദര്യത്തെ ആയിരുന്നു.

മനോഹരമായ രാത്രികളിൽ ഒന്നായിരുന്നു അത്. ഇതിലും അധികമായി കറുത്തിരുളാൻ രാത്രിക്കു കഴിയില്ല എന്നെനിക്കു തോന്നി. ചന്ദ്രനും നക്ഷത്രങ്ങളും എങ്ങോ പോയൊളിച്ചു. ചക്രവാള സീമയിൽ മഴ മേഘങ്ങൾ പരസ്പരം യുദ്ധം ചെയ്യുന്നുണ്ടായിരുന്നു ... അവരുടെ ഗർജനം എന്നെ മയക്കത്തിൽ നിന്നും തട്ടി ഉണർത്തി. വീശിയടിക്കുന്ന കൊടുങ്കാറ്റാവണം എന്റെ മുറിയുടെ ജനൽപാളികൾ തുറന്നിട്ടത്... ഇളകി ആടുന്ന കര്‍ട്ടന് ഇടയിലൂടെ ഞാൻ പുറത്തേക്കു നോക്കി.

കോമ്പൗണ്ട് ഗേറ്റ് ആരാണ് തുറന്നിട്ടത്? മുറ്റത്തുനിന്നും ഗേറ്റ് വരെയുള്ള ടാറിട്ട വഴി ഒടിഞ്ഞുവീണ മരച്ചില്ലകളും കമ്പുകളും ഇലകളും കൊണ്ട് ആരാണ് അലങ്കരിച്ചത്? തോർന്നിട്ടില്ലെങ്കിലും മഴയുടെ ശക്തി അല്‍പം കുറഞ്ഞിട്ടുണ്ട്. മഴയുടെ ശക്തിയെ കാറ്റ് അപഹരിച്ചതാവാം കാരണം എന്നു തോന്നുന്നു.

ഭൂമിയുടെ ഗർഭത്തിലേക്ക് ആഴ്ന്നിറങ്ങുന്ന ഇടിമിന്നലിന്റെ വെളിച്ചത്തിൽ ഞാൻ കണ്ടു... എനിക്ക് മറുപടിക്കത്തുമായി വരുന്നൊരാളെ ....

സുന്ദരനായ കറുത്ത കുതിരപ്പുറത്ത്, മുട്ടോളമെത്തുന്ന തിളങ്ങുന്ന കറുത്ത കോട്ടിട്ട്, തലയിലെ കറുത്ത തൊപ്പി മുഖത്തെയും മറച്ചിട്ടുണ്ട്, കാലിൽ കറുത്ത ഷൂസ്... ഡ്രാക്കുള കോട്ടയിലെ ഡ്രാക്കുള പ്രഭുവിനെ എനിക്ക് ഓർമ വന്നു...

പണ്ടെങ്ങോ വായിച്ച കഥയിലെ പാലപ്പൂവിന്റെ സുഗന്ധം അവിടമാകെ നിറയുന്നുണ്ടോ? ഏതോ പഴയകാല സിനിമയിൽ കേട്ട കുതിരക്കുളമ്പടി ശബ്ദം വീണ്ടും കേൾക്കുണ്ടോ?

അയാൾ കുതിരപ്പുറത്തുനിന്നും ഇറങ്ങി. അയാളുടെ കാലടികൾ എന്റെ നേർക്കാണെന്നു ഞാൻ തിരിച്ചറിഞ്ഞു... എന്റെ ഹൃദയമിടിപ്പിന്റെ താളം വർദ്ധിച്ചിരിക്കുന്നു... കണ്ണുകളുടെ കാഴ്ച മങ്ങുന്നു. കൈകാലുകൾ നിയന്ത്രിക്കാൻ ആവാത്തവിധം വിറയ്ക്കുന്നു. ശരീരത്തിന്റെ ഭാരം താങ്ങാൻ പറ്റാതായിരിക്കുന്നു...

അയാൾ എന്റെ തൊട്ടടുത്ത് എത്തിയിരിക്കുന്നു. ശ്വാസം എടുക്കാൻ പോലും എനിക്ക് ഭയം തോന്നി.

അയാൾ തന്റെ കറുത്ത ഗ്ലോവ്സ് ഇട്ടകൈകൊണ്ട് തന്റെ തൊപ്പി അൽപം ഒന്നുയർത്തി. ഒരു ഇലക്ട്രിക് ഷോക്ക് എന്റെമേൽ വന്നു വീണു... ആയിരം സൂര്യന്മാർ ഒന്നിച്ചുദിച്ച ഒരു മുഖം.

മരണത്തിന്റെ വന്യമായ സൗന്ദര്യത്തോടെ ജീവിതത്തിന്റെ ശാന്തമായ വെളിച്ചം... എനിക്കുവേണ്ടി മരണവും ജീവിതവും ശത്രുത മറന്നിരിക്കുന്നു.

ഞാൻ കണ്ട സ്വപ്നം. എന്റെ സ്വപ്നം... എന്റെ മാത്രം സ്വപ്നം! ആർക്കും ഒരവകാശവും ഇല്ലാത്ത എന്റെ മാത്രം സ്വപ്നം...

വീണ്ടും വീണ്ടും ഞാൻ കാണുന്ന സ്വപ്നം... എന്നെ അവഗണിക്കുന്ന എനിക്ക് ഉപേക്ഷിക്കാൻ കഴിയാത്ത പ്രിയ സ്വപ്നം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com