ADVERTISEMENT

വിശ്വാസം (കഥ)

ഒരു മരണം ഞങ്ങളുടെ ഗ്രാമത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തന്നെ തകിടം മറിച്ചു എന്നു കേൾക്കുമ്പോൾ നിങ്ങൾക്കൊരു നേരമ്പോക്കായി തോന്നാം. കാലിന് സ്വാധീനമില്ലാത്ത ലോട്ടറി ടിക്കറ്റ് വിൽക്കുന്ന അമ്മിണി, വീടിന്റെ വരാന്തയിൽ പകൽ ഹോട്ടൽ കച്ചവടവും രാത്രിയിൽ ആളുകൾക്ക് തലചായ്ക്കാൻ സൗകര്യവും ചെയ്തു കൊടുക്കുന്ന അന്തോണി, തന്റെ നാലു മക്കളേയും മൂന്നു മണിക്ക് വിളിച്ചുണർത്തി ചീട്ട് എടുക്കുവാൻ ക്യൂ നിർത്തുന്ന പാത്തുമ്മ തുടങ്ങി ഞങ്ങളുടെ ഗ്രാമത്തിലെ നിരവധിയാളുകളുടെ സ്വപ്നങ്ങളിൽ കരിനിഴൽ വീഴാൻ ഈ മരണം കാരണമായി. നിരവധി മാറാരോഗങ്ങളുടെ വേരുകൾ ചികഞ്ഞ് അവയ്ക്ക് പ്രതിവിധിയായി, ആയുർവേദത്തിന്റെ പഠിച്ചറിവും, കേട്ടറിവും, നാട്ടറിവും സമന്വയിപ്പിച്ച് ചികിത്സിച്ചിരുന്ന അൻപതിനോടടുത്ത് പ്രായമുണ്ടായിരുന്ന പത്മനാഭൻ വൈവദ്യർക്ക് തന്റെ തന്നെ ഹൃദയത്തിന്റെ മിടിപ്പുകളുടെ താളം തെറ്റൽ അറിയാൻ സാധിച്ചില്ല എന്നു പറയുന്നതിനെയായിരിക്കാം വിധി എന്നു പറയുന്നത്.

ഇപ്പോൾ ഞങ്ങളുടെ ഗ്രാമത്തിന് വീണ്ടും ആ ഉണർവ് കൈവന്നിരിക്കുന്നു. കാരണം പത്മനാഭൻ വൈദ്യരുടെ മകൻ ഡോക്ടറായി ചികിത്സ തുടങ്ങിയിരിക്കുന്നു. ഒരു ഗ്രാമത്തിന്റെ പ്രാർത്ഥന മുഴുവൻ വൈദ്യരുടെ മകന് അദ്ദേഹത്തിന്റെ കൈപ്പുണ്യവും ദീർഘായുസ്സും നൽകണമെന്നതു തന്നെയാണ്. പക്ഷേ എല്ലാവരുടെയും പ്രതീക്ഷകൾ തകിടം മറിഞ്ഞു. മാറാരോഗങ്ങൾ പോയിട്ട് സാധാരണ പനി പോലും ചികിത്സിക്കാൻ മകന് കഴിയുന്നില്ല. ആകെ ധർമ്മസങ്കടത്തിലായി മകൻ. നാട്ടുകാരുടെ പ്രതീക്ഷകൾ ഒരു വശത്ത്, അച്ഛന്റെ പാരമ്പര്യം നിലനിർത്താൻ സാധിക്കുന്നില്ലല്ലോ എന്ന ചിന്ത മറുവശത്ത്. 

അച്ഛന്റെ പഴയ ഗ്രന്ഥശേഖരത്തിൽ നിന്നാണ് മകന് അച്ഛന്റെ ഡയറി ലഭിച്ചത്. പല രോഗങ്ങൾക്കുള്ള പ്രതിവിധികൾ എഴുതിയ പേജുകൾ. ആ ഡയറിയുടെ അവസാന പേജിൽ ഇങ്ങനെ എഴുതിയിരിക്കുന്നു. "ഏതൊരു രോഗത്തിനും നാൽപത് ശതമാനം രോഗത്തിനേയും, അറുപത് ശതമാനം രോഗിയേയുമാണ് ചികിത്സിക്കേണ്ടത്. നൂറ് ശതമാനവും രോഗം മാറും എന്ന് രോഗിയെ വിശ്വസിപ്പിച്ചാൽ അവന്റെ രോഗം മാറിയിരിക്കും."

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com