sections
MORE

ചെറുപ്പത്തിൽ നഷ്ടമായ അനിയത്തിയെ തേടി....

sisters
പ്രതീകാത്മക ചിത്രം
SHARE

പൂച്ചക്കണ്ണുളള ആൾ (കഥ)

ഇടയ്ക്ക് തോന്നാറുളള അസ്വസ്ഥതയോടെയാണ് അവൾ ഉണർന്നത്. കുറെ വർഷങ്ങളായി തന്റെ ആറാമിന്ദ്രീയം എന്ന് സ്വയം വിശേഷിപ്പിച്ച ഒരു തോന്നൽ. അദ്ഭുതമെന്നോണം ആ തോന്നൽ പല തവണ അവൾക്ക് ഗുണമാകുകയും ചെയ്തിട്ടുണ്ട്. ഇതിനെക്കുറിച്ചൊക്കെ വീട്ടുകാരോടും കൂട്ടുകാരോടും പറയുമ്പോൾ അവരുടെ കളിയാക്കൽ മാത്രം. അത് അവളെ തെല്ലൊന്നുമല്ല വിഷമിപ്പിച്ചത്.

കുളിച്ച് പ്രഭാതഭക്ഷണം കഴിക്കുമ്പോഴും ആ തോന്നൽ അവളുടെ കൂടെ ഉണ്ടായിരുന്നു. ഇനി ഇന്ന് എന്താണാവോ സംഭവിക്കുക? ഓഫിസിൽ പുതിയ ഒരാൾ ഇന്ന് വരുന്നുണ്ടെന്നറിഞ്ഞു. ഇനി അയാൾ എന്തെങ്കിലും പ്രശ്നം ഉണ്ടാക്കുമോ? അതോ ഇനി വീട്ടിൽ എന്തെങ്കിലും ആപത്ത് വരുമോ? ചിന്തകൾ പെരുമഴയിലെ വെളളപ്പാച്ചിൽ പോലെ അവളുടെ മനസ്സിൽ ഒലിച്ചുകൊണ്ടിരുന്നു. അതിന്റെ അവസാനം കഴിച്ചിരുന്ന ദോശ ഇടത്തൊണ്ടയിൽ കുടുങ്ങി വിക്കി ചുമച്ചു. പാടുപെട്ട് വെളളം അകത്താക്കുമ്പോൾ നെറ്റിയിൽ വിയർപ്പു പൊടിഞ്ഞിരുന്നു.

"നാശം!" അവൾ ഉറക്കെത്തന്നെ പറഞ്ഞു.

ഒരു ദീർഘശ്വാസം വിട്ട് അവൾ ബാഗ് തയാറാക്കി. എന്നും ചെയ്യാറുളള പോലെ പേഴ്സിൽ കുഞ്ഞനിയത്തിയുടെ ചിരിക്കുന്ന ഫോട്ടോയിൽ കൂടെ വിരലോടിച്ചു. ഈ വർഷം അവളെ കാണാതായിട്ട് ഇരുപതു വർഷം ആകും. ഇരുപതു വർഷം! ആരാണ് തട്ടിക്കൊണ്ടു പോയത് എന്ന് എത്ര അന്വേഷിച്ചിട്ടും കണ്ടുപിടിക്കാൻ സാധിച്ചില്ല.

പതിവ് തെറ്റിച്ച് കുഞ്ഞനിയത്തിയെപ്പറ്റി കൂടുതൽ ഓർത്തു. ഇപ്പോൾ അവൾക്ക് തന്നെക്കാൾ പൊക്കം ഉണ്ടാകുമോ? മുടിക്ക് നല്ല നീളം വച്ചിട്ടുണ്ടാകുമോ? ചെറുപ്പത്തിലെ മുഖച്ഛായയ്ക്ക് എന്തെങ്കിലും മാറ്റം വന്നിരിക്കുമോ? അവൾ ഇപ്പോൾ ജീവനോടെയുണ്ടാകുമോ? ചിന്തയുടെ പോക്ക് ചെന്നെത്തിയ സ്ഥലം അവൾക്ക് ഇഷ്ടപ്പെട്ടില്ല. ബാഗ് തൂക്കി വാച്ചിൽ സമയം നോക്കുമ്പോൾ ഏറെ വൈകിയെന്ന് അവൾക്ക് മനസ്സിലായി. ദേഷ്യവും സങ്കടവും ഒരുമിച്ച് വന്നു. വീടിന്റെ വാതിൽ ഒച്ചയിൽ വലിച്ചടച്ച് പൂട്ടി സ്കൂട്ടറിൽ കയറിയ അവളുടെ കണ്ണുകൾ അയൽവക്കത്ത് തന്നെ നിരീക്ഷിക്കുന്ന കണ്ണുകളിൽ ഉടക്കി. ഒരു പൂച്ചക്കണ്ണൻ! കണ്ടാൽ പേടിയാകും. അയാൾ ചിരിക്കുന്നത് കണ്ടില്ലെന്ന് നടിച്ച് വണ്ടിയെടുക്കുമ്പോൾ തന്റെ സഹചാരിയായ ആ തോന്നൽ പൂർവാധികം ശക്തിയിൽ നെഞ്ചിനുളളിൽ അവൾക്ക് അനുഭവപ്പെട്ടു.

*****    *****    *****    *****   *****

ആറടി പൊക്കമുള്ള പൂച്ചക്കണ്ണൻ ജോലിക്കിടയിൽ പലതവണ അവളുടെ മനസ്സിനെ അലട്ടി. ചെയ്യേണ്ട കാര്യങ്ങളിൽ തെറ്റുകൾ കടന്നുകൂടി.

"ഹലോ!"

അവൾ ഒന്നു ഞെട്ടി. പുതിയതായി വന്ന ആളാണ്. പെട്ടെന്ന് മനസ്സിലെ ചിന്തകൾ തട്ടിക്കളഞ്ഞ് അവൾ മറുപടി കൊടുത്തു.

"ഹ.. ഹലോ"

"ഞാൻ ഇവിടെ പുതിയതായി വന്നതാണ്. പരിചയപ്പെടാമെന്നു കരുതി വന്നു വിളിക്കാൻ തുടങ്ങിയിട്ട് കുറച്ചു നേരമായി. എന്തോ ആലോചനയിലായിരുന്നു അല്ലേ?"

"അ.. അതെ. ഞാൻ കേട്ടില്ല. സോറി"

"സാരമില്ല. വിശദമായി പിന്നെ പരിചയപ്പെടാം"

അയാൾ പോകുമ്പോഴും അവൾ പൂർണ്ണമായി ഈ ലോകത്തായിരുന്നില്ല. തന്റെ മനസ്സിന്റെ ചിതൽപ്പുറ്റിൽ എന്തോ ഇളകുന്നതു പോലെ അവൾക്കു തോന്നി. ഓർമകളുടെ ചിതലുകൾ മനസ്സ് കൊട്ടിവിളിച്ച് എന്തോ പറയാൻ ശ്രമിക്കുന്നതു പോലെ!

കസേരയിൽ ചാരിയിരുന്ന് അതിന്റെ കരച്ചിലിലൂടെ ശ്രദ്ധ ജോലിയിലേക്ക് തിരിച്ചു കൊണ്ടുവരാൻ അവൾ ശ്രമിച്ചു. മനസ്സ് വഴങ്ങിയില്ല. ദേഷ്യപ്പെട്ട് അവൾ പുറത്തിറങ്ങി. ആകാശത്ത് മേഘങ്ങൾ ഉരുണ്ടുകൂടിയിരുന്നു. നേരിയ മഴയും ഒരൽപം തണുത്ത കാറ്റും അവൾക്ക് കുറച്ച് ആശ്വാസമായി.

കാറ്റും കോളും കണ്ടു മടുത്തപ്പോൾ തിരികെ കയറി. ഉച്ചയൂണിന് തയാറെടുക്കുകയായിരുന്നു പലരും. അവളുടെ മനസ്സിൽ വീണ്ടും ആ പൂച്ചക്കണ്ണനും ആറാമിന്ദ്രീയത്തിന്റെ വിളിയും. ഭക്ഷണം കഴിക്കാൻ അവൾക്ക് തീരെ തോന്നിയില്ല. അവിടെ ഇരിക്കാനും. മാനേജറോട് സുഖമില്ല എന്നു പറഞ്ഞ് നേരത്തെ വീട്ടിലേക്ക് തിരികെ പോയി അവൾ.

*****    *****    *****    *****   *****

വീട്ടിലേക്ക് സ്കൂട്ടർ കയറ്റുമ്പോൾ അവളുടെ കണ്ണുകൾ അറിയാതെ അപ്പുറത്തെ വീട്ടിലേക്ക് സഞ്ചരിച്ചു. അവിടെ വരാന്തയിൽ കസേരയിൽ എന്തോ വായിച്ചു കൊണ്ടിരിക്കുന്നു ആ പൂച്ചക്കണ്ണൻ. താൻ നോക്കുന്നതറിഞ്ഞിട്ടോ എന്തോ അയാൾ തിരിച്ചും നോക്കി. തന്നെ കണ്ട് ചിരിച്ചു. വശ്യതയുളള ഒരു ചിരി. മറുപടിയായി അവൾ കൊടുത്ത ചിരിയിൽ ഊഷ്മളത ഇല്ലായിരുന്നു.

ബാഗ് എടുത്ത് മേശയിലേക്ക് വലിച്ചെറിഞ്ഞ് അവൾ കസേരയിൽ ഇരുന്നു. എന്താണ് ആ പൂച്ചക്കണ്ണൻ തന്നെ ഇത്ര അസ്വസ്ഥനാക്കുന്നത്? ഏറെ നാളായി ആളൊഴിഞ്ഞ് കിടക്കുന്ന ആ വീട് അയാളുടെയാണോ? എങ്കിൽ ഇത്ര നാൾ അയാൾ എവിടെയായിരുന്നു?

മനസ്സ് ഓടിയ വഴികളിൽ വീർപ്പുമുട്ടി തളർന്ന് അവൾ എണീറ്റ് മുഖം കഴുകി. പകുതി വായിച്ച് വച്ച രാം പ്രസാദ് ബിസ്മിലിന്റെ ആത്മകഥ തുറന്നു. സ്വാതന്ത്ര്യ സമരത്തിന്റെ അപദാനങ്ങൾ അവളെ മറ്റൊരു കാലത്തേക്ക് കൂട്ടിക്കൊണ്ടു പോയി. ഉറക്കം വിളിച്ചത് എപ്പോഴോ അറിഞ്ഞു. കൂടെ പോയതും.

*****    *****    *****    *****   *****

ഉറക്കം ഉണർന്നപ്പോൾ അന്തരീക്ഷം മങ്ങി തുടങ്ങിയിരുന്നു. ക്ലോക്കിൽ സമയം നോക്കുമ്പോൾ അഞ്ചരയാകുന്നു. ഓഫിസിൽ നിന്ന് പതിവായി വരുന്ന സമയം. എഴുന്നേറ്റ് കൈയും കാലും നീട്ടി. മടിയിൽ വച്ചിരുന്ന ബിസ്മിലിന്റെ ആത്മകഥ താഴെ വീണത് എടുത്ത് മേശയിൽ വച്ച് അവൾ കുളിച്ച് ഉഷാറാകാൻ തീരുമാനിച്ചു. നെഞ്ചിൽ അപ്പോഴും ആറാമിന്ദ്രിയം എന്തൊക്കെയോ സന്ദേശങ്ങൾ അയയ്ക്കുന്നുണ്ടായിരുന്നു.

കുളി കഴിഞ്ഞ് മുറ്റത്ത് ഇറങ്ങിയ അവൾ ആ പൂച്ചക്കണ്ണനെ വീണ്ടും കണ്ടു. അയാൾ അപ്പോഴും വായനയിലാണ്. ഇത്തവണ പക്ഷേ അയാൾ പുസ്തകത്തിൽ നിന്ന് കണ്ണെടുത്തില്ല. അയാളെ നോക്കുമ്പോൾ എന്തോ ഓർമകൾ അവളിൽ വീണ്ടും ഉണരാൻ ശ്രമിച്ചു... പക്ഷേ എന്താണെന്ന് മാത്രം വ്യക്തമാകാതെ അത് ഒളിച്ചു കളിച്ചിരുന്നു.

*****    *****    *****    *****   *****

രാത്രി ഭക്ഷണം ഉണ്ടാക്കിക്കൊണ്ടിരിക്കുമ്പോൾ ഇടയ്ക്ക് അവൾ ജനാലയിലെ കർട്ടൻ മാറ്റി അപ്പുറത്തെ വീട്ടിലേക്ക് നോക്കി. അവിടെ അയാൾ വായന തുടരുന്നത് കണ്ട് അദ്ഭുതം കൂറി. ഇയാൾ മുഴുവൻ സമയവും വായനയിലാണോ? വീട്ടിൽ വേറെ ആരെങ്കിലും ഉണ്ടോ? ഇതു വരെ ആരെയും പുറത്ത് കാണുകയോ ശബ്ദം കേൾക്കുകയോ ചെയ്തില്ലല്ലോ!

അല്ല, താനെന്തിനാണ് ഇങ്ങനെ അയാളുടെ കാര്യമോർത്ത് ഓരോന്ന് ആലോചിച്ചു കൂട്ടുന്നത്? പിറുപിറുത്ത് കൊണ്ട് അവൾ ആ ഉദ്യമം അവസാനിപ്പിച്ചു. രാവിലെ ഉറക്കമുണർന്നപ്പോഴും ദിവസം മുഴുവൻ തന്നെ അലട്ടിയ ആ തോന്നൽ അവളുടെ ഉള്ളിൽ ശക്തമായി, അഭേദ്യമായി, വളർന്നു വരുന്ന ഒരു ചോദ്യചിഹ്നമായി നിലകൊണ്ടു. ജീവിതത്തിൽ ആദ്യമായി ആറാമിന്ദ്രിയം ഒരു ഉത്തരം നൽകാതെ ഒരു ദിനം പൂർത്തിയാക്കി.

ചില സ്വപ്നങ്ങൾ അവളെ ഉറക്കത്തിൽ വേട്ടയാടി. നഷ്ടപ്പെട്ട അനിയത്തിയുടെ കുഞ്ഞു മുഖം പല ആവർത്തി ഓടിയെത്തി. കൂടെ അവ്യക്തമായ ഒരു രൂപവും.

*****    *****    *****    *****   *****

പിറ്റേന്ന് രാവിലെ അവൾ ഉണർന്നത് തലേന്ന് കിടന്നപ്പോഴുണ്ടായിരുന്ന അതേ അസ്വസ്ഥതയോടെ തന്നെ. പക്ഷേ ഇതിനകം തന്റെ ആ തോന്നലിനു നിദാനമാകുന്നത് ആ പൂച്ചക്കണ്ണൻ ആണെന്ന് അവൾ ഉറപ്പിച്ചു.

ശനിയാഴ്ച. രാവിലെ നൂഡിൽസ് ആണ്. അലസമായി നൂഡിൽസിന്റെ കവർ പൊട്ടിച്ച് അവൾ അടുപ്പിനടുത്ത് വച്ചു. എന്തോ യന്ത്രം തിരിച്ചതു പോലെ അവളുടെ മനസ്സ് ഇരുപതു വർഷം മുമ്പുള്ള ഒരു പ്രഭാതതിലേക്ക് പോയി.

വീടിന്റെ ഗേറ്റിനു തൊട്ടടുത്ത് കളിച്ചു കൊണ്ടിരുന്ന അവളുടെ അനിയത്തി. റോഡിൽ ഇടയ്ക്കിടെ ആളുകൾ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു. കൂട്ടത്തിൽ ഒരാൾ വേറിട്ടു നിന്നു. അയാൾ ഒരരിക് ചേർന്ന് സിഗരറ്റ് പുകച്ചുകൊണ്ടിരുന്നു. അകത്തു നിന്ന് അമ്മ ഉണ്ടാക്കുന്ന നൂഡിൽസിന്റെ മണം അടിച്ച് ഓടി അകത്തേക്കു പോയി. കഷ്ടിച്ച് രണ്ടു മിനിറ്റ്. അതു കഴിഞ്ഞ് പുറത്തേക്ക് വന്നപ്പോൾ അനിയത്തിയെ കാണുന്നില്ല. പരിഭ്രാന്തിയുടെ നിമിഷങ്ങൾ. നോക്കാത്ത ഇടമില്ല. വിളിക്കാത്ത ആളുകളില്ല. പക്ഷേ അവൾ... അവൾ പോയി. എവിടെയോ... കുറ്റപ്പെടുത്തലിന്റെ വാക്കുകൾക്കിടയിൽ ഗേറ്റിനു പുറത്തേക്ക് നോക്കുമ്പോൾ വേറിട്ടു നിന്ന ആ മനുഷ്യനെയും കാണുന്നില്ല. അയാൾക്കെങ്കിലും അറിയുമോ തന്റെ അനിയത്തി എവിടെയെന്ന്? കണ്ടാൽ ചോദിക്കാമായിരുന്നു.

വർത്തമാനകാലത്ത് തിരിച്ചെത്തിയ അവൾ ആറാമിന്ദ്രിയം പറയുന്നത് പതുക്കെ തിരിച്ചറിഞ്ഞു. അവ്യക്തമായത് വ്യക്തമായി വന്നു. അന്ന് ഗേറ്റിനു പുറത്ത് പുകച്ചുകൊണ്ടിരുന്ന ആൾ - ആറടിപ്പൊക്കവും പൂച്ചക്കണ്ണും! തലേന്ന് അപ്പുറത്തെ വീട്ടിൽ കണ്ട ആൾ - അതെ, അയാൾ തന്നെ!

ഓടിപ്പോയി വാതിലും ഗേറ്റും തുറന്ന് അപ്പുറത്തെ വീടിന്റെ ബെല്ലടിച്ചു. പക്ഷേ അത് ശബ്ദിച്ചില്ല. അവൾ വാതിലിൽ മുട്ടി. പലതവണ. പക്ഷേ അകത്തു നിന്നും ഒരു അനക്കവും ഇല്ല. തലേന്ന് ആൾതാമസമുണ്ടെന്ന് കരുതിയ വീട്ടിൽ ഇന്ന് ശ്മശാനമൂകത!

എന്തോ ഉൾവിളിയിൽ അവൾ അനിയത്തിയുടെ പേര് വിളിച്ചു:

"ദുർഗ്ഗേ!"

ഒച്ച തൊണ്ടയിൽ തടഞ്ഞു. അവളുടെ കണ്ണുകൾ നിറഞ്ഞു. ആ പൂച്ചക്കണ്ണനെ അവിടെ എങ്ങും കണ്ടില്ല. അയാൾ എവിടെപ്പോയി?

വരാന്തയിൽ അവളുടെ കണ്ണുകൾ ഒരു പുസ്തകത്തിന്റെ പുറംചട്ടയിൽ തറച്ചു. അയാൾ ഇന്നലെ വായിച്ചു കൊണ്ടിരുന്ന പുസ്തകം! എടുത്ത് നോക്കുമ്പോൾ പകുതി കീറിയ, ഏറെ പഴകി ചെളിപിടിച്ച പുറംചട്ട മാത്രം.

ആ വീട് കടന്ന് പുറത്ത് വരുമ്പോൾ അവളുടെ ആറാമിന്ദ്രിയം ശമിച്ചിരുന്നു.

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA