sections
MORE

മഴ നനഞ്ഞാൽ സൗന്ദര്യം കൂടുമോ!

way-to-school
പ്രതീകാത്മക ചിത്രം
SHARE

വേനൽ, എത്ര ചുട്ടെരിച്ചാലും പിന്നെയും മഴ വരാതിരിക്കുന്നില്ലെന്നതുകൊണ്ടാണ്, ഓരോ പുതുമഴ കാണുമ്പോഴും നമ്മൾ വരൾച്ച മറക്കുന്നത്‌. ചാക്രികമായി മഴ വരുന്ന ഏതു ദേശത്തും നിതാന്തമായ പുനരാഗമന പ്രതീക്ഷയാകുന്നു, മഴ.

നനഞ്ഞും ചോർന്നും പനിച്ചും പ്രണയിച്ചും ആവർത്തിക്കുന്ന മഴയെക്കുറിച്ചല്ലാതെ എന്തെങ്കിലും പറയാനുണ്ടോ? പെയ്തിട്ടും പെയ്തിട്ടും തോരാതെ ഇലത്തുമ്പുകളിൽ സൂക്ഷിച്ചു വെച്ചിരിക്കുന്ന ചെറിയ ചെറിയ കൗതുകങ്ങൾ?

ചിലതുണ്ടാകും– സ്കൂളിൽ പോകുമ്പോൾ തോടുമുറിച്ചുകടക്കാനില്ലാത്തതിന്റെ സങ്കടം വഴിയിലെ ചെളിച്ചാലുകളിലൊക്കെ കാലുലച്ച് തീർക്കാൻ ശ്രമിച്ചത്; വളംകടിച്ച് വിങ്ങിയ കാലിൽ മൈലാഞ്ചി മുതൽ B-TEX വരെ സകലതും വാരിപ്പൂശി ഉറക്കമൊഴിച്ചത്; ആദ്യത്തെ മഴ കഴിയുന്നതോടെ ഭ്രാന്തെടുത്തു പൂക്കുന്ന മുല്ലയും ചെമ്പകവും കിടക്കയ്ക്കടുത്ത് കൊണ്ടുവന്നു വെച്ച്, യക്ഷികളെ സ്വപ്നം കണ്ട്, ഉറക്കെ കരയുന്നത്; അങ്ങനെ ചിലത്-

ആർക്കെങ്കിലും വേണ്ടി ദിവസവും ഓരോ നല്ല കാര്യംചെയ്താൽ മുഖസൗന്ദര്യം വർദ്ധിക്കും എന്ന് എട്ടാം ക്ലാസിൽ പഠിക്കുന്ന, കാണാനത്രയൊന്നും ചന്തമില്ലാത്ത ഒരു പെൺകുട്ടി വായിക്കുന്നത്, ‘201 ഒറ്റമൂലികളും ആരോഗ്യസൂത്രങ്ങളും’ എന്ന പുസ്തകത്തിലാണ്. രണ്ടാമതൊന്ന് ആലോചിക്കാതെ ആ പൊട്ടിപ്രാണി അതങ്ങു വിശ്വസിച്ചുകളഞ്ഞു! പിന്നെ ദിവസവും ഓരോ സൽക്കർമ്മം ചെയ്യാനുള്ള തത്രപ്പാടാണ്. സൗന്ദര്യം വർദ്ധിക്കുന്നത് ഒരു നല്ല കാര്യമാണ് എന്ന് അവൾക്കു തോന്നിയിരുന്നു. കാണാൻ സുന്ദരികളായ കൂട്ടുകാരികളോട് ചെറിയ അസൂയയുമുണ്ടായിരുന്നുവോ? ഇപ്പൊഴേതായാലുമില്ല; അന്നുണ്ടായിരുന്നിരിക്കാം.. 

ഏതായാലും സൗന്ദര്യവർദ്ധനവിനു വേണ്ടി അവൾ കണ്ടുപിടിച്ച പുണ്യപ്രവൃത്തി, മഴ നനഞ്ഞു പോകുന്ന കുട്ടികൾക്ക് സ്വന്തം കുട കടംകൊടുക്കുക, എന്നിട്ട്, ഏതെങ്കിലും കൂട്ടുകാരികളുടെ കുടയിൽ അഭയാർഥിയായി കയറിക്കൂടുക എന്നതായിരുന്നു! സ്കൂളിലേയ്ക്ക് നടന്നാണു പോകുക, ആറു കിലോമീറ്ററോളമുണ്ട്. അഞ്ചാറു പേരുടെ ചെറുസംഘങ്ങളായിട്ടാണ് യാത്ര. പരദൂഷണങ്ങളുൾപ്പെടെ അന്നു പറഞ്ഞു തീർത്ത കഥകളെത്രയെത്രയാണെന്നോ! അതിനിടയിൽ, കുടദാനം എന്ന സൽക്കർമ്മം കൊണ്ട് രണ്ടു ഗുണങ്ങളുണ്ട് എന്നും അവൾ മനസ്സിലാക്കി: ഒന്ന്, അനായാസേന സൗന്ദര്യം വർദ്ധിക്കും; രണ്ട്, യഥേഷ്ടം മഴ നനയാം. വലിഞ്ഞുകയറിയ കുടയുടെ ഉടമസ്ഥയെ ആവുന്നത്ര സംരക്ഷിക്കാൻ ശ്രമിച്ചതിനാൽ ആകെ നനഞ്ഞ് സ്കൂളിലെത്തുമ്പോൾ ടീച്ചർ ദേഷ്യപ്പെടും: ‘നിനക്കെന്താ കുടയില്ലേ? ഞാനച്ഛനോട് പറയണോ?’ നിഷ്ക്കളങ്കയായ ആ പെൺകുട്ടി ഇങ്ങനെ മറുപടി പറയും: ‘കുടയില്ലാത്ത ഒരു കുട്ടി ചോദിച്ചപ്പോൾ കടം കൊടുത്തു, ടീച്ചർ..’

അങ്ങനെ നനഞ്ഞ്, ചെരിപ്പടിച്ച് ചെളി തെറിച്ച ഫുൾപ്പാവാടയോ ചുരിദാറോ വീണ്ടും നനച്ചു കഴുകി തണുത്തു വിറച്ച് അവൾ ക്ലാസിലിരിക്കും; ഓടുപൊട്ടിയ ചോർച്ചകൾക്കടിയിൽ കൂട്ടുകാരുടേതിനൊപ്പം അവളുടെ കുടയും നിവർത്തി വെയ്ക്കും; ഇന്നല്ലെങ്കിൽ നാളെ ഇത്തിരികൂടി ചന്തമുണ്ടായേക്കും എന്നു പ്രതീക്ഷിച്ച്.. 

ഇനിയുമുണ്ടോ കുറച്ചു കൂടി? അങ്ങനെയല്ല; മഴയെക്കുറിച്ച് ഒന്നും എഴുതാനാവില്ല.

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
FROM ONMANORAMA