ADVERTISEMENT

കുഞ്ഞേ, കടം തരുക,

നിൻമിഴിയിൽ നീ ചൂടും നക്ഷത്രപ്പൊൻത്തിളക്കം,

കുഞ്ഞേ, കടം തരുക,

നിൻചിരിയിൽ പൂത്തുലഞ്ഞിടും മധുവസന്തം.


ഇരുൾ വന്നു മൂടുമീ അമ്മനഭസ്സിൻ,

കണിയാകുവാൻ, പൊൻകണിയാകുവാൻ,

കുഞ്ഞേ കടം തരുക,

ഒരുമാത്രയെൻകുഞ്ഞേ, കടം തരുക.


മകളേ, നീ പൊഴിയും മഴയേകുക,

ഉരുകുമീ അമ്മതൻ പുഴയാവുക,

കൈവിരൽ തന്നെൻ യാത്രതൻ ദിശയാവുക,

പൊൻവെയിൽ തന്നീ രാവിന്നു പകലാവുക,


മുത്തേ, നിൻ നറുതേന്മൊഴിമുത്തേകുക, 

ഉടഞ്ഞൊരീ ചിപ്പിതൻ ഉഷസ്സാവുക, 

കിലുങ്ങുംകിളിക്കൊഞ്ചലാൽ തിരയാവുക,

നുരയുംചിരിയലകളാൽ കടലാവുക.


ഉയിരേ, നിൻ പാട്ടാലെൻ കനവാവുക,

ഉറങ്ങുമീ ശംഖിന്നു സ്വരമേകുക,

ഇടനെഞ്ചിൻ മഴവില്ലാൽ നിറമേകുക,

വിതുമ്പുമീ വീണതൻ സ്മിതമാവുക,


മലരേ, നിൻ ഹൃദയത്തിൻ സ്നേഹാമൃതം,

ഒരു തീർത്ഥമഴയാകും മധുരാമൃതം,

അഴലുമെന്നാത്മാവിന്നാശാകണം,

പകരൂ, നീ ഒരു മാത്രയാ മോക്ഷാമൃതം, 


വാടിത്തളർന്നിട്ടും, പ്രിയമുള്ളവർക്കായി, 

മന്ദസ്മിതമാല്യങ്ങൾ കോർക്കും നിൻമാനസപ്പൂവുകൾ 

വാടാതിരിക്കുവാൻ, എന്നും വസന്തമായീടുവാൻ,

കാൽക്കലേക്കിടാം കുഞ്ഞേ, ഞാനീ ജന്മം പോലും, 

അത്ര മേൽ സുന്ദരം 

നിന്നമ്മയായിത്തീർന്നൊരെൻ ജന്മപുണ്യം...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com