ADVERTISEMENT

പ്രണയാനന്തരം (കഥ)

"അവളോ? അത് വേണ്ടടാ... അവള്... അത് ശരിയാകില്ല..." അവൻ ഒന്നുകൂടി ഇരുത്തി മൂളി, ഒന്നു നിർത്തി വീണ്ടും തുടർന്നു.

"അവള് പോക്കു കേസാ, നീയാ വയ്യാവേലി ഒന്നും എടുത്തു വീട്ടിൽ കയറ്റാൻ നോക്കണ്ട! "

ഏട്ടനു വന്ന കല്യാണാലോചന, പെണ്ണ് ആതിര സുഹൃത്തിന്റെ അയൽവാസി ആയിരുന്നു... അഭിപ്രായമറിയാൻ വിളിച്ചപ്പോൾ കിട്ടിയ മറുപടി തുടർന്നുകൊണ്ടേയിരുന്നു....

"അതെ അവൾ ആള് ശരിയല്ല ഒന്നു രണ്ടു കൊല്ലം മുൻപ് ഒരുത്തന്റെ കൂടെ ബൈക്കിനു പുറകിലിരുന്ന് കറങ്ങുന്നത് കാണാറുണ്ടായിരുന്നു. പ്രണയമായിരുന്നത്രേ... ബൈക്കിൽ കയറിയെങ്കിൽ കുഴപ്പമില്ല, അല്ല അതിപ്പോ ഫ്രണ്ട്സും ഒക്കെ ആയിട്ട് കയറുന്നില്ലേ, ഇതങ്ങനെയല്ല... സ്വന്തം നാട്ടിൽ..." മറുപടി കേൾക്കാഞ്ഞിട്ട് ആയിരിക്കണം അവൻ കുറച്ചു നേരം നിർത്തി...

ഞാനൊന്നു മൂളി. അവൻ തുടർന്നു.

"അതും സ്വന്തം നാടിന് അടുത്തുകൂടെ, ഹെൽമറ്റ് പോലുമില്ലാതെ കണ്ടവന്റെ പുറകിൽ നടന്നെങ്കിൽ..." അർദ്ധോക്തിയിൽ  ഒന്നുകൂടെ നിർത്തി വീണ്ടും തുടർന്നു.

"അത് ശരിയാവില്ല വേണ്ടടാ.., ഡാ ..."

മറുപടി പതിയെ പതിയെ ഇല്ലാതായിക്കൊണ്ടിരുന്നു ഇടവിട്ട മൂളലുകൾക്കൊപ്പം ശരി, ഞാൻ നോക്കാമെന്നു പറഞ്ഞു ഫോൺ പെട്ടെന്നു കട്ട് ചെയ്തു.

ഇനി എങ്ങനെ ഞാൻ ഏട്ടനോട് ...

കുറേക്കാലമായി കല്യാണം വേണ്ടെന്നു വെച്ചു നടക്കുന്ന ആളാണ്. എന്റെ മാത്രം നിർബന്ധത്തിന് കൂട്ടു വന്നു. പെണ്ണുകാണലും കഴിഞ്ഞ് ഞാനീ പരിപാടിക്കൊന്നും ഇല്ല എന്നു പറയുന്ന ഏട്ടനെ ആയിരുന്നു പ്രതീക്ഷിച്ചത്. എന്നാൽ, കഴിഞ്ഞ ദിവസം പെണ്ണുകണ്ടിറങ്ങുമ്പോൾ അവന്റെ മുഖം തെളിഞ്ഞിരുന്നു. അന്ന് തിരിച്ചു വരുമ്പോൾ ആദ്യ പെണ്ണുകാണൽ തന്നെ ശരിയാക്കിയ സന്തോഷം എനിക്കുമുണ്ടായിരുന്നു.

ജീവിതത്തിന്റെ പകുതി; മൂന്ന് ദശാബ്ദങ്ങൾ പിന്നിലാക്കി വീണ്ടുമൊരു മൂന്നാല് ഓണമുണ്ട് നടക്കുന്ന ടീമാണ് പ്രസ്തുത കക്ഷി. ആളോട് ഇനി ഞാൻ എങ്ങനെയാണ് ഇതൊക്കെ അവതരിപ്പിക്കുക.

ഞാൻ ബാൽക്കണിയിലേക്ക് കടന്നു, ഏട്ടൻ മുന്നിൽ പുതിയൊരു പുസ്തകത്തിലേക്ക് ഇറങ്ങിയിരിക്കുന്നു. ഇടയ്ക്കൊക്കെതോന്നും ഇത് ഏതോ പഴയ തലമുറ ടീമാണെന്ന്, കാലം മറന്നുവെച്ച ഒരു അഡാർ ഐറ്റം ... എന്തോ ആ താടി തന്നെ ഏതോ പഴയ ഒരു തേപ്പിന് പിന്തുടർച്ചയാണ് പോലും.

ഏട്ടാ... ഞാൻ പതിയെ വിളിച്ചു. അവൻ കണ്ണട ഉയർത്തി തിരിഞ്ഞു നോക്കി. 

ഏട്ടാ അത്, ഞാൻ... 

എന്താടാ? എന്റെ പരുങ്ങൽ കണ്ട് അവൻ ചോദിച്ചു. മുൻകസേരയിലേക്ക് ആംഗ്യം കാണിച്ച് കയ്യിലെ ബുക്ക് മടക്കിവെച്ച് മുന്നോട്ട് ആഞ്ഞ് ഇരുന്നു.

പുറത്ത് മീനവെയിൽ ഉച്ചിയിലെത്തിയിരുന്നു. ചുട്ടുപഴുത്ത മണ്ണ് ഒരു വേനൽമഴ ആഗ്രഹിക്കുന്നുണ്ടാവണം... ചുടുകാറ്റ്, മണ്ണിന്റെ ഉഷ്ണം ഏറ്റെടുത്തു വന്നു.

നീ ഒന്നും പറഞ്ഞില്ല.

... ഇല്ല ചേട്ടാ, അത്... നമ്മൾ ഇന്നലെ കണ്ടില്ലേ, പാലയാട്ടിലെ ആ കുട്ടി... നമുക്കത് വേണ്ട... ഞാൻ അന്വേഷിച്ചിരുന്നു.

ശാന്തത മാത്രം നിറഞ്ഞ അവന്റെ മുഖം, പെട്ടെന്നു മാറി.

കയ്യുയർത്തി എന്നോട് നിർത്താൻ പറഞ്ഞു. അൽപനേരത്തെ മൗനത്തിനുശേഷം ശേഷം അവൻ തുടർന്നു.

"അവൾ ആരെയോ പ്രണയിച്ചിരുന്നു എന്നല്ലേ... ഞാൻ ശരിയെന്ന് തലയാട്ടി. 

കുട്ടാ, ഡാ ഞാൻ ഒന്നു പറയട്ടെ ... രണ്ടുപേർ പ്രണയിക്കുമ്പോൾ അപ്പോൾ അതൊരു നിബന്ധനകളില്ലാത്ത കീഴടങ്ങലാണ്.. പ്രണയം ജനിക്കുന്നതും അതു മരിക്കുന്നതും ആരും അറിയാറില്ല. അതിനിടയിൽ ഉള്ളതു മാത്രമാണ് ആണ് നാം കാണുന്നതും അറിയുന്നതും ...

പതിവിലും നീണ്ട ഇടവേളയ്ക്ക് ഭംഗം വരുത്തി ഞാൻ ചോദിച്ചു.

എങ്ങനെ അറിയാം ഏട്ടന്?

എന്റെ ആദ്യ പോസ്റ്റിങ്ങിലെ കോളജ് സ്റ്റുഡൻസ് ആയിരുന്നു രണ്ടുപേരും. വായന ഒരുപാട് ഇഷ്ടപ്പെടുന്ന, വിപ്ലവങ്ങളെ പ്രണയിച്ച രണ്ടുപേർ ...

അതുകൊണ്ടുതന്നെ പഠന സമയത്തിനുശേഷവും പിരിഞ്ഞു പോകാതെ, ഏതോ മഞ്ഞപ്പൂക്കൾ വിരിയുന്ന മരച്ചോട്ടിൽ അവരുടെ ചങ്ങാതികൂട്ടം  ഇരിക്കാറുണ്ടായിരുന്നു. ചില നേരങ്ങളിൽ അവർക്കൊപ്പം ഞാനും കൂടാറുണ്ടായിരുന്നു. ഷേക്സ്പീരിയൻ സൊനറ്റ്സ് മുതൽ പാത്തുമ്മാടെ ആടു വരെ അവിടെ ചർച്ച ആവാറുണ്ട്.

രണ്ടുവരി കവിതകളിലൂടെ അവൻ പീലി വിടർത്തി വിരിയും, അവൾക്കുവേണ്ടി.

നിറഞ്ഞ ഭാവങ്ങൾ മിന്നി മായുന്ന മുഖത്തോടെ അവളിരിക്കും.

''Two pure souls blended as one..., അത്രയേറെ ഇഷ്ടപ്പെടുന്ന രണ്ടു മനസ്സുകൾ, അത്രയേറെ വേർതിരിക്കാനാവാത്ത രണ്ടു മനസ്സുകൾ.. പ്രണയം കണ്ടിരിക്കുന്നത് തന്നെ എത്ര മനോഹരമാണ്, അല്ലേ?

അവൻ തുടർന്നു.

ജീവിതത്തിന്റെ നശ്വരതയെ പറ്റി എന്നും പാടാറുണ്ടായിരുന്നു നമ്മുടെ വിൻസെന്റ്, ആ... അവന്റെ പേര്.. ഞാൻ പറഞ്ഞിരുന്നോ?...

മരണം രംഗകാലബോധമില്ലാത്ത കോമാളി ആണല്ലോ... കാലം അവനെ നേരത്തെ വിളിച്ചു. ബൈക്ക് ആക്സിഡന്റായിരുന്നു, ഒരു ലോറിയിലിടിച്ച്.... അത് ഞങ്ങൾക്ക് ഏൽപ്പിച്ച ആഘാതം, അതിന്റെ എത്രയോ മടങ്ങ് ആയിട്ടായിരിക്കണം അവളിലേക്ക് എത്തിയത്. അന്നു കണ്ടതാണ് അവളെ. അവന്റെ വീട്ടിൽ, അലമുറയിടുന്ന അവന്റെ അമ്മയ്ക്കൊപ്പം അനക്കമറ്റിരിക്കുന്ന അവൾ.

പിന്നെ കാലങ്ങൾക്കിപ്പുറം നിനക്കൊപ്പം ഞാൻ അവളെ കാണുമ്പോൾ ആ കണ്ണുകളിലെ ചൈതന്യം ഒരിറ്റുപോലും അവിടെ അവശേഷിച്ചിരുന്നില്ല. സത്യം പറഞ്ഞാൽ നിനക്കു വേണ്ടി മാത്രമാണ് ഞാൻ അന്നു വന്നത്. ചെറുക്കനും പെണ്ണും സംസാരിച്ചോട്ടെ എന്നു പറഞ്ഞ് അവളുടെ അച്ഛൻ ഹാളിലേക്ക് കയറ്റി വിട്ടു.

"അറിയാം... നമ്മളൊക്കെ ഹേതുവാണ്... എല്ലാത്തിന്റെയും... അവൻ പറയുന്നപോലെ നശ്വരമാണ്... അടുത്ത നിമിഷത്തെക്കുറിച്ച് അറിയാതെ അങ്ങനെ... ഞാൻ പിന്തുടർച്ചകളില്ലാതെ, അർഥപൂർണമല്ലാത്ത വാക്യങ്ങൾ പെറുക്കി പറഞ്ഞുകൊണ്ടേയിരുന്നു.  മറുഭാഗത്ത് ഒരു തലയനക്കം പോലും കണ്ടില്ല.

മാഷെങ്ങനെ ഇവിടെ? അവൾ ചോദിച്ചു...

മറുപടി എവിടെ തുടങ്ങണമെന്നറിയാതെ ഞാനും. അവൾ മറുപടി കാത്തു നിൽക്കാതെ തുടർന്നു.

അവൻ പോയതിൽ പിന്നെ എന്ത് എന്ന ചോദ്യത്തിന് ഉത്തരം അവൻ തന്നെ തന്നിരുന്നു... വായന... അവൾ ചുറ്റും നോക്കി പിന്തുടർന്ന് എന്റെ കണ്ണുകളും. അതെ ഹാളിനകത്ത് മൂലയ്ക്ക് ഒരു മരഅലമാരയിൽ പുസ്തകങ്ങൾ അടുക്കിയിരിക്കുന്നു.

സന്തോഷ് ഏച്ചിക്കാനം, ടോൾസ്റ്റോയി, ജോൺ ഗ്രീൻ, പൗലോ കൊയ്‌ലോ..

ജീവിതങ്ങൾ, പല ജീവിതങ്ങൾ... തുറന്നെഴുത്തുകൾ തിരുത്തെഴുത്തുകൾ... അങ്ങനെ ലിംഗഭേദങ്ങളില്ലാതെ, ഭാഷാന്തരങ്ങളില്ലാതെ, യാതൊരു അതിർവരമ്പുകളുമില്ലാതെ പച്ച മനുഷ്യരായി വിരാജിക്കുന്നു. പുസ്തകങ്ങൾ തൊട്ടുകൊണ്ട് അവൾ പറഞ്ഞു.

ഈയിടങ്ങളിൽ ഞാൻ പലവുരു പുനർജൻമം കൊണ്ടിരിക്കുന്നു... അവനൊപ്പം.

പെട്ടെന്ന് അവളിൽ അവശേഷിച്ച പുഞ്ചിരി മാഞ്ഞു. രണ്ടു കാലടികൾ പിന്നോട്ടെടുത്തു വച്ചവൾ പറഞ്ഞു. നേരം വൈകി, ഒരു പെണ്ണുകാണലും രണ്ട് മിനിറ്റിലധികം ഞാൻ ദീർഘിപ്പിക്കാറില്ല. അവൾ തുടർന്നു, അവരെ വിഷമിപ്പിക്കാതിരിക്കാൻ ഉള്ള നാടകം മാത്രമാണ്.

പക്ഷേ ഇത് ...

പക്ഷേ ... ഞാനതേറ്റു പിടിച്ചു.

സുദീർഘമായ മൗനത്തിനു ശേഷം ഞാൻ തന്നെയാണ് ചോദിച്ചത് എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത് എന്ന്. അവളെന്തോ മറുപടി പറഞ്ഞു. തൊടിയിലേക്ക് തുറന്നിട്ട ജനാലകൾ കാറ്റിൽ പതിയെ വന്നടിച്ചു കൊണ്ടിരുന്നു.

മഴയായിരിക്കും ...

മഴ ആയിരിക്കണം അവൾ പറഞ്ഞു.

ചുട്ടുപഴുത്ത മണ്ണിലേക്ക് മഴത്തുള്ളികൾ എവിടെനിന്നോ വന്ന് ആർത്തലച്ച് തുളച്ചുകയറി. പുതുമഴ. ഞാൻ പതിയെ പറഞ്ഞു.

ഞാൻ ജനലഴിയിൽ പിടിച്ച് പുറത്തേക്ക് നോക്കി.

അവൻ... അവൻ... ഞാനാണ്, ഞാനൊക്കെ തന്നെയാണ് കാരണം. ഉള്ളിൽ അടക്കിവെച്ചിരുന്ന രണ്ടുതുള്ളി കണ്ണുനീർ ഇടം കണ്ണിൽ നിറഞ്ഞു നിന്നു. പിന്നെ ഒരു പിഞ്ചു പൈതൽ കരയും പോലെ ഞാൻ വിതുമ്പി...

നിനക്കറിയോ, എല്ലാരും കൂടി നിർബന്ധം പിടിച്ചപ്പോൾ സെന്റോഫ് ഉഷാറാക്കാൻ ആ രാത്രി വണ്ടിയെടുത്ത് കുപ്പി വാങ്ങാൻ പോയതാ, ഒരു തുള്ളി പോലും കഴിക്കാത്ത അവൻ. എല്ലാരും നിർബന്ധിച്ചിട്ടും പോകാതിരുന്ന അവൻ... എന്റെ സമ്മതം കാത്തു നിന്നു. എന്റെ ആ മൗനസമ്മതം അതാണ് എല്ലാത്തിനും കാരണം. ഞാനാ... എന്റെ ശബ്ദമിടറി.

അവൾ ഒരു പടി മുന്നിലേക്ക് കയറിനിന്ന് കൈകൂപ്പി പറഞ്ഞു...

'അപ്പോ ഞാനോ? പാതിരാത്രി വിളിക്കുമ്പോൾ വണ്ടി ഓടിക്കുകയാണ് എന്നറിഞ്ഞിട്ടും അവനോട് ഫോൺ വെക്കാൻ പറയാതെ ഫോണിൽ സംസാരിച്ചു കൊണ്ടിരുന്ന ഞാനോ...? ഞാനല്ലേ ഒക്കത്തിനും...'

കായലോളം സങ്കടം നിറച്ച ഒരു ചതുപ്പ് നിലം മാത്രമായിരുന്നു അവളുടെ കണ്ണുകൾ...

*****   *****    *****   *****

ഒരുപാട് ചോദ്യങ്ങൾ അവശേഷിപ്പിച്ചാണ് ഏട്ടൻ നിർത്തിയത്. തിരിഞ്ഞു നടക്കുമ്പോൾ ഒരു ലോഡ് പുച്ഛമാണ് ആ കൂട്ടുകാരനോട് തോന്നിയത്.

അവൾ ചെയ്തത് ഇത്രമാത്രം; ഒന്നും ഒളിക്കാതെ സമൂഹത്തിനുമുന്നിൽ ജസ്റ്റിഫൈ ചെയ്യാത്ത ഒരു ബന്ധം കാത്തു സൂക്ഷിച്ചു.

പകരം നൽകിയതോ...! 

വാട്സപ്പ് സ്റ്റാറ്റസുകൾ മാറി മറിച്ചുനോക്കുമ്പോൾ കണ്ടു, അവന്റെ സ്റ്റാറ്റസ്;

''ഭൂതകാലത്തെ പാപക്കറകൾ മായ്ച്ചു കളഞ്ഞ സണ്ണി ചേച്ചിക്ക് പിറന്നാൾ ആശംസകൾ "

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com