ADVERTISEMENT

അമ്മവേദനകൾ (കഥ)

ആദിയുടെ കുഞ്ഞുവിരലുകളിൽ തഴുകികൊണ്ട് ഇടയ്ക്കൊക്കെ ഞാൻ അവനോടു ചോദിക്കും.

"ആദീ... ഈ ലോകത്തു നിനക്കേറ്റവും ഇഷ്ടം ആരോടാണ്?"

ഒരു നിമിഷം പോലും ശങ്കിച്ചു നിൽക്കാതെ എന്റെ കണ്ണുകളിലേക്കു നോക്കിക്കൊണ്ട് അവൻ പറയും... "കുഞ്ഞിമാമനെ, അതുകഴിഞ്ഞ് അച്ഛനേം അമ്മയെയും, അതുകഴിഞ്ഞ് ന്റെ അമ്മനേം ന്റെ അച്ഛനേം..."

വേറെ എന്തേലും ചോദിക്കുന്നതിനു മുന്നേ അവനാ വരിയിൽ അവന്റെ ഇഷ്ടങ്ങളെ തുറന്നു പറഞ്ഞു. ഇന്നൊരു ദിവസം ഞാനെന്റെ ചോദ്യം അവനു നേരെ വീണ്ടും ചോദിച്ചു. പതിവുപോലെ തന്നെ. കുഞ്ഞു മനസ്സിലെ ഉറച്ച വാക്കുകൾ. കുറച്ചു നേരം എന്നോട് കുരുത്തക്കേട് കളിച്ചുകൊണ്ട് അവനുറക്കത്തിലേയ്ക്ക് വഴുതി വീണു.

ശരിയാണ്... അവനു കുഞ്ഞമ്മാവനോളം വലുതല്ല മറ്റൊന്നും. അത് എനിക്കറിയാം, എന്നാലും.!

അപ്പോൾ എന്റെ റോൾ എന്താണ്...? പത്തുമാസം ചുമന്ന കണക്കുകൾ മാത്രം നിരത്താനെ ഉള്ളൂ എന്റെ കയ്യിൽ....?

പ്രഗ്നൻസി ടെസ്റ്റ് റിസൾട്ടിൽ തെളിഞ്ഞു വന്ന രണ്ട് ചുവപ്പു വരകൾ എന്റെയും എന്റെ പാതിയുടെയും മനസിനെക്കാൾ കോറിയത് അവന്റെ അമ്മമ്മയുടെയും അമ്മച്ചന്റെയും, അമ്മാവന്റെയും മനസ്സിലായിരുന്നു. വീണ്ടും ലാബുകളിൽ കയറിയിറങ്ങി പോസിറ്റീവ് എനർജി നേടിക്കൊണ്ട് വീട്ടിലേയ്ക്കെത്തുമ്പോൾ പൂമുഖത്തു കുഞ്ഞമ്മാവന്റെ റോൾ ഏറ്റവും ഭംഗിയിൽ ചെയ്യാൻ കാത്തുനിൽക്കുന്നവനെ അവൻ ആദ്യം കുട്ടാ... എന്നും പിന്നീട് കുഞ്ഞിമാമാ എന്നും നീട്ടിവിളിച്ചു.

പിന്നീട് അങ്ങോട്ട് ഛർദ്ദിയുടെ നാളുകളായിരുന്നു. തിന്നുന്നതു മുഴുവനും ഛർദ്ദിച്ചു തീർക്കുക എന്ന ഉദ്യമത്തിലേയ്ക്കു ഞാനും കടന്നു. ഒരു തുള്ളി വെള്ളം പോലും കുടിക്കാൻ പറ്റാതെ മറ്റുള്ളവരുടെ പാത്രത്തിലേക്ക് ഉറ്റുനോക്കിയിരിക്കുന്ന അവസ്ഥ, ഭക്ഷണം കാണുമ്പോൾ തന്നെ ഓക്കാനം വരും. പകുതിയും തളർന്നു മെലിഞ്ഞുണങ്ങി എഴുന്നേൽക്കാൻ പോലും പറ്റാത്ത അവസ്ഥയിലേക്ക് എത്തുകയായിരുന്നു. ഗർഭപാത്രം താണിരിക്കുന്നതിനാൽ ഇളകാനോ സ്വന്തമായി എന്തേലും ചെയ്യാനോ പറ്റാതെ ഗ്ലൂക്കോസ് കുപ്പികളിലേയ്ക്കു നോക്കി കിടന്നു. ആശുപത്രിയുടെ മണവും മനം പുരട്ടലിൽ ഒതുക്കി പിടച്ചു പകലും രാത്രിയും ഒരു വിധത്തിൽ തള്ളിനീക്കി..

വയറിനും മാറിനും കനം കൂടി വരികയാണ്‌. ഞാനറിയുകയാണ് അമ്മയെന്ന വികാരം എത്രത്തോളം വലുതാണെന്ന്... നാലിനും അഞ്ചു മാസത്തിനുമിടയിൽ അവന്റെ ഇളക്കങ്ങൾ തുടങ്ങിയിരുന്നു. പതുക്കെ പതുക്കെ ഓരോ അനക്കങ്ങളും കൂടിവന്നു അതുപോലെ മാസങ്ങളും കടന്നു പോവുകയാണ്. നല്ല ഭക്ഷണങ്ങൾ ഒന്നും കഴിക്കാൻ പറ്റാതെ വല്ലാത്തൊരവസ്ഥയിൽ അനീമിയയും കടന്നു വന്നു. അൽപമെന്തങ്കിലും കഴിച്ചു കഴിഞ്ഞാൽ കുഞ്ഞിന്റെ ഇളക്കങ്ങൾക്കായി കാതോർത്തു. എന്നെക്കാൾ ഏറെ അനിയന്റെ മനസ്സ് കലുഷിതമായിരുന്നു.

ചില സമയങ്ങളിൽ എന്നെക്കാൾ ഇളയവനായ അവൻ എന്റെ അമ്മയാവാനും അച്ഛനാവാനും തുടങ്ങി. ഓരോ ദിവസവും കടന്നു പോവുകയാണ്. ഓരോ മണിക്കൂറുകളും, ഓരോ നിമിഷങ്ങളും കടന്നു പോവുകയാണ്. മേലാകെ ചൊറിഞ്ഞു കുരുക്കൾ പൊന്തി തുടങ്ങി. മുഖത്തും കൈകളിലും കാലിന്റെ തുടയിമൊക്കെ കുരുക്കൾ വ്രണങ്ങളായി മാറി.

ഡോക്ടർ തന്ന ലോഷൻ മേലാകെ തേച്ചു പിടിപ്പിക്കുന്നത് അപകടമെന്ന് ആരോ പറഞ്ഞപ്പോൾ അമ്മ നാളികേരം ചിരകി വെളിച്ചെണ്ണയുണ്ടാക്കി കുളിമുറിയിൽ വെച്ചു. ഉന്തി നിൽക്കുന്ന വയറും താങ്ങി പിടിച്ചു വെളിച്ചെണ്ണ തേക്കാൻ പോലുമാവാതെ ഞാൻ ആ നാലു ചുവരുകൾക്കുള്ളിൽ നിന്ന് ഉറക്കെ കരഞ്ഞു. മാറിനുതാഴെ നീരു വന്നതുപോലെ. കുറെ നേരം നിൽക്കാനോ, ഇരിക്കാനോ കഴിയാതെ പിടഞ്ഞുകൊണ്ടിരിക്കും. പക്ഷേ അന്ന് അതു സഹിക്കാവുന്നതിലും അപ്പുറത്തേയ്ക്കായിരുന്നു. എന്റെ കരച്ചിൽ കൂടി വന്നു.

അടുക്കളപുറത്ത് എന്തോ പണിയിലായിരുന്ന അമ്മ അതു കേട്ട് ഓടിവന്നു. ന്തേ ന്റെ മോള് കരയുന്നത് വേദനയുണ്ടോ....

അമ്മക്ക് ആകെ വേവലാതിയായി പുറമെ നിൽക്കുന്ന അമ്മയുടെ സ്വരം വല്ലാതാവുന്നുണ്ടായിരുന്നു. പാതിചാരിയ കുളിമുറി തള്ളിതുറന്ന് അകത്തേക്ക് കയറി വന്നു. അരയിലൊരു ചരടു പോലുമില്ലാതെ പിറന്നപടി വയറും ഉന്തിപിടിച്ചു നിൽക്കുന്ന എന്നെ കണ്ട് എന്നെ നെഞ്ചോടു ചേർത്തു പിടിച്ചു ചിരിച്ചുകൊണ്ട് അമ്മ പറഞ്ഞു.

സരല്ല്യാ... എന്തിനാ കരയുന്നത്

ഞാനതു വിങ്ങി വിങ്ങി പറഞ്ഞു വരുമ്പോഴേക്കും അമ്മക്ക് കാര്യം മനസിലായി. എന്താടാ... അമ്മയില്ലേ കൂടെ പിന്നെന്തിനാ ന്റെ കുട്ടി കരയുന്നത്. പത്തു വയസോളം അമ്മയല്ലേ ന്റെ കുട്ടിയെ തേച്ചു കുളിപ്പിച്ചത്. ഇപ്പോഴും ആ പത്തു വയസ്സു തന്നെയാ ന്റെ കുട്ടിക്ക്.

അമ്മയുടെ കണ്ണുകളിലും ഒരു മഴ പെയ്തിറങ്ങിയിരിക്കുന്നു. ആ കണ്ണുകൾ എന്നിൽ നിന്നു മറച്ചുപിടിച്ച് അമ്മയെന്തൊക്കയോ പറഞ്ഞുകൊണ്ട് എന്നെ കുളിപ്പിച്ചു. തലതുവർത്തിതരുമ്പോൾ അമ്മയുടെ ചുടു നിശ്വാസങ്ങൾ എന്റെമേൽ ആശ്വാസം തരുകയായിരുന്നു ആദ്യമായി ആ പെൺകുട്ടിക്ക് ജീവിതത്തിൽ അമ്മയെന്ന സത്യത്തെക്കാൾ വലുതായി മറ്റൊന്നുമില്ലെന്നു  മനസിലായി. മറ്റൊന്നും.

ഏഴുമാസം ആശുപത്രിയും ഗ്ലൂക്കോസിൻ കുപ്പിയുമായി ദിവസങ്ങൾ തള്ളി നീക്കി. ഒടുവിൽ മെഡിക്കൽ കോളജിന്റെ ചുവരുകൾക്കുള്ളിൽ ആത്മവിശ്വാസത്തിന്റെ കുടിലു കെട്ടി ജീവിതം തുടങ്ങി.

അനീമിയ കൂടുതലാവുകയും ബിപി കുറയുകയും ലങ്സിൽ നീര് വരാനും തുടങ്ങിയപ്പോൾ മെഡിക്കൽ കോളജിനെക്കാൾ ബെറ്റർ വേറെ ഇല്ലെന്ന് എല്ലാവരും പറഞ്ഞു. അനക്‌സ് വാർഡിലെ പെനോയലിന്റെ മണവും വൃത്തിഹീനമായ അന്തരീക്ഷവും എന്റെ മനം പുരട്ടൽ വേഗത്തിലാക്കി. അമ്മയും ഞാനും അൽപ്പം മാത്രം വെളിച്ചമുള്ള മുറിയുടെ നിലത്തു കെട്ടിപിടിച്ചു കിടന്നു. എന്നും രാവിലെ ചൂടുള്ള ചായ ഹോട്ടലിൽ നിന്നും വാങ്ങിച്ചു കൊണ്ടുവന്നു അച്ഛനാവാൻ പോവുന്നതിന്റെ സന്തോഷത്തിൽ പാതിയും ദിവസങ്ങളെണ്ണി കാത്തിരുന്നു. ആ വാർഡിന്റെ നിലത്തു നിന്നും പലപല വാർഡുകളിലേക്കു മാറ്റികിടത്തി. 

ഓരോ ഭക്ഷണത്തിനോടും പൂതി തോന്നി തുടങ്ങി. പതിയെ ഛർദ്ദി ഒരു വിധം കുറഞ്ഞു തുടങ്ങി. ഹോട്ടൽ ഭക്ഷണത്തെ ആശ്രയിച്ചായിരുന്നു അവിടെ അധികപേരും ഉണ്ടായിരുന്നത് ഈ ഞാനും. പകുതി മാത്രം വെന്ത പച്ചക്കറിയും കൂട്ടി ഓരോ ദിവസവും കടന്നുപോയി. പൂതികളോരോന്നും ഒരു ഫോണിൽ അറിയിപ്പായി അമ്മ അനിയനിൽ എത്തിച്ചു. നിമിഷ നേരത്തിനുള്ളിൽ അവനു കഴിയുന്നതു പോലെ എന്റെ ഇഷ്ടങ്ങളെല്ലാം സാധിപ്പിച്ചു തന്നു. ചക്ക ഉപ്പേരിയും, മത്തി പൊരിച്ചതും എന്റെ മുന്നിൽ നിറഞ്ഞു നിന്നു. എന്റെ പൂതികളെ ഇരു കയ്യും നീട്ടി സ്വീകരിച്ച് അതും അമ്മയെപ്പോലെ അല്ലെങ്കിൽ അമ്മയായി ഉണ്ടാക്കി കൊണ്ടുവന്നു അവൻ. 

അന്നാണ് എനിക്ക് പ്രസവ വേദന വന്നത്. അല്ലെങ്കിൽ ഇടക്കു കയറിവരുന്ന ആ വേദന വീണ്ടും വന്നു. വേദന അത്ര കാര്യമാക്കിയില്ല രണ്ട് മാസത്തോളമായി ആശുപത്രിയിൽ വന്നിട്ടെങ്കിലും ഒരുപാട് പ്രാവശ്യം ഇതു പോലെ വേദന വന്നതാണ്. അന്നൊക്കെ ലേബർറൂമിൽ വെള്ള കുപ്പായവും മുണ്ടുമുടുത്ത് ഉള്ളു പരിശോദിപ്പിച്ചു കിടത്തും മണിക്കൂറുകളോളം, അതുമല്ലങ്കിൽ ഒന്നോ രണ്ടോ ദിവസങ്ങൾ. ചോരയുടെ മണവും കരച്ചിലുകളും കുറഞ്ഞുപോകുന്ന എന്റെ ബിപിയെ നോർമ്മലോ, അതിനും മുകളിലോ എത്തിക്കും. അപ്പോളൊക്കെ കൂടെയുള്ളവർ പറയും നല്ലോണം വേദന വന്നിട്ടു പോയാൽ മതിയെന്ന്. അന്ന് ഞാനും കരുതി വേണ്ട ചിലപ്പോൾ ചെറിയ വേദന ആണെങ്കിലോ...

ആയിട്ടില്ലെന്നല്ലേ ഇന്നലെകൂടി ഡോക്ടർ പറഞ്ഞത്‌. അല്ല നിമിഷം ചെല്ലുന്തോറും വേദന കൂടി വരികയാണ്. അനിയൻ കൊണ്ടു വന്ന പൊതിച്ചോറ് എനിക്കു മുന്നിൽ തുറന്നുവെച്ച് ചെറിയ ഉരുളകളാക്കി അമ്മ കണ്ണു നിറഞ്ഞുകൊണ്ട് എന്റെ വായിൽ വെച്ചു.

അമ്മയോളം ഭക്ഷണം ഉണ്ടാക്കാൻ അവനു കഴിവുണ്ടായിരുന്നു. അമ്മയുടെ രുചിയുടെ എല്ലാ കൈപുണ്യവും മകളായ എനിക്കു തരാതെ അമ്മ എല്ലാം അവനു കൊടുത്തത്തിൽ അന്നി ആദ്യമായി ഞാൻ സന്തോഷിച്ചു.

ഒരു വിധത്തിൽ ഭക്ഷണവും കഴിച്ചു വീണ്ടും വരാന്തയിലൂടെ നടക്കാൻ തുടങ്ങി. ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ നടത്തം പതിവായിരുന്നു. പക്ഷേ അന്ന് വേദന വല്ലാതെ കൂടി കൂടി വരികയാണ് കാലിലെ പെരുവിരൽ മുതൽ വേദന അരിച്ചു കയറുകയാണ്.

ഉടുത്തിരുന്ന വെള്ളമുണ്ടും നനഞ്ഞു തുടങ്ങിയിരിക്കുന്നു, വിങ്ങി നിൽക്കുന്ന മറിടവും ചുരന്നു തുടങ്ങിയിരിക്കുന്നു. ട്രോളി വരുന്നു, ഡോക്ടർ വരുന്നു, നേഴ്‌സ് വരുന്നു. ആകെ ബഹളം. കൂടെ എന്റെ കരച്ചിലും. നിറകണ്ണുകളോടെ അനിയനെന്നെ നോക്കി അമ്മയെ ചേർത്തു പിടിച്ചു. ട്രോളിയിൽ എന്നെയും കൊണ്ടുപോകുന്നതും നോക്കി എന്റെ കണ്ണു മറയുന്നതുവരെ അവരവിടെ തന്നെ നിന്നു.

ശീതീകരിച്ച മുറിയിലെ അടിപ്പിച്ചുള്ള കട്ടിലിൽ എത്രയോ പേർ കിടക്കുന്നു.ചിലർ കരയുന്നു. ചിലർ തളർന്നിരിക്കുന്നു. വയ്യ 

ആ കാഴ്ച വേദനാജനകമാണ്. എങ്ങും ചോരയുടെ മണം. തണുത്ത് വിറങ്ങലിച്ചു പോവുകയാണ് മനസ്സും ശരീരവും തളരുകയാണ്.

ഉള്ളുപരിശോധന കഴിഞ്ഞപ്പോൾ തന്നെ ഡോക്ടർ എന്നോട് പറഞ്ഞു.

കുട്ടീ പ്രസവം നടക്കുകയാണ്. കാലുകൾ അകത്തി വെച്ചു മുക്കണം. ആരൊക്കയോ എന്റെ വയറു പിടിച്ച് അമർത്തുന്നു, ആരോ എന്റെ കൈ പിടിച്ചു വെച്ചിട്ടുണ്ട്. ഞാൻ ഉറക്കെ കരഞ്ഞു. കുട്ടി വരുന്നുണ്ട് ഡോക്ടർ പറയുന്നത് ഞാനും കേട്ടു. പെട്ടെന്ന് എനിക്കു ശ്വാസം കിട്ടാതെ ഞാൻ പിടഞ്ഞു... തോന്നിയതാണോ? 

അല്ല. ശ്വാസം കിട്ടുന്നില്ല, കണ്ണുകൾ മറയുന്നതു പോലെ, ആരോ തലയ്ക്കു മുകളിൽ നിന്നും വിളിച്ചു പറയുന്നു. എമർജൻസി...

വേഗം ഓക്സിജൻ കണക്ട് ചെയ്യൂ... ഓക്സിജൻ മാസ്‌ക് വെച്ചപ്പോഴേക്കും അതു തട്ടിയെറിഞ്ഞു ഞാൻ കരഞ്ഞു. മരണമാണോ എന്റെ, അറിയില്ല. എനിക്കമ്മയെ കാണണം എനിക്ക് വെള്ളം വേണം

ആരോ ഉപ്പിടാത്ത കഞ്ഞിവെള്ളം ഗ്ലാസ്സിൽ എനിക്കു നീട്ടി എന്നെ ചാരി നിർത്തി കുടിപ്പിച്ചു. ആർത്തിയോടെ ഒറ്റവലിക്കു മുഴുവനും കുടിച്ചു. ഇനിയും വേണമെന്നു പറഞ്ഞു. വീണ്ടും കഞ്ഞിവെള്ളം എന്നെ തേടിയെത്തി.

വയറിലെ ഞെക്കിപ്പിടിച്ചുള്ള പരിശോധനയും ഉള്ളു വീണ്ടും വീണ്ടുമുള്ള പരിശോധനയും എനിക്ക് പേടിയായി തുടങ്ങി. വേദന വീണ്ടും കൂടി വരികയാണ്.

കുഞ്ഞു വരുന്നുണ്ട്. കുട്ടിയൊന്നു അമർത്തി മുക്കൂ... അല്ലാത്ത പക്ഷം സർജറി വേണ്ടി വരും. കണ്ണു നിറഞ്ഞൊഴുകുകയാണ്. മുക്കാൻ പോയിട്ട് ഒന്നു ശ്വാസം വിടാൻ പോലും പറ്റുന്നില്ല. ഒന്നും കാണണോ കേൾക്കാനോ പറ്റാതെ കണ്ണുകൾ അടയുന്നതു പോലെ തോന്നി തുടങ്ങി.

എല്ലാ ദൈവങ്ങളെയും വിളിച്ച് കണ്ണടച്ചു അവര് പറയുന്നതുപോലെ അനുസരിച്ചു. പെട്ടെന്ന് തന്റെ ചെവിക്കരികിൽ നിന്നൊരു കരച്ചിൽ. കണ്ണുകൾ തുറക്കാനോ നോക്കാനോ കഴിയാതെ കണ്ണടച്ച് കിടന്നു.

കുട്ടീ കണ്ണു തുറക്കൂ... പ്രസവം കഴിഞ്ഞിരിക്കുന്നു. നനഞ്ഞുണങ്ങിയ കൺപീലികൾ വലിച്ചു തുറന്ന് ഞാൻ നോക്കി

വെള്ളയുടുപ്പിട്ട ആ മാലാഖ എന്നോട് ചോദിച്ചു എന്തു കുട്ടിയാണെന്ന് അറിയേണ്ടേ...?

വേണ്ട എന്നു പറയണം എന്നു തോന്നി. അതു പറയുന്നതിനു മുന്നേ അവര് പറഞ്ഞു. മോനാണ്

ഞാൻ ആഗ്രഹിച്ചിരുന്നത്... ഞാൻ സ്വപ്നം കണ്ടത്... ഞാൻ പ്രാർഥിച്ചത്...

ഈശ്വരാ... കണ്ണുകൾ നിറഞ്ഞൊഴുകുകയാണ്. എന്റെ മുന്നിലേയ്ക്കാരോ അവനെ നീട്ടിവെച്ചു കാണിച്ചു തന്നു. ഒന്നു തൊടാൻ കൈ നീട്ടിയെങ്കിലും അവരവനെയും കൊണ്ട് മറ്റൊരു റൂമിലേക്ക് നടന്നു. 

ഒന്നോ രണ്ടോ മണിക്കൂർ കഴിഞ്ഞതിനു ശേഷമാണ് ഞാൻ വീണ്ടും അവനെ കാണുന്നത്. കണ്ണുകൾ മുറുക്കിപ്പിടിച്ചു കരയുന്ന അവന്റെ വായിലേക്ക് എന്റെ മാറിടം ചുരത്തി. അവൻ നീട്ടി വലിച്ചു നുണയുകയാണ്. വേദനിക്കുന്നുണ്ട് എനിക്ക് ഒരു സുഖമുള്ള വേദന. അമ്മയെന്ന വികാരത്തിന്റെ സന്തോഷത്തിന്റെ വേദന. അമ്മയുടെ കയ്യിൽ നിന്നും അനിയൻ വാങ്ങി നെഞ്ചോടു ചേർത്തു. അവന്റെ ശബ്ദം കേട്ടപ്പോൾ അവനാദ്യമായി കണ്ണു തുറന്നു. വീണ്ടും കണ്ണടച്ചു കിടന്നു.

അന്ന് നെഞ്ചോടു ചേർത്തതാണ് അവൻ ആദിയെ... അവന്റെ ഇഷ്ടങ്ങളെ, സ്വപ്നങ്ങളെ, വികൃതികളെ...

പിന്നീടൊക്കെയും അവൻ കുഞ്ഞിമാമന്റെ നിഴലിൽ തന്നെയാണ് വളർന്നത്. മുലപ്പാൽ നൽകാതെ മാതൃത്വം കൊടുത്തുകൊണ്ട്

പിന്നെ എവിടെയാണ് അവൻ അമ്മാവനെ മാറ്റിനിർത്തേണ്ടത്. ഒരസുഖം വന്നാൽ എന്നെ അറിയിക്കാതെ അമ്മയെപ്പോലെ എടുത്ത് ഓടുന്ന, വയ്യാതായാൽ നെഞ്ചോടു ചേർത്തി കിടത്തി താരാട്ടു പാടുന്ന, കഥപറഞ്ഞു ചോറു കൊടുക്കുന്ന, വികൃതി കാണിച്ചാൽ കാലിനു താഴേക്കു നീണ്ട കൈകൾ കൊണ്ട് വീണ്ടും ചേർത്തു പിടിക്കുന്ന ആ അമ്മയെ അവൻ മാറ്റിനിർത്തില്ല എന്നെനിക്ക് ഉറപ്പുണ്ട്.

അതേ, അവനോളം അമ്മയാവാനും അച്ഛനാവാനും ഞങ്ങൾക്ക് പറ്റില്ല. കഴിഞ്ഞുപോയ പിതൃദിനത്തിന്റെ ആശംസകൾ ഞാൻ അവനു നൽകട്ടെ. അച്ഛന്റെയും അമ്മയുടെയും റോൾ ഒരുമിച്ചു ചെയ്തതിന്.... 

കൂടെ ഒരമ്മയുടെ വേദന ഒരിക്കലും തീരില്ലെന്നും, തളരാതെ മുന്നോട്ടു പോവണമെന്നും പഠിപ്പിച്ച ന്റെ അമ്മക്ക്, എപ്പോഴും സ്നേഹിക്കാൻ മാത്രം അറിയാവുന്ന, ഞങ്ങളുടെ മുന്നിൽ തോറ്റു തരുന്ന അച്ഛന്...

എന്റെ വാശികൾക്ക് കൂട്ടുനിൽക്കുന്ന പാതിക്ക്..

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com