sections
MORE

ആവര്‍ത്തനങ്ങള്‍ (കഥ)

old-age
പ്രതീകാത്മക ചിത്രം
SHARE

കാറിന്റെ ഡോര്‍തുറന്ന് വൃദ്ധനെ സാവധാനം പുറത്തിറക്കുന്ന യുവാവിനെ നോക്കിയിരിക്കവേ അയാളുടെ ഉള്ളിലൊരാന്തലുണ്ടായി. യുവാവിനെ സഹായിക്കുന്ന പെണ്‍കുട്ടി അവന്റെ ഭാര്യയായിരിക്കണം. വൃദ്ധന്‍ ആ ചെറുപ്പക്കാരന്റെ അച്ഛനായിരിക്കാനേ വഴിയുള്ളൂ. വൃദ്ധനേയുംകൂട്ടി അമ്പലത്തിനകത്തേയ്ക്ക് കയറിപ്പോകുന്ന യുവാവിനേയും യുവതിയേയും ഒരിക്കൽകൂടി പാളിനോക്കിയിട്ട് അയാള്‍ തൂണിലേക്ക് തന്റെ ശരീരംചാരി.

ചുറ്റുമുള്ള കാഴ്ചകള്‍ കാണുകയും മനസ്സിലാക്കുകയും ചെയ്യുന്നത് എത്ര വലിയ വേദനയാണ് സമ്മാനിക്കുന്നത്. കാഴ്ചകള്‍ ഇരുതലമൂര്‍ച്ചയുള്ള കഠാരകള്‍ പോലെയാണ്. ഹൃദയത്തെ കുത്തിമുറിവേല്‍പ്പിക്കുന്ന കഠാരകള്‍. അതുപോലെതന്നെയാണ് ഇന്നലകളുടെ ഓര്‍മകളും. ഒറ്റമകന്‍ മാത്രമാക്കാതെ ഒരു കുട്ടികൂടിയാവാമെന്ന് പലരും പറഞ്ഞതാണ്. പല മക്കള്‍ക്കായി പങ്കുവച്ചുപകുത്തുപോകാനുള്ളല്ല തങ്ങളുടെ സ്നേഹമെന്നുറപ്പിച്ചതുകൊണ്ടാണ് അവനൊരു എതിരാളി വേണ്ടായെന്ന തീരുമാനമെടുത്തത്.

അവന്റെ വളര്‍ച്ചയില്‍ അഹങ്കരിക്കുകയായിരുന്നു. അനുഭവിച്ച മുഴുവന്‍ പ്രാരാബ്ദങ്ങളോടും പ്രതികാരം ചെയ്യുവാനെന്ന‍പോലെ മകനെ ലാളിച്ചു. അവനാഗ്രഹിക്കുന്നതെല്ലാം നല്‍കി. പും എന്ന നരകത്തിൽ നിന്നു തന്നെ ത്രാണനം ചെയ്യുകയും ഒടുവിലൊരുനാള്‍ നിശ്ചലം നീണ്ടുനിവര്‍ന്ന് തെക്കോട്ടുതലവച്ച് കിടക്കവേ തലയ്ക്കലായിരുന്ന് കരയുന്നവള്‍ക്ക് താങ്ങും തണലുമാകുകയും അഗ്നിയാല്‍ ദേഹശുദ്ധിവരുത്തി തന്റെ ശരീരത്തിന്റെ അവശേഷിപ്പിനെ സമുദ്രത്തിലൊഴുക്കി തനിക്ക് ശാശ്വത മോക്ഷം നല്‍കുമെന്നും കരുതി സ്വന്തം ജീവനില്‍ നിന്നുരുവായവനെയോര്‍ത്ത് ഒരുപാടഹങ്കരിച്ചു. എന്നിട്ടോ? അല്ലെങ്കിലും ആഗ്രഹങ്ങള്‍ എന്നത് അഹങ്കാരങ്ങള്‍ മാത്രമാണ്. വിധാതാവ് തനിക്കായ് കരുതിവച്ചിരിക്കുന്നത് കാത്തിരിക്കാതെ സ്വന്തമായി പലതും സ്വപ്നം കാണുകയും കൊതിക്കുകയും ചെയ്യുന്നവന്റെ അഹങ്കാരം.

തലയ്ക്കലായിരുന്നു കരയുമെന്നു കരുതിയവള്‍ തനിക്കുമുന്നേ കടന്നുപോയപ്പോള്‍ സത്യത്തിലൊരു മരവിപ്പായിരുന്നു. വലിയ വീട്ടില്‍ ഒറ്റപ്പെട്ടവനായുള്ളത് താന്‍ മാത്രമാണെന്ന് പതിയെപ്പതിയെ ബോധ്യം വരികയായിരുന്നു. പ്രായമായവര്‍ക്ക് ഏറ്റവും പറ്റിയയിടം വൃദ്ധസദനമാണെന്ന സത്യം തിരിച്ചറിഞ്ഞ മകന്‍ തന്നെ ആ സൗധത്തിലെത്തിക്കുവാനുള്ള പ്രാരംഭനടപടികള്‍ ആരംഭിച്ചപ്പോള്‍ പ്രത്യേകിച്ചൊന്നും തന്നെ തോന്നിയില്ല. അമിതമായി പലതുമാഗ്രഹിച്ചത് സ്വന്തം തെറ്റുമാത്രമാണെന്ന തിരിച്ചറിവ് മാത്രമുണ്ടായി. വളരെ വൈകിവന്ന ബോധോധയം. 

അച്ഛന്‍ ഉപയോഗിക്കേണ്ട വസ്ത്രങ്ങളും മറ്റുമൊക്കെ അടുക്കിപ്പെറുക്കി സമാധാനമില്ലാത്തവനെപ്പോലെ കിടന്നുറങ്ങുന്ന മകനെ നോക്കിനില്‍ക്കുമ്പോള്‍ മനസ്സിനുള്ളിലെന്തായിരുന്നു? അമ്മയുടെ മടിയില്‍ തലയുംവച്ച് തന്റെ മടിയില്‍കാലും കയറ്റിവച്ച് സോഫായില്‍ കിടന്നുകൊണ്ട് ഞാന്‍ വലുതാകുമ്പോള്‍ വല്യ കാറുമേടിച്ച് അച്ഛനേയും അമ്മയേയും കാറിക്കേറ്റിക്കൊണ്ട് ദൂരെപോകാം എന്നവന്‍ കൊഞ്ചിപ്പറഞ്ഞത് ചെവിക്കു ചുറ്റും നൃത്തം ചെയ്യുന്നതുപോലെ. തോല്‍സഞ്ചി ഒന്നുകൂടി ഒതുക്കിപ്പിടിച്ചുകൊണ്ട് ഗേറ്റുതുറന്ന് പുറത്തിറങ്ങി നീട്ടിവലിച്ചു നടക്കവേ കാലുകള്‍ക്ക് ശക്തി കൂടുകയായിരുന്നു. ഒടുവില്‍ പലയിടങ്ങളിലേയും അലച്ചിലുകള്‍ക്കൊടുവിലാണീ അമ്പലനടയിലെത്തിയത്. തന്നെപ്പോലെ നിരവധി മുഖങ്ങള്‍ കണ്ടതോടെ ഇനി യാത്രമതിയാക്കാമെന്നുറപ്പിച്ചു. ഇപ്പോള്‍ ഒറ്റയ്ക്കായിപ്പോയി എന്ന ചിന്ത അലട്ടുന്നതേയില്ല..

"അമ്മാവാ. അച്ഛനെ ഒന്നു നോക്കിക്കൊള്ളണേ. അപ്പുറത്തുപോയി വഴിപാട് കഴിച്ചുവരട്ടേ"

മുന്നേകണ്ട യുവാവും യുവതിയും ചേര്‍ന്ന് ആ വൃദ്ധനെ അടുത്തായി ഇരുത്തിയിട്ട് ചോദിച്ചപ്പോളാണ് അയാള്‍ ചിന്താലോകത്തുനിന്നു മടങ്ങിവന്നത്. ആയിക്കോട്ടേ എന്ന അര്‍ഥത്തില്‍ തലയാട്ടുമ്പോള്‍ അയാളുടെ മുഖത്ത് ഒരു വേദന വന്നുനിറഞ്ഞു.

"എന്റെ മരുമോനും മോളുമാ. എന്നോട് വല്യ സ്നേഹാ. പണ്ടെപ്പോഴോ ഇവിടെ നേര്‍ച്ച നേര്‍ന്നിരുന്നു. അടുത്തകാലത്താ മോളത് ഓര്‍മ്മിച്ചേ. പിന്നെ വച്ചുതാമസിക്കാതെ ഇങ്ങു പോന്നു. ഒറ്റ മോളാണേ"

മറുവശത്തേയ്ക്ക് നടന്നുമറയുന്ന യുവാവിനേയും യുവതിയേയും നോക്കി ആ വൃദ്ധന്‍ സ്നേഹാതുരനായി പറയുന്നതുകേട്ടപ്പോള്‍ അയാള്‍ക്ക് മനസ്സില്‍ സങ്കടമാണ് തോന്നിയത്. വൃദ്ധജനങ്ങള്‍ എത്രമാത്രം നിഷ്ക്കളങ്കരാണ്. ഇനി ഒരിക്കലും മടങ്ങി വരാനിടയില്ലാത്ത മകളേയും മരുമകനേയും കുറിച്ച് വാതോരാതെ വൃദ്ധന്‍‍ തന്റെ സംസാരം തുടര്‍ന്നുകൊണ്ടേയിരുന്നപ്പോള്‍ കുറച്ചു കഴിഞ്ഞ് ആ വയസ്സന്റെ സങ്കടമെങ്ങിനെ മാറ്റിയെടുക്കാനാവുമെന്നു ചിന്തിച്ച് അയാള്‍ മനസ്സുകൊണ്ട് തയാറെടുക്കുകയായിരുന്നു.

സംഭവിക്കുന്നതെല്ലാം ആവര്‍ത്തനങ്ങള്‍ മാത്രമാണ്. മുമ്പ് നടന്നതിന്റെ ആവര്‍ത്തനങ്ങള്‍...

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA