ADVERTISEMENT

കലിപ്പ് (കഥ)

ചൊവ്വാഴ്ച പൊതുവേ തിരക്ക് കുറവാണ്, പണമിടപാടുകൾക്കു പറ്റിയ ദിവസമല്ല ചൊവ്വയും വെള്ളിയും എന്നാണ് ഈ പ്രദേശവാസികളുടെ വിശ്വാസം. ആ ഒരു ആശ്വാസത്തിലാണ്‌ ബാങ്കിലേക്ക് കയറിച്ചെന്നതും. ഇരിപ്പിടത്തിൽ ഇരിപ്പുറപ്പിക്കുന്നതിനു മുന്നേ തന്നെ അഞ്ചാറു കൈകൾ എന്റെ കണ്ണിനു നേരെ നീണ്ടു. പാസ്ബുക്ക് പതിക്കാനാണ്. എഴുതാനും വായിക്കാനും അറിയില്ലേലും പാസ്ബുക്ക് പതിച്ചില്ലേൽ ഇവിടുള്ളോർക്കു ഉറക്കം വരില്ല. പക്ഷേ ഇന്ന് കൈകളുടെ എണ്ണം പതിവിലേറെ കൂടുതലാണ് അല്ലേലും കാശിന് ആവശ്യം വന്നാൽ ചൊവ്വാദോഷവും ദുഖവെള്ളിയും ഒന്നുമില്ലല്ലോ.  

സമയം കടന്നുപോകുന്തോറും തിരക്ക് വർദ്ധിച്ചുവന്നു. ഒരു ചായകുടിക്കാൻ പോലും സാവകാശം ലഭിക്കാത്ത തിരക്ക്.  

"കട്ടനാണല്ലേ? "

തിരക്കിനിടയിൽ ഒന്നു മോന്താനെടുത്താൽ ഉടനെയെത്തും ഏതെങ്കിലും ചൊറിയന്റെ വക കമന്റ്. 

എന്തിനോ വേണ്ടി തിളച്ച ആ ചായ എന്റെ കണ്ണുകൾ നോക്കി അൽപസമയം ആവിപറത്തി. പ്രതികരണമില്ലാതായപ്പോൾ പുച്ഛത്തോടെ സ്വയം തണുത്തു. 

"സർ എനിക്കൊരു എടിഎം കാർഡ് വേണം"

എടിഎം കാർഡ് ചോദിക്കാൻ പറ്റിയ സമയം. അമർഷം സഹിച്ചു കണ്ണുകളിൽ ചിരിപടർത്തി ഞാൻ അദ്ദേഹത്തോട് പറഞ്ഞു,  അതിനെന്താ ആപ്ലിക്കേഷൻ എഴുതി തരൂ. ഉടനെതന്നെ അടുത്ത ആവശ്യം വന്നു.

"എനിക്കൊരു ചെക്കുബുക്കും വേണം".

ഇപ്പൊത്തന്നെ വേണമല്ലേ? നീയെന്നെ തെക്കോട്ടെടുത്തേ അടങ്ങൂ അല്ലേ മനസ്സ് മന്ത്രിച്ചു. പക്ഷേ ഒരു അഭിനവ ജോക്കറെ പോലെ ഞാൻ ചിരിച്ചുനിന്നു. ആപ്ലിക്കേഷൻ എടുത്ത് തിരികെ വന്നതും എന്റെ കൈവശം ഉണ്ടായിരുന്ന പേന കാണുന്നില്ല. എന്തോ പേന പണ്ടേ എന്റെയൊരു വീക്നെസ് ആണ്. അത് കൈമാറുന്നതോ എഴുതിതീരും മുമ്പേ നഷ്ടപെടുന്നതോ എനിക്കിഷ്ടമല്ല.  

ചുറ്റുംപരതി നോക്കി. ശ്ശെടാ... ഇതെവിടെപ്പോയി... കലിപ്പ് വർദ്ധിച്ചുകൊണ്ടേയിരുന്നു. നോട്ടത്തിനിടയിൽ അവസാനം ഞാൻ കണ്ടെത്തി. എന്റെ മുന്നിലിരിക്കുന്ന മഹാൻ ഞാൻ പോയതക്കത്തിൽ എന്റെ പേനയെടുത്ത് എഴുതിക്കൊണ്ടിരിക്കുകയാണ്. 

എനിക്ക് ദേഷ്യം ഇരച്ചുകയറി.. 

പറ്റാവുന്നത്ര മാന്യതയിൽ ഞാൻ പറഞ്ഞു, ചേട്ടാ ആ പേനയിങ്ങു താ... 

അയാൾ സവിനയം പേന തന്നു. ഞാനെന്റെ ജോലി തുടർന്നുകൊണ്ടേയിരുന്നു. 

അയാളുടെ നോട്ടത്തിന്റെ ഭാവം മാറുന്നത് ഞാൻ അറിഞ്ഞു. 

"ചേട്ടാ, പേനവേണമെങ്കിൽ അവിടെ വേറെ കെട്ടി വെച്ചിട്ടുണ്ട് അതെടുത്തെഴുതു " എന്റെ വാക്കുകൾ പരുഷമായിരുന്നിട്ടും അയാൾ  രൂക്ഷമായി നോക്കി നിൽപ് തുടർന്നു. 

തിരക്കൊഴിഞ്ഞപ്പോൾ കത്തുന്ന കണ്ണുകളോടെ അയാൾ  പറഞ്ഞു. 

"അത് എന്റെ പേനയാണ്, ഞാൻ കൊണ്ടുവന്ന പേനയാണ്, നിങ്ങളുടെ പേന നിങ്ങളുടെ പോക്കറ്റിൽ കിടപ്പുണ്ട് ".

ആ നിമിഷം ഞാൻ അറിയാതെ നെഞ്ചിൽ കൈവെച്ചുപോയി. അതേ ഹൃദയമിടിപ്പിനൊപ്പം ആ പേനയും സ്പന്ദിക്കുന്നുണ്ട്. 

എന്റെ കലിപ്പെല്ലാം ഇളിഭ്യതയ്ക്കു വഴിമാറി. അയാൾ ചെറു ചിരിയോടെ നടന്നകന്നു. 

ഒരു ദിവസം കടന്നുകിട്ടാൻ ഇനി ആരുടെയൊക്കെ തെറികൾ കേൾക്കണം എന്നാരോ പറഞ്ഞത് ഞാൻ അറിയാതെ ഓർത്തുപോയി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com