ADVERTISEMENT

മൂന്നരക്കുള്ള വണ്ടി (കഥ)

ഇപ്പോള്‍ അയാളുടെ നടത്തത്തിനു വേഗത കൂടിയിരിക്കുന്നു... ഒറ്റയടി പാത പിന്നിടുമ്പോള്‍ മനസ്സ് കലുഷിതമാണെന്ന് മുഖഭാവം കണ്ടാല്‍ അറിയാം. സാധാരണയായി എപ്പോഴും പ്രസന്നതയോടെ കണ്ടിരുന്ന അയാളെ മഥിക്കുന്ന ചേതോവികാരം എന്തായിരിക്കാം?

നാടും നാട്ടാരും പൂര്‍വ്വവിദ്യാര്‍ഥികളും എല്ലാം അടങ്ങുന്ന സമിതി അദ്ദേഹത്തെ ആദരിച്ചിട്ട് അധിക നാളുകളായില്ല... സപ്തതിയുടെ പൗര്‍ണ്ണമി നിറവില്‍ നാടൊട്ടുക്ക് ആദരിച്ചപ്പോള്‍, അദ്ദേഹത്തിന്റെ മക്കളുടെ അസാന്നിധ്യം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. നാട്ടുകാരുടെ കണ്ണിലുണ്ണിയായ കുമാരന്‍ മാസ്റ്റര്‍ ജീവിത സായാഹ്നത്തില്‍ ഇത്ര അധികം വികാര വിക്ഷുബ്ദനാകണമെങ്കില്‍ തീര്‍ച്ചയായും മക്കള്‍ അദ്ദേഹത്തെ പരിചരിക്കുന്നുണ്ടാവില്ല... അതുമല്ലങ്കില്‍ എന്തെങ്കിലും അഭിപ്രായ വ്യത്യാസം കണ്ടേക്കാം.

ഞാന്‍ വളരെ ആരാധനയോടെ നോക്കികണ്ട വ്യക്തിത്വത്തിന് ഉടമയായിരുന്നു ശ്രീകുമാരന്‍ മാസ്റ്റര്‍ .കാണുന്നവരോടൊക്കെ കുശലം പറയുന്ന, എത്ര തിരക്കുണ്ടായാലും ആവലാതികള്‍ പറയാനെത്തിയവരോട് നീരസ ഭാവം കാട്ടാതെ പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കാറുണ്ടായിരുന്ന, ആ മാഷ് തന്നെ ആണോ ഇത്? 

എന്തായാലും എന്തോ പന്തികേടുണ്ട്. ഒന്നറിഞ്ഞിട്ടു തന്നെ കാര്യം മനസ്സ് മന്ത്രിച്ചു... മാഷുടെ എതിരെ നടന്നു വരികയായിരുന്ന എന്നെ ശ്രദ്ധിക്കാതെ നടന്നകന്നകലുന്നതു കണ്ടപ്പോള്‍ ഉറപ്പായി. അതോടെ ഞാന്‍ തിരിഞ്ഞു മാഷ് നടന്നു നീങ്ങിയ ഭാഗത്തേയ്ക്ക് തിരിഞ്ഞു നടന്നു. അദ്ദേഹത്തോടൊപ്പമെത്താന്‍ അൽപം ധൃതിയില്‍ നടക്കേണ്ടി വന്നു... അടുത്തെത്തിയതോടെ ഞാന്‍ പിന്നില്‍ നിന്നും വിളിച്ചു. ''മാഷെ ഒന്ന് നില്‍ക്കൂ,,''..

കുമാരന്‍ മാഷേ, എങ്ങോട്ടാണീ ധൃതിയില്‍ പോകുന്നത്. ഇതുവരെയും താങ്കളെ ഈ വിധം കണ്ടിട്ടില്ല. അതു കൊണ്ട് ചോദിച്ചതാണ് കേട്ടോ.. രണ്ടു മൂന്നു തവണയോളം വിളിച്ചപ്പോഴാണ് മാഷ് തിരിഞ്ഞു നോക്കിയത്. വിളറി വെളുത്ത മുഖത്ത് ചിരി വരുത്താന്‍ അദ്ദേഹം നന്നേ പാടുപെട്ടു.

ഒരു മാത്ര നിര്‍ന്നിമേഷനായി അദ്ദേഹം എന്നെ നോക്കിയിട്ട്, തുടര്‍ന്നു... ആര്‍ക്കും വേണ്ടാത്ത എന്നെ എന്തിനാ മോഹനാ നീ പിന്‍വിളി വിളിച്ചത്? ഇപ്പോള്‍ ഇറങ്ങിയാലെ മൂന്നരയ്ക്കുള്ള വണ്ടി കിട്ടുകയുള്ളൂ... അത് കിട്ടിയില്ലെങ്കില്‍ പിന്നെ, നാളെയല്ലേ വണ്ടിയുള്ളു... അതുവരെ കാത്തു നില്‍ക്കാന്‍ വയ്യ. മോഹനാ ഞാന്‍ പോയ്ക്കോട്ടേ?

മാഷുടെ വാക്കുകള്‍ കേട്ട് ഞാന്‍ അന്തം വിട്ടു പോയി... ''എന്തായിത് ഞാന്‍ കേക്കണത് എന്റെ മാഷേ'' മാഷ്‌ എങ്ങോട്ടാ പോണത്?''

ആര്‍ക്കും വേണ്ടെന്നോ മാഷിനെയോ?..മാഷിന് വല്ല മതി ഭ്രമം ബാധിച്ചതാകുമോ, ഒരു വേള ഞാന്‍ സന്ദേഹിച്ചു... ഒരിക്കല്‍ കൂടി മാഷോട് ചോദിച്ചു എന്തായിതൊക്കെ മാഷെ? ആര്‍ക്കും മാഷിനെ വേണ്ടെന്നോ? ഈ നാടിനും നാട്ടാര്‍ക്കും മാഷിനെ വേണം. ഈ പുൽകൊടികള്‍ പോലും മാഷിനെ ആരാധിക്കുന്നവരാണ്. എനിക്ക് എന്റെ അച്ഛനെ കണ്ടതായി ഓര്‍മയില്ല, ആര്‍ക്കും വേണ്ടെങ്കില്‍ എനിക്ക് വേണം മാഷിനെ, എന്റെ ഗുരുഭൂതനെ ഞാന്‍ അച്ഛന്റെ സ്ഥാനത്തു കണ്ടു സ്നേഹിച്ചോളാം. എന്റെ വാക്കുകള്‍ കേട്ടപ്പോള്‍ അദ്ദേഹത്തിന്റെ മുഖത്തു വിരിഞ്ഞ സപ്ത വര്‍ണ്ണങ്ങള്‍ എനിക്ക് കാണാനായി...

പരിസരം മറന്ന് എന്നെ മാറോടണച്ചു നെറുകയില്‍ കൈ വച്ചനുഗ്രഹിച്ചു. മോനെ, നീ നന്നായി വരട്ടെ. വെറുതെ ഞാന്‍ ആശിച്ചു പോകുകയാണ്. നീ എന്റെ മകനായി പിറന്നിരുന്നെങ്കില്‍... കുറെ നശിച്ച സന്താനങ്ങള്‍ക്കു പകരം നിന്നെ പോലെ ഒരു സദ്‌പുത്രന്‍ ഉണ്ടായിരുന്നെങ്കില്‍...

മഹാസാഗരം നിറയെ വെള്ളമുണ്ട്. അതിലാണ് എന്റെ വാസവും. പക്ഷേ ദാഹശമനത്തിന് ശുദ്ധജലം തന്നെ വേണമല്ലോ... കിട്ടാകനിയായിരുരുന്ന ആ വിശുദ്ധ ജലം നിന്നിലൂടെ ഞാന്‍ സേവിച്ചു. ഞാന്‍ നിനക്ക് ദത്തു നില്‍ക്കാം വരൂ മകനെ എന്റെ കൂടെ... മാഷ്‌ സ്വപ്നാടനത്തിലെന്ന വണ്ണം എന്റെ കൈ മുറുകെ പിടിച്ചു...

അപ്പോള്‍ ദൂരെ നിന്ന് ഒരു തീവണ്ടിയുടെ ചൂളം വിളി ഉയര്‍ന്നു കേള്‍ക്കാമായിരുന്നു... മൂന്നരയ്ക്കുള്ള ആ വണ്ടി ചൂളമടിച്ചു കടന്നു പോയി... അകലങ്ങളിലേക്ക്...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com