ADVERTISEMENT

ഒരിക്കൽ കൂടി (കഥ)

മിഥുനമാസം തുടങ്ങിയതേ ഉള്ളൂ. മഴയങ്ങ് തകർത്തു പെയ്യാൻ തുടങ്ങി. ചുട്ടു പൊള്ളുന്ന വെയിലിൽ നിന്ന് കൊടും മഴയിലേക്ക്. കാലത്തിന്റെ ഓരോ കുസൃതികൾ, ഞാൻ ഓർത്തു. 

ഈ മഴ ഇന്നു രാത്രി മുഴുവൻ നിർത്താതെ പെയ്യും എന്നെനിക്ക് തോന്നി. വേനലിൽ ഒന്നുരണ്ടു തവണ ചെറുതായി ഒന്ന് ചാറിയതല്ലാതെ ഒരു മഴ ഇക്കൊല്ലം ഉണ്ടായിട്ടില്ലെന്നു തന്നെ പറയാം. റിട്ടയർ ആയി നാട്ടില്‍ എത്തിയ ശേഷം എത്ര നാളായി ഈ വീടിനുള്ളിൽ തന്നെ. പക്ഷേ ഈ മഴയെന്നെ വിളിക്കുന്ന പോലെ തോന്നി. ഒന്ന് മഴ നനയാൻ ഒരു കൊതി. പഴയ പോലെ ബൈക്കെടുത്ത് പുഴയോരത്ത് മഴനനയാൻ പോയിരുന്ന ധൈര്യം ഇപ്പോ മനസ്സിനില്ല. ആ പഴയ യമഹ ഞാൻ കൊടുത്തിട്ടുമില്ല. 

അങ്ങനെ മഴയും നോക്കി നിൽക്കാൻ എനിക്ക് കഴിഞ്ഞില്ല. തണുത്ത കാറ്റടിച്ചപ്പോ ഒരു തീകത്തിക്കാൻ ഞാൻ ലൈറ്റർ തപ്പിയപ്പോഴാണ് ഓർത്തത്, ആ ശീലമൊക്കെ വിട്ടിട്ട് ഇപ്പോ നാളെത്രയായി.... മഴ തോരുന്ന ലക്ഷണമില്ല. ആദ്യമായി ഇതൊക്കെ കാണുന്ന ഒരു പ്രവാസിയെ പോലെ ഞാൻ നോക്കി നിന്നു. സ്റ്റെപ്പിൽ നിന്ന് മെല്ലെ ഒരടി താഴേക്ക് വച്ചപ്പോഴാണ് വിളി വന്നത്, ‘അതേ, കുട വേണ്ടേ?....’ പ്രായമേറിയെങ്കിലും ഇൻക്വിലാബ് വിളിച്ചിരുന്ന ആ സഖാവിന്റെ ശബ്ദത്തിന് ഇപ്പോഴും നല്ല മുഴക്കമുണ്ട്.

‘വരുന്നോ?’ ഞാൻ ചോദിച്ചു. വർഷങ്ങൾക്കിപ്പുറവും ‘എങ്ങോട്ടാ?’ എന്നൊരു മറുചോദ്യം ഉണ്ടായില്ല. ഒരു കുട നിവർത്തി, രണ്ടാളുംകൂടെ ഇറങ്ങി. നനയാതെ പോവാൻ രണ്ടാളും ചേർന്നു നടന്നു. എത്രകാലത്തിനു ശേഷമാണ് ഇങ്ങനെ ഒരു നടപ്പ്. നന്നായി നനയുന്നുണ്ട്; വഴിവിളക്കുകൾ ഈ നേരം ആയിട്ടും എല്ലാം തെളിഞ്ഞിട്ടില്ല. അധികം വണ്ടികളും ഇല്ല. 

ശക്തിയിൽ ഒരു കാറ്റ് വീശിയതും കുട കയ്യിൽ നിന്ന് തെന്നിപ്പോയി. വഴിവിളക്കിന്റെ മഞ്ഞ വെളിച്ചത്തിൽ ആൾടെ ആ ഒരു ചിരി ഞാൻ ഒന്നൂടെ കണ്ടു. ‘ഇനിയിപ്പോ കുടയെന്തിനാ?’ മുമ്പേ നടന്നു കൊണ്ട് അവൾ ചോദിച്ചു. ഒപ്പമെത്താനായി ഞാൻ ലേശം വേഗത കൂട്ടി. അടുത്ത് എത്തിയപ്പോഴേക്കും കിതച്ചു പോയി. ‘എഞ്ചിന് പഴയ പവറില്ലല്ലോ മാഷേ....’

എങ്ങോട്ടെന്നില്ലാതെ വീണ്ടും ഒരുമിച്ച്. എപ്പോഴോ കൈകൾ കോർത്തു പിടിച്ച്, ഒരു പാട്ടും മൂളി നടന്നു. വീണ്ടും കാറ്റ് വീശി ഞാൻ വിറച്ചത് കണ്ട് അവൾ ചിരിച്ചു. ഒന്നും മാറിയിട്ടില്ലെന്നെനിക്ക് തോന്നി.

‘അതേ ഒന്ന് നിന്നേ....’

‘മ്മ്.....എന്തേ?’ ഞാൻ ചോദിച്ചു.

‘ഒന്ന് കണ്ണടച്ചേ’ 

‘അതിപ്പോ എന്തിനാ?’

‘കണ്ണടയ്ക്ക്’

ഈ കാറ്റും മഴയും നമ്മളോട് എന്തൊക്കെയോ പറയാൻ ശ്രമിക്കുന്ന പോലെയില്ലേ?’

ഒരു നെടുവീർപ്പിട്ട ശേഷം ഞാനും കണ്ണടച്ചു. 

അവളെ ഞാൻ ഒരിക്കലും തനിച്ചാക്കിയിട്ടില്ല. മരണം വരെ!

ആ ഏകാന്തതയുടെ തണുപ്പിൽ ഞാൻ ആകെയൊന്ന് വിറച്ചു. ഓർമകളും മോഹങ്ങളും പെയ്തൊഴിയുമ്പോഴും, ഈ മഴയെന്നെ നനച്ചില്ല. കുടക്കീഴിൽ ഞാൻ നടന്നു, തനിയെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com