കടന്നു പിടിച്ച ആളെ ട്രെയിനിൽ നിന്നു തള്ളിയിട്ടു; പിന്നെ സംഭവിച്ചത്...

moving-train
പ്രതീകാത്മക ചിത്രം
SHARE

ആമിയുടെ മ്മൂമ്മാ (കഥ)

നേരം ഇരുട്ടിത്തുടങ്ങിയിരിക്കുന്നു ഖദീജ എന്തോ വെപ്രാളപ്പെട്ട് അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നുണ്ട്. ആയിഷുമ്മ എവിടെനിന്നോ ഓടി വരുന്നു.

"കൈജാ… ഓള് എത്ത്യാ "

“ഇല്ല്യമ്മാ ഇങ്ങള് ബിളിച്ചോക്കീട്ട് എന്തായി?" കൈജ മുറ്റത്തേക്ക് ഇറങ്ങിവന്ന് ചോദിച്ചു.

“ഓള് പോന്നന്നാ പറഞ്ഞത്.”

“ന്റെ റബ്ബേ.. അപ്പോപോന്നേക്കണെങ്കിൽ അസർ കഴിഞ്ഞപാട് എത്തേണ്ടീർന്നിലെ?! എന്താ ഞ്ഞി ഞമ്മള് ചെയ്യമ്മാ?”

“ഇക്ക് അറീല കൈജാ… എന്റെ കുട്ടിക്ക് ഒന്നും വര്ത്തല്ലേ പടച്ചോനെ…"

ഖദീജ കരയാൻ തുടങ്ങി ആയിഷുമ്മ ആ വാതിൽ പടിക്കൽ ഇരുന്നു. ആയിഷുമ്മ ഖദീജയുടെ ഉമ്മയാണ്. അവരുടെ 15-ാം വയസ്സിൽ കല്യാണം കഴിച്ച് അയച്ചതാണ് കുറ്റിപ്പുറത്തേക്ക്. ഒരു കുഞ്ഞായിക്കഴിഞ്ഞപ്പോൾ ഒരു ജോലിക്കും പോകാത്ത ഭർത്താവിനെ ഉപേക്ഷിച്ച് കുഞ്ഞിനേംകൊണ്ട് തിരിച്ചു വന്നതാണ് അവർ. ആ മോളാണ് ഖദീജ. അന്നുതൊട്ട് തന്നെക്കൊണ്ട് ആവുന്ന പണിയെല്ലാം ചെയ്താണവർ അവളെ നോക്കുന്നത്. തേങ്ങയും അടയ്ക്കയും പെറുക്കി വിറ്റും, കൈതോല കൊണ്ട് പായ നെയ്തും, കോഴിയെ വളർത്തിയും ഒക്കെയാണ് ആ കുടുംബം മുന്നോട്ടു പോകുന്നത്. തനിക്കും തന്റെ കുടുംബത്തിനും നേരെ വരുന്ന ഓരോ പ്രശ്നവും മുന്നിൽ നിന്നു നേരിടാൻ അവർക്കറിയാം. ആണുങ്ങൾ ഇല്ലാത്ത വീട്ടിൽ ഒരാണു തന്നെ ആയിരുന്നു അവർ.

എന്നാൽ നേരെ തിരിച്ചാണ് ഖദീജ. കരയാൻ മാത്രം അറിയാവുന്ന ഒരു പാവം. ആയിഷുമ്മയുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ ‘അന്തവും കുന്തവും അറിയാത്ത പോത്ത്’.

ഒരിക്കൽ അവരുടെ നാട്ടിൽ സ്ഥലം മാറി വന്ന കൃഷി ഓഫിസർ മജീദിനു താമസിക്കാൻ ആയിഷുമ്മ തന്റെ ചായ്‌പ് നൽകി. പക്ഷേ അത് ആ കരുത്തയായ സ്ത്രീക്ക് പറ്റിയ ഒരു തെറ്റായിരുന്നു. അയാൾ ഖദീജയുമായി പ്രണയത്തിലാവുകയും അങ്ങനെ അവൾ ഗർഭിണി ആകുകയും ചെയ്തു. ഈ വാർത്ത നാട്ടുകാരും ആയിഷുമ്മയും അറിയുന്നതിന് മുൻപ് മജീദ് സ്ഥലം വിട്ടിരുന്നു. ആയിഷുമ്മ പൊലീസിൽ ഒക്കെ പരാതി നൽകിയെങ്കിലും ഒരു കാര്യവും ഉണ്ടായില്ല.

അങ്ങനെ ഖദീജ പ്രസവിച്ചു. പെൺകുഞ്ഞ്, പേര് ആമിന (ആമി). ആദ്യമൊക്കെ ആയിഷുമ്മ ഖദീജയെ ശാസിച്ചെങ്കിലും പ്രസവശേഷം എല്ലാ ദേഷ്യവും ഇല്ലാതായി. ആമി വലുതായി. അവളിപ്പോൾ നഴ്സിങ്ങിനു പഠിക്കുകയാണ്. ആമി ഒരിക്കലും അവളുടെ വാപ്പയെ കണ്ടിട്ടില്ല. എല്ലാം അറിയാവുന്നതു കൊണ്ടാകും അതെ പറ്റി അവൾ ചോദിച്ചതുമില്ല. ഇന്ന് അവൾ പഠിപ്പു കഴിഞ്ഞ് അവിടുന്നു വരുന്ന ദിവസം ആണ്. പക്ഷേ, നേരം ഇരുട്ടി തുടങ്ങി എന്നിട്ടും അവള് ഇങ്ങ് എത്തിയില്ല. ആ വേദനയിൽ ആണ് ആ രണ്ടു മാതൃഹൃദയങ്ങളും.

“മ്മാ……”

ആയിഷുമ്മ വിളി കേട്ടില്ല. ഒന്നും പറയാതെ അവർ ആ ബൾബിന്റെ മഞ്ഞ വെളിച്ചത്തിലിരുന്ന് ഉച്ചത്തിൽ ഓതി 

"യാസീൻ… വൽ ഖുർഹാനിൽ ഹകീം… ഇന്നക ല മിന്നൽ മുർസലീം..."

ആയിഷുമ്മ ഇങ്ങനെയാണ് ഉത്തരം കിട്ടാത്ത ചോദ്യങ്ങൾക്കു മുന്നിൽ വേദനകൾ കടിച്ചമർത്തുന്നത് ഖുറാൻ ഓതിയാണ്. ഉത്തരം കിട്ടും വരെ ഓതും. അവരുടെ ശബ്ദം റോഡിനു അപ്പുറമുള്ള പീടിക കോലായി വരെ കേൾക്കാം. പീടിക കോലായിൽ ബെഞ്ചിൽ സ്ഥിരം പരദൂഷണ കൂട്ടം സ്ഥലം പിടിച്ചിരുന്നു. ഇന്നത്തെ വിഷയം ആമിയെ കാണാത്തതു തന്നെയാണ്.

“ലാഷ്ട് ബസ്സും വെരനായല്ലോ ബീരാനെ….. ആ കുട്ടിനെ കാണാനില്യാട്ടാ… ദൂരോക്കെ പോയി പടിക്കണ കുട്ടിയല്ലേ… ബല്ല ചെങ്ങായ്മാരോപ്പം പോയിട്ടുണ്ടാകുന്നേ… ആര്ക്കാ അറിയപ്പോ…”

“മ്മ പണ്ട് ക്രിസി ആപ്പീസാറൊപ്പം പോവാൻ നിന്നതല്ലേ… അപ്പൊ മോളെ കഥ പറയണോ…”

പക്ഷേ ഈ പരദൂഷണ സദസിനെ ഞെട്ടിച്ചു കൊണ്ട് ആമി ആ ബസ്സിൽ ഉണ്ടായിരുന്നു. ഖദീജ മുറ്റത്തേയ്ക്കിറങ്ങി വന്നു.

“മോളെ.. ജി എന്താ നേരം ബൈക്യേത്?!”

“ട്രെയിൻ നേരം വൈകയ്യെത്താ മ്മാ..”

ആയിഷുമ്മ ഖുറാൻ മടക്കി വെച്ച് “അൽഹംദുലില്ലാഹ്…..”

ആമിയുടെ മുഖം പക്ഷേ അത്ര സന്തോഷത്തിൽ അല്ലായിരുന്നു. പിറ്റേന്നു രാവിലെ ഖദീജ ആയിഷുമ്മയോട് പറഞ്ഞു.

“മ്മാ…. ഇങ്ങള് കണ്ടാ… ഓൾക്ക് എന്തോ ഒരു പന്തികേടില്ല്യേ?!... ഒരു കളീം… ചിരീം… ഒന്നുല്യാ…”

“അനക്ക് തോന്ന്യേതാകും, ജി ഞ്ഞി ഓരോന്ന് പറയാനിക്കണ്ട”

പക്ഷേ അത് കാര്യമാണെന്ന് ആയിഷുമ്മക്കും തോന്നി. കോളജിൽ നിന്നും വരുമ്പോളൊക്കെ “അയിച്ചോ…….” എന്നും വിളിച്ച്, ഇറുക്കി പിടിച്ചു ശ്വാസം മുട്ടിക്കുന്ന കുട്ടിയാണ്. പോകും വരേയ്ക്കും അവിടുത്തെ കഥകൾ കേൾപ്പിക്കും. ഇത്തവണ അതൊന്നും കണ്ടില്ലല്ലോ? ആയിഷുമ്മ അടയ്ക്ക പൊളിക്കുന്നത് തൽക്കാലം നിർത്തി ആമിയുടെ അടുത്തേക്ക് പോയി. അവൾ കിണറിനരികിൽ ഇരിക്കുന്നുണ്ട്.

“ആമിയേ....”

ആയിഷുമ്മ വിളിച്ചത് അവൾ കേട്ടില്ല. തട്ടി വിളിച്ചപ്പോൾ വേഗം കണ്ണ് തുടച്ചു.

“എന്താ മ്മൂമ്മാ…” എന്ന് ചോദിച്ചു.

“എന്താ എന്റെ കുട്ടിക്ക് പറ്റ്യേത്?!..”

“ഒന്നൂല്ല്യ"

“അതല്ല അന്നെ ഞാനിന്നും ഇന്നലേം കാണാൻ തൊടങ്ങ്യതല്ലല്ലോ… അന്റെ മ്മാ അന്നെ പ്രസവിച്ചിട്ടത് ഈ കയ്യിലേക്ക് ആണല്ലോ….”

പറഞ്ഞു തീരും മുൻപ് ആമി എണീറ്റു കരഞ്ഞുകൊണ്ട് അയിഷുമ്മയുടെ ചുമലിലേക്ക് വീണു.

“മ്മൂമ്മാ… ഇന്നലെ ട്രെയിനിൽ ബെച്ചു ഞാനൊരാളെ തള്ളിട്ടു കൊന്നു!”

“ആമ്മ്യേ…….!!!?” ആയിഷുമ്മ ആമിയെ തട്ടി മാറ്റി 

“പറഞ്ഞത് പൊള്ള ല്ലാ.. സത്യാ… പടച്ചോനാണേ.. സത്യം. ന്നെ കേറി പുടിച്ചൊരാളെ ഞാൻ തള്ളിട്ടു കൊന്നു.”

ആയിഷുമ്മ അവളുടെ വായ പൊത്തി 

“പതുക്കെ പറയ് ഹമുക്കേ….” 

“ആ മ്മൂമ്മാ… സത്യാണ്..”

“എബിടുന്നാ”

“കുട്ടിപ്പൊറം എത്തീകന്”

“ആരേലും കണ്ടാ…”

“ഇല്യാന്ന് തോന്ന്ണ്.. അയാളും ഞാനും മാത്രേണ്ടയൊള്ളു…”

“ജി ബേജാറാവണ്ട അന്റെ മ്മാണോദ്‌ തൊന്നും പറയണ്ട..”

ആയിശുമ്മാന്റെ മനസ്സിൽ ആമി പറഞ്ഞ കഥകൾ ഒരു നെരിപ്പോടു പോലെ എരിയുന്നുണ്ടെങ്കിലും അവർ അവളെ സമാധാനിപ്പിക്കാൻ പാടുപെട്ടു. അന്നു രാത്രി അവർ ഉറങ്ങിയില്ല. ഖുർആൻ ഓതിക്കൊണ്ടേ ഇരുന്നു. പിറ്റേന്നു രാവിലെ ഖദീജ ഓടി വന്ന് പറഞ്ഞു.

“മ്മാ... മ്മാ... അവിടെ പോലീസേർ വന്ന്കണ്”

ആയിഷുമ്മ കോലായിലേക്കോടി. പിന്നാലെ ആമിയും ഖദീജയും.

“എന്താ.. സാറെ….”

“ആരാ ഖദീജ…”

“ഞാനാ"

“ഇങ്ങളെ ഭർത്താവിനെ കാണാനില്ലാന്ന് പറഞ്ഞ് വർഷങ്ങൾ മുമ്പ് പരാതി കൊടുത്തിരുന്നില്ലേ?..” ഖദീജ തലയാട്ടി.

“നിങ്ങളാരെങ്കിലും ഞങ്ങളുടെ കൂടെ ഒന്ന് വരണം. അയാളുടേതെന്ന് തോന്നുന്ന ഒരു ബോഡി കിട്ടീട്ടുണ്ട്.” ആരും ഒന്നും മിണ്ടിയില്ല.

“ആരാ വരുന്നത്?” അയിശുമ്മ മുന്നിലേക്ക് നിന്നു പറഞ്ഞു.

“ഇല്ല്യ സാറെ ആ ഹിമാറിന്റെ കാര്യത്തിന് ഇബടന്നു ആരും ബെരൂല.”

“അത് പറയേണ്ടത് ഇങ്ങളല്ലോ…”

ഖദീജ ധൈര്യത്തോടെ പറഞ്ഞു “മ്മ പറഞ്ഞതന്നേണ് ക്കും പറയാള്ളത്” 

“അതൊക്കെ ഇങ്ങളെ ഇഷ്ടം. മിനിഞ്ഞാന്ന് വൈകീട്ട് കുറ്റിപ്പുറം ഭാഗത്തൂന്നു ട്രെയിനിൽ നിന്ന് തെറിച്ചു വീണതെന്ന് നാട്ടുകാർ പറയുന്നു.”

ആമി ആയിഷുമ്മാന്റെ കയ്യിൽ മുറുകെ പിടിച്ചു.

“നിങ്ങൾ ബോഡി ഏറ്റെടുക്കുന്നില്ലെങ്കിൽ ഞങ്ങൾ ബാക്കി കാര്യങ്ങൾ നോക്കും”

“ആയിക്കോട്ടെ” ഖദീജയാണ് മറുപടി കൊടുത്തത്.

പൊലീസുകാർ തിരിച്ചു പോയി ഖദീജ അടുക്കളയിലേക്കും.  

ആമി വിതുമ്പി കൊണ്ട് “മ്മൂമ്മ അപ്പൊ ഞാൻ തള്ളിട്ടു കൊന്നത്…!”

അയിശുമ്മ അവളുടെ വായ പൊത്തി. ആമി ആയിഷുമ്മയെ ചേർത്തു പിടിച്ചു കരഞ്ഞു. അപ്പോളേക്കും പീടികക്കോലായിലെ ബെഞ്ചിൽ പരദൂഷണ കൂട്ടങ്ങൾ ആയിശുമ്മയുടെ വീട്ടിൽ പൊലീസ് വന്നതിനെ പറ്റി ചർച്ച തുടങ്ങിയിരുന്നു.

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
FROM ONMANORAMA