ADVERTISEMENT

കർമ്മഫലം! – ഒരു കുരുത്തക്കേട് കഥ 

പണ്ട് പണ്ട് പണ്ട്... പണ്ടെന്നുപറഞ്ഞാൽ ഇപ്പോഴത്തെ പണ്ടൊന്നും അല്ല പണ്ടത്തെ പണ്ട്, ഒരു 2002 -2003 കാലഘട്ടം ഞാനും റെഷിനും ഒക്കെ അഞ്ചിലും ആറിലും ഒക്കെ പഠിക്കുന്ന മധ്യവേനൽ അവധിക്കാലം. സാറ്റുകളിക്കിടയിൽ അരകല്ലിനു ചേർന്ന് മടക്കിവച്ചിരുന്ന പഴയ തഴപ്പായയിൽ ഒളിച്ചിരുന്ന മാത്തൻ പായയിലെ കീറലിന്റെ വിടവിലൂടെ ഒരു കാഴ്ചകണ്ടു. തൊട്ടപ്പുറത്ത് കഴുകിവെച്ചിരുന്ന അണ്ടാവിൽ ഒളിച്ചിരുന്ന എന്നെ തോണ്ടി വിളിച്ചു,"ഡാ, ഡാ ഇതുകണ്ടോ", 

മാത്തൻ സാറ്റെ... ജിതിന്റെ അലറുന്ന സ്വരം എന്നെ അണ്ടാവിന്റെ ആഴങ്ങളിലേക്ക് താനെ വലിച്ചു, കണ്ടുപിടിച്ചത് പുല്ലാണെന്നു പറഞ്ഞു എണീറ്റ മാത്തൻ അവൻ കണ്ട കാഴ്ചയിലേക്ക് നടന്നടുത്തു, ഞാൻ വീണ്ടും അണ്ടാവിനു പുറത്തേയ്ക്കു തലപൊന്തിച്ചു വന്നപ്പോഴേക്കും ജിതിൻ അടുത്തെത്തിയിരുന്നു. പൂഴിമണൽ പറത്തിക്കൊണ്ടുള്ള ഓട്ടത്തിന്റെ ശബ്ദംകേട്ട് പൊങ്ങിവന്ന തല താഴ്ത്തതും അടുത്ത അലർച്ചകേട്ടു ജിത്തു സാറ്റെ.... പെട്ട്, ഹാ എണ്ണാൻ മാത്തൻ  ഉണ്ടല്ലോ എന്ന സന്തോഷത്തിൽ എണീറ്റു അണ്ടാവിനു പുറത്തേയ്ക്കിറങ്ങിയതും പൊട്ടിയ ടൈൽ മുറികഷ്ണം എടുത്തു മുകളിലേക്ക് ഉന്നം പിടിച്ചു നിൽക്കുന്ന മാത്തൻ, അവന്റെ ഉന്നം പിടിച്ചുനിൽക്കുന്ന കയ്യിലൂടെ മുകളിലേയ്ക്ക് നോക്കിയ ഞാനും കണ്ടു അത്...

''ഡാ ശബ്ദം ഉണ്ടാക്കല്ലേ അവന്മാരെല്ലാം വരും, പിന്നെ ഒന്നും കിട്ടില്ല"

"ഇല്ല, അവാന്മാര് കാണുന്നേനുമുന്നെ  നിയൊന്നെറിയ്", ഞാൻ പറഞ്ഞു.

ഞാൻ നോക്കിനിക്കുമ്പോൾ കമ്പുകൾക്കും ഇലകൾക്കുമിടയിലൂടെ കാറ്റിൽ ആടുന്ന മുട്ടപ്പഴത്തിന്റെ ഞെട്ടിനെ ഭേദിച്ചുകൊണ്ട് അവനെറിഞ്ഞ ടൈൽസ് മുറി നാരായണന്റെ പറമ്പിലേക്ക്....

ഞെട്ടിൽ നിന്നും വെളുത്ത ചൊന വന്നുകൊണ്ടിരുന്ന മൊട്ടപ്പഴത്തിന്റെ ഞെട്ട് പറിച്ചെറിഞ്ഞു പൊട്ടിച്ച്, പകുതി എനിക്കും ബാക്കി അവനുമായി വീതിച്ചോണ്ടിരുന്നപ്പോൾ, പിറകിൽ നിന്നും മറ്റു 2 കൈകൾ... റെഷിനും മാത്യൂസും. 

അഞ്ചു നിമിഷത്തിൽ മുട്ടപ്പഴം കിട്ടിയ കാര്യം പറമ്പാകെ കാട്ടുതീപോലെ പടർന്നു,

മുന്നൂറ് ഇട്ടു വിളിച്ചാൽമാത്രമേ ഇറങ്ങിവരു എന്നു പറഞ്ഞ് മച്ചിൻ മുകളിൽ ഒളിച്ച ജെറിനും,അക്കിടി 25 നു വേണ്ടി പരസ്പരം ഉടുപ്പുകൾ മാറിയിട്ട അപ്പുവും ഉണ്ണിയും എല്ലാം മുട്ടപ്പഴമരച്ചോട്ടിൽ എത്തി.

"എറിഞ്ഞാൽ നാരായണന്റെ ഓടുപൊട്ടും... കേറി പറിക്കാം" ജിസോൺ പറഞ്ഞു.

"ആരുകേറും" നീ കേറും... നിന്നെക്കൊണ്ടേ പറ്റു... കള്ളനും പൊലീസും കളിക്കുമ്പോൾ പുഷ്പംപോലെ മരത്തിൽ കേറി പോകുന്നവനല്ലേ നീ, നിന്നെക്കൊണ്ടേ പറ്റാത്തൊള്ളട... മൂപ്പൻ കടുത്തയെപ്പോലെ അവൻ എന്നെ പുകഴ്‌ത്താൻ തുടങ്ങി... ഇതിനിടയിൽ തന്നെ ഞാൻ ആവേശത്താൽ ചാടിയും വലിഞ്ഞും ഒക്കെ ഒരുവിധം മുകളിൽ എത്തി, അപ്പോൾ താഴെ നിക്കുന്നവരുടെ പ്രോത്സാഹനം എന്നെ മുകളിലേക്ക് നീങ്ങാൻ പ്രേരിപ്പിച്ചു, "അവനുമാത്രമല്ല എനിക്കും ഇതൊക്കെ ഈസിയാ...." റെഷിനും പുറകെ കേറി വന്നു. സൂര്യപ്രകാശം ഇലകൾക്കിടയിലൂടെ അടിച്ചു. നന്നായി പഴുത്തും, വിളഞ്ഞും നിക്കുന്ന ഓറഞ്ചും മഞ്ഞയും നിറമുള്ള മുട്ടപ്പഴങ്ങൾ....

ഞാനും അവനും ആവേശത്തോടെ ഓരോന്നും പറിച്ചു താഴേക്ക് എറിഞ്ഞു കൊടുത്തുകൊണ്ടിരുന്നു 

പെട്ടെന്ന്, ഒരു അലർച്ച "നിക്കടാ അവടെ..... ഉണ്ടക്കണ്ണുകളുമായി പറമ്പിന്റെ ഉടമസ്ഥൻ അവറാൻ വലിയ ഒരു വടിയുമായി ഓടിവരുന്നു. ഇതു കണ്ട് തഴെ നിന്നവന്മാരെല്ലാം ഓടി. ഞാനും റെഷിനും മരത്തിന്റെ മുകളിൽ, 'ഇറങ്ങെടാാാ താഴെ...." അവറാൻ അലറി, 

ഞാൻ താഴേക്കുനോക്കി, എന്നെ പ്രോസാഹിപ്പിച്ചവരെയും ഞാൻ പറിച്ചുകൊടുത്തുകൊണ്ടിരുന്ന മുട്ടപ്പഴം കഴിച്ചവരെയും കാണ്മാനില്ല, താഴെ ഇറങ്ങിയാൽ കിട്ടുന്ന പൂവരശും പത്തലിന്റെ അടിയോർത്ത് ഞാൻ കരയാൻ തുടങ്ങി, ഞങ്ങൾ ഒരു വിധം പണിപ്പെട്ട് ഇറങ്ങി. വന്നവഴി നെഞ്ചിൽ കാണാം ഉടുപ്പിടാതെ നിക്കർ മാത്രമിട്ടാ കയറിയെ, മരത്തിൽ നെഞ്ചൊരഞ്ഞു തൊലി പോയിട്ടുണ്ട്, പണ്ട് അൽപം വെളുത്തിരുന്നതു കൊണ്ട് നെഞ്ചിൽ ഉരഞ്ഞപാട് നല്ല ചുവന്നു കാണാം. ഇറങ്ങി താഴെ എത്തിയതേ കിട്ടി പുറത്തൊരെണ്ണം, അതുകൊണ്ട് ഓടി... പുറകെവന്ന രേഷിനും കിട്ടി ഒരെണ്ണം. ഞങ്ങൾ കരഞ്ഞുകൊണ്ടോടി....

വെകുന്നേരം അവിടിവിടെ കറങ്ങിനടന്നു വീട്ടിൽ കേറിയപ്പോൾ വാതുക്കൽ റെ‍ഡ് പാമിന്റെ വെട്ടിവെച്ച തണ്ടുമായി ഇരിക്കുന്നു അടുത്ത വില്ലൻ (അപ്പൻ). സംഗതി ഏതാണ്ട് എനിക്കു മനസ്സിലായി. നിക്കുന്നത് പന്തിയല്ല, പതുക്കെ തിരിഞ്ഞോടാൻ തുനിഞ്ഞു. 

"ഓടിയാൽ 4 നിന്നാൽ 2 ഏതുവേണമെന്നു തീരുമാനിച്ചിട്ടു പൊക്കോ‌" 

ഒന്നും തീരുമാനിക്കാൻ ഇല്ലാരുന്നു.

"രണ്ട്, നിൽക്കാം"

ടപ്പേ, ടപ്പേ... നിക്കർ വലിച്ചു പിടിച്ചു തൊടക്ക് രണ്ടെണ്ണം.... കണ്ണിൻമുന്നിൽ പൊന്നീച്ചകൾ പറക്കുന്നത് അന്ന് നേരിൽ കണ്ടു. അതെ സമയം റെഷിന്റെ  വീട്ടിൽ അവൻ കണ്ടത് വണ്ടിനെയോ മറ്റോ ആണെന്നാണ് പറഞ്ഞു കേട്ടത്. 

"അവറാൻ അപ്പനോട് പറഞ്ഞു.... അതെ പറഞ്ഞിരിക്കും അല്ലേൽ ഇങ്ങനെ തല്ലില്ല"

പ്രതികാരം ചെയ്യണം.

എങ്ങനെ?

അയാളെ കൊന്നാലോ, വേണ്ട ദുർഗുണ പരിഹാര പാഠശാലയിൽ കൊണ്ടുപോയി ഇടും,

എന്നാലും ഏന്തെങ്കിലും ചെയ്തില്ലേ ഒരു സമാധാനോം ഇല്ല... തുടർന്നുള്ള രണ്ടു ദിവസത്തെ ഞങ്ങളുടെ ചർച്ച അതായിരുന്നു.

അങ്ങനെ ഇരിക്കെ ഒരുദിവസം ഞങ്ങൾ സാറ്റുകളിക്കവേ ഞാനും അവനും അവിചാരിതമായി അവറാന്റെ വീടിനു പുറത്തുള്ള കാർ ഷെഡിൽ ഒളിക്കാൻ കേറി, കാറിനു സൈഡിൽ പാത്തിരുന്ന എനിക്കൊരു ഐഡിയ തോന്നി... ഡാ കാറ്റു കുത്തിവിട്ടാലോ,

പണിപ്പെട്ട് ഒരു ടയറിന്റെ കാറ്റുകുത്തി വിട്ടു. പിന്നെ അവനും കൂടെ ചേർന്ന് ഞങ്ങൾ നാല് ടയറും കാലിയാക്കി, ശബ്ദം പുറത്തു കേൾക്കാതിരിക്കാൻ വളരെ പണിപ്പെട്ടു പതുക്കെ ആണ് കുത്തി വിട്ടത്, അതിനാൽ നല്ല സമയം എടുത്തു തീരാൻ, എന്നിട്ടും എന്റെ പ്രതികാരം തീർന്നില്ല. നല്ല പച്ച ഈർക്കിൽ എടുത്ത് രണ്ടു സൈഡിലും ഉള്ള ഡോർ ലോക്കിൽ തിരുകി വച്ചു...

പ്രതികാരം ഏകദേശം അടങ്ങുന്നത് അവറാൻ ചങ്ങനാശ്ശേരിയിൽ നിന്നും മെക്കാനിക്കിനെ വിളിച്ചോണ്ടുവന്ന് ഡോർ കുത്തിപൊളിക്കുന്നതു കണ്ടപ്പോൾ ആണ്.

ഇന്നിപ്പോൾ 2018.

എനിക്ക് തിരിച്ചറിവായപ്പോൾ ചെയ്തത് വളരെ തെറ്റാണെന്ന് കഴിഞ്ഞ ആഴ്ച ചേട്ടായിടെ മോൻ മിഖായേൽ മനസിലാക്കി തന്നു. മഴ ഉണ്ടാരുന്നതിനാൽ കാറിൽ കോട്ടയത്തു പോയിവന്ന ശേഷം എന്റെ ഡിയോയുടെ സൈഡിൽ എല്ലാം ചെറിയ കല്ലുകൾ പെറുക്കി വെച്ചിരിക്കുന്നതായി കണ്ടു, അൽപം കഴിഞ്ഞു ഫോണിന്റെ ചാർജർ എടുക്കാൻ വണ്ടിയുടെ സീറ്റ് തുറക്കാൻ നോക്കിയിട്ടു താക്കോൽ അകത്തേയ്ക്കു കടക്കുന്നില്ല. എന്റെ സിബിഐ അന്വേഷണത്തിനൊടുവിൽ മിഖായേൽ അതിനുള്ളിൽ ഈർക്കിൽ തള്ളിക്കേറ്റി വെച്ചിട്ടുണ്ടെന്നു മനസ്സിലായി, പെട്രോൾ അടിക്കണേലും അത് തുറക്കണം. പരുത്തുംപാറ കവലയിലുള്ള ഒരു വർക്ക് ഷോപ്പിൽ കൊണ്ടുപോയി പുള്ളി ഏറെനേരം പണിപ്പെട്ട് അത് കുത്തി പൊളിച്ചു തുറന്നുകൊണ്ടിരുന്നപ്പോൾ, 15 വർഷങ്ങൾക്കപ്പുറം ഡോർ കുത്തിത്തുറക്കാൻ സ്ക്രൂഡ്രൈവർ അമർത്തിപ്പിടിച്ചു മെക്കാനിക്കിനെ സഹായിച്ചുകൊണ്ടിരുന്ന അവറാച്ചനെ ഞാൻ എന്നിൽ കണ്ടു.

കർമ്മഫലം !

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com