ADVERTISEMENT

ചെറിയ ദൂരം (കഥ)

തിരക്കേറിയ ജീവിതത്തിൽ പണത്തിന്റെയും അൽപനേരത്തെ സന്തോഷത്തിന്റെയും പുറകെ പോകുമ്പോൾ നഷ്ടമാകുന്നത് വിലമതിക്കാൻ ആകാത്ത സ്വപ്നങ്ങൾ ആണ്.

മനസ്സിൽ ഒരു വിങ്ങലും നിറഞ്ഞ കണ്ണുകളുമായി നടന്നകന്ന ചെറുപ്പക്കാരൻ മനസ്സിലാക്കിയത് ജീവിതം എന്ന യാഥാർഥ്യത്തെ ആണ്...

നേരം തെറ്റി അടിച്ച അലാറം കേട്ട് ഉണർന്ന അവർ ജോലിക്കു പോകുന്ന തിരക്കിൽ ആണ്. ഓഫിസിലെ ജോലിഭാരത്തിന്റെ ക്ഷീണവും... പണത്തിന്റെയും കുടുംബബന്ധങ്ങളുടെയും പിരിമുറുക്കത്തിൽ ഓരോ ദിവസവും തള്ളിനീക്കുന്ന തിരക്കിൽ ആ വീട് എന്നും മൂകമാണ്.

തെന്നി മാറിയ കാർമേഘം നോക്കി മഴ വരില്ല എന്ന ഉറപ്പോടെ ബൈക്ക് സ്റ്റാർട്ട് ചെയ്യുമ്പോൾ ഒരാൾ പറഞ്ഞു ജങ്ഷനിൽ പൊലീസ് കാണും ഹെൽമറ്റ് ഇല്ല. കഴിഞ്ഞ തവണ പൊലീസ് പിടിച്ചു കാശ് കൊടുത്തപ്പോൾ വിചാരിച്ചതാണ് ഒരെണ്ണം വാങ്ങണമെന്ന്. പക്ഷേ കഴിഞ്ഞ ശമ്പളം കിട്ടിയ സമയത്തും ഒന്ന് വാങ്ങാൻ കഴിഞ്ഞില്ല.

ഫ്രീക്കൻ സമൂഹത്തിൽ ഹെൽമെറ്റ് വെക്കാൻ ഉള്ള ഇഷ്ടക്കേടു കൊണ്ടാണോ... വേഗത്തിൽ ഇറങ്ങുമ്പോൾ എടുക്കാൻ ഉള്ള ബുദ്ധിമുട്ടു കൊണ്ടാണോ... എന്തോ അതിനോട് എന്നും ഇഷ്ടക്കേട് തന്നെയാണ്.

ജങ്ഷനിലേക്ക് അടുക്കുന്തോറും പൈസ പോകുമോ എന്ന ഭയം രണ്ടുപേരെയും അലട്ടി കൊണ്ടിരുന്നു. പെട്ടെന്നാണ് വഴിയരികിലെ ചായക്കടയുടെ അടുത്ത് ഒരു പൊടിപിടിച്ച ഹെൽമറ്റ് ശ്രദ്ധയിൽ പെട്ടത്.

ഒന്നും നോക്കിയില്ല... സൈഡ് ഒതുക്കി ബൈക്കിൽ നിന്ന് ചാടി ഇറങ്ങി ഹെൽമെറ്റ് കയ്യിൽ എടുത്തപ്പോൾ മനസ്സിൽ ഉയർന്നത് കുറെ ചോദ്യങ്ങൾ ആണ്... ആരുടേതാവും? എങ്ങനെ ഇവിടെ വന്നു? ബൈക്കിൽ പോയപ്പോൾ തെറിച്ചു വീണതാകുമോ? ചിലപ്പോൾ കടയിൽ വന്ന ആരേലും മറന്നുവെച്ചതാകുമോ? എന്തായാലും പൊടി തട്ടി ഹെൽമെറ്റ് തലയിൽ വെച്ച് പൊലീസിന്റെ കണ്ണു വെട്ടിച്ച്, സമയത്തു തന്നെ ഓഫിസിൽ എത്തി സ്ഥാനം പിടിച്ചു ... പക്ഷേ, അന്നു മുഴുവൻ ഹെൽമറ്റിനെ ചുറ്റിപറ്റി മനസ്സിനെ അലട്ടുന്ന ചിന്തകൾ ആയിരുന്നു.

തിരിച്ചു വീട്ടിൽ വന്നു രാവിലെ കിട്ടിയ ഹെൽമറ്റ് ഒരു മൂലയിൽ വെച്ച് കിടക്കാൻ തുടങ്ങി. മയങ്ങി തുടങ്ങുമ്പോഴേക്കും മനസ്സിൽ ഓടി എത്തുന്നത് പരിചയം ഇല്ലാത്ത മുഖങ്ങളും അപകടങ്ങൾ നിറഞ്ഞ പേടി സ്വപ്നങ്ങളും ആയിരുന്നു. 

പിറ്റേന്ന് നേരം വെളുക്കും മുന്നേ എഴുന്നേറ്റു കൂട്ടുകാരനോട് സ്വപ്നങ്ങൾ പറഞ്ഞപ്പോൾ അവൻ പറഞ്ഞു തന്നത് കുട്ടിക്കാലത്ത് അമ്മ പറഞ്ഞ കാര്യങ്ങൾ ആണ്. ഒരിക്കലും വഴിയിൽ കിടന്നു കിട്ടുന്നതൊന്നും വീട്ടിൽ കൊണ്ടുവരരുത്. അതിന്റെ പുറകിലെ കഥയോ കാര്യങ്ങളോ ഒന്നും ചിന്തിക്കാൻ നിന്നില്ല. ഹെൽമറ്റ് തിരിച്ചെത്തിക്കണമെന്ന തീരുമാനത്തിൽ എത്തി. പിറ്റേന്നും പതിവുപോലെ ജങ്ഷനിൽ കാത്തുനിന്ന പൊലീസിനെ കണ്ടപ്പോൾ ഹെൽമറ്റ് കളയാൻ തോന്നിയില്ല... തന്റേതല്ലാതെ തങ്ങളിലേക്ക് എത്തിച്ചേർന്ന ഹെൽമറ്റും കൊണ്ട് ദിവസങ്ങളോളം പേടി സ്വപ്നങ്ങൾ തള്ളി നീക്കേണ്ടിവന്നു.

അന്നു രാത്രി കിടക്കാൻ നേരം രണ്ടു പേരുടെയും മനസ്സിൽ ഒന്നേ ഉള്ളു. നാളെ അവധി ആണ് രാവിലെ തന്നെ ഹെൽമറ്റ് തിരിച്ചു വയ്ക്കണം. പക്ഷേ പോകാൻ നേരം കിട്ടിയ സ്ഥലത്തു വെറുതെ ഇട്ടിട്ടു പോരാൻ തോന്നിയില്ല... പകരം അടുത്തു കണ്ട ചായക്കടയിൽ വെറുതെ ഒന്നു തിരക്കാം എന്നു കരുതി. 

കടയിൽ കയറി ബെഞ്ചിൽ ഇരുന്ന പത്രം നിവർത്തി പിടിച്ച് ഒരു ചായക്ക്‌ ഓർഡർ നൽകി. നാട്ടുവർത്തമാനം പറയുന്ന കൂട്ടത്തിൽ കടക്കാരനോട് പറഞ്ഞു. "ഞങ്ങൾക്ക് അവിടെ കിടന്ന് ഒരു ഹെൽമറ്റ് കിട്ടി ആരുടെയാണെന്ന് അറിയാമോ? " വാ തോരാതെ  സംസാരിച്ചുകൊണ്ടിരുന്ന അയാൾ കുറച്ചു നേരം നിശബ്ദനായശേഷം മറുപടി നൽകി... "ഇവിടെ ഒരു അപകടം നടന്നായിരുന്നു. അവരുടെ ബൈക്കിൽ നിന്ന് തെറിച്ചു വീണതാകും. നമ്മുടെ കടയിൽ വരാറുള്ള പിള്ളേരാണ്... പക്ഷേ അതിൽ പിന്നെ അവർ ആരും ഇങ്ങോട്ടു വരാറില്ല. അതിലെ ഒരു പെൺകുട്ടി എന്നും ഈ നേരത്തു ഇതുവഴി പോകുന്നത് കാണാറുണ്ട്.

പറഞ്ഞ വിഷമങ്ങൾ ഉള്ളിൽ ഒതുക്കി പുറത്തേയ്ക്കു നോക്കി അയാൾ പറഞ്ഞു. 'ദേ ആകുട്ടി പോകുന്നു... കടയിൽ കേറും എന്നു തോന്നുന്നില്ല. നിങ്ങൾ വേണേൽ ഹെൽമറ്റ് അതിനെ ഏൽപ്പിച്ചാൽ മതി. 

കഥ കേട്ട വിഷമത്തിൽ ആണോ, ഹെൽമറ്റ് കൊടുക്കാൻ ഉള്ള തിടുക്കം കൊണ്ടാണോ... കാലുകൾക്കു വേഗത കൂടി.. പൊടി മുഖത്തടിക്കാതിരിക്കാൻ ഒരു ഷാൾ കൊണ്ട് പകുതി മുഖം മറച്ചു നടന്നു വരുന്ന പെൺകുട്ടിക്കു നേരെ ആ ഹെൽമെറ്റ് നീട്ടി പിടിച്ചു പറഞ്ഞു: "കടക്കാരൻ പറഞ്ഞു ഇത് നിങ്ങളുടെ ആണെന്ന്... കണ്ടിട്ട് വലിയ കുഴപ്പങ്ങൾ ഒന്നും ഇല്ല, വെച്ചോളൂ..." മുഖം മറച്ച ഷാൾ പതുക്കെ മാറ്റി ഒരു നിശബ്ദതയ്ക്കു ശേഷം അവൾ പറഞ്ഞു" വേണ്ട ഈ ഹെൽമറ്റ് വയ്‌ക്കേണ്ട ആൾ ഇന്നില്ല... നിങ്ങൾ ഇത് വെച്ചോ. ..

കണ്ണുനീർ തുള്ളികൾ മറച്ചു വെച്ച് നടന്നകന്നപ്പോൾ അവളുടെ മനസ്സിൽ പറയാതെ പറഞ്ഞൊരു കാര്യം ഉണ്ട് "അന്ന് ഈ ഹെൽമറ്റ് തലയിൽ വെച്ചിരുന്നെങ്കിൽ...!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com