ADVERTISEMENT

ഒരു ലോട്ടറി സംഭവ വികാസം... (കഥ)

ഉച്ചവെയിൽ അൽപം അടങ്ങിയതിനു ശേഷം കൂട്ടുകാരുമൊത്ത് കറങ്ങി തിരിച്ചു വരുന്ന വഴിയായിരുന്നു, എല്ലാവരും തിരിച്ചു വീട്ടിലേക്ക് വണ്ടി കയറിയിരുന്നു... അവസാനം ജ്യൂസ് കുടിച്ചത് പാലക്കാട് ജില്ലാ ആശുപത്രിയുടെ അടുത്തുള്ള കടയിൽ നിന്നായതുകൊണ്ടു തന്നെ എനിക്ക് വണ്ടി കയറാൻ കുറച്ചു ദൂരം കൂടെ നടക്കണമായിരുന്നു... അതുകൊണ്ട് തന്നെ നടത്തത്തിന് ഇടയിൽ ചടപ്പു തോന്നാതിരിക്കാൻ ഒരു ബൂമറും വാങ്ങി വായിലിട്ട് ചവച്ചരച്ചു കൊണ്ട് ഞാൻ ബസ്സ്റ്റോപ്പ് ലക്ഷ്യമാക്കി നടന്നു...

കുറച്ചു നടന്നപ്പോഴാണ് ഞാൻ ആ കാഴ്ച കണ്ടത്... ഏതാണ്ട് 35-40 പ്രായം കാണും, ഇരുണ്ടു തടിച്ച ശരീരം, ഇരു കാലുകൾക്കും ശേഷിയില്ലെന്ന് തോന്നിക്കുന്ന വിധത്തിൽ ഒരു ഇരുത്തവും. കൂടെ 5 വയസ്സു മാത്രം പ്രായം തോന്നിക്കുന്ന ഒരു കുട്ടിയും.

ഇത്രമാത്രം നിരീക്ഷിക്കാൻ കാരണം പാട്ടുപാടും പോലെ ലോട്ടറിയുടെ പേരും അതിലെ സമ്മാനത്തുകയും വിളിച്ചു കൂവുന്നത് കേട്ടാൽ... ആരും ഒന്ന് നോക്കി പോവും. അത്രക്കു മൂർച്ചയായിരുന്നു അവരുടെ വാക്കുകൾക്ക്... അപ്പോഴാണ് ഞാൻ ഓർത്തത് കറക്കത്തിനിടയിൽ കൂട്ടുകാരിക്ക് വീണു കിട്ടിയ ലോട്ടറി കളിയെന്ന രീതിയിൽ ഞാൻ പിടിച്ചു വാങ്ങിയ കാര്യം. പെട്ടെന്നു തന്നെ ബാഗിലെ സിപ് തുറന്ന് തപ്പി നോക്കി... ദേ കിടക്കണ് പൗർണമി ലോട്ടറി...

കയ്യിലെടുത്തു നോക്കിയപ്പോൾ കണ്ണ് ഒന്നു തള്ളിയെങ്കിലും അതൊന്നും തന്നെ പുറത്തു കാണിക്കാതെ നോക്കിനിന്നു. പടച്ചോനെക്കാൾ എനിക്ക് ഉറപ്പായിരുന്നു അതിലെ 70 ലക്ഷം പോയിട്ട് നയാ പൈസ പോലും കിട്ടില്ലെന്ന്...

എന്നിട്ടും, രണ്ടാംസമ്മാനമോ  മൂന്നാംസമ്മാനമോ ഒന്നും പറ്റില്ല ഒന്നാം സമ്മാനമായ 70 ലക്ഷം തന്നെ  വേണം എന്ന അത്യാഗ്രഹത്തിന് ഒരു കുറവുമില്ലായിരുന്നു... അത് സ്വന്തമാക്കാനുള്ള പ്രാർഥന വേറെയും.

അതിപ്പോൾ പൊതുവെ മലയാളികളായി പിറന്ന എല്ലാവരും അങ്ങനെയാണല്ലോ. ഉടമസ്ഥൻ ആരാണെങ്കിലും വിയർക്കാതെ കിട്ടുന്ന പണം വേണ്ടെന്ന് പറയില്ലല്ലോ... അതുകൊണ്ടു തന്നെ ഒരു മലയാളിയായ ഞാനും ചെയ്യുന്നതിൽ ഒരു തെറ്റും ഇല്ലെന്ന് മനസിനെ പറഞ്ഞു മനസിലാക്കി ഇടം വലം നോക്കാതെ സ്ത്രീയെ ലക്ഷ്യമാക്കി നടന്നു...

അധികം താമസിക്കാതെ തന്നെ ലോട്ടറി കടലാസ് എടുത്ത് അവർക്കു നേരെ നീട്ടി... ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷിച്ച നിമിഷങ്ങളിൽ ഒന്നായിരുന്നു അത്...

"ഫർസ്റ്റ് പ്രൈസ് ഉങ്ങൾക്ക് വീണിറിക്ക്" എന്ന് ഇംഗ്ലിഷും തമിഴും കലർന്ന ഭാഷയിൽ ആ വാർത്ത എന്റെ ചെവിയിൽ കേട്ടപ്പോൾ... ഈ ലോകം തന്നെ ഇല്ലാതാവുന്ന പോലെ തോന്നി എനിക്ക്. പക്ഷേ ആ തോന്നൽ അധികനേരം ആസ്വദിക്കാൻ എന്റെ സ്വപ്നത്തിന് സമയമില്ലായിരുന്നു... പുട്ടുകുറ്റിയിൽ നിന്ന് വരുന്ന ശബ്ദം പോലെ ഉമ്മാന്റെ ഒരു നിലവിളി... ആ നിമിഷം തീർന്നു എന്റെ 70 ലക്ഷവും.... പൗർണമി ലോട്ടറിയും എല്ലാം...

കണ്ടത് സ്വപ്നമാണെങ്കിലും കൈവിട്ടു പോയത് 70 ലക്ഷം ആണല്ലോ എന്ന് ഓർക്കുമ്പോൾ സങ്കടം ബാക്കി... ഇതെല്ലാം  ആരോടെങ്കിലും ഒന്നു പറഞ്ഞാൽ ഇച്ചിരി സമാധാനം കിട്ടിക്കോട്ടെ എന്നു കരുതി വീട്ടുകാരോട് പറഞ്ഞപ്പോൾ ആരാന്റെ പണം  ആഗ്രഹിച്ചാൽ അവസാനം ഇങ്ങനെയിരിക്കും എന്ന കളിയാക്കൽ മിച്ചം...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com