ADVERTISEMENT

എന്റെ കണ്ണുകൾ (കഥ)

ഒരു മീൻവിൽപ്പനക്കാരന്റെ പെട്ടിയിൽ നിന്നും സൂത്രത്തിൽ രക്ഷപെടാൻ നോക്കുന്ന ഒരു ഞണ്ടിന്റെ പിറകെയായിരുന്നു എന്റെ കണ്ണുകൾ അപ്പോൾ...

ഒരു സ്ത്രീയും പുരുഷനും തോളിൽ കയ്യിട്ടു ചെവിയിൽ സ്വകാര്യം പറഞ്ഞ് വരുന്നതു കണ്ട് എന്റെ കണ്ണുകൾ അങ്ങോട്ടായി...

എന്റെ കണ്ണുകളെ കുറിച്ചു പറയുകയാണെങ്കിൽ അവറ്റകൾ സംസ്കാരശൂന്യരും വകതിരിവില്ലാതെ, കാണരുതാത്ത കാഴ്ചകൾ തേടിപോകുന്നവരുമാണ്... 

ആ സ്ത്രീയും പുരുഷനും എന്റെ എതിർവശത്തെ ഇരുമ്പ്കസേരയിൽ ഇരുന്നു... ഫോർട്ട്‌കൊച്ചിയിലെ കറുത്ത കടൽതിരകളെ അവർ ശ്രദ്ധിച്ചതേ ഇല്ല.

എന്റെ കണ്ണുകളും...

അയാൾ കയ്യിലിരുന്ന ഉപ്പും മുളകും ചേർത്ത പൈനാപ്പിൾ കഷണങ്ങൾ അവളുടെ വായിൽ കൊടുക്കുന്നു. ഞാനും കഴിച്ചിരുന്നു കുറച്ചു നേരം മുന്നേ അത്... അതിന്റെ ഉപ്പും മുളകും മധുരവും ഇപ്പോഴും നാക്കിൽ അവശേഷിക്കുന്നുണ്ട്... 

അയാൾ അവളെ ചേർത്തു പിടിച്ചു ചെവിയിൽ എന്തോ പറഞ്ഞു. എന്റെ കണ്ണുകൾ ഒരു ഔചിത്യവുമില്ലാതെ അതു നോക്കിനിന്നു. എന്റെ കണ്ണുകളുടെ നോട്ടം അവർക്ക്‌ ശല്യമാകുന്നതിനു മുന്നേ ഞാൻ ബാഗിൽ കരുതിയ കറുത്ത സൺഗ്ലാസ് കണ്ണിൽ പിടിപ്പിച്ചു... 

കണ്ണുകളുടെ നോട്ടം മാറിയില്ലെങ്കിലും എനിക്ക് ഒരു ആശ്വാസമായി...

പെട്ടെന്നാണ് ആരോ തോളിൽ തട്ടിയത്... എന്റെ കണ്ണുകൾ അൽപം അസ്വസ്ഥതയോടെ തിരിഞ്ഞു...

"മോക്കടെ കൈ നോക്കട്ടെ... എല്ലാം പറയാം " ഒരു സ്ത്രീ...

അവർ ഒരു കൈനോട്ടക്കാരിയാണ്... പക്ഷേ കണ്ടാൽ അതിന്റെ ഒരു ലക്ഷണവും ഇല്ല....

കണ്ണിൽ കൺമഷി... അതു വിയർപ്പിൽ താഴേക്കു പടർന്നിരിക്കുന്നു. വലിയ കറുത്ത പൊട്ട്... അതും കൺമഷി കൊണ്ടാണെന്നു തോന്നുന്നു. നെറ്റിയിൽ ഒരു കുറി, പിന്നെ സിന്ദൂരം... തലമുടി ഉയർത്തി വടപോലെ കെട്ടി പിൻ ചെയ്തിരിക്കുന്നു... ആ മുടിക്കെട്ടിനെ ചുറ്റി ഉണങ്ങിത്തുടങ്ങിയ പിച്ചിമാല... തോളിൽ ഒരു ചെറിയ ബാഗ്... മഞ്ഞയും പച്ചയും നീലയും പിന്നെ വേറെ കുറച്ചു നിറങ്ങളും ചേർന്ന സാരി. കാണാൻ വലിയ ആകർഷണമൊന്നുമില്ല...

അവർ എന്റെയടുക്കൽ ഇരുന്നു. എന്റെ കൈ കൈവശപ്പെടുത്തി... ഞാൻ ഒരുവിധം ശക്തിയോടെ കൈ വിടുവിച്ചു... കാരണം എനിക്ക് കൈനോക്കുന്നവരെ പേടിയാണ്... അവരുടെ കണ്ണുകൾ നമ്മുടെ കണ്ണുകളിലേക്കു നോക്കി മനസ്സ് മുഴുവൻ ഒപ്പിയെടുത്തു കളയും. ഭാഗ്യം... കണ്ണിൽ സൺഗ്ലാസ് വച്ചത്... 

എന്റെ കണ്ണുകളെ വിശ്വസിക്കാൻ കൊള്ളില്ല. ആ സ്ത്രീ എന്റെ കണ്ണിൽ നോക്കിയാൽ യാതൊരു നാണവുമില്ലാതെ എന്റെ കണ്ണുകൾ ഞാൻ മനസ്സിൽ സൂക്ഷിച്ചിരിക്കുന്ന രഹസ്യങ്ങൾ വിളിച്ചു കൂവും... അതൊന്നും ഞാനല്ലാതെ വേറെ ആരും അറിയുന്നത് ഞാൻ ഇഷ്ടപ്പെടുന്നില്ല... 

പ്രണയ സല്ലാപത്തിൽ മുഴുകിയിരുന്ന ആ പുരുഷന്റെയും സ്ത്രീയുടെയും കണ്ണുകൾ ഇപ്പോൾ എന്റെയും കൈനോട്ടക്കാരിയുടെയും മേലെയാണ്...

"മോക്കടെ മുഖം കണ്ടാലറിയാം ഒത്തിരി മനസ്സിലുണ്ടെന്ന്" ആ കൈനോട്ടക്കാരി എന്റെ മുഖത്ത് തറപ്പിച്ചു നോക്കി പറഞ്ഞു...

അവിടെനിന്നും എങ്ങോടെങ്കിലും ഓടിപ്പോകാൻ എന്റെ മനസ്സ് ആഗ്രഹിച്ചു.... പക്ഷേ ബോട്ടിങ്ങിനു പോയിരിക്കുന്ന വീട്ടുകാർ തിരിച്ചു വരുമ്പോൾ എന്നെ കണ്ടില്ലെങ്കിൽ....?

"അമ്മായിയമ്മയെ സ്വന്തം അമ്മയെ പോലെ കാണണം...." കൈനോട്ടക്കാരി എന്റെ ആദ്യരഹസ്യം മനസ്സിലാക്കിയിരിക്കുന്നു.

അമ്മായിയമ്മ ബോട്ടിങ്ങിനു പോയത് നന്നായി... അല്ലെങ്കിൽ.... !!!!

അമ്മായിയമ്മ ചട്ടിയിൽ ആറ്റുനോറ്റു വളർത്തുന്ന ഇഞ്ചി തൈക്ക് മുകളിൽ ഇല മാത്രമേയുള്ളുവെന്നും മണ്ണിനടിയിലെ ഇഞ്ചി   ഞാൻ പലപ്പോഴായി പറിച്ച് ഇറച്ചിക്കറിവച്ച കാര്യവും, പിന്നെ അമ്മായിയമ്മയുടെ മാമ്പഴപുളിശ്ശേരി കാരണം എന്റെ സ്ഥാനം നഷ്ട്ടപെടുമെന്നോർത്തു കറിയിൽ കല്ലുപ്പിട്ട് ഉപ്പിന്റെ കുഞ്ഞാക്കിയതും അവർ കണ്ടുപിടിച്ചിരിക്കുന്നു... പിന്നെ അദ്ദേഹത്തിനോട് അമ്മയെ പറ്റി രഹസ്യമായി പരദൂഷണം പറഞ്ഞു ചീത്തമേടിച്ചത്... ഇതൊക്കെ ഈ കാക്കാലത്തി മനസ്സിലാക്കിയിരിക്കുന്നു...

കൈനോട്ടക്കാരി പറയുന്നത് കേട്ട് ആ പുരുഷനും സ്ത്രീയും ചെറുതായി ചിരിക്കുന്നുണ്ട്... 

"കൊച്ചിന്റെ ആളു വലിയ മനുഷ്യനാണ്... ദൈവത്തെ പോലെ കാണണം" കൈനോട്ടക്കാരിയുടെ വെളിപ്പെടുത്തലുകൾ കേട്ട് എന്റെ ബാഗിലെ ഫോണിന് കടലിൽ ചാടി ചാവാൻ തോന്നുന്നതായി പറഞ്ഞു...

ഞാൻ അവർക്കു പൂർണമായും കീഴടങ്ങി... ഞാൻ കൈകൾ കൂപ്പി... അവർ ചിരിച്ചു. ഞാൻ എണ്ണിനോക്കാതെ കുറെ നോട്ടുകൾ അവരുടെ കൈകളിൽ പിടിപ്പിച്ചു... അവരെ അവഗണിക്കുന്നതായി ഭാവിച്ചു...

അവർ ബാഗുമായി എഴുന്നേറ്റ് എന്റെ തോളിൽ തട്ടി ആശ്വസിപ്പിച്ചു... 

നടക്കാൻ തുടങ്ങിയ അവരെ പെട്ടന്നാണ് ആ പുരുഷനും സ്ത്രീയും അടുത്തേക്ക് വിളിച്ചത്. അയാൾ പുഞ്ചിരിച്ചുകൊണ്ട് അയാളുടെ കൈ നിവർത്തി...

"നിങ്ങൾ ഭാഗ്യമുള്ളവരാണ്.... മൂന്നു മക്കളുണ്ടാവും" കൈനോട്ടക്കാരി അയാളുടെ കൈകൾ അമർത്തി പറഞ്ഞു.

"നിങ്ങളുടെ സ്നേഹം മരിക്കുംവരെ ഇങ്ങനെ ഉണ്ടാവുകയും ചെയ്യും" കൈനോട്ടക്കാരി അത്രയും പറഞ്ഞ് എഴുന്നേറ്റു.... അയാൾ കൊടുത്ത കാശുവാങ്ങി നടന്നു നീങ്ങി...

പോകുന്ന വഴിയിൽ ഒരുപ്രാവശ്യം ആ സ്ത്രീ എന്നെ തിരിഞ്ഞു നോക്കി...

"ആശംസകൾ... മൂന്നുകുട്ടികൾ നിങ്ങളുടെ വീട്ടിൽ ആഘോഷമാകും" ഞാൻ ആ പുരുഷനെയും സ്ത്രീയെയും ആശംസ അറിയിച്ചു... ഗ്ലാസ്സിനുള്ളിലെ എന്റെ കണ്ണുകൾ എന്റെ മനസ്സിലെ അസൂയയും വിഷമവും കണ്ടു ചിരിച്ചു മറിഞ്ഞു.... 

"നന്ദി... പക്ഷേ ഞങ്ങൾ ട്രാൻസ്ജൻഡേഴ്സാണ്... കുട്ടികൾ..." അയാൾ അതു പറഞ്ഞ് പുഞ്ചിരിച്ചു. കൂടെയുള്ള ആളും... ഏതോ കണ്ണുകൾ പറ്റിക്കപ്പെട്ടിരിക്കുന്നു. 

"അപ്പൊ ആ കൈനോട്ടക്കാരി...? " എന്റെ വായ് പൊളിച്ചുള്ള ചോദ്യം കേട്ട് ആ ഇണക്കുരുവികൾ ചിരിച്ചു.... പിന്നെ കടൽതിരയെണ്ണാൻ കടൽകരയിലേക്ക് മുട്ടിയുരുമ്മി നടന്നു പോയി...

എന്റെ 'കണ്ണുകൾ.'... അവറ്റകൾ നാണം കെട്ട് അതു നോക്കിനിന്നു... ഞാനും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com