ADVERTISEMENT

ഡ്രീംസ്‌ (കഥ)

അവന്‍ പതുക്കെ എണീറ്റ്‌ സമയം നോക്കി... പുലര്‍ച്ചെ മൂന്നു മണി ആകുന്നു. രാത്രി മുഴുവന്‍ ഉറങ്ങാന്‍ ശ്രമിച്ചെങ്കിലും അവന് അതിനു കഴിഞ്ഞിരുന്നില്ല... നല്ല തണുപ്പുള്ള ഒരു ദിവസമായിരുന്നിട്ടും അവന്‍ വിയര്‍ത്തു കുളിച്ചു. താന്‍ എഴുതി വെച്ച എഴുത്ത് അവന്‍ ഒന്നു കൂടി വായിച്ചു നോക്കി... നാലു വരി മാത്രമേ എഴുതിയിട്ടുള്ളൂ എങ്കിലും അതെഴുതാന്‍ ആ രാത്രി മുഴുവന്‍ അവനു വേണ്ടി വന്നു.

എവിടെ ആണ് പിഴച്ചത്... അവന്‍റെ കണ്ണുകള്‍ നിറഞ്ഞു. പണ്ടു മുതലേ അവന്‍ നന്നായി പഠിക്കുമായിരുന്നു. പഠനേതര കാര്യങ്ങളിലും എന്നും മുന്നിട്ടു നിന്നു. വീട്ടുകാര്‍ക്കിടയിലും മറ്റു കുട്ടികള്‍ക്കും അവന്‍ തന്നെ ആയിരുന്നു മാതൃക. ഉയര്‍ന്ന മാര്‍ക്കോടു കൂടി പാസ്‌ ആയി എഞ്ചിനീറിങ് കോളജില്‍ ചേര്‍ന്ന അവനു പഠനം ഒരു ഹരമായിരുന്നു. എല്ലാം തകര്‍ത്തത് ഒരു പതിനാലുകാരന്റെ അശ്രദ്ധ ആയിരുന്നു... ആ പയ്യന്‍ ഓടിച്ച ഓട്ടോറിക്ഷ അവന്‍റെ ബൈക്ക് ഇടിച്ചു തെറിപ്പിച്ചു..

പിന്നീട് ഓര്‍മ വരുമ്പോള്‍ അവന്‍ ആശുപത്രി കിടക്കയില്‍ അനങ്ങാന്‍ വയ്യാതെ കിടക്കുകയായിരുന്നു... 'രക്ഷപെടാന്‍ നൂറില്‍ ഇരുപതു ശതമാനം സാധ്യതയുള്ള ഒരു അപകടത്തില്‍ നിന്നാണ് താന്‍ രക്ഷപെട്ടിരിക്കുന്നത്' ഡോക്ടര്‍ പറയുന്നതു കേട്ട് അവന്‍റെ കണ്ണുകളില്‍ നിന്ന് ഒരു തുള്ളി കണ്ണീര്‍ താഴേക്കൊഴുകി... അത് താന്‍ രക്ഷപെട്ടതിലുള്ള സന്തോഷത്തിലാണോ, അതോ തന്‍റെ ഇപ്പോഴത്തെ അവസ്ഥ ആലോചിച്ചിട്ടാണോ എന്ന് അവനു പോലും സംശയം തോന്നി... നാലു മാസത്തെ ആശുപത്രി ജീവിതത്തിനു ശേഷം അവന്‍ വീട്ടില്‍ തിരിച്ചെത്തി... താന്‍ ചെറുപ്പം മുതലേ ഓടി നടന്നിരുന്ന വീട്ടുമുറ്റത്തു കൂടി അച്ഛന്‍റെ തോളില്‍ കൈ താങ്ങി പതുക്കെ അവന്‍ നടന്നു. പിന്നെ കുറെ നാളത്തേക്ക് സന്ദര്‍ശക പ്രവാഹമായിരുന്നു... തന്നെ ആശ്വസിപ്പിക്കാന്‍ വരുന്നവരുടെ വാക്കുകള്‍ പക്ഷേ അവന് ആശ്വാസത്തിലുപരി വേദനയാണ് നല്‍കിയത്.. അടഞ്ഞ മുറിയിലെ ജീവിതം തന്‍റെ സമനില തെറ്റിക്കുമോ എന്ന് അവന്‍ ഭയന്നു.

പതിയെ അവന്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങി വന്നു... മൂന്നു മാസം കഴിഞ്ഞാല്‍ അവസാന വര്‍ഷ പരീക്ഷയാണ്‌.

പഠിക്കാനായി അവന്‍ ഇരുന്നു എങ്കിലും ഒന്നും അവന്‍റെ മനസ്സില്‍ ഉറച്ചില്ല. ഒടിഞ്ഞ എല്ലിനു പകരം സ്റ്റീല്‍ റോഡ്‌ ഇട്ട തന്‍റെ കാലില്‍ അവന്‍ പതിയെ ഒന്നു തടവി... 'ഈശ്വരാ... എനിക്കെന്താണ് സംഭവിക്കുന്നത്‌. ഇതിനും മാത്രം എന്ത് പാപമാണ് ഞാന്‍ ചെയ്തത്' ദിവസങ്ങള്‍ കഴിയുന്തോറും അവന് ഒരു കാര്യം മനസിലായി... പഴയ പോലെ പഠിക്കാനോ, കളിക്കാനോ തനിക്കു കഴിയില്ല. തന്നെ പുകഴ്ത്തിയിരുന്ന അതേ ആളുകള്‍ ഇപ്പോള്‍ തന്‍റെ അവസ്ഥയെ പറ്റി പരിതപിക്കുകയും, മറ്റു ചിലര്‍ അതു പറഞ്ഞു തന്നെ കളിയാക്കുകയും ചെയ്യുന്നു എന്ന് അവനു മനസിലായി... ഒരുപാട് അവന്‍ ശ്രമിച്ചു എങ്കിലും മനസിനെ ഏകാഗ്രമാക്കാനോ, പഠിച്ചതൊന്നും ഓര്‍മിക്കാനോ അവനു കഴിഞ്ഞില്ല.

നവംബര്‍ മാസത്തിലെ ഒരു രാത്രി. തനിക്കു സ്കൂളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയതിനു ലഭിച്ച സ്വര്‍ണ പതക്കം അവന്‍ എടുത്തു കയ്യില്‍ വച്ചു. നാളെ പരീക്ഷ തുടങ്ങുകയാണ്. ഇന്നു വരെ പരീക്ഷ എഴുതാന്‍ താന്‍ ഒരു പ്രത്യേക ആവേശത്തോടെ ആണ് പോയിട്ടുള്ളത്... മറ്റു കുട്ടികളെ പോലെ അവനു പരീക്ഷ ഒരു പേടി സ്വപ്നമായിരുന്നില്ല... പക്ഷേ ആദ്യമായി അവന്‍ ആ പേടി അനുഭവിച്ചറിഞ്ഞു. 'നാളെ കാലത്ത് നേരത്തെ വിളിക്കണം ട്ടോ... ആറരയുടെ ബസില്‍ പോകാനുള്ളതാ' അച്ഛനോടും, അമ്മയോടും ഇതു പറയുമ്പോള്‍ അവന്‍റെ കണ്ണുകള്‍ കലങ്ങിയിരുന്നു..

അവന്‍ പഴയ കാര്യങ്ങള്‍ ഓര്‍ത്തു കിടന്നു. അച്ഛന്‍, അമ്മ, ചേച്ചി, ബന്ധുക്കള്‍, കൂട്ടുകാര്‍... എല്ലാവരുടെയും മുഖം അവന്‍റെ മനസ്സിലൂടെ മിന്നി മറഞ്ഞു. സമയം നാലു മണിയോടടുക്കുന്നു. താന്‍ എഴുതിയ കത്ത് അവന്‍ മേശപ്പുറത്തു വച്ചു. പത്താം തരം മുതല്‍ തനിക്കു കിട്ടിയ മാര്‍ക്കുകളാണ് അവന്‍ ആ കത്തില്‍ എഴുതി പിടിപ്പിച്ചത്... തന്‍റെ ജീവിത ലക്‌ഷ്യം പഠിക്കുക എന്നതാണ്. അതിനു സാധിക്കാതെ ഈ ലോകത്ത് ജീവിക്കാന്‍ തനിക്ക് അവകാശമില്ല. മേശ പുറത്തിരുന്ന ചിത്രത്തിലേക്ക് അവന്‍ നോക്കി. അനിയന്മാരോടൊപ്പം ചെറുപ്പത്തില്‍ എടുത്ത ആ ചിത്രത്തില്‍ പല്ലില്ലാതെ ചിരിക്കുന്ന തന്‍റെ മുഖം അവനില്‍ ഒരു പുഞ്ചിരി വിടര്‍ത്തി... കിണറ്റിന്‍ കരയില്‍ നിന്നും താന്‍ തലേദിവസം എടുത്തു മാറ്റി വെച്ചിരുന്ന കയര്‍ എടുത്ത് അവന്‍ പുറത്തേക്കു നടന്നു... അകലെ ഒരു ചീവീട് അവനെ തടയാനെന്നോണം ഉറക്കെ കരഞ്ഞു കൊണ്ടിരുന്നു...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com