ADVERTISEMENT

എടി മഴേ... (വേണ്ട ല്ലേ ദേഷ്യം വന്നാലോ), മഴകുഞ്ഞേ... (വേണ്ട... ചെറുതാക്കീന്നു തോന്നിയാലോ...)

പ്രിയപ്പെട്ട സോദരീ... (ആഹ്... ഇതുമതി...)

വരുന്ന വരവു കണ്ടപ്പോൾ ഇപ്പോൾ പെയ്തുതിമിർക്കുമെന്നു തോന്നി. ഇതിപ്പോൾ ഒരു സ്ഥിരം പരിപാടി ആയിട്ടുണ്ട്. പെയ്യാൻ തുടങ്ങും പിന്നെ എന്തോ ഓർത്തപോലെ പെട്ടെന്ന് നിർത്തും. എന്തു പറ്റി നിനക്ക്? ആരെങ്കിലും പേടിപ്പിച്ചോ? അതോ വഴക്കു പറഞ്ഞോ? അതോ ഈ മനുഷ്യർ കുറച്ചു കൂടി പാഠം പഠിക്കാനുണ്ട് എന്ന് പെട്ടെന്നോർത്തിട്ടോ... ഞങ്ങളുടെ ചെയ്തികൾകൊണ്ട് പെയ്തൊഴിയാൻ നിനക്ക് ഇടമില്ലാഞ്ഞിട്ടോ? ഒന്ന് മുങ്ങിനിവരാൻ നിന്നെ മാത്രം കാത്തിരിക്കുന്ന വൃക്ഷത്തലർപ്പുകളും പുൽമേടുകളും മഴക്കാടുകളും അന്യം നിന്നതിനാലോ… അതോ.... തെക്കുനിന്നു വരുന്ന കാറ്റിനെ തടഞ്ഞു നിർത്തി നിന്നെ പെയ്യാൻ സഹായിക്കുന്ന സഹ്യന്റെ ഭൂരിഭാഗവും ജെസിബി തുരന്നുതിന്നതിനാലോ... ഇനിയിപ്പോൾ എത്ര തന്നെ അമർന്നു പെയ്താലും ഭൂമിയെ കാക്കാൻ കാത്തുവച്ചിരുന്ന പാറക്കൂട്ടങ്ങളൊക്കെ കണ്ണടച്ചുതുറക്കുന്ന മാത്രയിൽ അഗാധഗർത്തങ്ങൾ ആയിത്തീരുന്നതു  കണ്ടു ഭയന്നിട്ടാവുമോ... അതുമല്ലെങ്കിൽ മാക്രോം, മാക്രോം എന്ന് ഓരിയിട്ടു നിന്നെ മാടി മാടി വിളിക്കാൻ തവളച്ചൻമാരില്ലാത്തതോ… 

എന്തുതന്നെ ആയാലും കഴിഞ്ഞ ഒരു പ്രളയവും അതു കഴിഞ്ഞു വന്നകടുത്ത വേനലും കൊണ്ടു തന്നെ ഞങ്ങൾ ഒരുപാട് പഠിച്ചു. കഴിഞ്ഞ വർഷം പ്രളയം വന്നപ്പോൾ നിന്നെ ഞങ്ങൾ കുറച്ചു വഴക്കു പറഞ്ഞു എന്നതു നേര് തന്നെ. പക്ഷേ അത് നിന്റെ മാത്രം കുറ്റമല്ലെന്നും അതിന്റെ ഒക്കെ കാരണക്കാർ ഞങ്ങൾ തന്നെ ആണെന്നും വളരെ വൈകിയാണെങ്കിലും ഞങ്ങൾ മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു. എല്ലാദിവസവും കൃത്യമായി കുട്ടികൾ സ്കൂൾവിടുന്ന സമയം നോക്കി പെയ്യുന്ന, ഇത്തിരിവെയില് കണ്ടു പകുതി ഉണങ്ങിയ തുണിയെടുത്തു ഉണക്കാനിടുമ്പോൾ എവിടുന്നോ ഓടി വന്ന് അതു മുഴുവനും നനയ്ക്കുന്ന നിന്റെ കൊച്ചു കൊച്ചു കുസൃതികൾ ഇന്ന് ഞങ്ങൾക്ക് അന്യമാകുന്നു. എങ്ങനെയൊക്കെ പിണങ്ങിമാറിനിന്നാലും ഒരു കുട ഇല്ലാതെ പുറത്തിത്തിറങ്ങാൻ ഞങ്ങൾക്കു പേടിയാ ട്ടോ, കാരണം ഏതു നിമിഷവും നിന്നെ ഞങ്ങൾ പ്രതീക്ഷിക്കുന്നു.  

നിന്നെ വരവേൽക്കാൻ ഞങ്ങൾ എന്തെല്ലാം ചെയ്യുന്നെന്നു നിനക്കറിയാമോ… ഗ്രാമങ്ങളിലാണെങ്കിൽ നിനക്കൊഴുകാനുള്ള മഴവെള്ളച്ചാലുകൾ മുഴുവൻ വൃത്തിയാക്കിയും, തൊടിയിലെ വിറകെല്ലാം വെട്ടിയൊതുക്കി വിറകുപുര നിറച്ചും, തെങ്ങിൻ ചുവടൊക്കെ തടമെടുത്തും വലിയ മരങ്ങളുടെ ഇലയൊക്കെ വെട്ടിയിറക്കിയും ഉപ്പുമാങ്ങാഭരണികൾ നിറച്ചും... അങ്ങനെ  അങ്ങനെ... ഒരുപാട് നീളും...

നഗരങ്ങളിലാണെങ്കിൽ, വളരെ കുറച്ചേ ഉള്ളൂ. നീ വരുന്ന ദിവസം അടുക്കുമ്പോൾ മാലിന്യം നിറഞ്ഞ അഴുക്കുചാലുകൾ മുഴുവൻ കോരി അവിടെത്തന്നെ സൂക്ഷിച്ചു വയ്ക്കും... നീ വിചാരിച്ചാലേ പിന്നേം അതൊക്കെ ഒന്ന് നിറയൂ. വാട്ടർ അതോറിറ്റി ആണെങ്കിൽ കോടികൾ മുടക്കി പണിതിട്ടിരിക്കുന്ന റോഡുകൾ പോലും വെട്ടിപ്പൊളിച്ചു നിനക്കുവേണ്ടി നീർച്ചാലുകൾ ഒരുക്കിയിട്ടുണ്ട്... പൊതുമരാമത്തു വകുപ്പാണെങ്കിൽ നിനക്കുവേണ്ടി റോഡ് മുഴുവൻ മഴക്കുഴികൾ നിർമ്മിക്കാൻ തയാറായി ഇരിക്കയാണ്... കുടക്കമ്പനികൾ പരീക്ഷണം നടത്തി നടത്തി ഇപ്പോൾ കുട നിവർത്തി അതിൽകയറി ഇരുന്നാൽ ബഹിരാകാശത്തു വരെ പോകാം... പലവിധ വൈറസ് മാമന്മാരെങ്കിൽ നിന്നെ കാത്തിരുന്ന് മടുത്തു. നീ ഒന്നു ഭൂമിയിൽ വീണിട്ടു വേണം നാനാവിധ പനികളായി ഞങ്ങളിലേക്ക് കുടിയേറാൻ...

ഞങ്ങൾക്കറിയാം എത്ര പിണങ്ങിയാലും ഞങ്ങളെ വിട്ട് അധികനാൾ നിൽക്കാൻ നിനക്ക് കഴിയില്ല എന്ന്... നിന്നെ ഞങ്ങൾ എത്ര മാത്രം ഇഷ്ടപ്പെട്ടിരുന്നു എന്ന് ഇപ്പോൾ തിരിച്ചറിയുന്നു. നിനക്കു വേണ്ടി ഞങ്ങൾ മരങ്ങൾ നട്ടുപിടിപ്പിക്കാം. നിന്റെ വെള്ളത്തുള്ളികൾക്കു വിശ്രമിക്കാൻ ഇനിയും ബാക്കിയുള്ള കുളങ്ങളും തോടുകളും സംരക്ഷിക്കാം... അവശേഷിക്കുന്ന മലനിരകളും പാറക്കെട്ടുകളും കാത്തുവയ്ക്കാം. (ഇന്ത്യ പാക്കിസ്ഥാൻ അതിർത്തിയിലെപോലെ കാവൽ വേണ്ടിവരും എന്നാലും... വേണ്ടില്ല...) പുതുമഴയായിവന്നു ഭൂമിദേവിയെ പുണരുന്നതിൽ നിന്നും നിന്നെ തടഞ്ഞ മുറ്റത്തെ പൊങ്ങച്ച ടൈലുകളും റൂഫിങ്  ഷീറ്റുകളും വേണ്ടെന്നു വയ്ക്കാം... ഇനിയും എന്തിനീ പിണക്കം... വേദനകളെല്ലാം സ്വയം കടിച്ചൊതുക്കി ഇങ്ങനെ  വിങ്ങിപ്പൊട്ടിനിൽക്കാതെ മനസ്സു തുറന്നൊന്നുറക്കെ കരയൂ... ആ കണ്ണീരിലലിയാൻ... ആ തണുപ്പു നുകരാൻ ഞങ്ങൾ കാത്തിരിക്കുന്നു.

എന്ന് സ്വന്തം 

സുമ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com