ADVERTISEMENT

സീനയും ഞാനും (കഥ)

എഴുപതുകളിലെ എന്റെ സ്കൂൾ കാലം... വീട്ടിൽ നിന്നും ഏകദേശം ഒന്നര കിലോമീറ്റർ നടന്നു വേണം സ്കൂളിലെത്താൻ. റോഡിൽ കൂടി നടന്നാൽ ഇരുപത് മിനുറ്റെങ്കിലും എടുക്കും. കൊച്ചു ദേവസ്സി വൈദ്യരുടെ രണ്ടേക്കർ പറമ്പിലൂടെയുള്ള ഇടവഴിയിലൂടെ നടന്നാൽ അഞ്ചു മിനുറ്റ് ലാഭിക്കാം. കൂടാതെ നാട്ടുമാവുകൾ, വാളൻ പുളിമരം എന്നിവയാൽ സമൃദ്ധമായിരുന്നു കൊച്ചു ദേവസി വൈദ്യരുടെ പറമ്പ്. വീണുകിടക്കുന്ന മാങ്ങയും പുളിയുമൊക്കെ പെറുക്കി കൂട്ടുകാർക്ക് കൊടുക്കാം. വേറൊരു കാര്യം.. ഞാൻ പഠിക്കുന്ന ആറാം ക്ലാസ് ബി ഡിവിഷനിലെ സീനയുടെ വീട് വൈദ്യരുടെ പറമ്പിന്റെയടുത്തായിരുന്നു. ഈയിടെയായി കൂട്ടുകാരെല്ലാം നിന്റെ കൂട്ടുകാരിയെവിടെ എന്നു ചോദിച്ചു കളിയാക്കാനും തുടങ്ങിയിരിക്കുന്നു. രാവിലെ പോകുമ്പോൾ സീനയുടെ കൂടെ അടുത്തുള്ള കൂട്ടുകാരൊക്കെ കാണും. വർത്തമാനം പറയണമെന്ന് പല പ്രാവശ്യം ആഗ്രഹിച്ചിരുന്നെങ്കിലും ഒരു സാഹചര്യവും ഒത്തുവന്നില്ല. 

അങ്ങനെയിരിക്കെ ഒരുദിവസം വൈകിട്ട് വീട്ടിലേക്ക് നടക്കുമ്പോഴാണ് മുന്നിൽ സീന മാത്രം, കാലു വിറച്ചിട്ട് അവളുടെ ഒപ്പം എത്താൻ കഴിയുന്നില്ല. വൈദ്യരുടെ പറമ്പിലെ നാട്ടുമാവിന്റെ ചുവട്ടിലെത്തിയപ്പോൾ സർവശക്തിയുമെടുത്ത് വിളിച്ചു. സീനേ.. ഞെട്ടി കൊണ്ട് സീന തിരിഞ്ഞു നോക്കി... എന്താ സാബു? അവൾ നിന്നു! ഒരു കാര്യം പറയാനുണ്ട്... ഞാൻ എന്റെ ബാഗിൽ നിന്നും മാൻഡ്രേക്കിന്റെ ഒരു ചിത്രകഥ പുസ്തകം അവളുടെ നേരെ നീട്ടി. അവൾക്ക് ചിത്രകഥകൾ വളരെ ഇഷ്ടമാണെന്ന് ഞാൻ അറിഞ്ഞിരുന്നു. ചിത്രകഥ പുസ്തകം കണ്ടതും അവളുടെ കണ്ണുകൾ വിടർന്നു. എന്നാലും ചെറിയ പേടിയോടുകൂടി അവൾ പറഞ്ഞു. എനിക്ക് വേണ്ട! ഞാൻ വായിച്ചതാണ്, ഇന്നലെ ഇറങ്ങിയതാ, വായിച്ചിട്ട് തന്നാൽ മതി ഞാൻ പറഞ്ഞു.

എന്താടാ പിള്ളരേ ഇവിടെ പരിപാടി? തിരിഞ്ഞു നോക്കിയപ്പോൾ കാലൻകുടയുമായി മത്തായി മാഷ്. എന്റെ കൈയിലിരുന്ന പുസ്തകം മത്തായി മാഷ് കണ്ടു. രണ്ടക്ഷരം പഠിക്കണ്ട സമയത്ത് അവന്റൊരു കഥവായന... മാഷെന്റെ ചെവി പൊന്നാക്കിയെന്നു പറഞ്ഞാൽ മതിയല്ലോ.. പിന്നീടൊരിക്കലും വൈദ്യരുടെ പറമ്പിലൂടെയുള്ള ഇടവഴിയിലൂടെ ഞാൻ സ്കൂളിൽ പോയിട്ടില്ല ! ഒരു പെൺകുട്ടിക്കും കഥപുസ്തകം വായിക്കാൻ കൊടുത്തിട്ടുമില്ല…

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com