sections
MORE

വിത്ത് കാളപ്പെണ്ണ് (കഥ)

story-illustration
SHARE

കാളവറീച്ചന്റെ അപ്പാപ്പൻ കുഞ്ചലോ, അഞ്ചരക്കോല് താഴ്ചയിൽ കുത്തിയ കിണറുംവക്കിൽ കാലും തൂക്കി ഇരിക്കുകയായിരുന്നു രണ്ടg പുണ്യാളന്മാരും. പെട്ടെന്ന്, മന്തു കാലും വലിച്ചോണ്ട് വന്ന് ഏലിക്കുട്ടി അവരുടെ ഇടയിൽ കൂടി വെള്ളത്തിലേക്ക് ഒറ്റച്ചാട്ടം..

''ബ്ളും".. 

ഒച്ച കേട്ടപ്പഴേ ഏലിക്കുട്ടീടെ അമ്മച്ചി ഏപ്രസ്യാമ്മ ചേടത്തി നെഞ്ചത്തടിച്ച് നിലവിളിച്ച് ആടന്നും ഈടന്നും ആളെ കൂട്ടി.

"അയ്യോ ആരേലുമോടി വായോ, ഏലിക്കുട്ടി പിന്നേം കെണറ്റി ചാടിയേ " 

കക്കാഴം പെരുന്നാളിനുള്ള ഉഴുന്നാട വറുത്ത് കോരുകയായിരുന്നു ഏപ്രസ്യാമ്മ. പടിഞ്ഞാറ്റേ ചാപ്രയില് വേണ്ടാതീനം പോലെ കത്തിക്കത്തി കരി വാരിപ്പുതച്ച വല്യ ചീനച്ചട്ടി കണ്ണ് മിഴിച്ചു കിടന്നു.. ഏപ്രസ്യാമ്മയുടെ ഒടുക്കത്തെ നിലോളി അങ്ങോട്ടുമിങ്ങോട്ടും വീതം വെച്ച് പിരിഞ്ഞു.

നിസ്സഹായരായ പുണ്യാളന്മാർ കിണറും വക്കീന്ന് എഴുന്നേറ്റ് പോയി. ഭിത്തിയിലിരുന്ന അവരുടെ ഫോട്ടോകൾക്കിടയിൽനിന്ന് എന്തു ചെയ്യണോന്നറിയാതെ ഒരു പല്ലി തല നീട്ടി പിടിച്ചു. 

‎എപ്രസ്യാമ്മയുടെ നിലോളി വീതം വെച്ചു കിട്ടിയ കുറ്റോം കൊറവുമുള്ള അയലോക്കത്തുകാര് അവിടുന്നുമിവിടുന്നുമൊക്കെയായി കിണറിനു ചുറ്റും അടിഞ്ഞ് കൂടി.

വല്യ ചീനച്ചട്ടീന്ന്  ഉഴുന്നാട കരിഞ്ഞ മണം എത്തിപ്പിടിച്ച കാക്ക വട്ടമരത്തേന്ന് ചാപ്രയിലേക്ക് പറന്നു. കാള വറീച്ചൻ മുഖം കുന്തിച്ച് വ്യസനിച്ച് തിണ്ണയിൽ കുത്തിയിരുന്നതല്ലാതെ അങ്ങോട്ട് പോയില്ല. അയാളുടെ കൈമുട്ടുകളിൽനിന്ന് ഉരഞ്ഞു പോയ തൊലിപ്പാടിൽ ചോര കിനിച്ച് നിന്നു. ചവിട്ട് നാടകക്കാരൻ ലോറയുടെ ഉലക്കക്കനമുള്ള ചവിട്ടേറ്റ അടിവയറ് വിങ്ങി നീര് കെട്ടി.  മൂത്രം പോകുവോ ആവോ?

വറീച്ചന്റെ ദുഃഖം മുറ്റത്തു നിന്ന അയാളുടെ വിത്തുകാള കണ്ടില്ലെന്ന് നടിച്ചു. ഒത്ത വിത്തുകാളയായിരുന്നു അയാൾക്കുണ്ടായിരുന്നത്. നാട്ടിലുള്ള കാലികൾ മുഴുക്കെ ഗർഭം ധരിച്ചത് വറീച്ചന്റെ കാളയുടെ കരുത്തിലായിരുന്നു. ഒറ്റ തടിപ്പിക്കലിന് കാര്യം നടക്കും.

താഴെപ്പാടത്തെ കേളു പണിക്കനാണ് പശുക്കളെ ചവിട്ടിക്കാനുള്ള മരക്കൂട് മുറ്റത്ത് പണി തീർത്തത്. മുകളിലോട്ടും താഴോട്ടും നിരക്കാവുന്ന അർദ്ധവട്ടം വെട്ടിയ രണ്ട് മരപ്പലകകൾ. മരത്തൂണിൽ കെട്ടി നിർത്തിയ പൈക്കളുടെ കഴുത്തിൽ മരപ്പലക ചേർത്ത‌ടയ്ക്കുമ്പോൾ അവയ്ക്ക് അനങ്ങാനാവില്ല. എന്നിട്ട് വിത്തുകാളയെ കയറഴിച്ച് കയറ്റി വിടും.

അപ്പോൾ ജനാലയിലൂടെ, നാൽപത് കഴിഞ്ഞിട്ടും കെട്ടൊക്കാതെ നിന്ന് പൂത്തുപോയ ഏലിക്കുട്ടി ഒളിഞ്ഞു നോക്കും. അവക്കതു കാണുന്നത് വല്ലാത്ത ഇഷ്ടായിരുന്നു.

ഏപ്രസ്യാമ്മ കണ്ടാൽ വലിയ തെറി വിളിച്ച് പറയുമെങ്കിലും ഏലിക്കുട്ടിയത് ഗൗനിക്കാറില്ല. വിത്തുകാളയുടെ മൂക്ക് വിറപ്പിച്ചുള്ള ചീറലിൽ ചെവിയെറിഞ്ഞ് അവൾ കണ്ണടച്ച് ജനാലയുടെ മരയഴികളിൽ ഇറുക്കി പിടിക്കും. മന്തുനീര് പൊട്ടിയ കാലുകൾ തനിയെ വിടർന്ന് ഭിത്തിയിൽ ചേരും... 

ഉശിരൻ കാളച്ചൂര് തിങ്ങി വിളറിയ കാറ്റിൽ മൂക്ക് ചേർത്ത് ഉരസുമ്പോൾ ചവിട്ട് നാടകക്കാരൻ ലോറയുടെ വിയർപ്പിന്റെ മണമാണ് വിത്തുകാളയ്ക്കെന്ന് ആ നേരം അവൾക്ക് തോന്നും. കിതച്ച് കിതച്ച് തടിച്ച മാറ് ജനാല വേരുകളിൽ തിക്കിത്തിരുകി കിടപ്പുമുറിക്ക് ശ്വാസം മുട്ടും. അപ്പോഴൊക്കെ താനൊരു കാലിപ്പശുവാണെന്നവൾ സങ്കൽപിക്കും..

മുട്ടറ്റം വെള്ളമുള്ള ആഴം കുറഞ്ഞ കിണറിനടിയിൽ മൂടിക്കെട്ടിയ ആകാശം നോക്കി, കെറുവിച്ച പോലെ ഏലിക്കുട്ടി കുത്തിയിരുന്നു. അരപ്പാവാട മാത്രം ചുറ്റി തടിച്ച മുലകൾ താങ്ങിപ്പിടിച്ച് ഏലിക്കുട്ടി കിണറ്റിൽ കിടന്ന് അപ്പനെ ചീത്ത വിളിച്ചു.

"ഞാനീടെ കെടന്നങ്ങ്ചത്തോളാവെ. ഇക്കണക്കിനെന്തിനാ ജീവിക്കണെ. നേരാം കാലത്ത് ന്നെ കെട്ടിക്കാതെ നെർത്തീത് അപ്പന് ഇങ്ങനെ തൊട്ട് രസിക്കാനാരുന്നോ. വിത്തുകാളേനെ പോലെ എനിക്കിനി ജീവിക്കണ്ടായേ.. " 

അന്നേരം മാനത്തൂന്ന് മഞ്ഞവെട്ടം തൂകിയ അരക്കീറ് നിലാവ് ഒട്ടും നാണിക്കാതെ നേരെ കിണറ്റിലേയ്ക്കിറങ്ങി. ആ വെട്ടത്തിൽ എല്ലാരും ഏലിക്കുട്ടിയെ കണ്ടു. അവളുടെ വലിയ മുലകളും കണ്ടു. മരം വെട്ടാൻ തേരാപ്പാര നടക്കണ സത്യനും സിനിമാ കൊട്ടകെ ടിക്കറ്റ് കീറാൻ നിക്കണ അവലോസ് കോരയും, വടം കെട്ടി കിണറ്റിലിറങ്ങി. മുകളിൽ നിന്ന് അമ്മച്ചി ഇട്ടു കൊടുത്ത കള്ളിമുണ്ട് വിടർത്തി കോര ഏലി കുട്ടിയെ വല്ലാതങ്ങ് പുതപ്പിച്ചു. ഏലിക്കുട്ടിക്ക് വല്ലാത്ത നാണം തോന്നി ഒരു കൊണസാ ചിരി ചിരിച്ചു.

കിണറ് വട്ടത്തിൽ കാഴ്ചക്കാരുടെ നിഴല് പെരുകി നിലാവിന് തിക്കുമുട്ടി... നിഴലിന്റെ മറപറ്റി സത്യനും കോരയും തടിച്ചു കുറുകിയ കാലുകളിൽ മന്തുനീര് പൊട്ടിയ ഏലിക്കുട്ടിയെ ആരും കാണാതെ തലോടി. താങ്ങിപ്പിടിച്ച് മരക്കസേരയിൽ ഇരുത്തി അരയിൽ വടം വട്ടംചുറ്റി. ഏലിക്കുട്ടി ശാന്തയായി, സന്തോഷവതിയായി അവരെ മുട്ടിയുരുമ്മി അനങ്ങാതെ ഇരുന്നു കൊടുത്തു. കരയിൽ നിന്നവർ അവളെ വലിച്ചു കയറ്റി വടം അഴിച്ചെടുത്തു.

എല്ലാരും കൂടെ വറീച്ചന്റെ തിണ്ണയിലെ ഇളം വെട്ടച്ചോട്ടിലേക്ക് നിഴലുകൾ നീട്ടിപ്പിടിച്ച് നടന്നപ്പോൾ കിണറ്റിൽ ചന്ദ്രവട്ടം തനിച്ചായിപ്പോയി...

മന്തു കാലും വലിച്ച് തിണ്ണയിലേക്കു കയറിയ ഏലിക്കുട്ടി മുറ്റത്തെ ചവിട്ടുമരക്കൂട് നോക്കിയിരുന്നൊരു നീളൻ നെടുവീർപ്പിട്ടു.

ഏലിക്കുട്ടിയുടെ തീർപ്പാക്കാത്ത വ്യസനം പോലെ ചവിട്ടുമരക്കൂട് അവിടമാകെ വന്യമായ കാളച്ചൂര് പരത്തി. സത്യനും കോരയും ഒച്ചയില്ലാതെ പിറുപിറുത്തതും നാഭിക്കു താഴെ ചൂണ്ടു വിരലും തള്ളവിരലും ചേർത്ത് മാന്തിയതും ആരും കണ്ടില്ല.

vithukalapennu-1

എല്ലാരും തിണ്ണയിൽ ഇരുന്ന വറീച്ചന്റെ ചുറ്റും കൂടിയിരുന്നു. ‎ഇറയത്തെ കഴുക്കോലിൽ കമ്പി വളച്ച് തൂക്കിയിട്ട റാന്തൽ വിളക്ക് പിശുക്കി പിശുക്കി അവർക്കിടയിൽ വെട്ടം വിളമ്പി.

"ഇനി ഏലിക്കുട്ടി കെണറ്റീ ചാടല്ല് ". അവലോസ് കോര മനസ്സില്ലാമനസ്സോടെ പറഞ്ഞു. അതുകേട്ട് സത്യന് കോരയോടു ദേഷ്യം തോന്നി.

"എന്നാ അപ്പനെന്നെ കെട്ടിച്ച് വിട്. പൊരേല് നിർത്തി പെഴപ്പിക്കാൻ നോക്കാതെ" ഏലിക്കുട്ടി കാളയെ നോക്കി പിന്നേം നീളൻ നെടുവീർപ്പിട്ടു.

"കേട്ടല്ലോ വറീച്ചാ. ഇനി വെച്ച് താമസിപ്പിക്കരുത്." പതിനൊന്ന് മക്കളൊളള ഇട്ടിയപ്പൻ തീർപ്പ് വെച്ചു.

"അതിന് ഞാനെഞ്ഞാ കാണിച്ചെന്നാ നിങ്ങള് പറേണെ... ഇവക്ക് വട്ട് മൂക്കണതിന് ഞാനെഞ്ഞാ പെഴച്ച് ". വറീച്ചൻ ചവിട്ടു നാടകക്കാരൻ ലോറയെ മനഃപൂർവം വിഴുങ്ങി. മുറ്റത്തു നിന്ന വിത്തുകാളയത് മനസ്സിലാക്കിയ മട്ടിൽ മണിയൊന്നു കുലുക്കി.

"വട്ട് എനിക്കല്ല അപ്പനാ... എന്നെ മുട്ടി നടക്കാനൊള്ള പൂതി കൊണ്ടല്ലേ കെട്ടിക്കാതെ ഈ കാളനെപ്പോലെ വളത്തണത്".

ഏലിക്കുട്ടി മനഃപൂർവം ചവിട്ടുനാടകക്കാരൻ ലോറയെ ഓർത്തു. ഏലിക്കുട്ടി മൂക്കു പിഴിഞ്ഞ് അവലോസ് കോരയുടെ മുഷിഞ്ഞ കൈലിയിൽ തൂത്തു. കോരയ്ക്ക് ഒട്ടും അറപ്പ് തോന്നിയില്ല..

"ഒന്ന് നെർത്തണുണ്ടോ നെന്റെ പതാരം. വയസ്സ് നാപ്പതായി.. മന്ത്കാലുള്ള കുട്ട തടിച്ചി പോലത്തെ നെന്നെയാര് കെട്ടാനാ... കെട്ട് ദോഷം തീരാത്തേന് അപ്പനെ ചേർത്ത് കള്ളം പറഞ്ഞിട്ട് നെനക്കെന്നാ കിട്ടാനാ."

ഏപ്രസ്യാമ്മ ഒച്ചയെടുത്തു. ഏലിക്കുട്ടിക്ക് തള്ളേനെ കിണറ്റില് തള്ളിയിട്ട് കൊല്ലാൻ തോന്നി. ആരാണ്ടൊരാൾ അന്നേരം അലറിയൊന്ന് തുമ്മി.

"തള്ളേം കൂടി അറിഞ്ഞോണ്ടാ അപ്പനീ വേണ്ടാതീനം കാട്ടണത്. നാട്ടുകാർക്കിത് വല്ലോമറിയാവോ. നിങ്ങള് തന്നെ ഒരു തീരുമാനം ഒണ്ടാക്ക്. എന്റൊപ്പം കളിച്ചു നടന്ന ലൂസിക്ക് മക്കള് നാല്. ലളിത രണ്ട് കെട്ടി. ആനിക്കുട്ടി ഒളിച്ചോടി. എന്റെ കാര്യത്തി വല്ല ചിന്തേമുണ്ടോ തന്തക്കും തളളക്കും".

ഏലിക്കുട്ടി തിണ്ണയിൽ കുത്തിയിരുന്ന് മേല് തുടച്ചു. തടിച്ച മാറിടങ്ങൾ അനുസരണയില്ലാതെ വെറുതെ തുളളി. സത്യനും കോരയും വല്ലാതെയായി. കാറ്റിൽ റാന്തൽ വിളക്ക് ഇളകിയാടി.

"അതിന് ഇന്നെന്ത് കോപ്രായാ വറീച്ചൻ നെന്നോട് കാണിച്ചത്" ഇല്ലാത്തതാണേലും കേൾക്കാനുള്ള രസം കൊണ്ട് അമ്പലത്തറേലെ വാവന്റെ ഭാര്യ പരക്കിഴി അന്നാമ്മ ചോദിച്ചു. അവരുടെ മുൻപല്ല് ഒരെണ്ണം ചാരായ മൂച്ചില് വാവനടിച്ചു കൊഴിച്ചിരുന്നു...

"ഞാൻ ചെല്ലുമ്പോ തൊഴുത്തില് അപ്പനൊണ്ടാർന്ന്. കെടാവിന് പുല്ല് കൊടുത്ത് കറക്കാനിരിക്കണ നേരത്ത് അപ്പനെന്റെ നെഞ്ചേ കേറി പിടിച്ചേച്ച് ഒറ്റ ഓട്ടാരുന്ന്" .

"അപ്പം നെന്റെ ചട്ടയൂരിതാരാ "

പരക്കിഴി അന്നമ്മ എല്ലാരുടേം ഉള്ള് വായിച്ച പോലെ ഒരു രസികൻ ചോദ്യം അവർക്ക് മുന്നിൽ കുത്തി നിർത്തി.. ഏലിക്കുട്ടി കുണുങ്ങി ചിരിച്ചതല്ലാതെ മിണ്ടിയില്ല.

ഭിത്തിയിലിരുന്ന പുണ്യാളന്മാര് തിടുക്കപ്പെട്ട് ഏലിക്കുട്ടീടെ ചട്ടയൂരീത് ലോറായാണെന്ന് ഒച്ചയിട്ടെങ്കിലും ആരുമത് കേട്ടില്ല. വറീച്ചൻ പിന്നെയും മുഖം കുന്തിച്ചു. ഒപ്പം, ഇല്ലാത്തതൊക്കെ കേട്ട് ഭിത്തിയിലിരുന്ന് മടുപ്പടിച്ച പുണ്യാളന്മാരും മുഖം കുന്തിച്ചു. തിണ്ണ മെഴുകിയ ചാണകമണം പൊറുതിമുട്ടിയപോലെ അയാളുടെ മൂക്കിൽ സങ്കടപ്പറ്റ് മാതിരി ചുറ്റി നിന്നു.

ചവിട്ടുനാടകക്കാരൻ ലോറായുടെ നിഴൽ ഏലിക്കുട്ടിയെ ഏറ്റുപിടിച്ച് കൂട്ടിയ അന്തിനേരത്താണ് വറീച്ചൻ തൊഴുത്തിലേക്കു ചെന്നത്.

ശൗര്യം കുടഞ്ഞെറിയാനൊള്ള വെപ്രാളത്തിന് പിൻകാലകറ്റി അരക്കൂട് ഏലിക്കുട്ടീടെ അടിവയറ്റിൽ അമർത്താനൊരുങ്ങുമ്പോഴാണ് ലോറയുടെ വരി വറീച്ചൻ ഉടച്ച് കളഞ്ഞത്... ‎കക്ക് പാല് തികട്ടിയ ലോറയുടെ സുഖത്തിനു മേൽ വേദന കത്തി.. വേദനിച്ച് പൊള്ളിയ പെരുങ്കടൽച്ചൂടിലും അവൻ ഒറ്റ ചവിട്ടിന് കാള വറീച്ചനെ മറിച്ചിട്ടു. വന്ന ഇരുട്ടിലേക്കു തന്നെ ലോറ മടങ്ങിയപ്പോൾ ഉണങ്ങിയ കരിയിലകൾ നേർത്ത വെപ്രാളം കൂട്ടി. കൊടുംതീ കെട്ടടങ്ങാത്ത തുടയിടുക്കിൽ ജന്മദോഷം മാറ്റപ്പൊറുതി വിധിക്കാത്ത ഏലിക്കുട്ടി നിരാശയോടെ കിണറുംകരയിലേയ്ക്ക് ഓടിപ്പോയി.

ഏലിക്കുട്ടിയുടെ മോഹത്തിന് ഒരു തരത്തിലും ഉത്തരവാദികളല്ലാഞ്ഞിട്ടു കൂടി, വന്നുകൂടിയ ആണുങ്ങളും പെണ്ണുങ്ങളും വറീച്ചനെ കുറ്റം പറഞ്ഞു. ഒറ്റത്തടിക്ക് നിൽക്കുന്ന ഒത്ത പെണ്ണിന്റെ മുന്നിൽ വിത്തുകാളയെ പോറ്റുന്ന ദ്രോഹം നാട്ടുകാരും ഭിത്തിയിലിരുന്ന പുണ്യാളന്മാരും എത്ര കുടഞ്ഞിട്ടിട്ടും വറീച്ചനങ്ങ് ദഹിച്ചില്ല.

അയാൾ കാളയുടെ നിഴലനക്കം നോക്കിയിരുന്നു...

ഉള്ളത് വിറ്റുപെറുക്കി വല്ല പൊട്ടനാണേലും ചട്ടനാണേലും കൊടുത്ത് ഏലിക്കുട്ടിക്ക് ഒരു സമാധാനമുണ്ടാക്കാൻ ഉപദേശിച്ച് വന്നോരൊക്കെ പിരിഞ്ഞുപോയി. പോണപോക്കിൽ സത്യനും കോരയും അവളെ ദയനീയമായി തിരിഞ്ഞു നോക്കി. ഏലിക്കുട്ടി മുഷിഞ്ഞ ചട്ട വീണ്ടും ധരിച്ചു. ആരോ പ്രാകിയ പോലെ അന്നത്തെ രാത്രി അന്തംവിട്ടങ്ങ് കറുത്തു....

വക്കിൽ നീല അരഞ്ഞാണം പാകിയ കുഴിവുള്ള വെള്ളപിഞ്ഞാണത്തിൽ തള്ള കഞ്ഞി വിളമ്പി. അതിലോട്ട് തേങ്ങാ ചമ്മന്തി കലക്കി കണ്ടരുമാനം കുടിച്ച് ഏലിക്കുട്ടി രണ്ട് ഏമ്പക്കം നല്ല കനത്തിൽ വിട്ടു.

"ഇനീം കഞ്ഞി വേണം. പള്ള കത്തണ്"

"ഇനി അപ്പനൊള്ളതേയുള്ളൂ. ഞാനോ പട്ടിണിയായി ". മൺകലത്തിന്റെ മുക്ക് മൂലകളിൽ മലക്കം മറിഞ്ഞ് ചിരട്ട തവി നിരാശയോടെ പൊന്തി വന്നു.

"ഒള്ളത് ഊറ്റികൊടുക്ക്. " വറീച്ചൻ മുറ്റത്തോട്ട് നോട്ടം എറിഞ്ഞു കളഞ്ഞു.

"ഊറ്റണ്ട "

മൺകലം പിടിച്ചു വാങ്ങി ഏലിക്കുട്ടി അവശേഷിച്ച വറ്റുകൾ വാരി തൊള്ളയിലിട്ടു. ഈമ്പി കുടിച്ച കഞ്ഞിവെള്ളം ഊറി അവളുടെ നെഞ്ച് നനഞ്ഞു. എന്നിട്ടും വിശപ്പ് കെട്ടില്ല.

ഏലിക്കുട്ടിയുടെ തടിച്ച മുലമുനമ്പിൽനിന്നു വലിച്ചെടുത്ത ഏപ്രസ്യാമ്മയുടെ നനഞ്ഞ കണ്ണുകൾ ഓട് പൊട്ടിയ വിടവിലൂടെ ആകാശത്ത് അരൂപികളുടെ ആത്മാവ് തേടി വെറുതെ മേഞ്ഞു നടന്നു.

ചാണകം തേച്ചുണക്കിയ പായയിൽ മലർന്ന് കിടന്ന് ഏലിക്കുട്ടി അത്യുച്ചത്തിൽ കൂർക്കം വലിച്ചു. മന്തുകാലു കൊണ്ട് മാന്തി കീറിയിട്ട പായ വക്കുകളിൽ ഏലിക്കുട്ടിയുടെ വികാരം കെട്ടി മറിയുന്ന പോലെ ഏപ്രസ്യാമ്മയക്ക് തോന്നി.

കാമം ശമിച്ചൊടുങ്ങാത്ത വിത്തുകാളയുടെ മുരണ്ട ശബ്ദം അവരെ വട്ടം ചുറ്റിയപ്പോൾ ആർത്തിയമരാതെ കത്തിയ  റാന്തൽ വെളിച്ചം ആരോടും ചോദിക്കാതെ കെട്ടു. കോലായിലെ ഇരുട്ടിലിരുന്ന് ബീഡികൾ പുകഞ്ഞ് തീർന്നു.

"വകതിരിവില്ലേലും പെണ്ണ് പെണ്ണല്ലാണ്ടാവോ. ഉറക്കം കെട്ടാ പെണ്ണിനാ പ്രാന്ത്. ഇളംപ്രായത്തിലേ പെണ്ണ് കാണണതല്യോ വിത്തുകാളേടെ പരാക്രമം"...

ഏപ്രസ്യാമ്മയുടെ കനപ്പെട്ട ശബ്ദം പുണ്യാളന്മാരുടെ ചെവീലുമെത്തി. ഭിത്തിയിലെ ഫോട്ടോകൾ കാത് പൂട്ടി കളഞ്ഞു.

"നമുക്ക് ആ വിത്തുകാളയെ ഇറച്ചിക്ക് വിറ്റാലോ ''.

"വേണ്ട, വരിയൊടച്ച് കളഞ്ഞിട്ടുണ്ട്. "

തൊഴുത്തിൽനിന്നു ലോറയുടെ നിലോളി കേട്ടതു പോലെ തോന്നി. അറ്റ് വീണ പഴുത്ത മുരിക്കിലകൾക്കു മേൽ അനക്കമില്ലാതെ ഒരട്ട ചുരുണ്ട് കിടന്നു...

ഏപ്രസ്യാമ്മയുടെ മൂന്നാമത്തെ പേറ് തുലാകീറിലാരുന്നെന്ന് അയാളോർത്തു. ആദ്യത്തെ രണ്ടും പ്രസവത്തോടെ മരിച്ചു. മഴയ്ക്ക് വല്ലാത്ത സമാധാനക്കേട് തോന്നിച്ച പാതിരാ നേരത്താണ് പേറ്റു വേദന തൊടങ്ങീത്. മണ്ണെണ്ണ വിളക്കിനോടു പിണക്കം ഭാവിച്ച വെട്ടം പനമ്പ് മറയെ തൊട്ടില്ല.

‎കൂറ്റൻ മഴയത്ത് അമ്മിണി വേലത്തീനെ തേടി വറീച്ചൻ മുറ്റത്തോട്ടിറങ്ങുമ്പോ വിത്തുകാളയും അയാളും എന്തോ അർഥം വെച്ച് മുഖത്തോടുമുഖം നോക്കി. ഇരുട്ടിന്റെ നെഞ്ചിൽ ചവിട്ടി അയാൾ പാണപറമ്പിലെ നായരുടെ വേലിപ്പടർപ്പ് താണ്ടി വേലത്തിയുടെ വീട്ടിലെത്തി.. 

തുലാമഴയിൽ മരോട്ടിമരം വിശറി പോലെ ആടിയുലഞ്ഞ മുറ്റത്ത് നിന്ന് കരിഞ്ചായം പൂശിയ പലകയിൽ കൊട്ടിവിളിച്ച് പണ്ടാരടങ്ങിയ നേരത്താണ് അമ്മിണി വേലത്തി വിളി കേട്ടത്....

"ദേടാ സാലിനെ പൊലീസാണെന്ന് തോന്നണ്. എറങ്ങി ഓടാൻ നോക്ക് പുള്ളെ നീ ". ...

രാത്രി വാതിലിൽ മുട്ടണത് പൊലീസാണെന്നാണ് ഇപ്പോ കുറെയായിട്ട് വേലത്തിയുടെ ചിന്ത. അവരുടെ മോൻ സാലിൻ പൊലിസിന്റെ ഇടിയാവോളം കൊണ്ട ചുമയ്ക്കുന്ന നക്സലൈറ്റായിരുന്നു.

"പൊലീസല്ല വേലത്തി വറീച്ചനാ. കാളവറീച്ചനാ "...

പൊലീസിന്റെ ഇടി കൊണ്ട് വരണ്ടുണങ്ങിയ സാലിൻ അകത്തൂന്ന് പാടുപെട്ട് ചുമച്ചു. മൂന്നുറുപ്പികേന്റെ അലൂമുനിയം വെളക്കിന്റെ വെളിച്ചം, പലക വിടവിലൂടെ അരിച്ചു പുറത്ത് കടന്നേച്ച് ഇരുട്ടിന്റെ മുഖത്ത് മെല്ലെയൊന്ന് കുത്തി.. വാതിൽ ചേർത്തടച്ച് വേലത്തി വലിയൊരു തേക്കിലയടർത്തി തല മൂടി അയാൾക്ക് പിന്നാലെ മഴയത്ത് നടന്നു. കൈതവരമ്പ് കടന്നപ്പോ ഇരുണ്ട് കിടന്ന സർപ്പക്കാവിന് മുന്നിൽ നിന്ന് അമ്മിണി വേലത്തി പിറുപിറുത്തത് വറീച്ചന്റെ ആവലാതികൂട്ടി...

"നാഗത്താന്മാരെ ഇത്തോണേലും ജീവനുള്ളതിനെ കിട്ടിയാ മതിയാരുന്ന്. ശവം വലിച്ചെടുത്ത് മണ്ണില് കുത്തി മൂടിയാ പച്ച വെള്ളം തൊണ്ണേന്നിറക്കാനൊക്കുകേല".

വലിയൊരു മിന്നൽ കാഞ്ഞിരതലപ്പ് തൊട്ട് കടന്നു പോയി.. വെളുക്കപ്പുറം വരെ അമ്മിണി വേലത്തി നടുനീർത്തീല്ല. വറീച്ചനും അയാളുടെ വിത്തുകാളയും ഉറക്കം വരാതെ എങ്ങോട്ടൊക്കെയോ തുറിച്ചു നോക്കി സമയം മറന്നു. പനയോല പിഴിഞ്ഞ് മടുത്ത മഴ പിന്നെ വരാമെന്ന് വാക്ക് കൊടുത്ത് പിരിയുമ്പോൾ അകത്തുന്ന് ഏലിക്കുട്ടിയുടെ നിലോളി കേട്ടു...

"ചത്ത പോലെ കിടന്നതാ... മൂന്നാമത്തെ പിച്ചിന് ഒറ്റ മോങ്ങാരൂന്ന്.. " കൊടും തണുപ്പിലും വിയർത്ത മോന്തയും കഴുത്തും അമ്മിണി വേലത്തി തുടച്ചു. മാനത്ത് മഴ വീണ്ടും തുടുത്തു പൊട്ടി. നനഞ്ഞ കാമം ഉഴുത് മറിച്ച വിത്തുകാള ആരോടെന്നില്ലാതെ അലറി കൊണ്ടിരുന്നു... 

പിൻ കാലുകൾ ചേർത്ത് വരിയമർത്തി തൃഷ്ണയടക്കിയ കാളയുടെ ചന്തിയിൽ തുരുതുരാ ചാട്ടയെറിഞ്ഞ വറീച്ചൻ പേറ്റ് മണം കുമിഞ്ഞടിഞ്ഞ വണ്ടൻ തേനീച്ച കൂട് പോലത്തെ മുറിയിലേക്ക് കയറി..

അയഞ്ഞ കയറ് കട്ടിലിൽ ഒഴിഞ്ഞ വയറ് മൂടിയ ഏപ്രസ്യാമ്മയുടെ അടുത്തു കിടന്ന ഏലിക്കുട്ടിയെ അയാൾ നിറഞ്ഞു നോക്കി..  കാളയുടെ മുക്കലും ചീറ്റലും കാത് തുറന്ന് പിടിച്ച് കേക്കണപ്പോലെ കുഞ്ഞ് ചെവിയനക്കുന്നപോലെ അയാൾക്ക് തോന്നി...

ഏലിക്കുട്ടി വളന്ന് പൊങ്ങിയപ്പോ കരക്കാര് ആദ്യം പറഞ്ഞത് വറീച്ചനൊണ്ടായത് പൊട്ട കുണാപ്പാണെന്ന്. പിന്നെ പറഞ്ഞ് മന്തുകാലിയാന്ന്... ഇപ്പോ പറയണ് വിത്തുകാള പെണ്ണാണെന്ന്... അവളെ ആണിനെ കൊതിപ്പിച്ചത് വറീച്ചനാണെന്ന് നാട്ടുകാര് പറഞ്ഞു.

പള്ളീലും പള്ളുകുടത്തിലും പോകാതെ പ്രായം തെകച്ച ഏലിക്കുട്ടി വിത്തുകാളയുടെ ചൂര് കൊതിച്ചു തുടങ്ങി. 

ഏപ്രസ്യാമ്മ കത്തിച്ച മെഴുകുതിരികളും നാവുഴിഞ്ഞ് തീർത്ത മദ്ധ്യസ്ഥ പ്രാർത്ഥനകളും വറീച്ചന്റെ വിത്തുകാളപ്പുരവിട്ട് ആകാശത്തോട്ട് പോയില്ല... പതാരംകേട്ടു മടുത്ത പുണ്യാളന്മാര് ഏലിക്കുട്ടീടെ മന്തുനീര് പൊട്ടിയ കാലിൽ നോക്കി സ്വയം സമാധാനിച്ചു... 

ഏപ്രസ്യാമ്മയുടെ തൃപ്തിക്കാണ് ഇടവകേന്നച്ചൻ വന്നത്... അച്ചനെ കണ്ടപ്പോ ഭിത്തിയേലിരുന്ന പുണ്യാളന്മാര് പള്ളിയൊന്ന് കാണാൻ കൊതിച്ച പോലെ ഭിത്തിയേന്നിറങ്ങി പള്ളിമേടയിലേക്ക് ഓടി... വാതിലടച്ച ഏലിക്കുട്ടീടെ മുറീല് വിത്തുകാള പോലെ അങ്ങോട്ടുമിങ്ങോട്ടും നടന്ന അച്ചന്റെ ളോഹ ചവിട്ടുമരക്കൂട് മറച്ച് തുറന്ന ജനാല മൂടി കിടന്നു.

പുറത്തെ ഇരുളിൽ ചവിട്ട് നാടകക്കാരൻ ലോറയുടെ മുരടനക്കം കാതോർത്തിരുന്ന വറീച്ചനെ തുറിച്ച് നോക്കിയേച്ച് ഒന്നും മിണ്ടാതെ അച്ചനങ്ങ് പോയി... വിത്ത് കാളയന്നേരം മുറ്റത്ത് കണ്ണടച്ച് തളർന്ന് കിടന്നു. അച്ചൻ പോയ തക്കം നോക്കി ആരും കാണാതെ പുണ്യാളന്മാര് വന്ന് പഴയത് പോലെ ഭിത്തിയിൽ കയറി... 

ഏലിക്കുട്ടീടെ കൂർക്കം വലികേട്ട് വിത്തുകാള കാത് കൂർപ്പിച്ചു... ഏപ്രസ്യാമ്മ ഇരുട്ടിന് കണ്ണുകൊടുക്കാതെ തിരിഞ്ഞും മറിഞ്ഞും എങ്ങനെയൊക്കയോ ഉറക്കം നെയ്തെടുത്തു....

ഇറയത്തിരുന്ന വറീച്ചൻ മുറ്റത്തേക്ക് ഇറങ്ങി... അയാളെ കാത്തിട്ടെന്ന പോലെ കിടന്ന വിത്തുകാള മെല്ലെയെഴുന്നേറ്റു. വിടർത്തിയിട്ട കാലുകൾക്കിടയിലൂടെ വറീച്ചൻ കാളയുടെ വൃഷ്ണ സഞ്ചിയിൽ കൈകളമർത്തി. കടുംവേദനയിൽ ഒന്ന് വിറഞ്ഞതല്ലാതെ മറ്റൊരു ശബ്ദവും അതിൽ നിന്നുണ്ടായില്ല. വരിയുടഞ്ഞ വിത്തുകാളയുടെ കയറഴിച്ചെടുത്ത് അതിനെ അതിര് കടത്തിയോടിച്ച് വറീച്ചൻ കിണറ്റിനരികിലേയ്ക്ക് നടന്നു..

അയാള് ചെല്ലുമ്പോൾ പുണ്യാളന്മാര് സൊറ പറഞ്ഞ് കിണറ് വക്കിലിരിപ്പുണ്ടായിരുന്നു... ഇറയത്തെ ഇളംതണുപ്പിൽ ഇരുട്ട് അന്ധരെ പോലെ തപ്പിതടഞ്ഞ് നടന്നു...

എപ്പഴോ വിത്ത്കാളച്ചൂര് തട്ടിയുണർത്തിയ ഏലിക്കുട്ടി മുറ്റത്തെ മരക്കൂടിനടുത്ത് എത്തി. ചവിട്ട് നാടകക്കാരൻ ലോറയുടെ വിയർപ്പു മണം അവളുടെ കിതപ്പ് കൂട്ടി. ദ്വാരമുള്ള മരപ്പലകകൾ നിരക്കി തല കടത്തി ഇരുകൈകളും വിടർത്തി മര തൂണുകളിൽ പിടിച്ച് മന്ത് നീര് പൊട്ടിയ കാലുകൾ വിടർത്തി സ്വയമൊരു മൃഗമായി സങ്കല്പിച്ച് അവൾ വരിയുടഞ്ഞ വിത്തുകാളയുടെ അടിയിലേക്ക് മലർന്നു..

ഒന്നുമില്ലാത്ത കട്ട മാനം വിരിച്ച, കൂർത്ത ഇരുട്ടിൽ കയറൂരി വിട്ട വിത്തുകാളയുടെ കണ്ണുകൾ തിളങ്ങുന്നത് വറീച്ചൻ കണ്ടു. ഒന്നല്ല.. ഒരുപാട് വിത്തുകാളകൾ. തനിക്ക് ചുറ്റും മുരണ്ട്, മൂക്ക് ചീറി വാലുയുർത്തി നടക്കുന്നു...

കമുങ്ങ്പാളകെട്ടിയിട്ട കിണറിന്റെ വക്കിൽ, കാറ്റ് തടം കെട്ടിയ മരക്കാലിൽ കാളക്കയറിൽ അയാൾ തൂങ്ങിയാടുന്നത് കണ്ടേച്ച് പുണ്യാളന്മാരെഴുന്നേറ്റ് പോയി.

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
FROM ONMANORAMA