sections
MORE

കാൻസറിന്റെ വേദനയിൽ കുരുന്ന്; ഉരുകിതീരുന്ന അച്ഛനമ്മമാരുടെ കഥ

boy
പ്രതീകാത്മക ചിത്രം
SHARE

ദൈവനീതി (കഥ)

നീലാകാശത്ത് ഹിമശകലങ്ങൾ പോലെ വെൺമേഘങ്ങൾ വേഗത്തിൽ പാറി നടന്നു. അവയ്ക്കിടയിൽ നിന്ന് നാലു കറുത്ത കുതിരകൾ വലിക്കുന്ന സ്വർണ്ണ നിറമുള്ള തേരിൽ ഡോക്ടർ ഗോപിചന്ദിന്റെ മുഖമുള്ള ദൈവദൂതൻ രണ്ടു കൈയും നീട്ടി പ്രസന്നവദനനായി വന്നു. ജലജയുടെ മടിയിൽ കിടന്ന മുകിൽ ചിരിച്ചു കൊണ്ടെഴുന്നേറ്റു... അവൾ തടയാൻ ശ്രമിച്ചിട്ടും നിൽക്കാതെ അവൻ രഥത്തിനു നേർക്കോടി... ദൈവദൂതൻ അവനെ വാരിയെടുത്തു. "എന്റെ മോൻ" കരഞ്ഞുകൊണ്ട് ജലജ ഓടിച്ചെന്നെങ്കിലും കുതിരകളെ ദൈവദൂതൻ വേഗത്തിൽ തിരിയെ പായിച്ചു.... മുകിൽ അമ്മയെ നോക്കിയതേയില്ല. കൈകൾ കൊട്ടി ചിരിച്ചു കൊണ്ട് അയാളോട് ചേർന്നു നിന്നു. ഉറക്കത്തിൽ നിന്ന് ജലജ ഞെട്ടിയുണർന്നു അടുത്തു കിടന്ന മുകിലിനെ കൂടുതൽ ചേർത്തു പിടിച്ചു കൊണ്ട് അർദ്ധബോധത്തിൽ അവർ പുലമ്പി.. "പോകല്ലേ കുട്ടാ... അമ്മയെ വിട്ട് പോകല്ലേ." അവൻ ഉറക്കത്തിൽ പതിയെ പറഞ്ഞു. "ഞാൻ പോവില്ലമ്മാ..."

സജു ആകെ അസ്വസ്ഥമായ ദിവസങ്ങളായിരുന്നു അത്.19 വർഷങ്ങൾക്കു മുമ്പ് അച്ഛൻ മരിച്ചപ്പോഴും 4 വർഷം മുമ്പ് അമ്മ മരിച്ചപ്പോഴും പോലും ഇങ്ങനെ വിഷമിച്ചിട്ടില്ല. അച്ഛൻ മരിച്ചതിനു ശേഷമുള്ള കാലമത്രയും കൃഷിയും കന്നാലികളും വീട്ടുകാര്യവും നോക്കി നടത്തിയപ്പോഴും ഇങ്ങനെ സങ്കടത്തിലായിട്ടില്ല. ഇക്കാലത്ത് ഏത് കൃഷിക്കാരനാണ് രക്ഷപ്പെട്ടിട്ടുള്ളത്?. കല്യാണം കഴിഞ്ഞപ്പോ മറ്റെന്തെങ്കിലും ബിസിനസ് തുടങ്ങാൻ എല്ലാവരും ഉപദേശിച്ചതാണ്. വന്ന് കേറിയ പെണ്ണ് ജലജയും കൃഷിയെ എതിർത്തു നോക്കിയതാണ്. അപ്പനപ്പൂപ്പൻമാരുടെ കാലത്ത് നാനൂറ് പറ നെല്ല് അളന്നു കൂട്ടിയ മുറ്റമാണ്. അയ്യായിരം തേങ്ങ വെട്ടി ചെട്ടിയാന്മാർ പൊതിച്ച് കൂട്ടിയിട്ട പറമ്പാണ്. നാല് പത്തായങ്ങൾ അകപ്പുരകളിൽ അമർന്നിരുന്ന വീടാണ്. കാലിത്തൊഴുത്തിൽ എപ്പോഴും കന്നുകാലികൾ അയവെട്ടി വിശ്രമിച്ചിരുന്നതാണ്... എല്ലാം ക്ഷയിച്ചു.

കാലാകാലങ്ങളിൽ നടുവൊടിഞ്ഞതു തന്നെ മിച്ചം. ജലജ അകാലവാർദ്ധക്യത്താൽ നര വീണ് നിറം കെട്ടവളായി. നിറം കെട്ട വേഷങ്ങളിൽ മുകിൽ കൂട്ടുകാരിൽ നിന്ന് ഒറ്റപ്പെട്ടു. അവൻ അച്ഛന്റെ മാത്രം കളികൂട്ടുകാരനായി. എങ്കിലും ആളുകൾ മഞ്ചാടി വീട്ടിലെ സജുവിനെ കർഷകശ്രീയെന്നാണ് പകുതി കളിയായും പകുതി കാര്യമായും വിളിക്കുന്നത്. പറമ്പും വയലും ക്ഷയിച്ചെങ്കിലും ഇപ്പോഴും നെൽകൃഷി ചെയ്യുന്നത് സജി മാത്രമാണ്. പൊതുകാര്യങ്ങളിൽ ഇടപെടാൻ അവന് നേരമില്ല. എപ്പോഴും വയലിലോ പറമ്പിലോ എന്തെങ്കിലും പണി ചെയ്ത് മുഷിഞ്ഞ് അവനുണ്ടാകും. അതിൽ കിട്ടുന്ന വിളവാണ് അവന്റെ വരുമാനം.

ഒരു കൃഷിക്കാരനും ദുരന്തങ്ങളുടെ കഥയില്ലാതെ ഋതുക്കൾ പൂർണമാകില്ലല്ലോ. പ്രളയത്തിന്റെയോ വരൾച്ചയുടെയോ കാറ്റ് വീഴ്ചയുടെയോ ഒക്കെ തടയാനാകാത്ത ആഘാതങ്ങൾ ഒരു പരാതിയുമില്ലാതെ ഏറ്റ് വാങ്ങേണ്ടവനാണ് കർഷകൻ.

ഇപ്പോഴിതാ മറ്റൊരാഘാതം കൂടി.... മുകിലിന് പതിമൂന്ന് വയസ്സാണ്. രണ്ടു വർഷം മുമ്പാണ് അവന്റെ അസുഖം കണ്ടെത്തിയത്. ക്യാൻസർ... മാസങ്ങളോളം ആർസിസിയിൽ ചികിത്സകളുടെ കാലമായിരുന്നു. അറിഞ്ഞെത്തിയ നാട്ടുകാർ രക്തം മാറി മാറി കൊടുത്തു. മോന്റെ ചികിത്സക്കു വേണ്ടി കുറച്ചു വസ്തുക്കൾ വിറ്റു.

മുകിൽ പതിയെ കിടപ്പു രോഗിയായി. ആശുപത്രിയിൽ സ്ഥിരം അഡ്മിറ്റായി. ആശുപത്രി വരാന്തയിൽ സജുവിനോടൊപ്പം ജലജയും അവന്റെ ഇരുവശവും കൂട്ടിരുന്നു. നാളുകൾ കഴിയവേ മകന്റെ ശരീരം എല്ലുകൾ മാത്രമായി.. കുഴിയിൽ വീണ കണ്ണുകൾ കണ്ണീരില്ലാതെ കരഞ്ഞുകൊണ്ടിരുന്നു. നാവ് വരണ്ടിട്ട് എപ്പോഴും വെള്ളത്തിനായ് ചുണ്ടുപിളർത്തി ശബ്ദമില്ലാതെ വെള്ളം എന്നവൻ വിളിക്കും. ഒരിക്കലും അവന്റെ പ്രസരിപ്പിലേക്ക് അവൻ തിരിച്ചു വന്നില്ല. ഒരു ചെക്കപ്പ് ദിവസം വൻ തിരക്കിനിടയിൽ ആർസിസിയിലെ ഡോക്ടർ പറഞ്ഞത് ഏതെങ്കിലും പാലിയേറ്റീവ് കെയറിലേക്ക് കൊണ്ടു പൊയ്ക്കോളാനാണ്. നാലാം ഘട്ടത്തിലേക്ക് കടന്നിരിക്കുന്നു. കൂടുതൽ ഭാഗത്തേക്ക് രോഗം പടർന്നു കഴിഞ്ഞു. മരണമല്ലാതെ മറ്റൊന്നും ഇനി പ്രതീക്ഷിക്കണ്ട..

ജലജയുടെ കണ്ണുനീർ തോരാതെയായി...

അവന്റെ നിർബന്ധങ്ങൾക്ക് അവൾ കൂട്ടുനിന്നു. അവന്റെ വേദനകളിൽ അവൾ തലോടലായി... എത്രയോ രാവുകളിൽ അവനു വേണ്ടി അവന്റെ കൈകാലുകൾ തിരുമ്മി അവൾ ഉണർന്നിരുന്നു. അവന്റെ നിലവിളികൾ കേൾക്കാൻ കരുത്തില്ലാതെ സജു ഒഴിഞ്ഞ കാലിതൊഴുത്തിൽ തല കുമ്പിട്ടിരുന്നു. മുകിൽ വേദന തിന്നുതീർക്കാനാകാതെ ഞെളിപിരികൊണ്ടു.

ഏതോ ബന്ധുവാണ് പറഞ്ഞത്. "നിങ്ങളിങ്ങനെ ഇവനെയിട്ട് കഷ്ടപ്പെടുത്താതെ എറണാകുളത്തെ ഹോസ്പിറ്റലിൽ കൊണ്ടു പോയേ... എന്തെങ്കിലും സാധ്യതയുണ്ടെങ്കി അവര് തിരിച്ചു കൊണ്ടുവരും... ഉറപ്പ്. പക്ഷേ പണം കുറച്ചധികമാകും"

അങ്ങനെയാണ് ആ സ്വകാര്യ ആശുപത്രിയിൽ അവനെ അഡ്മിറ്റ് ചെയ്തത്. ദിവസങ്ങൾ പൂവിതളുകൾ പോലെ അടർന്നുവീണു. ഇതിനിടയിൽ വയലിനോട് ചേർന്നുള്ള തെങ്ങിൻ പറമ്പും റോഡിനോട് ചേർന്ന് കിടന്ന 3 സെന്റും എഴുതി വച്ച് കിട്ടിയ പന്ത്രണ്ടു ലക്ഷം ചെലവാക്കി. മകന്റെ മനസിലാവാത്ത ആന്തരിക ഭാഗങ്ങൾ സജുവിന്റെ സ്വപ്നങ്ങളിൽ ഭീകരരൂപം പൂണ്ടുവന്നു. ഭാവനയിൽ പോലും കൊണ്ട് വരാൻ കഴിയാത്ത ക്യാൻസർ രോഗാണുക്കൾ സജുവിന്റെ തലക്കു മുകളിൽ ക്രൂരമായി ചിരിച്ചാർത്തു. 40 ദിവസത്തെ സ്വകാര്യ ആശുപത്രിയിലെ ചികിത്സകൊണ്ട് ഒരു ഭേദവുമുണ്ടായില്ല. കീമോ താങ്ങാനാവാതെ മുകിലിന്റെ വായിൽ പൊള്ളലുകൾ വന്നു. നടു വളച്ച് ദൈന്യതയാൽ അമ്മയെ നോക്കി അവൻ കിടന്നു. ശരീരം എപ്പോഴും പനിപിടിച്ചതു പോലെ വിറച്ചുകൊണ്ടിരുന്നു. നാലാമത്തെ കീമോക്ക് മുമ്പ് ഡോക്ടർ ഗോപിചന്ദ് വിളിപ്പിച്ചു.

"ഞങ്ങളുടെ മാക്സിമം ട്രൈ ചെയ്തു... ഇത് ലാസ്റ്റാണ്: കോഴ്സ് പൂർത്തിയാകാൻ ഒരു ഇഞ്ചക്ഷൻ കൂടി വേണം... പക്ഷേ അവന്റെ ശരീരം അത് താങ്ങുമോയെന്നറിയില്ല. ചിലപ്പോൾ ജീവൻ കിട്ടും. കാഴ്ച ഇല്ലാതാവുകയോ ശരീരം തളർന്നു പോവുകയോ അങ്ങനെയെന്തെങ്കിലും സൈഡ് എഫക്ട് വന്നേക്കാം: ഇപ്പോൾ തന്നെ ന്യുമോണിയ അവന് ബാധിച്ചിട്ടുണ്ട്. "

ജലജ സാരി തലപ്പ് വായിൽ തിരുകി വിതുമ്പി. ഡോക്ടർ ആശ്വസിപ്പിക്കാനെന്നവണ്ണം തുടർന്നു.

"നിങ്ങൾ പറഞ്ഞാൽ അതു ചെയ്യാം.. ചെലവ് നാല് ലക്ഷം കൂടി ആകും. ഒരു ഭാഗ്യപരീക്ഷണം... മിറക്കിൾ സംഭവിക്കാം... ആലോചിക്ക് "ഡോക്ടർ പോയപ്പോൾ ജലജ വിതുമ്പി.

"കാഴ്‌ച പോയാലും അനങ്ങാണ്ടായാലും എന്റെ മോനെ എനിക്ക് കാണാമല്ലോ.... ചേട്ടൻ പോയിട്ട് എന്തെങ്കിലും ചെയ്യ്."

രണ്ടു ദിവസമായി സജു അലയുകയാണ് നാലുലക്ഷം വേണം. ആരുതരാൻ? ഈടുവയ്ക്കാൻ മഞ്ചാടിവീട് മാത്രമേയുള്ളൂ. അപ്പനെയും അമ്മയെയും അടക്കം ചെയ്ത നാലുസെന്റ് പറമ്പും... ഒഴിഞ്ഞ കാലിതൊഴുത്തിൽ സജു തല കുമ്പിട്ടിരിക്കുമ്പോൾ ഗോമാതാക്കൾ അദൃശ്യരായി വന്നവനെ നീണ്ട അരമുള്ള നാവ് നീട്ടി സ്നേഹത്താൽ തലോടി. പറമ്പിലാകെ ക്യാൻസർ ബാധിച്ച തെങ്ങും കവുങ്ങും കുരുമുളക് വളളികളും ദൈന്യതയാർന്ന് നിലവിളിച്ചു. സജുവിന്റെ സ്വപ്നത്തിൽ രോഗാണുക്കൾ കൃഷിയിടങ്ങളിലൂടെ ആർത്ത് ചിരിച്ച് കറങ്ങി നടന്നു. അവയെ കൈകളാൽ ആട്ടിയകറ്റിക്കൊണ്ട് അച്ഛൻ അടുത്തുവന്നിരുന്നു... സജു കരഞ്ഞുപോയി.

"എന്റെ മകനെ എനിക്ക് തിരിച്ചു കിട്ടുമോ..." അച്ഛൻ സജുവിന്റെ മുതുകിൽ തടവികൊണ്ടിരുന്നു.

"കൃഷിക്കാരൻ എല്ലാ നഷ്ടത്തിലും ആശ്വസിക്കേണ്ടതെങ്ങനെയെന്നറിയില്ലേ... ദൈവം തന്നത് ചിലപ്പോൾ തിരിച്ചെടുക്കും... അത് ദൈവനീതിയാണ്... അത് കാറ്റായും മഴയായും കിളിയായും പതിരായും....''

സജു അച്ഛന്റെ കൈ തട്ടിമാറ്റി... "ദൈവങ്ങൾക്കും ഞങ്ങളോട് പുച്ഛമാ... ഞങ്ങൾ പൂജക്ക് നൽകുന്നത് കാട്ടുപൂക്കൾ മാത്രമാണല്ലോ?.. ഞങ്ങളുടെ നൈവേദ്യം ചാഴിയൂറ്റിയ നെൽക്കതിരുകൾ മാത്രമല്ലേ? ചെളിയുടെയും വേർപ്പിന്റെയും ഗന്ധമില്ലാതെ ഞങ്ങൾ പൂജക്കു ചെല്ലുന്നില്ലല്ലോ. സ്വർണത്തിന്റെയും വെള്ളിയുടെയും തിരുവാഭരണങ്ങൾ കൊടുക്കുന്നില്ലല്ലോ... ദൈവനീതി ..."

ഉറക്കത്തിൽ നിന്ന് സജു ഞെട്ടിയുണരുമ്പോൾ വാതിലിലാരോ വിളിക്കുന്നു. നേരം പുലരുന്നതേയുള്ളൂ... പഞ്ചായത്ത് മെമ്പറും കുറച്ചു നാട്ടുകാരുമാണ്.

"സജു വിഷമിക്കണ്ട... കാശിന്റെ കാര്യം ശരിയായി.. ഒരുപാട് പേർ സഹായിച്ചു...." സജു ഒന്നും മനസിലാവാതെ നിന്നു.

"നീയി നാട്ടിൽ അന്നം വിളയിക്കുന്നവനാ... നിന്റെ ആപത്തിൽ സഹായം ചോദിച്ചപ്പോൾ എല്ലാവരുംല ആവുന്നതെല്ലാം തന്നു... ഇതാ നാലുലക്ഷം ഉണ്ട്. ചികിത്സ നടക്കട്ടെ... അവൻ തിരിച്ചു വരും. നീ ധൈര്യമായിരിക്ക് "

കൈയിലെ പൊതിക്കെട്ടിലേക്ക് കണ്ണുനീർ വീണു കൊണ്ടിരുന്നു. നാട്ടിലെ കല്ലാശാരിയുടെയും മീൻ വിൽപനക്കാരന്റെയും അലക്കുകാരന്റെയും പെട്ടിക്കടക്കാരന്റേയും ഉൾപ്പെടെ എല്ലാ ചെറിയവന്റെയും പ്രാർത്ഥനകൾ ആ പൊതിക്കെട്ടിൽ തുടിച്ചു. പ്രതീക്ഷകളുടെ പുത്തൻചിറകിലേറി സജു ആശുപത്രിയിലേക്ക് നടന്നു. 

പത്തു മണിക്ക് തീയറ്ററിലേക്ക് പോകണം. എല്ലാം ഒന്നുകൂടി നോക്കണം. മുകിൽ വേദനയ്ക്കിടയിലും ചിരിച്ചു. ജലജ അവനെ കുളിപ്പിച്ചപ്പോൾ ഇക്കിളിയായതുപോലെ ശബ്ദമുണ്ടാക്കി. തലതോർത്തുമ്പോൾ തോർത്തിലേക്ക് അവശേഷിച്ച തലമുടികൾ കൂട്ടത്തോടെ ഇളകി പറ്റിപ്പിടിച്ചു. അമ്മയെ രണ്ടു കൈകൊണ്ടും ചുറ്റിപ്പിടിച്ച് നെഞ്ചിലേക്ക് തലചേർത്തു. "അമ്മാ....."

അമ്മ വിളി കേൾക്കാൻ കരുത്തില്ലാതെ മോനെ ചേർത്തു പിടിച്ചു. അവൻ നിർത്താതെ ചുമച്ചു. രണ്ടു പ്രാവശ്യം തുപ്പൽ പാത്രത്തിലേക്ക് ചോരകലർന്ന തുപ്പൽ വീഴ്ത്തി. സജു മുറിക്കുള്ളിലേക്ക് കടന്നിരുന്നു. കട്ടിലിൽ ജലജയുടെ മടിയിൽ തല വച്ച് സജുവിന്റെ മടിയിൽ കാലുകൾ വച്ച് രാജകുമാരനെപ്പോലെ അവൻ കിടന്നു. തളർന്ന കണ്ണുകളാലെ അവൻ രണ്ടു പേരെയും നോക്കി. രോഗമില്ലാത്ത രണ്ട് അല്പപ്രാണികൾ. നാലു ലക്ഷത്തിന്റെ ബില്ല് സജുവിന്റെ കൈയിലിരുന്ന് കാറ്റത്ത് ചിറകടിച്ചു.

"എനിക്കൊരനിയനില്ലാത്തതെന്താ...? "സജു അവന്റെ കാലുകൾ തടവി" നീ മാത്രം മതി നമുക്ക്.

പെട്ടെന്ന് മുകിൽ എഴുന്നേറ്റു. അച്ഛനുമമ്മക്കും ഇടയിൽ ഇരുന്നു കൊണ്ട് കുനിഞ്ഞ് തറയിലേക്ക് രക്തം ഛർദിച്ചു. പിന്നെ പതിയെ ചരിഞ്ഞ് ജലജയുടെ മടിയിലേക്ക് വീണ് കണ്ണകളടച്ചു. അവന്റെ ശരീരമാസകലം കുടഞ്ഞു വിറച്ചു. അവന്റെ ശ്വാസം നിലച്ചു. പകുതി വിടർന്ന ചുണ്ടുകൾ ചിരിക്കുന്നതു പോലെ തോന്നിച്ചു.

സജുവും ജലജയും അവനെ കട്ടിലിൽ നിവർത്തി കിടത്തി. വിശ്വാസം വരാത്തതുപോലെ ജലജ വീണ്ടും വീണ്ടും വിളിച്ചു. പിന്നെ അതൊരു നിലവിളിയായി.

സജു ഡോക്ടർ ഗോപീചന്ദിന്റെ മുറിയിലേക്കോടി. നഴ്സ് അയാളെ തടഞ്ഞു. അവിടെ മറ്റൊരു പുതിയ രോഗിയെ അഡ്മിറ്റ് ചെയ്യുന്ന തിരക്കിലാണയാൾ...

തിരികെ മുറിയിലേക്കോടുമ്പോൾ രോഗാണുക്കൾ മറഞ്ഞിരുന്നു. അവയ്ക്ക് പകരം പല രൂപത്തിലുള്ള ദൈവങ്ങൾ ആർത്തു ചിരിച്ചു. മേൽ ചുവരുകളിലൂടെ അവർ പിന്നാലെ വന്നവനെ വീണ്ടും വീണ്ടും അപഹസിച്ചു ചിരിച്ചു.

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
FROM ONMANORAMA