ADVERTISEMENT

ദീക്ഷ (കഥ)

കാലിലെ പേശികൾ വലിഞ്ഞുമുറുകുന്ന അസഹ്യമായ വേദനയാണ് വിമലിനെ ഉറക്കത്തിൽ നിന്ന് ഉണർത്തിയത്. നക്ഷത്രമെണ്ണിപ്പോയി അയാൾ. വേദനയുടെ ശക്തി ഒന്നു കുറഞ്ഞപ്പോൾ ഫോണിൽ സമയം നോക്കി. അഞ്ചു മണി ആകുന്നതേ ഉള്ളൂ. 

പതുക്കെ എണീറ്റ് ജനലിന്റെ കർട്ടൻ മാറ്റി പുറത്തേക്ക് നോക്കുമ്പോൾ തെരുവുവിളക്കിന്റെ വെളിച്ചത്തിൽ പുതിയൊരു ദിനം ആരംഭിക്കുന്നു. തിടുക്കപ്പെട്ട് കാര്യങ്ങൾ ചെയ്തു തുടങ്ങുന്ന ചില ആളുകളെ ശ്രദ്ധിച്ചു. ചന്തയിലെ ഇറച്ചിവെട്ടുകാരനും ചുറ്റുമുള്ള വീടുകളിൽ പാൽ വിൽക്കുന്ന പയ്യനും അടുത്തുളള അമ്പലത്തിലേക്ക് വർണ്ണപൂക്കളുമായി പോകുന്ന പൂക്കാരിയും ഒക്കെ വളരെ പ്രതീക്ഷയോടെയാണ് പോകുന്നത്. കൃത്രിമവെളിച്ചവും ഇരുട്ടിന്റെ ഇനിയും പൂർണ്ണമായി മാറിയിട്ടില്ലാത്ത നിഗൂഢതയും കിഴക്ക് ഉദിക്കാൻ വെമ്പൽ കൊള്ളുന്ന സൂര്യന്റെ ഒളികണ്ണും കൂടിച്ചേർന്ന് ചുറ്റുപാടുകൾക്ക് ഒരു അഭൗമ ഭംഗി സമ്മാനിച്ചു.

പുറത്തെ കാഴ്ചകൾ കണ്ടു മടുത്തപ്പോൾ ദൃഷ്ടി മുറിക്കകത്തേക്കാക്കി. ഇനിയിപ്പോൾ ഉറക്കത്തിലേക്കു മടങ്ങാൻ കഴിയില്ലെന്ന് വിമലിന് ഉറപ്പായിരുന്നു. ആനി അപ്പോഴും ഉറക്കത്തിലാണ്. ഉറങ്ങിക്കോട്ടെ. ഏറെ ബുദ്ധിമുട്ടിയ കുറച്ച് മാസങ്ങളാണ് കടന്നു പോയത്. ഇരുവീട്ടുകാരുടെയും ഇഷ്ടത്തിന് വിരുദ്ധമായി എട്ടു വർഷം മുമ്പ് ആനിയെ വിവാഹം കഴിക്കുമ്പോൾ ദുർഘടഘട്ടങ്ങളിൽ ഇത്രയേറെ പിന്തുണയും സ്നേഹവും സാന്ത്വനവും കിട്ടുമെന്ന് വിമൽ ഒരിക്കലും കരുതിയിരുന്നില്ല. മനസ്സിന് ധൈര്യം തനിക്കാണ് കൂടുതലെന്നാണ് അയാൾ കരുതിയിരുന്നത്. പക്ഷേ ആനി കഴിഞ്ഞ മാസങ്ങളിൽ, ദിവസങ്ങളിൽ ഞെട്ടിച്ചു കളഞ്ഞു.

ലൈറ്റ് ഇട്ട് വിമൽ കുളിമുറിയിലെ കണ്ണാടിയിൽ നോക്കി. മാസങ്ങളായി വളർത്തുന്ന താടിയിൽ കുറച്ച് നര വീണിരിക്കുന്നു. കറുത്ത മുടികളെ വെളുപ്പിച്ച് പ്രായം മുന്നോട്ട് പോകുന്നത് അതിന്റെ കൈയൊപ്പ് വെളുത്തതായിരിക്കണമെന്ന സ്വാർത്ഥതയോ?

ദീക്ഷ. ജീവിച്ചിരിക്കുന്നവർ താടി വളർത്തിയാൽ മരിച്ചവർക്കെന്തു കിട്ടാൻ? ദീക്ഷാവ്രതം എടുക്കാൻ ആവശ്യപ്പെട്ട അമ്മയോട് ദേഷ്യപ്പെട്ട് ചോദിച്ചത് വിമലിന്റെ മനസ്സിൽ ഇപ്പോഴും ഉണ്ട്. അച്ഛൻ മരിക്കുമ്പോൾ അമ്മയുടെ നിർബന്ധത്തിന് വഴങ്ങിയാണ് ദീക്ഷ തുടങ്ങിയത്.

അതെ, അതായിരുന്നു എല്ലാത്തിന്റെയും തുടക്കം! ആറ് മാസങ്ങൾക്ക് മുമ്പ് തിരുവനന്തപുരത്ത് പോയി കൂട്ടുകാരെ കണ്ട് സന്തോഷമായിട്ടാണ് അച്ഛൻ മടങ്ങി വന്നത്. ഉറക്കത്തിലെപ്പൊഴോ മരണം വന്ന് കൂട്ടിക്കൊണ്ടു പോയി. പിറ്റേന്ന് അമ്മയും ആനിയും ഉച്ചത്തിൽ വന്ന് വിളിച്ച് കാര്യം പറയുമ്പോൾ ഉണ്ടായ ഞെട്ടൽ ഒരിക്കലും മറക്കില്ല. ചടങ്ങിന് വേണ്ടി ഡോക്ടറെ വിളിച്ച് കാണിക്കുമ്പോഴും വിമലിന്റെ മനസ്സ് ആ സത്യവുമായി പൊരുത്തപ്പെട്ടിരുന്നില്ല. മരണം ശരീരത്തെ നിർജീവമാക്കുക മാത്രമല്ല, നമ്മുടെയൊക്കെ മനസ്സിൽ നിന്ന് എന്തോ ശക്തിയായി തട്ടിപ്പറിക്കുന്നുമുണ്ട്. ജീവിതം കീറിയ പോലെ ഒരു തോന്നൽ. തുന്നിപ്പിടിപ്പിക്കാൻ ഉള്ള കഷ്ണം അങ്ങ് കാലപുരിയിലും!

അച്ഛന്റെ അടിയന്തിരം കഴിയുന്നതിനു മുമ്പ് അദ്ദേഹത്തിന്റെ മൂത്ത സഹോദരനും മരിച്ചു. അതും നിനച്ചിരിക്കാതെ. പറമ്പിൽ കൃഷിയുടെ മേൽനോട്ടം ചെയ്യുന്നതിനിടെ പെട്ടെന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. അവിടെയും കുറെ ഓർമകൾ. ആനിയോട് അടുപ്പം കാണിച്ച കുടുംബത്തിലെ ആദ്യ വ്യക്തിയായിരുന്നു വല്ല്യച്ഛൻ. അദ്ദേഹം പറഞ്ഞിട്ടാണ് വീട്ടുകാരുടെ മഞ്ഞുരുകിയത്. ആനിക്ക് അതു കൊണ്ടു തന്നെ വലിയൊരു ആഘാതമായി ഈ മരണം.

ദീക്ഷയുടെ നാൾവഴി അങ്ങനെ അനുസ്യൂതം തുടർന്നു. മരണം എന്തോ ഒരാവേശത്തിലെന്ന പോലെ, ആരെയോ ബോധ്യപ്പെടുത്താനെന്ന പോലെ, കുടുംബത്തിലെ വളരെ അടുത്ത അംഗങ്ങളെ കവർന്നു കൊണ്ടിരുന്നു. വിമലിന്റെ മാത്രമല്ല, ആനിയുടെയും.

ആനി തിരിഞ്ഞു കിടക്കുന്ന ശബ്ദം കേട്ട് വിമൽ ലൈറ്റ് അണയ്ക്കാനൊരുങ്ങി; ഉണർത്തണ്ട എന്നു കരുതി. പക്ഷേ അവൾ വീണ്ടും ഉറക്കത്തിലേക്ക് വഴുതി വീണു. വിമൽ തന്റെ താടി തുടങ്ങി വച്ച ചിന്തകളിലേക്കും. കണ്ണാടിയിലേക്ക് തിരികെ കണ്ണുകൾ ചെല്ലുന്നതിനിടയിൽ മേശപ്പുറത്തു വച്ചിരുന്ന ദൈവരൂപങ്ങളെ നോക്കാതിരിക്കാൻ അയാൾ ശ്രമിച്ചു. കഴിഞ്ഞ കുറെ നാളുകളായി ചെയ്യുന്ന ഒരു കാര്യം. മരണങ്ങളുടെ ഘോഷയാത്രയ്ക്കിടയിൽ ദൈവത്തെ അഭിമുഖീകരിക്കാൻ വിമലിന് എന്തു കൊണ്ടോ കഴിഞ്ഞില്ല.

ദൈവം മുകളിലേക്ക് വിളിച്ച ആളുകളെ ഓർത്ത് ലജ്ജിക്കുന്നുണ്ടാകുമോ? അറിയില്ല. ദൈവത്തെ പൂർണ്ണമായും മനസ്സിൽ നിന്ന് അടച്ചു കളഞ്ഞിരുന്നു അയാൾ. ഒരു പ്രതികാരമെന്ന പോലെ. വിരോധാഭാസമായി താടിയും. അതിന് എപ്പോഴും അയാൾ അമ്മയെ കുറ്റപ്പെടുത്തി സമാധാനപ്പെട്ടു. ആനിയുമായി കഴിഞ്ഞ മാസങ്ങളിൽ യോജിച്ചു പോകാൻ കഴിയാത്ത ഒരേയൊരു കാര്യം. ഈശ്വരനെ കൈവെടിഞ്ഞ വിമലിന് കാണേണ്ടി വന്നത് പൂർവാധികം ഭക്തിയോടെ ഈശ്വരനെ ആരാധിച്ച ആനിയെയാണ്!

അതുകൊണ്ട് ഒരു ഗുണം ഉണ്ടായി. ആനിയുടെ മനോനില തന്റേതിനേക്കാൾ ഭേദമായിരുന്നു. തകർന്ന് തരിപ്പണമായ രണ്ട് മനസ്സുകളുടെ അന്തരം! ദൈവകടാക്ഷം എപ്പോഴും ഉണ്ടാകുമെന്ന് വിശ്വസിച്ച ആനിയുടെ പിന്തുണ ഒന്നുകൊണ്ട് മാത്രമാണ് താൻ ഭ്രാന്തനാകാതിരുന്നതെന്ന് വിമൽ ഓർത്തു. ഒരു നേർത്ത പുഞ്ചിരിയോടെ വിമൽ ഉറങ്ങിക്കിടക്കുന്ന ആനിയെ നോക്കി. മേശയിലെ രൂപങ്ങളിലേക്കും. ഈശ്വരവിശ്വാസം വീണ്ടെടുക്കണമെന്ന് മനസ്സിൽ കുറിച്ചിട്ടു അയാൾ.

നര വീണ രണ്ട് താടിയിഴകൾ കോർന്നു കിടന്നത് വിമൽ ശ്രദ്ധിച്ചു. എന്താകും അവർ തമ്മിൽ സംവദിക്കുന്നത്? മരണത്തെ പുകഴ്ത്തുകയാകുമോ? അതോ തന്നെയോ? അതോ അമ്മയെയോ? എന്തോ നിഗൂഢത ഉണ്ട് നരച്ച താടിയിഴകൾക്ക്. എത്രയെണ്ണം നരച്ചു എന്ന് എണ്ണാൻ അയാൾ ഒരു ശ്രമം നടത്തി. ഓരോന്ന് എണ്ണുമ്പോഴും വിസ്മൃതിയിലേക്ക് മറഞ്ഞ ബന്ധുക്കളുടെ മുഖങ്ങൾ അയാളുടെ മുന്നിൽ മിന്നിമറഞ്ഞു.

എന്തായാലും ദീക്ഷ ഇന്ന് തീരുകയാണ്. മുഖം വടിക്കാനുളള സാമാനങ്ങൾ എടുത്ത് മുന്നിൽ വെക്കുമ്പോൾ ഒരു ചെറിയ നോവ് അയാൾക്ക് അനുഭവപ്പെട്ടു. അത് അയാളെ ഒരേസമയം അമ്പരപ്പിക്കുകയും വിഷമിപ്പിക്കുകയും ചെയ്തു. താടി ഇത്രയും നാൾ തന്റെ കൂടെ പല മരണങ്ങൾ കണ്ടതാണ്. അതിനെ വടിച്ച് മരണത്തിലേക്ക് തള്ളിവിടുന്നതിന്റെ ഔചിത്യം വിമലിനെ ബുദ്ധിമുട്ടിച്ചു. എന്നാൽ മരണങ്ങളുടെ ഓർമകളിൽ നിന്ന് മുക്തമാകാൻ താടി കളയണമെന്ന ശക്തമായ ഒരു സ്വരവും വിമലിന്റെ ഹൃദയത്തിൽ നിന്ന് വന്നു. എന്താണ് ചെയ്യേണ്ടത് എന്നറിയാതെ അയാൾ ഉഴറി. കൈകൾ കൊണ്ട് മുഖമമർത്തി.

പെട്ടെന്നാണ് ഫോൺ ശബ്ദിച്ചത്. വിമലിന്റെ ഫോൺ ആണ്. മുഖം മറച്ച കൈകൾ താഴ്ന്നു. കണ്ണാടിയിൽ കൂടി ആനി ഞരങ്ങുന്നതും ഉണരുന്നതും അയാൾ കണ്ടു. തിരിഞ്ഞു നിന്ന് ആനിയെ നോക്കി. കണ്ണുകളിൽ കൂടി അയാൾ പറഞ്ഞത് ആനിയ്ക്ക് മനസ്സിലായി. അപ്പുറത്തെ തലയ്ക്കൽ ഉളള വർത്തമാനം കേട്ടുകൊണ്ട് വിമലിനോട് ആനിയുടെ കണ്ണുകൾ പറഞ്ഞത് അയാൾ വായിച്ചെടുത്തു.

ദീക്ഷയ്ക്ക് ഉദകക്രിയ ചെയ്യാൻ കാലം ഇനിയും വിമലിന് സമ്മതം നൽകിയില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com