sections
MORE

അമ്മ സ്നേഹിച്ചതുപോലെ സ്നേഹിക്കാൻ മറ്റാർക്ക് ആകും?

mother
പ്രതീകാത്മക ചിത്രം
SHARE

അമ്മയോർമകൾ (കഥ)

"ഹാ ദൈവേ എന്തൊരു വേദനയാണിത്‌" വയറ്റില്‌ ഞണ്ടു പിടിച്ചിറുക്കുമ്പോലത്തെ വേദന. തലയാണേൽ ഈ ചുമരിലിടിച്ച്‌ പൊളിക്കാൻ തോനുന്നുണ്ട്‌... ഒന്ന് മര്യാദക്ക്‌ ശ്വസിക്കാനെങ്കിലും പറ്റിയിരുന്നേൽ ഹൊ ഈ നെഞ്ചിൽ അടുപ്പ്‌ കൂട്ടിയ പോലുള്ള ഈ എരിച്ചിലങ്ങ്‌ മാറിക്കിട്ടിയേനെ... കട്ടിലിലിരുന്ന് ചുമരിലേക്ക്‌ തലചാരിവെച്ചുകൊണ്ട്‌ രണ്ടു കൈ കൊണ്ടും വയറ്‌ അമർത്തി പിടിച്ചയാൾ കരഞുകൊണ്ടിരുന്നു...

മ്യാവൂ... മ്യാവൂ... അയാളുടെ നിലവിളി കേട്ടിട്ടാവണം കട്ടിലിനടയിൽ ചുരുണ്ടുകൂടിക്കിടന്നിരുന്ന തടിയൻ പൂച്ച എഴുന്നേറ്റയാളെ ദയനീയമായി നോക്കി..

"ഇല്ലടാ കിച്ചാ ചത്തിട്ടില്ല... ഞാനൊന്നും അങ്ങനെ പെട്ടെന്ന് ചാകുവേലട... ഇഞ്ചിഞ്ചായ്‌ നരകിച്ചെ ചാവൂ. തള്ളയെ തെരുവിലിറക്കിയവനല്ലെ. അങ്ങനെ ചാകാവൂ... "

നിറഞ്ഞൊഴുകിയ കണ്ണയാൾ കൈതണ്ടകൊണ്ട്‌ തുടച്ചു. അപ്പോഴേക്കും തടിയൻ പൂച്ച അയാൾക്കരികിൽ കട്ടിലിലേക്ക്‌ കയറിച്ചെന്നു.

അയാളതിനെ കയ്യിലെടുത്ത്‌ പതിയെ തലയിലൂടെ തലോടി.

"കിച്ചാ നിന്റെ തള്ള പൂച്ച നിന്നെ ഇതുപോലെ താലോലിക്കാറുണ്ടോടാ..? ഇണ്ടൊ? എന്റെ അമ്മ എന്നെ എന്തോരം ഇങ്ങനെ ലാളിച്ചിട്ടിണ്ട്ന്നറിയൊ നിനക്ക്‌?

"ഞാനിങ്ങനെ പനിച്ച്‌ വിറച്ചു കിടന്നാലുണ്ടല്ലൊ പാവം എന്റെ അടുത്ത്‌ വന്നിങ്ങനെ ഇരിക്കും. ന്നട്ട്‌ നെറ്റത്ത്‌ കൈവെക്കും പിന്നെ പയ്യെ ആ കയ്യ്‌ തലയിലൂടെ കൊണ്ടോവും.. അപ്പഴുണ്ടല്ലൊ നമ്മടെ ശരീരത്തിന്റെ പൊള്ളല്‌ നമ്മള്‌ മറക്കും ഉള്ളീലൊരു മഞ്ഞ്‌ വീഴണ കുളിരായിരിക്കും..." അയാൾ പൂച്ചയെ തലോടിക്കൊണ്ടിരുന്നു.

"ഹാ ഈ മൂക്കൊന്ന് തുറന്ന് കിട്ടിയാരുന്നേൽ... ഇങ്ങനെ വലിച്ച്‌ ചാവാൻ വയ്യ ഈശ്വരാ.. "

"കിച്ചാ നീ ഇവട കിടക്ക്‌ ഞാനൊന്ന് ആവി പിടിക്കട്ടെ. കുഴീലോട്ട്‌ എടുത്തിരുന്നേൽ ഇങ്ങനെ വേദന തിന്നണ്ടാരുന്നു... 

ഇടതു കൈകൊണ്ട്‌ വയറമർത്തിപ്പിടിച്ചയാൾ അടുക്കളയിലോട്ട്‌ നടന്നു... 

"പണ്ടാരം എന്തവസ്ഥയാണിത്‌ ഇവടുണ്ടാരുന്ന തീപ്പെട്ടി എങ്ങ്‌ പോയ്‌ ദൈവമെ.." അടുക്കളയിലയാൾ പരിഭ്രാന്തനായ്‌ തിരഞ്ഞ്ു നടന്നു... 

"ഓ ഇവടുണ്ടാരുന്നൊ സാധനം" സ്റ്റൗവിനടിയിൽ നിന്ന് തീപ്പെട്ടിയെടുത്ത്‌ അടുപ്പ്‌ കത്തിച്ച്‌ വെള്ളം വെച്ചു... 

"കേട്ടോടാ കിച്ചാ വീട്ടിലുള്ളപ്പഴും ഇങ്ങനാണ്‌ ഞാനെന്ത്‌ എവടെ വെച്ചാലും ഓർമ കാണില്ല.. വാച്ച്‌.. പഴ്സ്‌.. ബെൽറ്റ്‌.. ഇതൊക്കെ അമ്മ എടുത്ത്‌ തരണം " അടുക്കളവാതിലിൽ ചുരുണ്ട്‌ കൂടികിടക്കുന്ന പൂച്ചയോട്‌ നെഞ്ച്‌ തടവിക്കൊണ്ടയാൾ പറഞ്ഞു...

"ഹൂഹ്‌... അമ്മേ... " 

"തടയൊന്നും പിടിക്കാതെ ആ ചൂടുള്ള കുടുക്കയിൽ ധൃതിക്ക്‌ കേറി പിടിച്ചതാ" ഊ.. ഊ... വിരലിലേക്ക്‌ ഊതിക്കൊണ്ടയാൾ തന്റെ നിലവിളികേട്ട്‌ പിടഞ്ഞെഴുന്നേറ്റ പൂച്ചയെ നോക്കി... 

വിരലുകൾ നന്നായിട്ട്‌ നീറുന്നുണ്ട്‌... സങ്കടം താങ്ങനാവാതെ തുളുമ്പിയ കണ്ണുകൾ കൈതണ്ട കൊണ്ട്‌ തുടച്ച്‌... ഒരു കടലാസ്‌ കഷ്ണവും ചേർത്ത്‌ വെള്ളം നിറഞ്ഞ കുടുക്ക അയാളിറക്കി വെച്ചു.

"നിനക്കറിയോ കിച്ചാ ഒരിക്കെ അമ്മയെന്നോട്‌ വന്ന് പറഞ്ഞു... അഭിയേ നോക്കടാ ന്റെ കയ്യ്‌ പൊള്ളീത്‌.."

അടുപ്പത്ത്‌ കളിക്കുമ്പോ ശ്രദ്ധിക്കണം സീരിയൽ കഥേം ആലോയ്ച്ച്‌ ഓരോന്നെട്ത്തിട്ടാണ്‌"

എന്ത്‌ ദുഷടനാണല്ലേടാ ഞാൻ... അമ്മേട കയ്യൊന്ന് പിടിച്ച്‌ നോക്കീല... ഒന്നൂതിക്കൊടുത്തില്ല... പാവം അതിനൊക്കെ വേണ്ടി ആവും എന്നെയാ പൊള്ളീത്‌ കാണിച്ചത്‌. ആവികൊണ്ട പുതപ്പു കൊണ്ടയാൾ കണ്ണ്‌ തുടച്ചു... 

"നിനക്ക്‌ വെശ്ക്കണിണ്ടാവും ഇല്ലേ കിച്ചാ?

സ്ലാബിൻമേൽ പാതി കഴിച്ചു വെച്ച പാത്രത്തിലെ ചോറെടുത്ത്‌ ഒരു സ്റ്റീൽ ബൗളിലേക്കിട്ട്‌ അയാളതാ പൂച്ചക്ക്‌ നേർക്ക്‌ വെച്ചു. പൂച്ച കുറച്ച്‌ നുണഞ്ഞു തിന്ന് കണ്ണ്ു വിടർത്തി അയാളെ നോക്കി... 

മ്മ്... കിച്ചാ നിനക്ക്‌ കിട്ടാത്ത ഒരു ഭാഗ്യം എനിക്കിണ്ടായിട്ടിണ്ട്‌ എന്റെ അമ്മേട കൈകൊണ്ട്‌ ചോറ്‌ വാങ്ങി തിന്നാൻ പറ്റീട്ടിണ്ട്‌ എനിക്ക്‌.. എത്രയെത്ര പ്രാവശ്യം.. ന്നട്ട്‌ ഇതുപോലൊരു നോട്ടം.. നീ ഇപ്പൊ എന്നെ നോക്കീലെ അതുപോലെ സ്നേഹം നിറച്ചൊരു നോട്ടം അതുപോലെ ഞാനെന്റെ അമ്മയെ ഒന്നു നോക്കീട്ട്‌, ഒന്നു മിണ്ടീട്ട്‌ എത്ര കാലായ്ന്ന് അറിയൊ? പത്ത്‌ വർഷം... എന്തോരം ദൂരാണീ പത്ത്‌ വർഷം.. 

"നിങ്ങളിനി എന്നെ കാണൂല തള്ളെ" എന്നു പറഞ്ഞിറങ്ങി പോന്നതാ... പിന്നെ തിരിഞ്ഞ്‌ നോക്കിലാടാ ഞാനവരെ... "

ബാക്കിയുണ്ടായിരുന്ന ചോറുകൂടി ആ ബൗളിലേക്കിട്ടു കൊടുത്ത്‌ അടുത്തിരുന്ന മഗിൽ നിന്ന് കുറച്ച്‌ വെള്ളമെടുത്തു കുടിച്ചു... 

വെള്ളം കുടിച്ചതും അയാൾ സിങ്കിലേക്ക്‌ മുഖം തിരിച്ചു... ഹാഹ്‌... ഹ്‌... നിർത്താതെ ഛർദ്ദിക്കാൻ തുടങ്ങി... പതിയെ മുഖം കഴുകി.. വയറ്റിൽ കൈപൊത്തിപ്പിടിച്ച്‌ കട്ടിലിലേക്കയാൾ വേച്ച്‌ വേച്ച്‌ നടന്നു... 

"കിച്ചാ എനിക്കെന്റെ അമ്മയെ കാണണോടാ... ഒന്നമ്മേടെ നെറ്റിയിൽ ഉമ്മ വെക്കണം. ഒരുരുളച്ചോറ്‌ വാരിക്കൊടുക്കണം.."

കിച്ചാ കേട്ടോ നീ... അതും പറഞ്ഞയാൾ വയർ ശക്തിയായ്‌ അമർത്തിപ്പിടിച്ച്‌  കട്ടിലിലേക്ക്‌ ചുരുണ്ട്‌ കൂടി.. ഗർഭപാത്രത്തിലെ ശിശുവെന്ന പോലെ...

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
FROM ONMANORAMA