ADVERTISEMENT

നൂറു പേർ പറഞ്ഞു അയാൾ ചതിയനാണ്, നമ്പാൻ കൊള്ളില്ലാ എന്ന്. മേലാളനല്ലേ, ഉന്നതനല്ലേ, ആൾക്കാർ അസൂയ കൊണ്ടു പറയുന്നതാണെന്ന് പാവം കീഴാളൻ കരുതി. തന്റെ ധാരണ ശരിയെന്നു തന്നെ അയാൾ ധരിച്ചു. മേലാളനാവട്ടെ അയാൾക്കാവശ്യമുള്ളതത്രയും പണി കീഴാളനെക്കൊണ്ടു ചെയ്യിച്ചു. അതിനായി കുറെ അരിമണികളും നൽകി. കീഴാളൻ ആ ജോലിയത്രയും അതീവ സന്തോഷത്തോടെ ചെയ്തു. 

മേലാളൻ നൽകിയതു കൂടാതെ കുറെ അരിമണികളും കൂടി കീഴാളന്റെ പക്കലുണ്ടായിരുന്നു. കീഴാളനെക്കൊണ്ടു നേടാവുന്നതൊക്കെ നേടിക്കഴിഞ്ഞപ്പോൾ അയാളുടെ പക്കൽ ബാക്കിയുണ്ടായിരുന്ന അരിമണികളും തട്ടിത്തെറിപ്പിച്ച് മേലാളൻ യാത്രയായി. യാത്ര ചെന്നെത്തിയത് ഒരു മരുഭൂമിയിൽ. നൂറു പേരെ ചതിച്ചതിന്റെയും കീഴാളന്റെ അരിമണികൾ തട്ടിത്തെറിപ്പിച്ചതിന്റെയും സന്തോഷവും നിർവൃതിയും മേലാളന്റെ മുഖത്തു ദൃശ്യമായിരുന്നു. 

മരുഭൂമിയിൽ ചൂടു കൂടിത്തുടങ്ങി. കയ്യിൽ കരുതിയ വലിയ കുപ്പിയിലെ വെള്ളവും തീർന്നു. അല്പനേരം കഴിഞ്ഞപ്പോൾ മേലാളനു ദാഹവും പരവേശവും കൂടിവന്നു. അടുത്തെങ്ങും വെള്ളത്തിനു വഴിയും കണ്ടില്ല. എവിടെങ്കിലും തന്റെ കീഴാളൻ വെള്ളക്കുപ്പിയുമായി നിൽക്കുന്നുണ്ടോയെന്നു പരതി. ആരെയും കണ്ടില്ല. മേലാളന്റെ പരവേശം അധികരിച്ചു. മേലാളന്റെ സുസ്മേരവദനം പിന്നെയാരും കണ്ടില്ല. ആ നൂറുപേർ മേലാളനെപ്പറ്റി തിരക്കിയതുമില്ല. കുറച്ച് അരിമണികൾ തന്നതിന്റെ നന്ദി കീഴാളന് എന്നുമുണ്ടായിരുന്നു. മരുഭൂമിയിലാകെ കീഴാളൻ തന്റെ മേലാളനെ തിരഞ്ഞു നടന്നു. ദു:ഖത്തോടെയുള്ള മടക്കയാത്രയിൽ മണലിൽ കരിഞ്ഞുണങ്ങിയ ഒരു തിലകം അവ്യക്തമായി അയാൾ കണ്ടു. മേലാളൻ സ്ഥിരമായി നെറ്റിയിൽ തിലകം ചാർത്തുന്ന ഒരാളായിരുന്നുവെന്ന് കീഴാളൻ പെട്ടെന്നോർത്തു. കീഴാളന്റെ മനസ്സ് ഒന്നു പിടഞ്ഞു...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com