ADVERTISEMENT

രാമായണമാസമല്ലേ, മനസ്സിലെ രാവ് മായണം എന്നതു കൊണ്ടൊന്നുമല്ല, എന്നും സന്ധ്യയ്ക്ക് അയാൾ അത്യുച്ചത്തിൽ രാമായണം വായിക്കുമായിരുന്നു. ഭാര്യ പറയും, ഹേ മനുഷ്യാ നിങ്ങളീ കവലപ്രാർഥന പോലെ ഒച്ചവെച്ച് ആളെക്കൂട്ടാൻ നോക്കുവാണോ, നിങ്ങക്ക് ഇവിടെ കേക്കാൻ പാകത്തിൽ മര്യാദക്ക് വായിച്ചൂടേ എന്ന്. 

എന്നാൽ കുട്ടപ്പൻ ചേട്ടൻ ദൈവം നേരിട്ടു കേൾക്കട്ടെ എന്ന ഉറച്ച തീരുമാനത്തിൽത്തന്നെയായിരുന്നു. കാണ്ഡങ്ങളോരോന്ന് വായിച്ചു തീർന്നത് കുട്ടപ്പൻചേട്ടൻ അറിഞ്ഞില്ല. ഉച്ചാരണത്തെറ്റൊന്നും കുട്ടപ്പൻ ചേട്ടനൊരു പ്രശ്നമായിരുന്നില്ല. അയലോക്കക്കാരു കേൾക്കണം, താനൊരു പരമഭക്തനാണെന്നു മനസ്സിലാക്കണം എന്നല്ലാതെ അതിലെ ഒരു വരിയുടെ പോലും അർഥം പുള്ളിക്കാരനറിഞ്ഞു കൂടായിരുന്നു.                           

സാധാരണമനുഷ്യൻ നിത്യജീവിതത്തിൽ പാലിക്കേണ്ട, പാലിക്കാൻ സാധ്യമാവുന്ന ലളിതമായ ചര്യകൾ പോലും പാലിക്കാതെ, അങ്ങനെ ചെയ്താൽ നഷ്ടമാവുന്ന ബാഹ്യസുഖങ്ങൾ ത്യജിക്കാനിഷ്ടപ്പെടാതെ കുട്ടപ്പൻ ചേട്ടൻ മുഴുവൻ കാണ്ഡങ്ങളും രാമായണമാസം തീരുന്നതിനു മുമ്പേ ഉച്ചത്തിൽ വായിച്ചു തീർത്തു. സഹികെട്ട പെണ്ണുമ്പിള്ള ഇടയ്ക്കെപ്പോഴോ ചോദിച്ചു, ആരെ കേൾപ്പിക്കാനാ മനുഷ്യാ നിങ്ങളീ തൊണ്ട വലിച്ചു കീറുന്നതെന്ന്.                                                

രാമന്റെ സംയമനമൊക്കെ വെടിഞ്ഞ് കുട്ടപ്പൻ ചേട്ടൻ ഉച്ചത്തിൽ ആക്രോശിച്ചു, കൂടുതൽ മൂച്ചെടുത്താൽ സീതയെ രാമൻ കളഞ്ഞ പോലെ നിന്നെ വല്ല കാട്ടിലും കൊണ്ടു കളയുമെന്ന്. തങ്കമ്മച്ചേടത്തി ഒന്നു മാത്രം മറുപടി പറഞ്ഞു, ഇങ്ങേർക്ക് ആകെ മനസ്സിലായത് ഭാര്യയെ കാട്ടിൽ കൊണ്ടു കളയുന്നതിനു കുഴപ്പമില്ലെന്നു മാത്രമാണ്. സീതയെ രാമൻ കാട്ടിൽ കളഞ്ഞതാണോ, രാവണൻ കട്ടോണ്ടു പോയതാണോ, നാട്ടുകാരുടെ വാക്കുകേട്ട് രാജാവിന്റെ കടമയെന്നോണം പ്രവർത്തിച്ചതാണോ ,ഭൂമി പിളർന്ന് അമ്മസവിധം സീതാദേവി എത്തിച്ചേർന്നതാണോ ഒന്നും കുട്ടപ്പൻ ചേട്ടനറിയില്ലായിരുന്നു... വെറുതെ ഒരു വായന... 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com