ADVERTISEMENT

ഹെൽമറ്റ് (കഥ)

"ഈ വിനയേട്ടനെ കാണുന്നില്ലാലോ! മക്കൾ രണ്ടു പേരും പോർച്ചിൽ കാത്തുനിൽപ്പുണ്ടാവും." സ്കൂൾ ഗേറ്റിൽ നിന്ന്, കൂട്ടുകാരി വിനീതയോട്, രേണുക ആധിപൂണ്ടു. വിനയനെ കണ്ടതും രേണുക മുഖം വീർപ്പിച്ചു. 

"എവിടാരുന്നു. എന്തായീ കാട്ടണേ, ഹെൽമറ്റൊന്നും വക്കാതെ?"

"ഓ... നേരം കിട്ടീല. മക്കള് കാത്തു നിൽക്കല്ലേ.... ഒരു മീറ്റിങ് ഉണ്ടാരുന്നു. അതാ വൈകിയേ"

"ഹെൽമറ്റ് വക്ക്, വിനയേട്ടാ "

"എന്റെ രേണു, തലയിലാകെ രണ്ടു മുടിയേയുള്ളൂ, അതും കൂടി പോയാ... നിനക്കുമെന്നെ വേണ്ടാണ്ടായാലോ "

"ഓ.... പിന്നെ മുടി കണ്ടല്ലേ, ഞാൻ വിനയേട്ടനെ കെട്ടിയേ... അതു നേരെ തിരിച്ചല്ലേ..."  ഇടതൂർന്ന മുടി വിനയനോടു ചേർത്തുവെച്ച് അവൾ പൊട്ടിച്ചിരിച്ചു. 

മക്കളുടെ ഫീസിന്റെ കണക്കുകൂട്ടലിൽ രണ്ടു പേരുമൊന്നുഴറിയ നേരത്ത്, പെട്ടെന്നായിരുന്നു, ടിപ്പർ ലോറിയൊരു തട്ട്, വലിയ ശബ്ദം, തലയടിച്ചു വീണിടത്തു നിന്ന് രേണുക എഴുന്നേറ്റു നിന്നതും അലറി വിളിച്ചു. തൊട്ടെതിരെ വിനയൻ എഴുന്നേറ്റു നിൽക്കുന്നു. തലയില്ലാതെ... പിന്നെ പിടഞ്ഞു നിലത്തേയ്ക്കു വീണു. നിശ്ചലമായ ജീവിതത്തെ നോക്കി, രേണുക വീണ്ടും അലറി. നിർത്താതെ പോകുന്ന വലിയ വാഹനങ്ങൾ, അലർച്ചയിൽ പതറാതെ മുന്നേറുമ്പോഴും ടിപ്പറിന്റെ ടയറിനരികെ കിടന്ന ഹെൽമറ്റെടുത്ത്, രേണുക നെഞ്ചോടു ചേർത്തു....

"വിനയേട്ടാ, നമ്മുടെ മക്കള് കാത്തിരിക്ക്വല്ലേ... അല്ലെങ്കിൽ ഞാൻ വന്നേനെട്ടാ..... എന്തിനാങ്ങ്നെയായേ.... എത്ര പറഞ്ഞതാ ഞാൻ ... "

ലൈവ് ആയി റിപ്പോർട്ട് കൊടുത്തു സെൽഫിയെടുക്കുന്ന തിരക്കു നിയന്ത്രിക്കാനാവാതെ, ട്രാഫിക്ക് പൊലീസുകാരൻ രേണുകയുടെ ദേഹത്തോട്ടു കാലു തെറ്റി വീഴും മുൻപേ, അവൾക്കു സ്വബോധം പോയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com