sections
MORE

പ്രണയത്തിനും ചതിക്കും മരണത്തിനും വിധേയരാകുന്ന സാധാരണ സ്ത്രീകളുടെ കഥ

Atrocities against Women
പ്രതീകാത്മക ചിത്രം
SHARE

ഭ്രാന്ത് (കഥ)

ബോർ അടിപ്പിക്കുന്ന അനാട്ടമി, ഫർമക്കോളജി, ബിയോകെമിസ്ട്രി ക്ലാസ്സുകളിൽ ശ്വാസം മുട്ടി തീർത്ത ഫസ്റ്റ് ഇയർ. പിന്നെ ചൊറി ചിരങ്ങു മുതൽ ഹൃദയാഘാതം വരെ അരച്ചു കലക്കി കുടിക്കേണ്ടി വന്ന സെക്കന്റ്‌ ഇയർ. ഇതിനു രണ്ടിനും ശേഷം വന്നത് കൗതുകം ജനിപ്പിക്കുന്ന തേർഡ് ഇയർ. മെന്റൽ ഹെൽത്ത്‌ ആയിരുന്നു ഒട്ടുമിക്ക കുട്ടികൾക്കും പഠിക്കാൻ ഇഷ്ടമുള്ള വിഷയം. പോസ്റ്റിങ് നിംഹാൻസിൽ കൂടി ആയപ്പോൾ ഉഷാർ കൂടി. പഠിക്കുന്ന ഓരോ ചിത്ത ബ്രഹ്മത്തെയും രോഗികളിലൂടെ  നേരിൽ കാണാൻ ഉള്ള അവസരങ്ങൾ ഉണ്ടായിരുന്നു. 

അങ്ങനെ ഒരു ദിവസം അവളെ കണ്ടുമുട്ടി. ലീന, കർണാടകക്കാരി ആണ്. വെളുത്തു തുടുത്ത മുഖവും, നല്ല ആകാരഭംഗിയും ഉള്ള ഒരു ഇരുപതുകാരി. എന്താ പ്രശ്നം എന്നറിയില്ല. കൗതുകം തലയ്ക്കു മത്തു പിടിപ്പിക്കും എന്നു തോന്നിയപ്പോൾ പോയി അവളുടെ ഫയൽ എടുത്തു വായിച്ചു. നല്ല വിദ്യാഭ്യാസം ഉള്ള, ഡൽഹി സെന്റ് സ്റ്റീഫൻസിൽ ജേർണലിസം പഠിച്ച ആളാണ്. വെറുതെ അല്ല കിടിലൻ ഇംഗ്ലിഷും ഹിന്ദിയും. ഞാൻ ഓർത്തു. ഏതോ സംഭവത്തിന്ു ശേഷം പാരാനോയ്ഡ് സ്കിസോഫ്രേനിയ വന്നതാണു പോലും. 

പ്രത്യേക കാറ്റഗറി ഇല്ലാത്ത വട്ടിന് ആണെന്നു തോന്നുന്നു സ്കിസോഫ്രേനിയ എന്ന് വിളിക്കുന്നെ. പാരാനോയ്ഡ്... അപ്പൊ എന്തോ പേടി തട്ടിയതാ. വരും ദിനങ്ങളിൽ അവളെ ശ്രദ്ധിക്കാൻ തുടങ്ങി. ആസ്പത്രിയിൽ ആണെന്നൊന്നും പുള്ളിക്കാരി അറിഞ്ഞിട്ടില്ല. രാവിലെ തന്നെ ന്യൂസ്‌ കളക്ഷൻ പ്രസന്റേഷൻ ഒക്കെയാണ് പരിപാടി. വേറെ രോഗികളോട്‌ പോയി സംസാരിച്ച് ഇന്റർവ്യൂ ചെയ്യും. ഇതൊക്കെ തകൃതിയായി നടന്നു പോകുന്നു. ആരെ കാണുന്നുവോ അവരെ ഒക്കെ സീനിയർ എഡിറ്റർ ആക്കും. 

ഒരു ദിവസം ഉച്ച കഴിഞ്ഞു. കഞ്ഞിയും പയറും പപ്പടവും കൂട്ടി എല്ലാവരും ചോറുണ്ട ശേഷം അടുത്തുള്ള പൂന്തോട്ടത്തിൽ ഇരിക്കുന്ന ഒരു ഏർപ്പാടുണ്ട്. വേറെ ഒരു പേഷ്യന്റിന്റെ കൂടെ ഇരുന്ന എന്റെ അടുത്തേക്ക് ലീന ഓടി വന്നു. കിതച്ചു കൊണ്ടു പറഞ്ഞു. "മാഡം നമ്മൾ എന്തേലും ചെയ്തേ പറ്റു. ഇത് റിപ്പോർട്ട്‌ ചെയ്യണം". അന്തം വിട്ടു നോക്കി നിന്ന എന്നെ നോക്കി അവൾ പറഞ്ഞു. 

"103 ലെ മഞ്ജു, കാമുകൻ കൂട്ടുകാർക്ക് കാഴ്ച വച്ചതിന്റെ ബാക്കിപത്രം. ജയിൽ വാർഡിലെ ലേഖ സ്വന്തം കുഞ്ഞിനെ സഹോദരൻ പിച്ചിച്ചീന്തുന്നത് കണ്ടു നിൽക്കേണ്ടി വന്നവൾ. ദൈവം പരിശുദ്ധാത്മാവിനാൽ ഗർഭിണി ആക്കി എന്നു വിശ്വസിക്കുന്ന സിസ്റ്റർ ആഗ്നസ്, ഗാങ് റേപ്പിന് ഇരയായവൾ. മൂന്നു മാസം പ്രായമുള്ള കുഞ്ഞിനെ ഭർത്താവ് ഉപദ്രവിക്കുന്നതു തടയാൻ ആവാതെ കുഞ്ഞിനെ നിലത്തടിച്ചു കൊല്ലേണ്ടി വന്ന രത്നമ്മ. ഭർത്താവിന്റെ കാമുകിയെ കണ്ടു പിടിച്ചപ്പോൾ അവളെ ഒരേ വീട്ടിൽ താമസിപ്പിക്കുകയും, രണ്ടു പ്രാവശ്യം ഗ്യാസ് അടുപ്പ് പൊട്ടിത്തെറിച്ചപ്പോൾ താനും കുഞ്ഞുങ്ങളും തലനാരിഴയ്ക്ക് രക്ഷപെട്ടത് ദൈവകൃപകൊണ്ടാണെന്നു വിശ്വസിക്കുന്ന, ജീവിക്കാൻ വേണ്ടി  ഭർത്താവിനെ കൊല്ലാൻ ശ്രമിച്ച കനകമ്മ. 

ഡീറ്റൈൽ റിപ്പോർട്ട്‌ ഞാൻ റെഡി ആക്കി. പക്ഷേ ന്യൂസ്‌ വാല്യൂ പോരാ. എഡിറ്റർക്ക് വേണ്ട. പ്രണയം, സ്നേഹം, സ്ത്രീകളെ ചൂഷണം ചെയ്യൽ ഇതൊക്കെ സാധാരണ ആണു പോലും. പ്രേമിച്ചാൽ ചിലപ്പോൾ ആണ് പണിതരും അത് പെണ്ണ് നോക്കിയും കണ്ടും നിൽക്കാത്തതു കൊണ്ടാണെന്ന്." ഇത്രയും പറഞ്ഞ് ഉറഞ്ഞു തുള്ളി നിന്നവളെ എന്റെ മുന്നിൽ നിന്ന് സിസ്റ്റർ ഉറങ്ങാൻ ഉള്ള ഇൻജെക്ഷൻ കൊടുത്ത് കൊണ്ട് പോയി. 

പാതിമയക്കത്തിലും അവൾ വിളിച്ചു കൂവി. പ്രണയത്തിനും,  ചതിക്കും,  മരണത്തിനും, ചൂഷണത്തിനും, വിധേയരാകുന്ന സാധാരണ സ്ത്രീകൾ, സ്റ്റാർ വാല്യൂ ഇല്ലാത്ത മസാല അല്ലാത്ത സ്ത്രീകളുടെ കഥകൾ, സത്യങ്ങൾ ജനങ്ങൾ അറിയണം. 

"ഒരു പുതിയ കേസ് വന്നിട്ടുണ്ട് ലവ് ഫെയ്‌ലിയർ ആണ്. പതിനെട്ടു വയസ്സുള്ള പെൺകുട്ടി. അവൾ വീട്ടുകാരെ ഉപേക്ഷിച്ചു ചെന്നപ്പോൾ, പ്രേമിച്ചവൻ പടം ഉണ്ടാക്കി വിറ്റു എന്നാ പറയുന്നത്. ഇത് കേട്ടതിൽ പിന്നെ ലീനക്ക് പിന്നെയും ഇളകി. അല്ലേലും വല്ലവന്റേം സങ്കടം കണ്ടാൽ ആ കൊച്ചിന് പ്രാന്താണ്". അന്വേഷിച്ചപ്പോൾ ഇൻചാർജ് സിസ്റ്റർ പറഞ്ഞതിങ്ങനെ ആണ്. 

ഇതൊക്കെ അറിഞ്ഞിട്ടും കണ്ടിട്ടും കേട്ടിട്ടും ഒന്നും സംഭവിക്കാത്ത കല്ലു പോലെ ഇരിക്കുന്ന നമ്മൾക്കൊക്കെ അല്ലേ ഭ്രാന്ത്, നല്ല മുഴുത്ത ഭ്രാന്ത്. പ്രണയം മാത്രം അല്ല മനുഷ്യത്വം കൂടെ മരിച്ചു. ഇപ്പോൾ ഞാൻ മാത്രം "ഞാൻ" എന്ന ആ അഹംഭാവം. 

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
FROM ONMANORAMA