sections
MORE

ഭർത്താക്കന്മാരേ, നിങ്ങൾക്ക് അറിയുമോ ഭാര്യമാരുടെ ഇഷ്ടങ്ങളും സങ്കടങ്ങളും?

husband
പ്രതീകാത്മക ചിത്രം
SHARE

കളി (കഥ)

"ചേട്ടാ നമുക്ക് ഒരു കളിയായാലോ?" ഉറങ്ങാൻ നേരം പ്രിയതമയുടെ ചോദ്യം കേട്ട് അവനൊന്ന് അമ്പരന്നു...

"ഈ പാതിരാത്രിക്ക് നീ എന്ത് കളിയാ മഞ്ജു ഉദ്ദേശിക്കുന്നത്?" അവൻ അവളെ കളിയാക്കാനെന്നോണം ചോദിച്ചു?

"അയ്യടാ ആ ഒരു വിചാരം മാത്രമേ ഉള്ളൂ അല്ലേ നിങ്ങക്ക്? എന്നാലേ ഇതതല്ല... ഇത് ഒരു വ്യത്യസ്ഥമായ കളിയാണ്.." 

"ശ്ശെ... വെറുതെ പ്രതീക്ഷിച്ചു... നീ ഒന്നു പോയേ. എനിക്ക് കിടന്ന് ഉറങ്ങണം നാളെ രാവിലെ ജോലിക്ക് പോകാനുള്ളതാ... നീയാ ലൈറ്റണച്ചേ." അവൻ അതു പറഞ്ഞ് പുതപ്പ് തല വഴി മൂടി കിടന്നു...

അതു കണ്ടതും അവൾക്ക് ദേഷ്യമാണ് വന്നത്..

"അങ്ങനെ ഇപ്പോ ഉറങ്ങണ്ട.. ഈ കളി കളിച്ചിട്ട് ഉറങ്ങിയാൽ മതി.. " അവളവന്റെ പുതപ്പ് വലിച്ചു മാറ്റി... അവൻ ശുണ്ഠിയോടെ അവളോട് കയർത്തു.

"നിനക്ക് ഭ്രാന്തായോ? ഈ നട്ടപ്പാതിരയ്ക്ക് കളിച്ചിരിക്കാൻ... മര്യാദയ്ക്ക് എന്റെ പുതപ്പ് തന്നോ. എനിക്ക് ഉറങ്ങണം. വെറുതെ ആ കുട്ടികളെ കൂടെ ഉണർത്തണ്ട.." 

അതു കേട്ടതും അവൾക്ക് കൂടുതൽ വാശിയായി...

"ആഹാ... എന്നാ നിങ്ങള് ഇന്ന് കളിച്ചിട്ട് കിടന്നാ മതി.. അല്ലെങ്കിൽ ഇനി മേലേക്കം എന്നോട് കിന്നരിക്കാൻ വന്നേക്കരുത്.. പറഞ്ഞേക്കാം" 

എന്ത് പറഞ്ഞാലും അവൾ സമ്മതിക്കില്ലെന്ന് മനസ്സിലായതോടെ അവന് സമ്മതം മൂളേണ്ടി വന്നു... അവൾക്ക് സന്തോഷമായി.. അവളുടനെ കിടക്കയിൽ നിന്ന് എഴുന്നേറ്റ് ഒരു പേപ്പറും പേനയുമായി വന്നു...

അവരുടെ വിവാഹം കഴിഞ്ഞിട്ട് പത്ത് വർഷത്തോളമായിരുന്നു. സ്കൂളിൽ പഠിക്കുന്ന രണ്ടു കുട്ടികളാണ് അവർക്ക്. അയാൾക്ക് ബാങ്കിലാണ് ജോലി... അവൾ വീട്ടമ്മയും. 

പേപ്പർ കഷ്ണങ്ങളാക്കി മുറിച്ച് അതിൽ അവൻ കാണാതെ അവൾ എന്തൊക്കെയോ കുറിച്ചു. എന്നിട്ട് അതെല്ലാം ഓരോന്നായി ചുരുട്ടി കിടക്കയിലേക്കിട്ടു... 

അതുകണ്ട് അവൻ ഒന്നും മനസ്സിലാവാത്ത പോലെ അവളുടെ മുഖത്തേക്ക് നോക്കി..

"എന്താ ഇത്? കള്ളനും പൊലീസും കളിയാണോ ഉറക്കമിളച്ച് നീ കളിക്കാനുദ്ദേശിക്കുന്നത്?" 

"അയ്യേ... അതൊന്നും അല്ല... സർപ്രൈസാണ്... ആദ്യം ചേട്ടൻ ഇതീന്ന് ഒരു പേപ്പർ എടുക്കണം... ഞാൻ കാണാതെ അത് തുറന്നു നോക്കിയിട്ട് അതിലെ ചോദ്യം മനസ്സിൽ വയ്ക്കണം... ആ ചോദ്യം എന്നോട് പറയരുത്.. അല്ലാതെ തന്നെ അതിനുത്തരം എന്താണെന്ന് ഞാൻ പറയും. അതാണ് കളി..."

അവൾ പറഞ്ഞതു കേട്ട് അവൻ അവളുടെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി..

"ഹോ... അതാണോ കളി. എന്നാ നോക്കാലോ നമുക്ക്... ആദ്യത്തെ ഉത്തരം തെറ്റിയാൽ ഞാൻ അപ്പോൾ തന്നെ ഉറങ്ങും.. സമ്മതമാണെങ്കിൽ തുടങ്ങാം" 

അവൾ അതിന് ഒട്ടും അമാന്തിക്കാതെ തന്നെ സമ്മതം മൂളി. കട്ടിലിന്റെ ഇരുവശങ്ങളിലായി അവർ ഇരുപ്പുറപ്പിച്ചു. 

അഞ്ച് പേപ്പർ ചുരുട്ടുകളായിരുന്നു ഉണ്ടായിരുന്നത്. അവൻ ആദ്യത്തെ പേപ്പർ എടുത്തു തുറന്നു നോക്കി. അവൾ അവന്റെ മുഖഭാവങ്ങളിലേക്ക് തന്നെ ശ്രദ്ധിച്ചുകൊണ്ടിരുന്നു...

"ഉത്തരം പറയട്ടെ?" അവൾ ചോദിച്ചു...

അവൻ പേപ്പറിൽ നിന്ന് കണ്ണെടുത്തതിനു ശേഷം അവളോട് പറഞ്ഞു.

"ഓക്കെ... പറയ് നോക്കട്ടെ"

"ജനുവരി 25... ശരിയല്ലേ?"

അതു കേട്ടതും അവൻ ഒന്നമ്പരന്നു...

"ശരിയാണല്ലോ... എങ്ങനെ നിന്റെ ബർത്ത് ഡേറ്റ് ആണ് ഞാൻ ചോദിച്ചത് എന്ന് നിനക്ക് മനസ്സിലായി?  

അതു കേട്ടതും അവൾ ചിരിച്ച് കൊണ്ട് പറഞ്ഞു.

"അതൊക്കെ ഉണ്ട്? അവസാനം ഞാൻ പറഞ്ഞു തരാം... അടുത്തത് എടുക്ക്"

അവൾ പറഞ്ഞതു കേട്ട് ഉത്സാഹത്തോടെ അവൻ അടുത്ത ചുരുട്ട് എടുത്തു..

"എന്നാ ഇത് പറ എന്താണെന്ന്?" അവൻ ആവേശത്തോടെ ചോദിച്ചു.

അവൾ അവന്റെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കികൊണ്ടു പറഞ്ഞു..

"അമ്മ ഉണ്ടാക്കുന്ന മാമ്പഴ പുളിശ്ശേരി" ശരിയല്ലേ? അതെയെന്ന ഭാവത്തിൽ അവൻ തലകുലുക്കി..

അവനിഷ്ടമുള്ള ഭക്ഷണം എന്താണ് എന്നുള്ള ചോദ്യമായിരുന്നു അതിൽ... അവൻ അടുത്ത ചുരുട്ട് തുറന്ന് നോക്കി...

അവൾക്കിഷ്ടമുള്ള നിറം എന്താണ് എന്നായിരുന്നു ആ ചോദ്യം.

"പച്ചനിറം... ശരിയല്ലേ?"  അവൾ പെട്ടെന്ന് തന്നെ ഉത്തരം പറഞ്ഞു.

"അതെ അതെ... നീ എത്ര കൃത്യമായിട്ടാ ഉത്തരം പറയുന്നത്. ഇതെങ്ങനെ?" അവൻ അതിശയത്തോടെ ചോദിച്ചു.

"അതൊക്കെ ഉണ്ട് ചേട്ടാ... അടുത്തത് ചോദിക്ക്?"

അവൻ ശേഷിച്ചിരുന്ന രണ്ട് ചുരുട്ടുകളിൽ ഒന്ന് എടുത്തു.

മൂന്നു വർഷം മുൻപ് വാങ്ങിയ സ്ഥലം രജിസ്റ്റർ ചെയ്തത് എത്ര രൂപയ്ക്കാണ് എന്നതായിരുന്നു ആ ചോദ്യം...

"പത്തു ലക്ഷം രൂപ... ശരിയല്ലേ"  അവൾ കൃത്യമായ് തന്നെ ഉത്തരം പറഞ്ഞു...

അത് ശരിയെന്ന ഭാവത്തിൽ അവൻ തലകുലുക്കി. അവൾ എങ്ങനെയാണ് ഈ ചോദ്യങ്ങൾ കാണാതെ തന്നെ മനസ്സിലാക്കിയതെന്ന കാര്യം അവന് അത്ഭുതമായി തോന്നി...

ഇനി പേപ്പറിൽ വല്ലതും അടയാളപെടുത്തിയിട്ടുണ്ടോന്ന് നോക്കാൻ അവൻ പേപ്പർ തിരിച്ചും മറിച്ചും നോക്കി... 

അതിലൊന്നുമില്ലാന്ന് മനസ്സിലാക്കിയതോടെ അവന് അതിശയമായി...

"അവസാനത്തെ ചോദ്യം എന്താണെന്ന് എനിക്ക് അറിയാം അത് ഞാൻ ചോദിക്കാം ചേട്ടൻ ഉത്തരം പറഞ്ഞാൽ മതി" 

അവൾ പറഞ്ഞതു കേട്ട് അവൻ ആകാംക്ഷയോടെ അവളെ നോക്കി..

"നമ്മുടെ മക്കൾക്ക് നമ്മളിൽ ഒരാളെ പിരിഞ്ഞ് ഇരിക്കുന്നത് ആണ് ഏറ്റവും സങ്കടം അതാര്?"

ഒട്ടും ആലോചിക്കാതെ തന്നെ അവൻ അതിന് മറുപടി പറഞ്ഞു.. 

"സംശയമെന്ത് ഞാൻ തന്നെ..." അതു കേട്ട് അവൾ ചിരിച്ചു കൊണ്ട് ചോദിച്ചു...

"കാരണം?"

"സിംപിളല്ലേ... നീ അവരെ എപ്പോഴും വഴക്ക് പറയും. ഞാനവരെ അങ്ങനെ വഴക്ക് പറയാറുമില്ല ആവശ്യമുള്ളതൊക്കെ വാങ്ങിക്കൊടുക്കുകയും ചെയ്യും. സ്വാഭാവികമായും അവർക്കെന്നെ തന്നെയാവും ഇഷ്ടം. ഞാൻ പുറത്തു പോയ് വരുമ്പോൾ തന്നെ അവർ ഓടിവരുന്നത് കണ്ടില്ലേ? ഇതിൽ കൂടുതൽ എന്തു വേണം?"

അതു കേട്ട് അവൾ പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു.. 

"തെറ്റാണ് ചേട്ടാ... ഇത് മാത്രമല്ല നേരത്തേ ചേട്ടൻ ചോദിച്ച രണ്ട് ചോദ്യങ്ങൾക്ക് ഞാൻ പറഞ്ഞ ഉത്തരവും തെറ്റാണ്" 

അവൾ പറഞ്ഞതു കേട്ട് അവൻ സംശയത്തോടെ അവളെ നോക്കി..

"എന്ത് തെറ്റാണ് ഞാൻ പറഞ്ഞത്? കുട്ടികൾ ഉറങ്ങിയിട്ടുണ്ടാവും അല്ലേൽ അവരോട് ചോദിച്ചാൽ പറയുമായിരുന്നു അവസാനത്തെ ചോദ്യത്തിന്റെ ഉത്തരം"

അയാൾ കുറച്ച് ദേഷ്യത്തോടെയാണ് അത് പറഞ്ഞത്..

"ചേട്ടൻ ദേഷ്യപ്പെടണ്ട.. ഞാൻ പറഞ്ഞത് ശരിയാണ്.. എന്റെ ബർത്ത്ഡേറ്റും ഇഷ്ടമുള്ള നിറവും ഞാൻ പറഞ്ഞത് തെറ്റാണ്.. "

"അതെങ്ങനെ... ? 

അവൾ തുടർന്നു...

"ചേട്ടന്റെ മുഖഭാവത്തിൽ നിന്ന് ഞാൻ അതിലെഴുതിയ ചോദ്യങ്ങൾ എനിക്ക് വായിച്ചെടുക്കാമായിരുന്നു. എനിക്കറിയാം ഏട്ടാ എന്റെ കാര്യങ്ങളൊന്നും ഏട്ടനറിയില്ലാന്ന്. ഉത്തരം ഞാൻ തെറ്റിച്ച് പറഞ്ഞിട്ടു പോലും ഏട്ടൻ അത് തിരുത്താതെ അത് ശരിവയ്ക്കുകയാണ് ചെയ്തത്.. അതു പോലെയാണ് ചേട്ടൻ ചെയ്യുന്ന പല കാര്യങ്ങളും.. ചേട്ടന്റെ ഇഷ്ടങ്ങൾ എനിക്ക് അറിയാവുന്നതു കൊണ്ടാണ് എനിക്ക് മറ്റു ചോദ്യങ്ങൾ എളുപ്പത്തിൽ വായിച്ചെടുക്കാനായത്... ചേട്ടന്റെ മുഖത്തു നിന്ന് സന്തോഷവും കൊതിയും ആശയകുഴപ്പങ്ങളും കണക്ക് കൂട്ടലുകളും എല്ലാം എനിക്ക് വായിച്ചെടുക്കാനാവും ചേട്ടാ.. കാരണം ഞാനെന്നും ചേട്ടനെ നിരീക്ഷിക്കുന്നുണ്ട്.. ആ മുഖത്ത് എന്തെങ്കിലും ഒരു ഭാവമാറ്റമുണ്ടായാൽ എനിക്കറിയാൻ പറ്റും.. പകരം ചേട്ടനോ? "

അതിന് മറുപടി കൊടുക്കാതെ അവൻ തലകുനിച്ചിരുന്നു...

"ചേട്ടന് എന്നും ചേട്ടന്റെ ലോകമായിരുന്നു വലുത്. അതിനിടയിൽ പലപ്പോഴും ഞങ്ങളോടൊപ്പം ചിലവഴിക്കാൻ പോലും മറന്നുപോയി... കുട്ടികൾക്ക് ചേട്ടന്റെ സാന്നിധ്യം ആണ് വേണ്ടത്. സമ്മാനങ്ങളല്ല... "

അവളത് പറഞ്ഞതും അയാൾ കിടക്കയിൽ നിന്നെഴുന്നേറ്റ് സിഗരറ്റ് പാക്കറ്റ് എടുത്ത് മുറിയുടെ പുറത്തേക്കിറങ്ങി.. അയാൾ ഓർത്തെടുക്കുകയായിരുന്നു കഴിഞ്ഞ നാളുകളൊക്കെ...

അവൾ പറഞ്ഞതു വലിയൊരു സത്യമാണെന്ന് അയാൾക്ക് മനസ്സിലായി... ജീവിതം വെട്ടിപ്പിടിക്കാനുള്ള ഓട്ടത്തിനിടയിൽ അവരോടൊപ്പം ചിലവഴിക്കാൻ താൻ മറന്നു പോയിരിക്കുന്നു... നല്ലൊരു ഭർത്താവാകാൻ പോലും തനിക്ക് ഇതു വരെ സാധിച്ചിട്ടില്ല.. ഇന്നേ വരെ അവളുടെ ഒരു ബർത്ത്ഡേക്ക് വിഷ് ചെയ്യുകയോ എന്തിന് അവളുടെ ആഗ്രഹങ്ങൾ അറിഞ്ഞ് പ്രവർത്തിക്കാനോ ആയിട്ടില്ല... 

"സോറി ചേട്ടാ... ചേട്ടന് ഞാൻ പറഞ്ഞത് വിഷമമായോ... ?" പുറകിൽ അവളുടെ ചോദ്യം കേട്ട് അവൻ തിരിഞ്ഞു നിന്നു..

അവളുടെ മുഖത്തെ ആശങ്ക തിരിച്ചറിഞ്ഞെന്നോണം അവൻ കൈയിലുള്ള സിഗരറ്റ് കുറ്റി നിലത്തിട്ട് ചവിട്ടികെടുത്തി...

"ഇല്ല മഞ്ജു... ഈ ഒരു കളിയിലൂടെ വലിയൊരു കാര്യമാണ് നീ എനിക്ക് ബോധ്യമാക്കി തന്നത്. പണം മാത്രമാണ് എല്ലാത്തിനും ഉള്ള സൊലൂഷൻ എന്ന് ഞാൻ കരുതിയിരുന്നു. അതിനിടയിൽ പലപ്പോഴും നിങ്ങളോടൊപ്പം ചിലവഴിക്കാൻ എനിക്ക് കഴിയാതെ പോയി.. അവസാനത്തെ ചോദ്യത്തിനുള്ള ഉത്തരം ഇപ്പോഴെനിക്ക് മനസ്സിലായി.. സ്നേഹമുള്ളവരുടെ സാന്നിധ്യം തന്നെയാണ് അവർക്ക് കൊടുക്കാവുന്ന ഏറ്റവും വലിയ സമ്മാനം.. താങ്ക്യൂ മഞ്ജൂ."  അയാളവളെ ചേർത്ത് പിടിച്ചു. 

അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി.. ആ നെഞ്ചിലെ ചൂടിന് തന്റെ കണ്ണുനീരിനെ തണുപ്പിക്കാനുള്ള ശേഷിയുണ്ടെന്ന് അന്നാദ്യമായ് അവൾ മനസ്സിലാക്കുകയായിരുന്നു...

പ്രവീൺ ചന്ദ്രൻ

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
FROM ONMANORAMA