ADVERTISEMENT

വിരഹനൊമ്പരങ്ങൾ... (കഥ)

“ജാനെറ്റിനെ ഓർത്തിരിപ്പാണോ. കഴിഞ്ഞില്ലേ വിരഹദുഃഖത്തിൽ പൊതിഞ്ഞ മൗനത്തിന്റെ ഇടനാഴിയിലൂടെയുള്ള നിന്റെ ഏകാന്തയാത്ര.” കോളജ് വരാന്തയിൽ അധികമാരും ഇല്ലാത്തതിനാൽ അവളുടെ ശബ്ദം വളരെയധികം ഉച്ചത്തിൽ...

“സ്മിത”. അവൾ അങ്ങനെയാണ്. ചുണ്ടുകളിലൊരു മന്ദസ്മിതവും കണ്ണുകളിൽ അൽപ്പം കുസൃതിയുമില്ലാതെ അവളെക്കാണുക അസാധ്യം.

പൊതുവെ ആൺകുട്ടികൾക്ക് പ്രാധാന്യം നൽകുന്ന കലാലയത്തിൽ സ്മിതയും കൂട്ടുകാരും ബിരുദാനന്തര ബിരുദത്തിനു ചേർന്നതോടെ അല്പസ്വല്പ വ്യത്യാസമുണ്ടായി എന്നു വേണം പറയാൻ. പ്രിൻസിപ്പലച്ചന്റെ ളോഹ കാണുമ്പോൾ കണ്ണുംപൂട്ടി ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായണ എന്നും പാടി കടന്നുപോകുന്ന പെൺകുട്ടികളുടെ കൂട്ടത്തിലായിരുന്നില്ല സ്മിതയും അവൾക്കൊപ്പം ചേർന്നവരാരും.

മൂന്നാം വർഷബിരുദ വിദ്യാർഥികൾ മുതിർന്ന ക്ലാസ്സുകളിലെ കുട്ടികളോട് സംസാരിക്കുന്നത് തന്നെ വിരളമെന്നിരിക്കെയാണ് അവളുടെ ഉച്ചത്തിലുള്ള സുഖവിവരാന്വേഷണം. വ്യത്യസ്ത...

“ജാനെറ്റ്.” സുന്ദരിയാണവൾ. ആദ്യ വർഷം മുതൽ അവസാനവർഷം വരെ ക്ലാസ്സിൽക്കയറുന്നത് അവളെക്കാണുവാൻ മാത്രം.

കൂട്ടുകാരുടെ കളിയാക്കലിൽ മുഖം ചുവന്നുതുടുക്കുന്ന, വിടപറഞ്ഞ പപ്പയെ ഓർക്കുമ്പോൾ മിഴികൾ നിറയുന്ന, പ്രണയാർദ്രമായ് മാത്രം എന്നിൽ മിഴികളുടക്കുന്ന ജാനെറ്റ്.

കുവൈറ്റിലെ സ്കൂളിൽ പഠിച്ചു കൊണ്ടിരുന്നപ്പോൾ പെട്ടെന്നാണവളുടെ പപ്പ പോയത്. താമസിയാതെ മമ്മയും സഹോദരരുമൊപ്പം അവൾ നാട്ടിലേക്കെത്തി. അവളുടെ മമ്മയോടുള്ള സ്നേഹക്കൂടുതൽ കൊണ്ട്, ആ കണ്ണുകളിനി നിറയരുതെന്നു കരുതി, ജാനെറ്റിന് എന്നിൽ നിന്ന് വിടവാങ്ങാനുള്ള അനുവാദം ഞാൻ സ്വയം നൽകിയതാണ്. പരീക്ഷകൾ അവസാനിച്ചയുടൻ അവളെയും കൊണ്ട് പറന്നുയരാൻ ഒരു സുന്ദരനും എത്തിയിരുന്നു.

വെറുംചിന്തകളിൽ മുഴുകി ഇരിക്കുമ്പോൾ സ്മിതയുടെ പുഞ്ചിരിയാണ് മനസ്സിലേക്ക് അധികം കടന്നു വന്നിരുന്നത്. ജാനെറ്റിനേക്കാൾ പ്രായമുണ്ട്, നീണ്ടചുരുൾമുടി, അത്ര മെലിച്ചതുമല്ല. മുഖം മനസ്സിന്റെ കണ്ണാടി, പൊട്ടിച്ചിരിച്ചും തമാശകൾ പറഞ്ഞും ആരെയും ആകർഷിക്കുന്ന പ്രകൃതം.

“എന്താണെടോ ജോൺ, കളയാറായില്ലേ ഈ മൂഡ് ഔട്ട്. താൻ വരൂ നമുക്ക് ഒന്ന് കടത്തു കടന്ന് അൽപ്പം യാത്രയായാലോ?” സ്മിത എന്റെ മൗനത്തെ കായലിൽ മുക്കിക്കൊല്ലാനുള്ള പുറപ്പാടിലാണന്ന്.

ബൈക്കിന്റെ പിൻസീറ്റിൽ വളരെ ലാഘവത്തോടെ കയറിയിരുന്ന അവളുടെ മുഖഭാവം ഞാൻ മിററിലൂടെ ശ്രദ്ധിച്ചുകൊണ്ടേയിരുന്നു. ഇവൾക്കിതെന്താണ്. ഇനി എന്നോട് വല്ല പ്രണയവും? കായൽ നടുവിൽ ടൈറ്റാനിക്ക് സ്റ്റൈലിൽ....

ബോട്ടിൽ കയറിയപ്പോൾ മുതൽ കായലിലൂടെ ഉല്ലാസയാത്രക്ക് പോകുന്ന കുട്ടികളെ പോലെ തുള്ളിച്ചാടി വാതോരാതെ സംസാരിച്ചു കൊണ്ട് അവൾ പടികയറുന്നത് എന്റെ ഹൃദയത്തിലേക്കാണെന്ന് ഞാൻ അറിഞ്ഞിരുന്നില്ല.

യാത്രക്കൊടുവിൽ തിരിച്ചവളെ ഹോസ്റ്റലിലാക്കുമ്പോൾ, തിരിഞ്ഞുനിന്നവൾ കുസൃതിയോടെ ചോദിച്ചു, “ജോർജി ജോസഫ്, ജോണിന്റെ കൂട്ടുകാരനാണല്ലേ? എനിക്കറിയാം നിങ്ങൾ തമ്മിൽ പരിചയമുണ്ടെന്ന്.” മറുപടി ആവശ്യമില്ലാത്തതിനാലാകാം അവൾ വേഗം നടന്നകന്നത്. 

“ജോർജി.” പെൺകുട്ടികളുടെ ഇടയിലെ താരമാണവൻ. പാട്ടിനും എഴുത്തിനും പ്രഗത്ഭൻ. അവനെ അറിയാത്തവരായി ആരുണ്ട്. സ്മിതയുടെ ഒപ്പം പഠിച്ചതാവും. ഞാൻ നിനച്ചു. പക്ഷേ തെറ്റിയോ...

തെറ്റി. എവിടെയെല്ലാമോ കണക്കുകൾ തെറ്റി. ജാനെറ്റിൽ നിന്ന് സ്മിതയിലേക്ക്. അവളിലൂടെ ജോർജിയിലേക്ക്. ഒരു രക്ഷപ്പെടലെന്ന കണക്ക് ഇപ്പോൾ സൗദിയിലെ ഈ കടൽത്തീരത്ത്. 

വാശിയേറിയ സംവാദത്തിനൊടുവിൽ അവൾ നിനക്കുള്ള പെണ്ണല്ലെന്ന് ജോർജിയുടെ മുഖത്തു നോക്കി വിളിച്ചു പറഞ്ഞപ്പോൾ സ്മിതയുടെ മുഖത്തു കണ്ട അതെ മന്ദസ്മിതം അവനിലും കണ്ടു. വാക്കുതർക്കം അവസാനിപ്പിച്ച് പൊടുന്നനേ അവൻ നടന്നകന്നപ്പോൾ അവളുടെ കണ്ണുകളുടെ തിളക്കം അവനിലും...

ഉറക്കംകെടുന്ന രാത്രികളിൽ ഇന്റർനെറ്റിൽ അവളുടെ പുഞ്ചിരിക്കുന്ന മുഖചിത്രം കാണുമ്പോൾ, ആ കണ്ണുകളിൽ കാണുന്ന ജ്വാലയുടെ ഉടമ ഞാൻ തന്നെയെന്ന് ഇപ്പോഴും കരുതുന്നത് മൗഢ്യമാകം, അതോ വിധിയെ വിഡ്ഢിയാക്കാനുള്ള ശ്രമമാകാം.

ഇന്നും അവൾ വിളിച്ചിരുന്നു...“ജോണേ, നീ പിന്നെയും വിരഹത്തിൽ...? , എന്നാണ് തിരികേ? നമുക്ക് ബൈക്കിലൊരു നീണ്ടയാത്ര പോയാലോ... കൂട്ടുകാരനുമുണ്ട് കേട്ടോ കൂടെ...”

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com