ADVERTISEMENT

കോമരം (കഥ)

"ഏഹേ... ഏഹേ... എല്ലാം ഭംഗിയായി നടക്കും. ഭഗവതി കൂടെയുണ്ട്..." അരയിൽ ചുവന്ന പട്ടും അരമണികളും ചുറ്റി ഒരു കൈയിൽ ചിലമ്പും മറുകൈയിൽ പള്ളിവാളുമേന്തി മുറുകുന്ന ചെണ്ടമേളത്തോടൊപ്പം തുള്ളിയുറഞ്ഞു തട്ടേക്കാട്ട് ഭഗവതിയായി രാമൻ വെളിച്ചപ്പാട് കല്പന പറഞ്ഞപ്പോൾ വിനുവിന് പക്ഷേ ഒന്നും തോന്നിയില്ല.

ഒരു ഗ്രാമം മുഴുവൻ ബഹുമാനത്തോടെയും ഭക്തിയോടെയും മാത്രം കാണുന്ന രാമൻ വെളിച്ചപ്പാടിനെയല്ല അവൻ കാണുന്നത്. മുന്നിൽ നിൽക്കുന്നത് അച്ഛനാണെന്ന് അവന് അറിയാം.

തട്ടേക്കാട്ടുകാരുടെ കുടുംബക്ഷേത്രമായ തട്ടേക്കാട്ട് ഭഗവതിക്ഷേത്രം ഇന്ന് ദേശത്തിന്റെ മുഴുവൻ അമ്പലമാണ്. തലമുറകളായി തട്ടേക്കാട്ടു കുടുംബത്തിലെ ആളുകളാണ് ഭഗവതിക്ക് കോമരമാകുന്നത്. വിനുവിന്റെ മുത്തച്ഛനായ കുമാരൻ വെളിച്ചപ്പാടിനു ശേഷം അച്ഛനാണ് കോമരമാകാനുള്ള നറുക്ക് വീണത്. കോമരമാകാൻ നിയോഗമുള്ളതാരാണോ അയാൾക്ക് ഭഗവതി എഴുന്നള്ളി വരുമ്പോൾ കലി കയറും. അന്ന് ഭഗവതി മുത്തച്ഛനിലൂടെ എഴുന്നള്ളി നിൽക്കുമ്പോൾ അച്ഛൻ അവന്റെ കയ്യും പിടിച്ച് നാഗക്കളത്തിന് അടുത്ത് നിൽക്കുകയായിരുന്നു. പെട്ടെന്നാണ് അച്ഛന് ഒരു വിറയൽ വന്നതും നിലപാട് തറയുടെ മുന്നിലേക്ക് തുള്ളി വീണതും. ആരോ വിളിച്ചു പറഞ്ഞത് മാത്രം അവന്റെ കാതുകളിൽ മുഴങ്ങി ‘‘ഭഗവതി രക്ഷിച്ചു രാമൻ തന്നെ’’.

അവിടുന്നങ്ങോട്ട് അച്ഛനാണ് ഭഗവതിക്ക് തുള്ളുന്നത്. കോമരമായതിനുശേഷം അച്ഛനുണ്ടായ മാറ്റം പ്രകടമായിരുന്നു. അമ്മ വരെ അച്ഛനോട് സംസാരിക്കുമ്പോൾ അകലം പാലിച്ചേ സംസാരിക്കൂ. 

പിന്നീടൊരിക്കലും ഒപ്പം കളിക്കാനും പുറത്തേറ്റി കാഴ്ചകൾ കാണിക്കാനും അവന് അച്ഛനെ പഴയപോലെ കിട്ടിയിട്ടില്ല. ഭൂരിഭാഗം സമയവും അച്ഛന്‍ അമ്പലത്തിൽ തന്നെയാവും. വീട്ടിൽ ഉള്ള ബുദ്ധിമുട്ടും കാര്യങ്ങളുമൊന്നും അച്ഛൻ അറിയുന്നില്ല. അമ്മ അറിയിക്കുന്നില്ല എന്നതാണ് ശരി.

ഡിഗ്രി കഴിഞ്ഞപ്പോൾ അമ്മാവന്റെ മകനായ ശ്യാമാണ് ഗൾഫിൽ ജോലി ശരിയാക്കിയത്. അതുകൊണ്ട് വീട്ടിലെ എല്ലാ കാര്യങ്ങളും ഭംഗിയായി നടക്കുന്നു. ഇത്തവണ ഉത്സവത്തിന് നീ വരണം ന്ന് അമ്മയുടെ നിർബന്ധം സഹിക്കാൻ വയ്യാതെയാണ് കുറച്ചു ദിവസത്തെ ലീവിന് താൻ വന്നത്.

വീട്ടിലേക്ക് കയറിയപ്പോൾ അമ്മ പറഞ്ഞു. ‘‘മോനേ ഇന്ന് അച്ഛൻ തുള്ളി കല്പന പറയുന്നത് കണ്ടോ നീ. നാട്ടുകാരെല്ലാം പറയുന്നത് സാക്ഷാൽ ഭഗവതിയാണെന്നാ.’’ അമ്മ പറഞ്ഞതിന് മറുപടിയേതും പറയാതെ വിനു ദൂരേക്ക് മിഴി നട്ടു. അകലെ അമ്പലത്തിൽ ചെണ്ടമേളത്തിന്റെ രൗദ്രത കുറഞ്ഞിട്ടുണ്ട്. അച്ഛൻ കലിയിറങ്ങി വീണിട്ടുണ്ടാകും. വാള് കൊണ്ട് വെട്ടിയ തലയിലെ മുറിവിൽ മഞ്ഞപ്പൊടി വാരിപ്പൊത്തി അച്ഛൻ കിടക്കുന്നത് മനസ്സിലോർത്തപ്പോൾ കണ്ണുകൾ നിറഞ്ഞു. 

ഓരോ കീഴ്‍വഴക്കങ്ങൾ ഉണ്ടാക്കുകയാണ്. തന്റെ കുടുംബത്തില്‍ നിന്നല്ലാതെ വേറെ ആരെയും കിട്ടിയില്ലേ കോമരമാകാൻ.... ഓർത്തപ്പോൾ വിനുവിന് ദേഷ്യം വന്നു. പിറ്റേന്ന് രാവിലെ ക്ഷീണിതനായി അച്ഛൻ വീട്ടിലേക്ക് വന്നു ഉമ്മറത്തെ ചാരുകസേരയിലേക്കമരുമ്പോൾ അവൻ അടുത്തു വന്നു നിന്നു.

അച്ഛന് വയസ്സായിരിക്കുന്നു. നെഞ്ചിലെ രോമങ്ങൾ വരെ നരച്ചിരിക്കുന്നു. മുരടനക്കിയപ്പോൾ അച്ഛൻ കണ്ണു തുറന്നു ‘‘ഇനിയിപ്പോ ഞാൻ പോയാൽ നമ്മുടെ കുടുംബത്തിൽ നിന്ന് ആരും ഉണ്ടാവില്ല കോമരമാകാൻ. ഭഗവതിയാകാനുള്ള നിയോഗം മറ്റാർക്കെങ്കിലും ആവും. ആട്ടെ നീയെന്നാ തിരിച്ചു പോണേ’’?

‘‘വേറെ ആരെങ്കിലും ആവട്ടെ അച്ഛാ. അച്ഛന് വയ്യാതായില്ലേ. അതോര്‍ത്ത് അച്ഛൻ വെറുതെ വിഷമിക്കേണ്ട, എനിക്ക് അടുത്ത ആഴ്ച മടങ്ങണം’’. വിനു പറഞ്ഞത് ശ്രദ്ധിക്കാതെ പറഞ്ഞതിന്റെ തുടർച്ചയെന്നോണം രാമൻ വെളിച്ചപ്പാട് പറഞ്ഞു. ‘"ഭഗവതിയാകാൻ കഴിയുന്നത് ഒരു ഭാഗ്യാ. എല്ലാവർക്കും അത് കിട്ടണമെന്നില്ല. എന്തായാലും ഭഗവതി തന്നെ വെളിപാട് നടത്തട്ടെ" ഇനിയൊന്നും പറയാനില്ലാത്തതു പോലെ അദ്ദേഹം കണ്ണുകളടച്ചു.

ഇന്ന് ഉത്സവത്തിന്റെ രണ്ടാം ദിനമാണ്. ഇന്നാണ് പ്രധാന ദിവസം. ഇന്നത്തോടെ ഉത്സവം കഴിയും. നാളെ കൊടിയിറങ്ങും. ഭഗവതിയുടെ എഴുന്നള്ളിപ്പാണ്. നിലപാട് തറയുടെ അവിടെ നിന്ന് രാമൻ വെളിച്ചപ്പാട് തുള്ളിവരികയാണ്. രണ്ടു പേർ ഇരുവശത്തു നിന്നും അദ്ദേഹത്തെ നിയന്ത്രിക്കുന്നുണ്ട്. ഇടയ്ക്ക് തല വെട്ടി ചോര വീഴ്ത്താൻ നടത്തുന്ന ശ്രമം അവർ തടയുന്നുണ്ട്. വിനു നിലപാട് തറയുടെ അവിടെ നിന്ന് എല്ലാം കാണുന്നുണ്ട്. ചെണ്ടമേളവും ഇലത്താളവും അതിന്റെ പാരമ്യതയിൽ മുഴങ്ങുന്നു. 

കല്പന പറയാൻ അച്ഛൻ വിളിക്കുന്നത് കണ്ടപ്പോൾ അവൻ മുന്നിലേക്ക് വന്നു. ഒന്നും മിണ്ടാതെ അരിയും പൂവും വാൾതലയിൽ വച്ച് അച്ഛൻ തലയിൽ തൊട്ട് അനുഗ്രഹിച്ചപ്പോൾ വിനുവിന്റെ കാലുകൾ വിറയ്ക്കാൻ തുടങ്ങി. പെട്ടെന്നാണ് ബോധം മറഞ്ഞു അവൻ പിന്നിലേക്ക് വീണത്.

ശരീരമാസകലം വിറച്ചു തുള്ളി വീഴുന്നതിനിടയിൽ ആരോ പറയുന്നത് അവൻ അർദ്ധബോധത്തിൽ കേട്ടു. ‘‘ഭഗവതിയുടെ അനുഗ്രഹം. രാമന്റെ മോൻ തന്നെ’’ അപ്പോൾ ശ്രീകോവിലിനുള്ളിൽ സർവാഭരണ വിഭൂഷിതയായ തട്ടേക്കാട്ട് ഭഗവതിയുടെ മുന്നിൽ വണങ്ങിയ രാമൻ വെളിച്ചപ്പാടിന് കലിയിറങ്ങി കഴിഞ്ഞിരുന്നു. 

(പിൻകുറിപ്പ്: ബാല്യത്തിൽ അതൊരു അത്ഭുതമായിരുന്നു. അമ്മയുടെ കൂടെ മാണിയംകാവ് അമ്പലത്തിൽ താലപ്പൊലിക്ക് പോകുമ്പോൾ ചുവന്ന പട്ടു ചാർത്തി അരമണി കെട്ടി ഒരു കൈയിൽ ചിലമ്പും മറു കൈയിൽ വാളും പിടിച്ചു കൊണ്ട് തുള്ളിയുറയുന്ന വെളിച്ചപ്പാടുകൾ...

എത്ര കണ്ടാലും മതി വരാത്ത പോലെ ഞാൻ നോക്കി നിന്നിട്ടുണ്ട്. മുറുകുന്ന ചെണ്ട മേളത്തോടൊപ്പം എപ്പോഴാണ് അവർക്കു കലി കയറുന്നത് എന്നു ശ്രദ്ധിച്ചു കൊണ്ട്.... ദേവിയുടെ എല്ലാ ചൈതന്യവും ആവാഹിച്ചു കൊണ്ട് അവർ തുള്ളിയുറയുമ്പോൾ മനസ്സിൽ ഭയത്തോടും, ഭക്തിയോടും ഒപ്പം ആരാധനയും ചിറക് വിരിക്കുന്നു. 

ഉത്സവം കഴിഞ്ഞു വീട്ടിലേക്ക് എത്തിയാൽ കല്ലിൽ പൂവും. ചന്ദനവും ചാർത്തി അവരെ അനുകരിച്ചു എത്ര തുള്ളിയിരി ക്കുന്നു. എന്റെ ബാല്യത്തെ ചെമ്പട്ടു പുതപ്പിച്ച ദിവസങ്ങൾ.... ആ ഓർമ്മകൾക്ക് മുന്നിൽ സമർപ്പണം.)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com