ADVERTISEMENT

ഒരു അഞ്ചു രൂപ കഥ (അനുഭവ കഥ)

വൈകിട്ട് ഒഫീസ് ടൈം കഴിഞ്ഞ നേരം ആയതോണ്ട് ബസ് സ്റ്റോപ്പിൽ നല്ല തിരക്കുണ്ട്. എല്ലാം ഇസ്തിരികുട്ടപ്പന്മാർ ആയ ടെക്കികൾ തന്നെ. കാര്യം മൂന്ന് സ്റ്റോപ്പ് ദൂരമേ ഉള്ളു, പക്ഷേ നടക്കാൻ വയ്യാ. പണി നടക്കുന്ന കാരണം റോഡ് മൊത്തം പൊടി ആണ്.

അപ്പോഴാണ് എന്റെ പഴ്സിലെ (പോക്കറ്റ് അടി നന്നായി ഉള്ള റൂട്ടിൽ ആയോണ്ട് കേറുമ്പോഴും ഇറങ്ങുമ്പോഴും പേഴ്സ് തപ്പൽ പതിവാ) കാര്യം ശ്രദ്ധിച്ചത്, ചില്ലറ ഇല്ലാ!. അഞ്ചു രൂപക്കു വേണ്ടി ഈ നൂറു രൂപ കൊടുത്താൽ തെറി വിളി ഉറപ്പാ, നാട്ടിലെ പോലെ അല്ലാ ചിലപ്പോ ബസ് നിർത്തി ഇറക്കി വിടുകേം ചെയ്യും. എന്തായാലും വരുന്നിടത്തു വെച്ച് കാണാം എന്നു കരുതി അടുത്ത ബസിൽ തന്നെ കേറിപറ്റി.

കണ്ടക്ടർ വന്നു, യാതൊരു ഭാവവ്യത്യാസവും ഇല്ലാതെ ഉണ്ടാരുന്ന 100 രൂപ നീട്ടി. അയാൾ കന്നഡയിൽ കുറച്ചു ശ്ലോകങ്ങൾ ചൊല്ലി, ഭാഷ അറിയില്ലേലും തെറി ആണെന്നുറപ്പ്. കൂടെ ഉള്ള ഇസ്തിരികുട്ടപ്പന്മാർ എല്ലാം ഞാൻ വല്ലവന്റേം പോക്കറ്റ് അടിച്ചവൻ ആണെന്ന മട്ടിൽ എന്നെ തുറിച്ചു നോക്കുണ്ട്. ബഹളം കേട്ടു മുന്നിലെ സുന്ദരിമാരും തിരിഞ്ഞു നോക്കുന്നുണ്ട്, കഴിഞ്ഞ ആഴ്ച അവരുടെ മൊബൈൽ അടിച്ചു മാറ്റിയ ഗാങ്ങിൽ ഉള്ളവരോ മറ്റോ എന്ന മട്ടിൽ ആകും. ഞാൻ എന്തായാലും തെലുങ്ക് സിനിമയിലെ രാം ചരണിനെ മനസ്സിൽ ഓർത്ത് യാതൊരു ഭാവവ്യത്യാസവും ഇല്ലാതെ നിന്നു.

അടുത്ത സ്റ്റോപ്പ് എത്താറായപ്പോൾ കണ്ടക്ടർ ഡോറിനു അടുത്തേക്ക് വിളിച്ചു.

പടച്ച റബ്ബേ ! പണി പാളി, അവിടെ ഇറക്കി വിടാൻ തന്നെ. "ബേഗം ബണ്ണി, ബേഗം ബണ്ണി" പറഞ്ഞു അങ്ങേരു വിളിക്കുന്നുണ്ട് "കന്നഡ ഗൊത്തില്ലാ"തോണ്ടു അയാളോട് വർത്തമാനം പറഞ്ഞു പിടിച്ചു നിക്കാൻ പാടുതന്നെ. ഏതായാലും ഉള്ള ഇംഗ്ലിഷ്‌ വെച്ച് രണ്ട് വർത്തമാനം പറയാന്നും, എന്തു വന്നാലും ഇറങ്ങാതെ ഒന്നു പിടിച്ചു നിക്കാന്നും തന്നെ കരുതി. കൂടെ ഉള്ളവന്മാർ എല്ലാം അപ്പോഴും അതൊന്നും അവരെ ബാധിക്കുന്ന കാര്യമല്ല എന്ന മട്ടിൽ തന്നെ.

അപ്പോഴാണ് എനിക്കു നേരെ ഒരു കൈ നീണ്ടു വന്നത്, കൈയിൽ ഒരു 5 രൂപയും. കണ്ടാൽ തന്നെ അറിയാം കുറച്ചു പ്രായം ഉള്ള കൺസ്ട്രക്ഷൻ ഫീൽഡിൽ വർക്ക് ചെയ്യുന്ന ഒരു പാവം മനുഷ്യൻ ആണ്, ശരീരത്തിലും വസ്‌ത്രത്തിലും മൊത്തം പൊടി പിടിച്ചിട്ടുണ്ട്.

എനിക്കു എന്റെ കൂടെ ഉള്ള ആളുകളോട് പുച്ഛം തോന്നി, അല്ല എനിക്ക് എന്നോട് തന്നെ ആണ് തോന്നിയെ. ഞാൻ ഒക്കെ തന്നെ ആണല്ലോ അവരും.

ആ വലിയ മനുഷ്യനെ ഒരിക്കലും മറക്കില്ല , നന്ദിയോടെ എഴുതുന്നു ഈ ചെറിയ വലിയ സഹായം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com