ADVERTISEMENT

നട്ടപ്പിരാന്ത്‌ (കഥ)

അസമയത്തുള്ള ഫോൺ വിളി ഉറക്കത്തെ ശല്യപ്പെടുത്തിയതിലുള്ള നീരസത്തോടെയാണ് കാത്തു എഴുന്നേറ്റത്... ആരാണോ ഈ പാതിരാത്രിയിൽ. ഉറക്കച്ചടവോടെ കാത്തു ഫോൺ അറ്റൻഡ് ചെയ്തു.

"മോളെ..." അങ്ങേ തലക്കൽ അമ്മയാണ്. അമ്മയുടെ ശബ്‌ദം വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു.

"എന്തു പറ്റി അമ്മെ... എന്താ ഈ രാത്രിയിൽ?" അമ്മക്ക് ഒന്നും പറയാൻ പറ്റുന്നില്ല...

കോളജിലെ ക്ലാസ്സും കഴിഞ്ഞ് കുട്ടൻ നേരെ അമ്മയുടെ അടുത്തേക്ക് പോയതാണ്... അമ്മക്ക് ചെറിയ ഒരു പനി ഉണ്ടെന്നു പറഞ്ഞു. അത് അന്വേഷിക്കാൻ വിട്ടതാണ് കുട്ടനെ. അവിടെ എത്തിയപ്പോ അവൻ  വിളിച്ചതുമാണല്ലോ... അപ്പോഴൊന്നും അമ്മക്ക് വയ്യായ്ക ഉണ്ടെന്നു പറഞ്ഞില്ല..

എന്റെ അമ്മമ്മ പയറുമണി പോലെ ഉരുണ്ടു കളിക്കുന്നുണ്ട് എന്ന് അവൻ തമാശയായി പറഞ്ഞതുമാണ്...

"അമ്മെ... അമ്മക്ക് എന്ത് പറ്റി..."

വെപ്രാളത്തോടെ എന്തു ചെയ്യണം എന്നറിയാതെ നിൽക്കുമ്പോൾ ആണ് ഫോൺ വാങ്ങി അടുത്ത വീട്ടിലെ ഗോപാലേട്ടൻ സംസാരിക്കാൻ തുടങ്ങിയത്..

"മോളെ ഇത് ഞാനാ... ഗോപാലേട്ടൻ... ഒന്നുമില്ല. പേടിക്കാൻ ഒന്നുമില്ല. പിന്നെ ഒരു കാര്യം ചോദിക്കാൻ ആണ് വിളിച്ചത്....

കുട്ടന് വല്ല അസുഖവും ഉണ്ടായിരുന്നോ? അവൻ ഊണും കഴിച്ചു കിടപ്പ് മുറിയിൽ കേറി വാതിലടച്ചതാ. അകത്തു നിന്നാണെങ്കിൽ അവന്റെ ശബ്ദവും കേൾക്കുന്നുണ്ട്. വിളിച്ചിട്ടാണെങ്കിൽ അവൻ കേൾക്കുന്ന മട്ടേ ഇല്ല. വാതിലും തുറക്കുന്നില്ല. അവൻ എന്തൊക്കെയോ വിളിച്ചു പറയുന്നു. പൊട്ടിച്ചിരിക്കുന്നു... മേശയിൽ ഇടിക്കുന്നു... അവൻ എന്തിനെ കുറിച്ചാണ് പറയുന്നത് എന്നൊന്നും  നമ്മുക്ക് മനസ്സിലാവുന്നില്ല.."

കാത്തുവിന്റെ അമ്മ സീരിയൽ ഒക്കെ കണ്ടു ടിവി യും ഓഫ് ചെയ്തപ്പോൾ ആണ് ഇതൊക്കെ അറിഞ്ഞത്. അപ്പൊ മുതൽ അമ്മ കരച്ചിൽ ആണ്. ഇനി നേർച്ചകൾ നേരാൻ ഈ ഭൂമി മലയാളത്തിൽ ഒരു അമ്പലവും ബാക്കി ഉണ്ടെന്നു തോന്നുന്നില്ല.

മോന്റെ മൊബൈൽ നമ്പറിൽ ഒന്ന് വിളിച്ചു നോക്ക്... അവന്റെ നമ്പർ ഇവിടെ അമ്മയുടെ കയ്യിലും ഇല്ല..."

കാത്തുവിന്റെ കയ്യിൽ നിന്ന് ഫോൺ ഊർന്നു വീണു... തലയാകെ പെരുക്കുന്ന പോലെ.. വീഴാതിരിക്കാൻ വേണ്ടി ടിവി സ്റ്റാന്റിൽ പിടിച്ചു നിന്നു. ജഗ്ഗിലെ വെള്ളം ഒറ്റവലിക്കു കുടിച്ചു തീർത്തു...

ഒരു നിമിഷം... പേടിച്ചു നിൽക്കേണ്ട സമയം അല്ല ഇത്. മോന് എന്തു പറ്റിയതാവാം?

ഡിഗ്രി. രണ്ടാം വർഷ വിദ്യാർഥി ആണെങ്കിലും അവനു പ്രേമമോ നൈരാശ്യമോ ഉണ്ടായതായി അറിവില്ല. അവൻ എപ്പോഴും സന്തോഷവാൻ തന്നെയായിരുന്നു.

പക്ഷേ പെട്ടെന്ന് ഇങ്ങനെ ആവാൻ എന്താണ് കാരണം. ഒരു എത്തും പിടിയും കിട്ടുന്നില്ല... ചിന്തിച്ചു നിൽക്കാൻ ഉള്ള സമയം ഇല്ല. ചേട്ടൻ ആണെങ്കിൽ സ്ഥലത്തുമില്ല. ധൈര്യം കൈവിടാതെ എഴുന്നേറ്റ് വണ്ടിയെടുത്ത് പുറത്തിറങ്ങി. അമ്മയെ വിളിച്ചു ഞാൻ പുറപ്പെട്ടു. ഒരു മണിക്കൂർ കൊണ്ട് അവിടെ എത്താം എന്നും അറിയിച്ചു.

കാറിന്റെ വേഗത നൂറിൽ നിന്നും നൂറ്റി ഇരുപതിലേക്കു മാറിയിട്ടും ഒച്ചിന്റെ വേഗതയായാണ് കാത്തുവിന് തോന്നിയത്. ഇടയിൽ കുട്ടന്റെ ഫോണിൽ വിളിച്ചതാ. അവനാണെങ്കിൽ ഫോണും കട്ട് ചെയ്യുന്നു... മനസ്സിന്റെ വേഗത കാറിനു കിട്ടുന്നില്ല. കാത്തു എല്ലാം മറന്നു ഡ്രൈവിങ്ങിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു.

നാൽപതു മിനിറ്റു കൊണ്ട് തന്നെ അമ്മയുടെ വീട്ടിൽ എത്താൻ കാത്തുവിന് കഴിഞ്ഞു. മുറ്റത്തും കോലായിലുമായി ആറേഴു പേർ ഇരിക്കുന്നു. എല്ലാരുടെ മുഖത്തും പരിഭ്രമം ഉണ്ട്.

"എന്റെ കൊച്ചിനെന്തു പറ്റി എന്റെ ഭഗവാനെ..." അമ്മ കാത്തുവിനെ കെട്ടിപ്പിടിച്ചു കരഞ്ഞു... കാത്തു മോൻ കിടന്ന വാതിൽക്കൽ എത്തി. കാതോർത്തു.

"അയ്യോ.. .അവിടെ കിടക്ക്‌.. കിടക്ക്‌.. അങ്ങോട്ട് പോകല്ലേ... അവിടെ ശത്രുക്കൾ ഉണ്ട്... enemies ahead... oh god..

Lets go... ഛെ, നശിപ്പിച്ചു... അതെ വെക്കടാ വെടി.. ആ.. അങ്ങനെ അങ്ങനെ.... ഓ.. താങ്ക്സ് ഗോഡ്.. ഗോട്ട് ഇറ്റ്... അടിച്ചു മോനെ... ചിക്കൻ ഡിന്നർ..."

കേട്ടു നിന്ന കാത്തുവിന് പൊട്ടിച്ചിരിക്കാനാണ് തോന്നിയത്..

അവൻ പബ്‌ജി കളിച്ചതാ. നാട്ടിൻ പുറത്തെ അമ്മക്ക് ഇത്തരം കളികളെ കുറിച്ചൊന്നും അറിയില്ല. ഈ കളി മൊബൈലിൽ നിന്നും ഡിലീറ്റ് ചെയ്യിച്ചിട്ടു കുറെ നാളായി... വീട്ടിൽ നിന്നുള്ള കളിയും നിർത്തിയിരുന്നു. ഉം. ഏതായാലും ചിക്കൻ ഡിന്നർ കിട്ടി. അവൻ ഇപ്പൊ കളി നിർത്തും.

ഇയർ ഫോണും വച്ച് ഗെയിമിലെ മറ്റുള്ളവരോട് സംസാരിച്ചും നിർദേശങ്ങൾ കൊടുത്തും ഉള്ള ഈ കളി ആരാണോ കണ്ടു പിടിച്ചത്..

ഓരോ ബാല്യത്തെയും ചുറ്റുമുള്ളവരിൽ നിന്നും അകറ്റി.. ഒറ്റപ്പെടുത്തി ദൂരെയുള്ള ആളുകളുടെ കൂടെ കളിക്കുന്ന കളി.

ജീവിത മാർഗ്ഗത്തിനായി നഗരങ്ങളിലേക്ക് കൂടുമാറ്റം നടത്തേണ്ടി വന്ന പല കുടുംബങ്ങളിലെയും അവസ്ഥ ഇതു തന്നെയാണ്..

അകത്തു ഒച്ചയും ബഹളവും നിലച്ചിരിക്കുന്നു. 

കുട്ടൻ മെല്ലെ വാതിൽ തുറന്നു... പുറത്തു കരഞ്ഞു കണ്ണുകൾ ചുമന്ന അമ്മയും അമ്മമ്മയും കുറച്ചാളുകളും... കുട്ടൻ അദ്‌ഭുതത്തോടെ ചുറ്റിലും നോക്കി. രംഗം അത്ര പന്തിയല്ല... അമ്മയാണെങ്കിൽ ഒരു കുറ്റവാളിയെ പോലെ ചൂളി നിൽക്കുന്നു..

കാര്യങ്ങൾ അറിഞ്ഞ കുട്ടൻ തന്റെ ഫോണിലെ പബ്ജി അവിടെ വച്ചു തന്നെ ഡിലീറ്റ് ചെയ്തു. നിഷ്കളങ്കയായ അമ്മമ്മയെ കെട്ടിപ്പിടിച്ചു. അമ്മമ്മക്കു കട്ട സപ്പോർട്ട് ആയി അമ്മമ്മയുടെ കൂടെ നിന്ന സ്നേഹനിധികളായ അയാൽക്കാരോട് നന്ദിയും പറഞ്ഞു. ജാള്യതയോടെ കുട്ടൻ ഉറങ്ങാൻ കിടന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com