ADVERTISEMENT

വിധിയുടെ മാപിനികൾ (കഥ)

"എനിക്ക് പനിയുണ്ടാക്കാനുള്ള കഴിവ് തരൂ, അസുഖങ്ങൾ ഞാൻ ഭേദമാക്കാം" എന്ന ഹിപ്പോക്രേറ്റ്സിന്റേതായായ ഉദ്ധരണി പറഞ്ഞുകൊണ്ടാണ് “മഴക്കാലവും പനിയും” എന്ന സെമിനാർ ഡിസ്ട്രിക്ട് മെഡിക്കൽ ആന്റ് ഹെൽത്ത് ഇൻസ്പെക്ടർ ഉദ്ഘാടനം ചെയ്തത്. സെമിനാർ എല്ലാ കൊല്ലത്തേയും പോലെ തന്നെ! ആശുപത്രികളിൽ അഡ്മിറ്റ് ആയവരുടെ കണക്കുകൾ, പട്ടികകൾ, മുൻകരുതലുകൾ അങ്ങനെ പലതും. സോഫിയയുടെ മനസ്സപ്പോഴും ഗ്രാമത്തിലെ താൻ ജോലി ചെയ്യുന്ന ഗവൺമെന്റ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരിക്കുന്ന രോഗികളുടെ കൂടെയായിരുന്നു, പ്രത്യേകിച്ച് ഇന്നലെ പനിയായിട്ട് അഡ്മിറ്റ് ചെയ്ത ആറ് വയസ്സുകാരൻ മനുമോന്റെ കൂടെ! പലയാവർത്തി സെമിനാറിൽ നിന്ന് തന്നെ ഒഴിവാക്കി തരാൻ ഡോക്ടറോട് പറഞ്ഞതാണ്, ഹെൽത്ത് ഇൻസ്പെക്ടർ വളരെ കാർക്കശ്യസ്വഭാവക്കാരനായതുകൊണ്ട് പോയേ തീരൂ എന്നു പറഞ്ഞതു കൊണ്ടാണ് വരേണ്ടിവന്നത്..

മൂന്നു മണിയോടുകൂടി സെമിനാർ അവസാനിച്ചു. ചായ കുടിക്കാൻ നിന്നില്ല, വേഗം വീട്ടിലെത്തണം. സിറ്റിയിൽ നിന്ന് ഒരു മണിക്കൂറോളം യാത്രയുണ്ട് തന്റെ ഗ്രാമത്തിലേക്ക്. ബസ്സ് സ്റ്റാന്റിൽ എത്തിയപ്പോൾ തന്നെ ബസ്സ് കിട്ടി. മൂന്നരയായതുകൊണ്ടായിരിക്കാം ബസ്സിൽ തിരക്ക് കുറവായിരുന്നു. തന്റെ ജീവിതവും മനസ്സും പോലെ തന്നെയായിരുന്നു വഴിയോര കാഴ്ചകളും. എല്ലാം പെട്ടെന്ന് മിന്നി മറയുന്നു. അവൾ മിന്നിമറയുന്ന മനസ്സിലെ ദൃശ്യങ്ങളെ ക്രമപ്പെടുത്തിയെടുത്തു.

താൻ സോഫിയ ജോസഫ് എന്നറിയപ്പെട്ട തന്റെ വിവാഹ ദിവസം, ഏകദേശം മൂന്ന് വർഷങ്ങൾക്ക് മുമ്പ്.. അറിയപ്പെടുന്ന ഒരു തറവാടായിരുന്നു ജോസഫിന്റേത്, ഒരേയൊരു മകൻ, ബാങ്കിൽ ജോലി, എല്ലാം തന്റെ ഭാഗ്യമായി വീട്ടുകാരും നാട്ടുകാരും കരുതി. തികച്ചും ആഹ്ളാദകരമായിരുന്നു ജോസഫുമായിട്ടുള്ള കുടുംബജീവിതം. തന്റെ മാതാപിതാക്കളപ്പോലെ തന്നെയായിരുന്നു ജോസഫിന്റെ അമ്മയും അപ്പനും തനിക്ക്. ഒന്നാം വിവാഹവാർഷികത്തിന്റെ പിറ്റെ ദിവസം വൈകിട്ട് ഒരു ചെറിയ പനിയുമായിട്ടാണ് ജോസഫ് വീട്ടിലേക്ക് വന്നത്. വന്നയുടനെ അമ്മയോട് “പനികഷായം” ഉണ്ടാക്കാൻ പറഞ്ഞു. പനികൂർക്കയുടെ ഇലയും, തുളസിയിലയും ഒരു ഗ്ലാസ് വെള്ളത്തിൽ തിളപ്പിച്ച് കാൽ ഗ്ലാസ്സാക്കി ചെറിയ ചൂടോടു കൂടി കുടിക്കുക, അതായിരുന്നു അമ്മയുടെ "പനി കഷായം". പക്ഷേ പിറ്റേന്ന് രാവിലെ ജോസഫ് തളർന്നവശനായി. ഉടനെ തന്നെ അടുത്തുള്ള പ്രൈവറ്റ് ആശുപത്രിയിൽ കൊണ്ടുപോയി. ടെസ്റ്റുകൾ ഡെങ്കി പനിയാണെന്ന് സ്ഥിരീകരിച്ചു. അതും രക്തസ്രാവത്തോടെയുള്ള ഡെങ്കിപ്പനി (ഡെങ്കി ഹെമറേജിക് ഫീവർ) പ്ലേറ്റ് ലെറ്റ് കൗണ്ട് വളരെ കുറവ്, അതുപോലെ ബ്ലഡ് പ്രഷർ വളരെ താഴെയായി.. തന്റെ പ്രിയതമന്റെ വേർപാട്...

സിസ്റ്ററേ ഇറങ്ങേണ്ട സ്റ്റോപ്പായി, കണ്ടക്ടറുടെ വിളി…

ബസ്സിറങ്ങി വീട്ടിലേക്ക് നടക്കുമ്പോഴാണ് മൊബൈൽ നോക്കിയത്, ഡ്യൂട്ടി ഡോക്ടറുടേയും, അമ്മയുടേയും നിരവധി മിസ്കോളുകൾ..

അമ്മ വരാന്തയിൽ തന്നെയുണ്ടായിരുന്നു. മോളേ, മോളു വന്നാലുടനെ ആശുപത്രിയിലേക്ക് വിളിക്കാൻ പറഞ്ഞു ഫോൺ വന്നിരുന്നു. മോളുടെ മൊബൈൽ റിങ്ങ് ചെയ്യുന്നുണ്ട് എടുക്കുന്നില്ലെന്ന് പറഞ്ഞു, ഞാനും മോളേ വിളിച്ചിരുന്നു... മോളേ കണ്ടപ്പോഴാണ് ഒരു സമാധാനമായത്. 

ഉടനെ തന്നെ ഡോക്ടറെ വിളിച്ചു. മനുമോനെ അഡ്മിറ്റ് ചെയ്യുന്ന സമയത്ത് അവന്റെ മുത്തശ്ശിയായിരുന്നു കൂടെ വന്നിരുന്നത്. മനുമോനെ അഡ്മിറ്റ് ചെയ്തു വീട്ടിലെത്തിയതിനു ശേഷം മുത്തശ്ശി ഹൃദയസ്തംഭനം മൂലം മരിച്ചെന്നും മനുമോനെ വീട്ടിലേക്ക് കൊണ്ടു പോയെന്നും പറയാനാണ് ഫോൺ ചെയ്തത്. 

അന്നു രാത്രി കിടന്നിട്ട് ഉറക്കം വന്നില്ല, മനുമോന്റെ മുഖം മാത്രമായിരുന്നു കൺമുമ്പിൽ. എന്തെന്നില്ലാത്ത ചുട്ടുപൊള്ളൽ മനസ്സിലെല്ലാം, തിരിഞ്ഞും മറിഞ്ഞും കിടന്ന് ഒരു വിധത്തിൽ നേരം വെളുപ്പിച്ചു. 

അമ്മേ ഞാൻ കുറച്ച് നേരത്തെ ഇറങ്ങുകയാണ്... മനുമോന്റെ വീടു വരെ പോകണം.

അഡ്മിറ്റ് ചെയ്തപ്പോൾ കൊടുത്തിരുന്ന അഡ്രസ്സ് പ്രകാരം മനുമോന്റെ വീട്ടിലെത്തി. ഒരു വാടകവീട്ടിലായിരുന്നു മനുമോനും മുത്തശ്ശിയും താമസ്സിച്ചിരുന്നത്, മനുമോന്റെ അച്ഛനും അമ്മയും ഒരു വാഹനാപകടത്തിൽ മരണപ്പെട്ടിരുന്നു. പറയത്തക്ക ബന്ധുക്കളാരും അവർക്കുണ്ടായിരുന്നില്ല. ചെറിയൊരു മാടക്കട നടത്തുന്ന വരുമാനം കൊണ്ടാണ് രണ്ടു പേരും കഴിഞ്ഞിരുന്നത്. അയലത്തെ ചേച്ചി വിവരങ്ങൾ പറഞ്ഞു... ആ ചേച്ചിയുടെ മടിയിൽ തളർന്നുറങ്ങുകയായിരുന്നു മനുമോൻ. അവന്റെ പനി മാറിയിട്ടില്ലെന്ന് അവന്റെ മുഖം കണ്ടാലറിയാം.. സംസാരം കേട്ടിട്ടാകണം മനുമോൻ കണ്ണു തുറന്നു പതുക്കെ എന്നെ നോക്കി ചിരിച്ചു. അവന്റെ ചിരി എന്റെ ഉള്ളിലെ ചുട്ടുപൊള്ളലിനെ ശമിപ്പിക്കാൻ കഴിവുള്ള കുളിർ തെന്നലാണെന്ന് ഞാൻ തിരിച്ചറിഞ്ഞു. നിറഞ്ഞ സന്തോഷത്തോടെ ഞാൻ ചോദിച്ചു. മോൻ വരുന്നോ സിസ്റ്ററാന്റിയുടെ കൂടെ… അവന്റെ കൈ പിടിച്ചു നടക്കുമ്പോൾ എനിക്ക് മനസ്സിലായി അവന്റെ പനി അവനെ വിട്ടുപോയെന്ന്…

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com