ADVERTISEMENT

മരുഭൂമി ജീവിതം (കഥ)

ഫുജൈറയിൽ നിന്നും മസാഫിയിലേക്കുള്ള പാതയിലൂടെ ഞങ്ങളുടെ വാഹനം കുതിച്ചു പായുകയാണ്. വൻമലകൾ വെട്ടിയൊതുക്കിയുണ്ടാക്കിയ പാതകൾ. വിജനമായ വഴിയിലൂടെ യാത്ര തുടരുമ്പോൾ ഫുജൈറ നഗരം ഞങ്ങൾക്കു പിന്നിൽ ചെറുതായിക്കൊണ്ടിരുന്നു. പാതകൾക്കു നടുവിലുള്ള വിളക്കുകാലുകളിൽ വെളിച്ചം കത്തിത്തുടങ്ങി. നഗരത്തെ കണ്ണിൽ നിന്ന് മറയ്ക്കുന്ന ഒരു വളവ് തിരിഞ്ഞുള്ള ഇറക്കത്തിലാണ് ദൂരെ ഞങ്ങളുടെ വാഹനത്തിന് കൈകാണിക്കുന്ന അയാളെ ഞാൻ കണ്ടത്. പാക്കിസ്ഥാനിയാണന്ന് വസ്ത്രധാരണത്തിൽ നിന്നും മനസിലായി. മലമടക്കുകളിലൂടെ വീശിയടിക്കുന്ന, ശരീരം മരവിക്കുന്ന തണുത്ത കാറ്റിൽ നിന്നും രക്ഷ നേടാനായി ഒരു ഷാൾ കൊണ്ട് മുഖം പാതി മറച്ചിട്ടുമുണ്ടയാൾ. ഇത്തരം വിജനമായ പാതകളിൽ നിന്ന് പൊതുവിൽ ആരും തന്നെ കാൽനടയാത്രക്കാരെന്ന് തോന്നിപ്പിക്കുന്നവരെ വാഹനത്തിൽ കയറ്റാറില്ല. കാരണം പലരും തട്ടിപ്പുകാരും പിടിച്ചുപറിക്കാരുമൊക്കെയാകും. 

പക്ഷേ എന്തോ, വാഹനം അടുത്തെത്തിയപ്പോൾ പ്രതീക്ഷയോടെയുള്ള അയാളുടെ ആ നോട്ടം ഞങ്ങളുടെ മനസ്സിനെ മാറ്റി ചിന്തിപ്പിച്ചു. അൽപം മുന്നിലേക്ക് പോയി വാഹനം റോഡരികിൽ ഒതുക്കി നിർത്തി. പാവം. അയാൾ ഓടി വരുന്നുണ്ട്. പിൻവശത്തിരിക്കുകയായിരുന്ന ഞാൻ ഡോർ തുറന്ന് കൊടുത്തതും അയാൾ പെട്ടെന്നു തന്നെ അകത്ത് കയറി. നന്നായി വിറയ്ക്കുന്നുണ്ടായിരുന്നയാൾ.

"പാകിസ്താൻ മെ കിഥർ ഹൈ ആപ്" എനിക്കറിയാവുന്ന രണ്ട് മൂന്ന് പാക്കിസ്ഥാൻ നഗരങ്ങളുടെ പേരിന്റെ അകമ്പടിയോടെ ഞാനയാളോട് ചോദിച്ചു...

"സാറെ ഞാൻ മലയാളിയാ..."

അയാളുടെ ഉത്തരം എന്നെ ഞെട്ടിച്ചു കളഞ്ഞു. വാഹനം മുന്നോട്ടു നീങ്ങവെ അയാൾ എന്നെ തന്നെ നോക്കുകയാണെന്ന് എനിക്ക് മനസ്സിലായി. ഏറെ കരുവാളിച്ച അയാളുടെ മുഖത്തിനും അയാളണിഞ്ഞിരിക്കുന്ന വസ്ത്രത്തിനും പ്രവാസ ജീവിതത്തിന്റെ കയ്പേറിയ കുറെയനുഭവങ്ങൾ പറയാനുണ്ടെന്നെനിക്ക് തോന്നി.

നവാസ് അതായിരുന്നു അയാളുടെ പേര്. പാലക്കാട് പത്തിരിപ്പാലക്കടുത്തുള്ള ഒരുൾഗ്രാമത്തിലാണയാളുടെ വീട്. പിതാവിന്റെ മരണത്തിനു ശേഷം, ഉത്സവക്കാഴ്ചകളുടെ നിറഭേദങ്ങളിൽ നിന്നും മരുഭൂമിയുടെ അനന്തതയിലേക്കുള്ള ഒരു യാത്രക്ക് അയാൾ നിർബന്ധിതനാവുകയായിരുന്നു. അയാൾക്ക് താഴെ മക്കൾ അഞ്ചായിരുന്നു. കല്യാണപ്രായമായി നിൽക്കുന്ന സമീറക്കു പുറമെ വേറെയും രണ്ട് സഹോദരിമാർ. അതിനു താഴെ രണ്ട് ആൺകുട്ടികൾ. കാര്യമായൊന്നും സമ്പാദിക്കാൻ ഓട്ടോറിക്ഷാ ഡ്രൈവറായ അയാൾക്കോ കൂലിപ്പണിക്കാരനായിരുന്ന പിതാവിനൊ സാധിച്ചിരുന്നില്ല. പിതാവ് രോഗം ബാധിച്ച് കുറെ നാളായി കിടപ്പിലായതോടെ അവരുടെ ബാധ്യതകൾ കൂടിയതേയുള്ളൂ. 

അങ്ങനെയാണ് ഒരു സുഹൃത്തിന്റെ പരിചയത്തിൽ ദുബായിലേക്കെന്നും പറഞ്ഞ് കിട്ടിയ വിസക്ക് കയറി പുറപ്പെട്ടത്. എത്തിപ്പെട്ടത് ഫുജൈറയിലെ മസാഫിയിൽ നിന്നും കിലോമീറ്റർ ഉള്ളിലുള്ള ഒരു കൊച്ചു ഫാമിലും. സിനിമയിലും മറ്റും കണ്ട ദുബായ് കാഴ്ചകളുമായി വിമാനം കയറിയ അയാൾക്ക് മുന്നിലുണ്ടായിരുന്നത് വൻ പാറമലയും കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന മരുഭൂമിയുമായിരുന്നു. ക്രമേണ അതാണയാളുടെ ലോകമെന്ന് അയാൾ മനസിലാക്കുകയായിരുന്നു. അയാൾക്ക് കൂട്ടായി അവിടെയുണ്ടായിരുന്നത് പത്തിരുപത് ആടുകളും കുറച്ച് കോഴികളും മാത്രമായിരുന്നു. 

മാസത്തിലൊരു തവണ വരുന്ന അറബി കൊണ്ടുവരുന്ന കുബൂസിന്റെ പാക്കറ്റുകളായിരുന്നു അയാളുടെ വിശപ്പകറ്റിയിരുന്നത്. ആദ്യമാദ്യം അയാൾക്ക് കുബൂസിനോട് മടുപ്പ് തോന്നിയിരുന്നെങ്കിലും പിന്നീടയാൾക്കതിനെ ഇഷ്ടപ്പെടേണ്ടി വന്നു.

മാസാമാസമുള്ള അറബിയുടെ വരവിനായി അയാൾ പ്രതീക്ഷയോടെ കാത്തിരിക്കുമായിരുന്നു. കാരണം നാട്ടിലേക്ക് വിളിക്കണമെങ്കിൽ അറബി വന്ന് തിരിച്ചു പോകുമ്പോൾ കൂടെ പോകണം. ആറ് കിലോമീറ്ററോളം കഴിഞ്ഞാൽ മൊബൈലിന് റേഞ്ച് കിട്ടുന്ന സ്ഥലമെത്തും. അവിടെ വണ്ടി നിർത്തി അറബിയുടെ മൊബൈലിൽ വീട്ടിലേക്ക് വിളിക്കാം. തന്റെ കണ്ണു നിറയുന്നത് കണ്ടിട്ടാവും തൊട്ടതിനും പിടിച്ചതിനുമൊക്കെ ചീത്ത പറയുന്ന അയാൾ താൻ ഫോൺ ചെയ്യുമ്പോൾ ഒന്നും മിണ്ടാതെ തന്നെത്തന്നെ നോക്കിയിരിക്കും. ദുബായിലായിട്ടും ഇടയ്ക്കിടെ ഫോൺ വിളിക്കാത്തതിന് വീട്ടുകാർ പരിഭവവും പരാതിയും പറയുമ്പോൾ ഒഫീസിലെ തിരക്കിനെപ്പറ്റി പറഞ്ഞ് അയാളവരെ സമാധാനിപ്പിക്കും. ഫോൺ വിളി കഴിഞ്ഞാൽ പിന്നെ തനിയെ തിരിച്ചു നടക്കണം ഫാമിലേക്ക്. അറബി അയാളുടെ പാട്ടിന് പോകും.

ആരെങ്കിലും ദുബായിലേക്ക് വരുന്നുണ്ടെന്നറിയുമ്പോൾ എന്തെങ്കിലും കൊടുത്തയക്കണമോയെന്ന് പെങ്ങളും ഉമ്മയുമൊക്കെ ചോദിക്കാറുണ്ട്. എല്ലാം ഇവിടെ തൊട്ടടുത്തുള്ള ഹൈപ്പർ മാർക്കറ്റിൽ കിട്ടുമെന്ന് അയാൾ മറുപടി കൊടുക്കും. തന്റെയടുത്തേക്ക് ആരെത്തിപ്പെടാൻ. ഇനി എത്തിപ്പെട്ടാൽ തന്നെ തന്റെ അവസ്ഥകളെല്ലാം എങ്ങനെയെങ്കിലും വീട്ടുകാർ അറിയും. അതവർക്ക് താങ്ങാനാവില്ല.

തന്റെ ശമ്പളം അറബി തന്നെ തന്റെ വീട്ടിലേക്ക് അയച്ചുകൊടുക്കുകയാണ് ചെയ്യാറ്. വന്നതിൽ പിന്നെയിതു വരെ നാട്ടിൽ പോയിട്ടില്ലെന്ന് മാത്രമല്ല ഫാം വിട്ട് മറ്റെങ്ങോട്ടും പോയിട്ടില്ലെന്ന് കേട്ടപ്പോൾ എന്റെ ചങ്ക് പിടച്ചു പോയി. 

കൃത്യമായി ശമ്പളം വീട്ടിൽ കിട്ടുന്നതു കൊണ്ട് അയാൾക്കും കൂടുതൽ ആഗ്രഹങ്ങളൊന്നുമില്ല. മൂന്ന് പെങ്ങൻമാരുടെയും കല്യാണം കഴിഞ്ഞു. അനിയൻമാരെ തുടർന്നും പഠിപ്പിക്കണം. നല്ല നിലയിലെത്തിക്കണം. എങ്ങനെയെങ്കിലും നാട്ടിൽ തന്നെ അവർക്ക് നല്ലൊരു ജോലി തരപ്പെടുത്തിക്കൊടുക്കണം. ഒരിക്കലും ഗൾഫിലേക്ക് വരാനുള്ള അവസ്ഥ അവർക്ക് വരുത്തരുതേയെന്ന് എപ്പോഴും ദൈവത്തോട് പ്രാർത്ഥിക്കും. കണ്ണടയുന്നതിനു മുമ്പ് എന്റെ മോനെയൊരു നോക്ക് കാണാനാവില്ലേ എന്ന് ഉമ്മ ഒന്നു രണ്ടു തവണ ചോദിച്ചപ്പോൾ മാത്രമാണ് ഒരിക്കൽ നാട്ടിൽ പോകുന്നതിനെക്കുറിച്ച് ആലോചിച്ചത്. പക്ഷേ ബാധ്യതകൾ ഇനിയും ബാക്കിയാണ്. താൻ നാട്ടിൽ പോയാൽ പിന്നെ തിരിച്ചു വരില്ലെന്ന് പേടിച്ച് ലീവ് തരാതിരാക്കുകയാണ് അറബി. 

ഫോൺ വിളിക്കാൻ വേണ്ടി അറബിയോടൊപ്പം വരുന്ന ആ ദൂരത്തിനിപ്പുറം ഇതു വരെ താണ്ടിയിട്ടില്ലാത്ത അയാൾ എട്ടുവർഷത്തിലാദ്യമായി ഇന്ന് പുറം ലോകം കണ്ടു. ജനുവരി 18 ന്. അതിനു കാരണമുണ്ട്. പാസ്പോർട്ടിൽ ജനനത്തീയതിയായി രേഖപ്പെടുത്തിരിയിരിക്കുന്നത് ആ ദിവസമാണ്. കഴിഞ്ഞ മുപ്പതാം തീയതി അറബി വന്ന് പറഞ്ഞപ്പോഴാണ് ജനുവരി 18 നെക്കുറിച്ചോർത്തതു തന്നെ. കലണ്ടറില്ലാത്ത തന്റെയാ ലോകത്ത്‌ പതിനെട്ടാം തീയതിയാവുന്നതറിയാൻ പിന്നീടുള്ള ഓരോ ദിവസവും ഓരോ കല്ലുകൾ കൂട്ടിവെച്ചു. ഇന്നവ പതിനെട്ടെണ്ണമായിരുന്നു. മസാഫിയിലേക്കോ ഫുജൈറയിലേക്കോ പോയി ജന്മദിനം ആഘോഷിക്കാൻ അറബി മുൻകൂർ സമ്മതം നൽകിയിരുന്നു. കൂടെ അൻപത് ദിർഹമും കൈയിൽ വെച്ചു കൊടുത്തിരുന്നു. അന്നാദ്യമായിട്ടാണയാൾ യുഎഇ ദിർഹം കൈകൊണ്ട് തൊടുന്നത്. 

ഇന്ന് ഉച്ചയ്ക്ക് കത്തുന്ന വെയിലിൽ ഫാമിൽ നിന്ന് കിലോമീറ്ററുകളോളം നടന്ന് അയാൾ മെയിൻ റോഡിലെത്തി. ഫുജൈറയിലേക്ക് പോകാനായിരുന്നു അയാൾക്കിഷ്ടം. കാണുന്ന വാഹനങ്ങൾക്കെല്ലാം അയാൾ കൈകാണിച്ചെങ്കിലും എല്ലാം നിർത്താതെ പോകുകയായിരുന്നു. കുറെ നേരത്തെ കാത്തിരിപ്പിനു ശേഷം അയാൾ റോഡിലൂടെ നടക്കാൻ തുടങ്ങി. ഓരോ വാഹനം കടന്നു പോകുമ്പോഴും അയാൾ കൈ കാണിച്ചു കൊണ്ടിരുന്നു. ഒടുവിൽ ഒരു പാക്കിസ്ഥാനി അയാളെ തന്റെ പിക്കപ്പിൽ കയറ്റുകയായിരുന്നു. ഫുജൈറയിൽ എവിടേക്കെന്ന ചോദ്യത്തിന് അയാൾക്കുത്തരമില്ലായിരുന്നു. പാക്കിസ്ഥാനി പിന്നീടൊന്നും ചോദിച്ചില്ലത്രെ. ടൗണിന്റെ തുടക്കത്തിൽ തന്നെ കണ്ട സിറ്റി സെന്ററിനു മുന്നിൽ അയാൾ ഇറങ്ങി നടക്കാൻ തുടങ്ങി. അങ്ങനെ ഇന്നാദ്യമായി ഫുജൈറ നഗരം അയാൾ കണ്ടു, നടന്നു കൊണ്ട്.

മലയാളത്തിൽ ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുന്ന ഒരാളെ കണ്ടപ്പോൾ മസാഫി റോഡിലേക്കുള്ള വഴി ചോദിച്ചു. അയാൾ പറഞ്ഞ ദിക്ക് ലക്ഷ്യമാക്കി നടക്കാൻ തുടങ്ങിയതാണ്.

ജന്മദിനമായിട്ട് എന്തെല്ലാം ചെയ്തുവെന്ന സുഹൃത്ത് അർഷാദിന്റെ ചോദ്യത്തിനുത്തരമായിട്ട് അറബി നൽകിയ അൻപത് ദിർഹത്തിന്റെ നോട്ട് അയാൾ പോക്കറ്റിൽ നിന്നെടുത്തുയർത്തിക്കാണിച്ചപ്പോൾ സത്യത്തിൽ ഞങ്ങളുടെ കണ്ണു നിറഞ്ഞു പോയി. ഉച്ചക്ക് ഫുജൈറയിലെത്തി നഗരം ചുറ്റിനടന്ന് കണ്ടു. അത്ര തന്നെ.

അണിഞ്ഞ വസ്ത്രത്തെക്കുറിച്ച് ചോദിച്ചപ്പോൾ അയാൾ ചിരിച്ചു. വേദനയിൽ കുതിർന്ന ഒരു ചിരി. അറബിയുടെ വീട്ടിൽ ഡ്രൈവർ ജോലി ചെയ്യുന്ന പാക്കിസ്ഥാനി ഒഴിവാക്കിയവയാണിതെല്ലാം. തന്റെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞതു കണ്ടപ്പോൾ അറബി തന്നോട് കാണിച്ച ഔദാര്യം. 

ദൂരെക്കാണുന്ന ഒരു ഇടറോഡ് കാണിച്ചു തന്നിട്ട് അയാൾ പറഞ്ഞു എനിക്കവിടെയാണിറങ്ങാനുള്ളത് എന്ന്. പക്ഷേ അയാൾക്കിനിയും കിലോമീറ്ററുകൾ നടക്കണം താമസസ്ഥലത്തെത്താൻ. ഞങ്ങളയാളെ അവിടെ കൊണ്ടാക്കിത്തരാമെന്ന് പറഞ്ഞപ്പോൾ അയാൾ ഭവ്യതയോടെ വേണ്ടായെന്ന് പറഞ്ഞെങ്കിലും അയാളെ ആ വിജനമായ വഴിയിൽ അതും രാത്രി സമയം തനിച്ചിറക്കിവിടാൻ ഞങ്ങളുടെ മനസ്സനുവദിച്ചില്ല. വലതു വശത്തേക്കുള്ള ആ ചെറുറോഡിലൂടെ അയാളെയും കൊണ്ട് വാഹനം മുന്നോട്ട് കുതിച്ചു. 

അയാൾ വീട്ടിലേക്ക് വിളിച്ചിട്ട് പതിനെട്ട് ദിവസമായിട്ടുണ്ടാവുമെന്ന് അപ്പോഴാണ് ഞാൻ ചിന്തിച്ചത്. ഇനി അറബി വരണമെങ്കിൽ പന്ത്രണ്ടു ദിവസം കൂടി കഴിയണം. ഉടനെ ഞാൻ ഫോണെടുത്ത് അയാൾക്കു കൊടുത്തു നാട്ടിലേക്ക് വിളിച്ചോളാൻ പറഞ്ഞു. പക്ഷേ അതും അയാൾ സനേഹപൂർവ്വം നിരസിക്കുകയായിരുന്നു. മാസത്തിലൊരിക്കലുള്ള വിളി ഇപ്പോൾ ശീലമായിരിക്കുന്നു എന്ന അയാളുടെ മറുപടിക്ക് എനിക്ക് മറുത്തൊന്നും പറയാനുണ്ടായിരുന്നില്ല. ഏതാണ്ട് അരമണിക്കൂറോളം ആ മൺറോഡിലൂടെ ഓടി അവസാനം അയാളുടെ ജോലി സ്ഥലത്തെത്തി. അവിടെയിറങ്ങാൻ അയാൾ സ്നേഹപൂർവ്വം നിർബന്ധിച്ചെങ്കിലും സമയക്കുറവുകൊണ്ട് ഞങ്ങൾ അപ്പോൾ തന്നെ മടങ്ങാൻ തീരുമാനിച്ചു. 

കിലോമീറ്ററുകൾ കാൽനടയായി താണ്ടി ഫുജൈറയിലെത്തി അവിടെ  മുഴുവൻ കറങ്ങി നടന്നിട്ടും ഒരു വെള്ളം പോലും വാങ്ങിക്കുടിക്കാതെ പോക്കറ്റിൽ ഭദ്രമായി വെച്ച ആ അമ്പത് ദിർഹത്തിന്റെ നോട്ട് വണ്ടിക്കൂലിയായി അയാൾ ഞങ്ങളുടെ നേരെ നീട്ടിയപ്പോൾ കണ്ണീർ എന്റെ കാഴ്ചകളെ മറച്ചു. ഞങ്ങൾ തിരിച്ചു പോരവെ അയാൾ ഞങ്ങൾക്കുനേരെ കൈ വീശിക്കാണിക്കുന്നുണ്ടായിരുന്നു. കരിമ്പനകൾ നിഴൽ വിരിക്കുന്ന പാലക്കാട്ടെ ഏതോ ഒരുൾഗ്രാമത്തിൽ തന്റെ പൊന്നുമോനെ ഒരു നോക്കു കാണാനായി ആറ്റു നോറ്റിരിക്കുന്ന പ്രായം ചെന്ന ഒരുമ്മയുടെ മുഖമായിരുന്നു എന്റെ മനസ്സു നിറയെ....

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com