ADVERTISEMENT

മാപ്പ് (കഥ)

സൂര്യൻ മുകളിൽ നിന്നും താഴേക്ക് ഇറങ്ങി തുടങ്ങിയതേയുള്ളൂ. ആകാശം ഇടയ്ക്കിടെ പെയ്തുകൊണ്ടിരുന്നു. ബാംഗ്ലൂർ നഗരത്തിലെ തിരക്കിലും ശബ്ദകോലാഹലങ്ങൾക്കുമിടയിലേയ്ക്ക് അവ്യക്തമായി ചന്നംപിന്നം ഒഴുകി വരുന്ന രാമായണ ശീലുകൾ. കഴിഞ്ഞ ദിവസം ശക്തിയായി പെയ്ത മഴയുടെ ബാക്കിപത്രങ്ങൾ റോഡിൽ അവിടിവിടെ. അച്ചടക്കമില്ലാതെ, സിഗ്നലുകൾ ശ്രദ്ധിക്കാതെ തലങ്ങും വിലങ്ങും ഒാടുന്ന വണ്ടികളുടെ കുരുക്ക്. അശ്രദ്ധരായ കാൽനടക്കാർ. 

ഇൗ അച്ചടക്കമില്ലായ്മയാണ് നാടിന്റെ ശാപം എന്ന് ജനാർദ്ദന റെഡ്ഡി മനസ്സിലാക്കി. കാൽനടക്കാരും, സൈക്കിളുകാരും, ബൈക്കുകാരും ശ്രദ്ധിച്ചാൽ മാത്രം പകുതിയിലധികം അപകടങ്ങൾ കുറയും എന്ന് എവിടെയോ വായിച്ചത് അയാൾ ഓർത്തു.

കാറിന്റെ എസിയിലും റെഡ്ഡിക്ക് വീർപ്പുമുട്ടി. വിപുലമായ ബിസിനസ്സ് ശൃംഖലയിലെ കൊടുക്കൽ വാങ്ങലുകൾ, ലോൺ, വായ്പതിരിച്ചടവ്, ഫോൺ കോളുകൾ, ഭീഷണി....തന്റെ തലച്ചോറിന് ഇഴതിരിച്ചെടുക്കാനാകാത്ത വിധം സങ്കീർണ്ണതകളുടെ ട്രാഫിക്ക് കുരുക്കുകൾ മുറുകുന്നത് അയാളെ തെല്ലൊന്നുമല്ല അസ്വസ്ഥനാക്കിയത്. 

ടൈയും സ്യൂട്ടും ഉൗരി കാറിലെ ഹാങ്ങറിൽ തൂക്കി. ഷർട്ടിന്റെ മേൽബട്ടനുകളഴിച്ച്, ഡോർ ഗ്ലാസ് പകുതിയോളം താഴ്ത്തി, പിരിമുറുക്കം കുറക്കാൻ ഇനി എന്തു ചെയ്യണമെന്നറിയാതെ അയാൾ ഞെരിപിരികൊണ്ടു. വീടെത്താറായിരിക്കുന്നു എന്നത് അയാളിൽ ഭയമാണ് സൃഷ്ടിച്ചത്.

‘ചേട്ടൻ ഇന്നലെ രാത്രി ഒട്ടും ഉറങ്ങിയില്ലല്ലോ. എന്തെങ്കിലും പ്രയാസമുണ്ടോ? ഉണ്ടെങ്കിൽ എന്നോട് പറ എന്നോട് പറയാൻ ബുദ്ധിമുട്ടാണെങ്കിൽ ശ്രീനിവാസനോട് പറ, അവൻ ചേട്ടന്റെ  അടുത്ത കൂട്ടുകാരനല്ലേ... കാപ്പി എടുക്കട്ടെ’ ഭാര്യ ഓരോന്നു ചോദിച്ചുകൊണ്ടേയിക്കും.

ഇൗ അവസ്ഥയിൽ അവളെ അഭിമുഖീകരിക്കാൻ വയ്യ. മനസ്സൊന്ന് തുറക്കാൻ പലപ്രാവശ്യം ശ്രമിച്ചതാണ്. ഒന്നു കരയാനും. എത്രപ്രാവശ്യം അവൾ ഉപദേശിച്ചതാണ് ‘മതി ആവശ്യത്തിൽ കൂടുതൽ ബിസിനസ്സ് ആയില്ലേ മതി’ ഇത്രയേറെ സാമ്പത്തിക ബാധ്യതകളെ കുറിച്ച് ഒരുമിച്ച് വയ്യ. തോറ്റവന്റെ വേദനയുമായി ഇനി ആരേയും അഭിമുഖീകരിക്കാൻ വയ്യ.

‘ഒരാളെ അത്യാവശ്യമായി കാണാനുണ്ട്’ നമുക്ക് മംഗലാപുരം വരെ ഒന്നു പോകണം അയാൾ ഡ്രൈവർ ശെൽവരാജിനോട് പറഞ്ഞു. സാധാരണ ദൂരയാത്രകൾ ഡ്രൈവറോട് നേരത്തെ പറയാറുള്ളതാണ്. 

‘രാത്രി തന്നെ തിരിച്ചുവരാം’ ആയാൾ ഡ്രൈവറെ ആശ്വസിപ്പിക്കാനെന്നവണ്ണം പറഞ്ഞു.

‘എസി ഒാഫ് ചെയ്യണോ സാർ’?

‘വേണ്ട’ എവിടെ നിന്നോ അയാൾ തന്റെ മനസ്സിനെ തിരിച്ചുപിടിച്ചു. ‘ഗ്ലാസ് ഞാൻ പൊക്കി വെച്ചോളാം’ പുറത്തെ കാറ്റ് കുറച്ച് കൊള്ളട്ടെ, അധികം സ്പീഡിൽ ഒാടിക്കണ്ട... നിനക്ക് കാപ്പികുടിക്കണോ ?

‘പിന്നെ മതി’

പിന്നിലേയ്ക്ക് മറയുന്ന ചിന്തകളുടെ ആകാശത്തേക്ക് ദൃഷ്ടിയുറപ്പിച്ച് അയാൾ ഡോർ ഗ്ലാസിലേയ്ക്ക് തല ചായ്ച്ചു. മുപ്പത്തിനാല് വർഷമായി കാപ്പിയുടെ പിറകെ ഒാട്ടം തുടങ്ങിയിട്ട്. നൂറുകുടം നിറച്ചിട്ടും നൂറ്റൊന്നാമത്തേതിലേയ്ക്ക് എത്തിനോക്കുന്ന ഗാന്ധാരിയുടെ ജിജ്ഞാസയായിരുന്നു ഒാരോ ഷോപ്പുകൾ തുറക്കുമ്പോഴും. എത്ര മണിക്കൂറുകൾ വേണമെങ്കിലും തുടർച്ചയായി ജോലി ചെയ്യാൻ താൻ തയാറായിരുന്നു. പതിനായിരക്കണക്കിന് ജനങ്ങൾ താൻ കാരണം ജീവിക്കുന്നു എന്നോർത്തപ്പോൾ അയാൾക്ക് പൂജ്യം എന്ന അവസ്ഥയിലും അഭിമാനം തോന്നി. 

അവരുടെ മുഖത്ത് തന്നെകുറിച്ച് തെളിയുന്ന വിശ്വാസവും മതിപ്പും താൻ ജീവിതത്തിൽ തികച്ചും പരാജയമായിരുന്നു എന്നറിയുമ്പോൾ...?

ബിസിനസ്സിനു നേരെ വന്ന അമ്പുകളൊക്കെ താൻ ഒറ്റയ്ക്കു തടുത്തു. ഭീഷ്മരുടെ ധാർഷ്ഠ്യത്തോടെ. ഇതുവരെ ജോലിക്കാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും മുടങ്ങിയിട്ടില്ല എന്നത് അല്പം ആശ്വാസം നൽകി റെഡ്ഡിക്ക്. എവിടെയാണ് തനിക്ക് തെറ്റിയത്. ജോലിക്കാരെ ഇത്രയേറെ സ്നേഹിച്ചതോ. ഒരു രാഷ്ട്രീയ പാർട്ടിയോട് തോന്നിയ അടുപ്പം മറ്റുള്ളവരെ തന്റെ എതിരാളികൾ ആക്കുമെന്ന് ആലോചിക്കാനായില്ല. വെൽഡൺ ജനാർദ്ദനൻ എന്ന് തന്നെ പുകഴ്ത്തിയവരൊക്കയും തന്റെ സുഹൃത്തുക്കളും അഭ്യൂദയകാംഷികളുമാണെന്ന് താൻ തെറ്റിദ്ധരിച്ചു. ബിസിനസ്സ് പങ്കാളികളിൽ നിന്നുള്ള ഭീഷണി ഇതിൽ കൂടുതൽ തനിക്ക് താങ്ങാനാകില്ല. തലയിൽ നിന്ന് വേദന തൊലിപുറത്തുകൂടി അരിച്ചിറങ്ങുന്നു ചെവിക്കു പിന്നിലൂടെ മേലാസകലം.

നേത്രാവതി പാലത്തിനടുത്തെത്തിയപ്പോൾ സന്ധ്യയായി

‘സാർ എങ്ങോട്ടാണ് പോകേണ്ടത് ’  ‘ ആരെയാണ് കാണേണ്ടത് ’? 

എങ്ങോട്ടാണ് , ആരെയാണ് കാണേണ്ടത് അയാൾ തന്നോട് തന്നെ ചോദിച്ചു. ആരെയാണ് കാണാൻ ബാക്കി... കണ്ടിട്ടോ..?

എങ്ങോട്ടെങ്കിലും പോയാലോ! ആരും അന്വേഷിച്ച് വരാത്ത ഒരിടത്തേയ്ക്ക്... വീടിനു പുറത്ത് ഒാരോ നിഴലനങ്ങുമ്പോഴും, കാൽപെരുമാറ്റവും പട്ടിയുടെ മുരൾച്ചയും മൂളലും തന്റെ മകനാണെന്ന് തെറ്റിദ്ധരിച്ച് ‘രാജൻ പറഞ്ഞ കഥ’യിൽ ആകാംഷയോടെ വാതിൽ തുറന്ന് എത്തിനോക്കുന്ന ഇൗച്ചരവാര്യർ എന്ന അച്ഛനെ, ജീവിതകാലം മുഴുവൻ വ്യസനിച്ച് വഴിയിലേയ്ക്ക് കണ്ണും നട്ടിരിക്കുന്ന തന്റെ ഭാര്യയെ ഒാർത്തപ്പോൾ അയാൾ ആ ശ്രമം ഉപേക്ഷിച്ചു.

മരിച്ചു എന്ന് അറിയണം. അയാൾക്ക് ഉൾവിളിയുണ്ടായി. ആരേയും തെറ്റിദ്ധരിപ്പിക്കുകയെന്നതോ വഞ്ചിക്കുകയെന്നതോ ഞാൻ ആലോചിച്ചിട്ടില്ല. ഒരു ബിസിനസ്സുകാരൻ എന്ന നിലയിൽ ഞാൻ തീർത്തും പരാജയമായിരുന്നു. ഇതെന്റെ ആത്മാർഥമായ സമർപ്പമാണ്. നിങ്ങളെന്നോട് പൊറുക്കുകയും മാപ്പാക്കുകയും ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നു. അയാൾ കുറിച്ചു.

‘കാണാം’- റെഡ്ഡി പറഞ്ഞു.

‘ഇരുന്നുമടുത്തു’ അയാൾ കാർ നിർത്തിച്ച് ഇറങ്ങി. ‘രണ്ട് ചാൽ നടക്കട്ടെ നീ പാലത്തിനപ്പുറം വെയിറ്റ് ചെയ്യ് കാപ്പിയോ മറ്റോ വേണമെങ്കിൽ കുടിച്ചോ. പൈസയില്ലേ...?.

‘പൈസയുണ്ട്’ ശെൽവരാജ് തല അല്പം താഴ്ത്തി പുറത്തേക്ക് എത്തിനോക്കി പറഞ്ഞു.

നന്നേ ചെറുപ്പം മുതൽ ഇവൻ തന്റെ കൂടെയാണ് ഇപ്പോൾ നരച്ചു തുടങ്ങിയിരിക്കുന്നു. റെഡ്ഡി ഒാർത്തു. മുന്നോട്ട് നീങ്ങാൻ  തുടങ്ങിയ വണ്ടി കൈകൊണ്ട് തട്ടി നിർത്തിച്ച് പോക്കറ്റിൽ നിന്നും പേഴ്സ് എടുത്ത് ഡ്രൈവർക്ക് നേരെ നീട്ടുമ്പോൾ റെഡ്ഡിയുടെ കൈകൾ വിറച്ചിരുന്നു. മനസ്സ് താളം തെറ്റിമിടിച്ചു. ‘ഇത് പോക്കറ്റിൽ കിടന്നാൽ നടക്കാൻ വിഷമമാണ് നീ വെച്ചോ’ അയാൾ എന്തോ തീരുമാനം എടുത്തു കഴിഞ്ഞിരുന്നു. 

പതിവില്ലാത്തതെന്തോ കേട്ടപോലെ തന്നെ തേടിവരുന്ന ശെൽവരാജിന്റെ കണ്ണുകളെ ഒളിക്കാൻ അയാൾ ആകാശത്തേക്ക് മുഖം തിരിച്ചു.

ഭൂമിയിൽ ഇരുട്ട് പരക്കാൻ തുടങ്ങുന്നു. പടിഞ്ഞാറൻ മാനത്തിന്റെ ചുവപ്പ് മാറിയിട്ടില്ല. നദിയോരത്ത് വലിയ കറുത്ത ഉരുളൻ കല്ലുകൾ, ഇടതിങ്ങി നിൽക്കുന്ന പച്ചപ്പ്. എല്ലാം ആദ്യമായി കാണുന്നതുപോലെ അയാൾ നോക്കി. പുഴയിൽ കലങ്ങിയ വെള്ളം കുത്തിയൊഴുകി മറിയുന്നു. നല്ല അടിയൊഴുക്കും ഉണ്ടാകണം. 

സന്ധ്യയ്ക്ക് ചുറ്റാനിറങ്ങിയവരുടെ തിരക്ക് കുറഞ്ഞു തുടങ്ങി, ചൂണ്ടയിടുന്നവരുടേയും കൊതുമ്പുവള്ളത്തിൽ കറങ്ങുന്നവരുടേയും ശ്രദ്ധ വെള്ളത്തിലാണ്. അന്തരീക്ഷത്തിലെ ചുവപ്പ് അയാളുടെ കണ്ണുകളിലേയ്ക്ക് പടർന്നു. ഇൗറൻ കാറ്റിന്റെ ഇൗർപ്പത്തിൽ അത് ഉരുണ്ടു തിളങ്ങി.

അമേരിക്കയിലുള്ള മകനെ ഒന്നുകൂടി കാണാൻ കഴിഞ്ഞില്ലല്ലോ എന്ന ചിന്തയെ അയാളുടെ വലതു കൈ നെഞ്ചിനെ അമർത്തി ഉഴിഞ്ഞ് ആശ്വസിപ്പിച്ചു, എന്നാണ് താൻ അവനെ അവസാനമായി കണ്ടത്. രണ്ടര വയസ്സുള്ള മകനെ മേശയിൽ കയറ്റി നിർത്തി നെഞ്ചോട് ചേർത്തതാണ് ഒാർമയിൽ തെളിഞ്ഞത്. മക്കൾ രണ്ടുപേരും തന്നോളം വളർന്നിരിക്കുന്നു. അരുത് ഒാർക്കരുത്. നെഞ്ചിലെ വിങ്ങലുകൾ അവിടെ തന്നെ തണുത്തുറയട്ടെ.

ഇൗ ലോകത്തിന്, ഇവിടെ ഞാനില്ലാതാകുന്നതുകൊണ്ട് ഒരു വ്യത്യാസവും സംഭവിക്കാൻ പോകുന്നില്ല. നാളെയും പതിവുപോലെ സൂര്യനുദിക്കും. എന്റെ നാട്ടുകാരും പതിനായിരക്കണക്കിനുവരുന്ന ജോലിക്കാരും എന്നെ മറക്കും, കാത്തിരിക്കുക. മനസ്സമാധാനമുള്ള നല്ലകാലം വരും... ‘ബ്ലഡി യൂസ്‌ലസ്, ഇപ്പോ ഉണ്ടായിരുന്നെങ്കിൽ പൊന്നുപോലെ നോക്കുമായിരുന്നല്ലോ’എന്ന് വിഷമം വരുമ്പോൾ മക്കൾ ഒാർക്കുമായിരിക്കും. ഭാര്യയുടെ വെളുത്ത് കൊലുന്നനെയുള്ള മുഖം ഒാർമയിൽ നിന്നൊഴിവാക്കാൻ എത്ര ശ്രമിച്ചിട്ടും അയാൾക്ക് സാധിച്ചില്ല.

ഞാൻ കൊടുക്കാനുള്ളതിൽ കൂടുതൽ പണം എനിക്ക് കിട്ടാനുണ്ട് എന്നറിയാം. വെറും കയ്യോടെ വന്നാലും രണ്ടു കൈയും നീട്ടീ നീ എന്നെ സ്വീകരിക്കുമെന്നും. ജീവിതത്തിൽ തോൽക്കാനും പഠിക്കേണ്ടിയിരുന്നു. എന്ന് ഇപ്പോൾ ഞാൻ മനസ്സിലാക്കുന്നു. ഒരു പരിഹാസ കഥാപാത്രമായി തലകുമ്പിട്ട് നടക്കുന്ന എന്നെ നിനക്ക് സഹിക്കാൻ പറ്റുമോ.... ശരീരമാസകലം വേദനയാണ്, അകത്തും പുറത്തും..

വീട്ടിലിപ്പോൾ നിലവിളക്ക് വെച്ചിട്ടുണ്ടാകും. അവൾ രാമായണം വായിക്കുകയായിരിക്കും. രാമൻ വരുമെന്നും തനിക്ക് മോക്ഷം തരുമെന്നുമുള്ള മനസ്സുമായിരിക്കുന്ന രാവണനെ അയാൾ ഒാർത്തു. 

ആരേയും മനപൂർവ്വം ദ്രോഹിക്കാത്ത, എല്ലാവർക്കും നല്ലതു വരുത്തണെയെന്നു പ്രാർത്ഥിക്കുന്ന തന്നെ വീണ്ടുമൊരു പരിഹാസ  കഥാപാത്രമാക്കാൻ ജീവനോടെ കരക്കെത്തിക്കല്ലേ എന്ന മനസ്സോടെ അയാൾ നദിയുടെ ആഴങ്ങളിലേയ്ക്ക് നോക്കി.

നിന്റെ നഷ്ടത്തിനുമാത്രം പകരം വയ്ക്കാൻ എത്ര ആലോചിച്ചിട്ടും ...

പ്രിയതമേ മാപ്പ്... ആയിരം വട്ടം. 

ശിവൻ മേതല

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com