ADVERTISEMENT

കളിവീട് (കഥ)

'മുനീറാ... നേരം എത്രയായി എണീറ്റിട്ട് ഇതുവരെ ഒരു തുള്ളി വെള്ളം കുടിച്ചിട്ടില്ല. കാലത്തു മുതൽ തുടങ്ങിയ കളിയാണ്. അതും ഈ ചളിയിൽ... മണി പത്താവാറായി. വേഗം പോയി കുളിച്ചിട്ടു വാ.'

ഓ.. ഈ ഉമ്മ ഒരു സ്വൈര്യം തരില്ല.. എപ്പോഴും ഇങ്ങനെ അലറി വിളിച്ചോണ്ടിരിക്കും. ജോലി കൂടുതലുണ്ടെങ്കിൽ പറയേം വേണ്ട.

ഉപ്പയ്ക്ക് ബൈക്ക് ആക്സിഡന്റ് ആയതുമുതൽ ഉമ്മയ്ക്ക് ജോലിഭാരം കൂടുതലാണ്. ഉപ്പയ്ക്ക് എല്ലാറ്റിനും ഒരാൾ സഹായം വേണം. ഇന്നിപ്പോ മാമയും വരും. മാമ രണ്ടീസായി ഗൾഫീന്നു വന്നിട്ട്. പെരുമഴ കാരണം ഇങ്ങാട്ടെത്താൻ കഴിഞ്ഞില്ല. ഇവിടെ അടുത്തു തന്നെയാ... ടൗണിൽ എത്തീട്ടു വിളിക്കാന്ന് പറഞ്ഞിട്ടുണ്ട്. ഇന്ന് മാമയ്ക്കു വിരുന്നാണ്. അതിന്റേം കൂടി തിരക്കാണ്. അതാണ് ഉമ്മയ്ക്കിത്ര ടെൻഷൻ. പാവം എന്തൊക്കെ ജോലിയാ... പോരാത്തതിന് ഒരു കുഞ്ഞുണ്ണിയും ഉണ്ട്. അവൻ ഉണർന്നാൽ പിന്നെ ഉമ്മയ്ക്ക് ഒന്നിനും സമയം കാണൂല്ല.

"ദേവൂട്ടി, നീ ആ ചുമരിന്റെ അടുത്ത് കുറച്ചു കൂടി മണ്ണിട്. ഇന്നലെ നമ്മൾ അവിടെ ശരിയാക്കിയതല്ലേ. ആരാ അത് പിന്നേം പൊട്ടിച്ചേ ?"

"അത് ചാറൽ അടിച്ചു നാശമായതാ... നോക്ക്, ആ ഷീറ്റിട്ട ഭാഗത്തു കുഴപ്പമില്ല. ഇവിടേം ഷീറ്റിടണമായിരുന്നു. "

ഈ നശിച്ച മഴ! മുനീറ മഴയെ ശപിച്ചതും ചറപറേന്നു അഞ്ചാറു തുള്ളി അവളുടെ ദേഹത്ത് വീണതും ഒന്നിച്ചായിരുന്നു. അത് കണ്ടപ്പോൾ ദേവുട്ടിയ്ക്ക് ചിരി വന്നു.

"അങ്ങിനെ തന്നെ വേണം. മഴയെ ശപിച്ചാൽ ദൈവം ശിക്ഷിക്കും," ദേവു പറഞ്ഞു 

"ആണോ? പക്ഷേ ദൈവം കുട്ട്യോളെ ശിക്ഷിക്കില്ലാന്നല്ലേ ജയദേവൻ മാഷ് പറഞ്ഞത്?"

ജയദേവൻ മാഷ് രണ്ടാം ക്ലാസ് മുതൽ അവരെ മലയാളം പഠിപ്പിക്കുന്നുണ്ട്. കുട്ട്യോളെ വല്യ ഇഷ്ടാണ്. കുട്ട്യോൾക്കും. മാഷ് ക്ലാസിൽ വന്നാൽ എല്ലാരും മാഷിന് ചുറ്റും കൂടി നിൽക്കും. അപ്പൊ മാഷ് ഓരോരോ കഥകൾ പറഞ്ഞുതരും. ചിലപ്പോഴൊക്കെ കരച്ചിൽ വരും. ഒരിക്കൽ മാഷ് പറഞ്ഞു. ഭൂമി നമ്മുടെ വീടാണെന്നും ആ വീട്ടിൽ കുറെ അച്ഛന്മാരും അമ്മമാരും സഹോദരങ്ങളും ഒക്കെയാണ് നമ്മളെന്നും, അതുകൊണ്ടു നമ്മൾ വഴക്കു കൂടാതെ കഴിയണം എന്നൊക്കെ... ആ മാഷ് പറഞ്ഞതാണ് ദൈവം കുട്ട്യോളെ ശിക്ഷിക്കില്ലാന്ന്.

കയ്യിലെ ബാക്കിയുള്ള മണ്ണുരുള ഇനി എവിടെ വയ്ക്കണം എന്നോർത്ത് അവൾ ദേവുട്ടിയോടു പറഞ്ഞു, "നോക്ക് ഇത് സിറ്റ് ഔട്ട്. ഇത് എന്റെ മുറി. ഇവിടെ കുഞ്ഞുണ്ണിയുടെ തൊട്ടിൽ. ഇത് നിന്റെ മുറി." അപ്പൊ ഒരു വിഷമം. ദേവൂന് ഉണ്ണിയില്ലല്ലോ. അവളൊറ്റയ്ക്ക് ആ മുറിയിൽ?

"ദേവൂ നീ നിന്റെ പാറൂനേം കൊണ്ട് വാ. അവൾക്ക് ഒരു തൊട്ടിൽ ഉണ്ടാക്കാം."

ദേവു ചിരിച്ചു. പാറൂനെ അവൾക്ക് പിറന്നാൾ സമ്മാനമായി കിട്ടിയതാണ്. നീല കണ്ണും ചെമ്പൻ മുടിയും ഉള്ള സുന്ദരിക്കുട്ടി. എന്നും അവളുടെ കൂടെ ഉറങ്ങുന്ന അവളുടെ കുഞ്ഞനിയത്തി.

ദേവൂന്റെ അച്ഛൻ മരിച്ചിട്ടു രണ്ടു വർഷമായി. ഹാർട്ട് അറ്റാക്ക് ആയിരുന്നു. കല്യാണം കഴിഞ്ഞു 17 വർഷം കാത്തിരുന്ന് ഉണ്ടായ കുട്ടിയാണ് ദേവു. അച്ഛന്റെ മരണശേഷം ദേവൂന്റെ അമ്മ സാവിത്രി ഒരു വീട്ടിൽ ജോലിക്ക് പോകുന്നുണ്ട്. അങ്ങനെയാണ് ആ കുടുംബം കഴിയുന്നത്. എന്നും രാത്രി അമ്മയുടെ കരച്ചിൽ കണ്ടാണ് അവളുറങ്ങുന്നത്. അവൾക്ക് ഒരു സന്തോഷം ആയിക്കോട്ടെ എന്നു കരുതി അമ്മ ഒരു പാവയെ വാങ്ങി.

"കുട്ട്യോളെ.. നിങ്ങടെ വീട് പണി എപ്പോ തീരും?" ഉമ്മ അടുക്കളയിൽ നിന്നും വീണ്ടും....

"ദാ കഴിഞ്ഞു..."

ഇന്നലെ വിചാരിക്കാതെ സ്കൂൾ അവധിയാണെന്നറിഞ്ഞപ്പോൾ എന്താ ചെയ്യേണ്ടതെന്ന് രണ്ടാളും കൂടി കുറച്ചു നേരം ആലോചിച്ചതാണ്. അപ്പോഴാണ് വീടുണ്ടാക്കാം എന്ന് മുനീറയ്ക്ക് തോന്നിയത്. മണ്ണും വെള്ളവും ഇഷ്ടം പോലെ മുറ്റത്തുതന്നെ കിട്ടൂലോ...

മുറ്റത്തെ റോസാച്ചെടിയുടെ മുന്നിൽ തന്നെ കളിവീട് വേണമെന്ന് മുനീറയ്ക്ക് നിർബന്ധമായിരുന്നു. മുനീറയ്ക്ക് ആകെയുള്ള ഒരു പൂച്ചെടി അതാണ്. അതിൽ ഇടയ്ക്കിടെ പൂ വിരിയും. കുഞ്ഞുണ്ണിയെ കാണിച്ചു 'പൂ പൂ' എന്ന് പറയിക്കും. അവന്റെ പല്ലില്ലാത്ത മോണ വഴങ്ങാതെ കഷ്ടപ്പെടുന്നത് കാണുമ്പോൾ അവൾക്ക് ചിരിവരും.

"ദേവൂ നീ വേഗം പോയി കുളിച്ചിട്ടു വാ. നിന്റെ അമ്മ വരാറായി. വേഗം പൊക്കോ."

"ഉമ്മാ... ഇത്തിരി വെള്ളം താ ...." മുനീറ പിന്നാമ്പുറത്തുകൂടെ ഓടി ഉമ്മയെ വിളിച്ചു. 

ഉപ്പയ്ക്കുള്ള ചായയും പലഹാരവും കയ്യിൽ പിടിച്ചു വരികയായിരുന്നു ഉമ്മ. പത്തിരിയും ചൂടുള്ള കോഴിക്കറിയും... മണം അവളുടെ മൂക്കിൽ തള്ളി കയറി.

"ഉമ്മാ നല്ല വിശപ്പ്. ഒരു നുള്ള് താ."

ഉമ്മ പ്ലേറ്റിൽ നിന്നും ഒരു കഷ്ണം പത്തിരിയും ഇത്തിരി കറിയും അവളുടെ വായിൽ വച്ച് കൊടുത്തു.

"ഉമ്മാ, ഇത്തിരി ചായ ..." ഉമ്മ ചായ കപ്പ് അവൾക്കു നേരെ നീട്ടി.. രണ്ടു കുഞ്ഞു കവിൾ ചായയും അകത്താക്കി.

"ഉം. നല്ല ചായ... ഞാൻ വേഗം കുളിച്ചിട്ടു വരാട്ടോ..." ചളി പുരണ്ട കൈകൾ ഉമ്മ കാണാതിരിക്കാൻ മറച്ചു പിടിച്ചു കൊണ്ട് അവൾ പറഞ്ഞു.

"പിന്നേയ്... കുഞ്ഞുണ്ണി എണീറ്റാൽ അവനെ ഞാൻ നോക്കിക്കൊള്ളാം ട്ടോ. ങ്ങള് മാമയ്ക്കുള്ള ബിരിയാണി ഉണ്ടാക്കിക്കോ."

"ഓ ഒരു ഇത്താത്ത വന്നിരിക്കുന്നു" ഒരു കള്ളച്ചിരിയോടെ ഉമ്മ പറഞ്ഞു. 

"പിന്നേയ്... ന്റെ നീല ഫ്രോക്കില്ലേ അത് എടുത്തു വയ്ക്കണം ട്ടോ. എനിക്ക് കുളിച്ചിട്ട് ഇടാനാണ്." ഇന്ന് മാമ വരൂല്ലോ. നല്ല ഡ്രസ്സ് ഇടണം. മാച്ചിങ് വളയും കമ്മലും ഒക്കെ ഉണ്ട്.

മാമ ഒരു സർപ്രൈസും കൊണ്ടാണ് വരുന്നത്. എന്താണെന്നു ചോദിച്ചിട്ട് ഒന്നും പറഞ്ഞില്ല. നിനക്കും നിന്റെ ഫ്രണ്ടിനും കൂടി കളിയ്ക്കാൻ പറ്റിയ ഒരു വമ്പൻ സാധനം ആണെന്നു മാത്രം പറഞ്ഞു. എന്തായിരിക്കും അത്? ആലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല. എന്തായാലും ഇന്ന് സർപ്രൈസ് പൊളിയുമല്ലോ... അവൾ ആകാംക്ഷയുടെ മൂർദ്ധന്യത്തിലാണ്.

കുളിമുറിയിൽ കയറി വാതിലടച്ചതും വലിയൊരു ഒച്ചയിൽ എന്തൊക്കെയോ മറിഞ്ഞുവീണതും ഒന്നിച്ചായിരുന്നു. അവൾ അമ്പരന്നു. മുകളിൽ കിളിവാതിലിലൂടെ അവൾ അത് കണ്ടു. ഒരു ഭീകര രൂപം, കറുത്തിരുണ്ട്, ആകാശത്തെയാകെ പൊതിഞ്ഞ് അവളുടെ വീടിനു നേരെ വരുന്നു... ഒരു നിമിഷത്തിനുള്ളിൽ അവളുടെ ചുറ്റും ഇരുട്ട് പരന്നു, കുളിമുറിയുടെ ചുമരുകൾ തകർന്നു ബക്കറ്റും കണ്ണാടിയും എല്ലാം പൊട്ടിച്ചിതറി. അവൾ ഒരു കോൺക്രീറ്റ് കട്ടയുടെ ഇടയിൽ കുടുങ്ങി...

"അള്ളാ..." അവൾ തൊണ്ട പൊട്ടി വിളിച്ചു. അപ്പോൾ ഒരു അട്ടഹാസം കേട്ടു. ആ ചെകുത്താൻ അവളുടെ അടുത്തെത്തിക്കഴിഞ്ഞിരുന്നു. അതിന്റെ കനത്ത കാലുകൾക്കിടയിൽ പെട്ട് അവൾക്ക് ശ്വാസം മുട്ടുന്നപോലെ...

ഒരു തണുത്ത കൈ അവൾക്കു മേലെ വന്നു... മെല്ലെ കണ്ണു തുറന്ന മുനീറ കണ്ടത് നഴ്സിനെയാണ്. സാവിത്രിയമ്മ അരികിലുണ്ട്. അവരുടെ കൈ അവളുടെ നെറ്റിയിൽ തന്നെ. അവളുടെ പരിഭ്രമം കണ്ടു സാവിത്രിയമ്മ അവളെ ചേർത്തു പിടിച്ചു. കണ്ണീർ നിയന്ത്രിച്ചുകൊണ്ട് ആ അമ്മ അവളെ വിളിച്ചു, "മോളെ.."

എന്തൊക്കെയോ പൊടുന്നനെ അവളുടെ തലയിൽ മിന്നിമറഞ്ഞു. ഉമ്മ, ഉപ്പ, കുഞ്ഞുണ്ണി, ദേവൂട്ടി, മാമ..." എന്താ ഉണ്ടായേ അമ്മേ?" എവിടെ എല്ലാരും? അവൾക്ക് വീണ്ടും ശ്വാസം മുട്ടുന്ന പോലെ. അവൾ വീണ്ടും ഉറങ്ങി.

അവൾ സാവിത്രിയമ്മയെ 'അമ്മ' എന്നാണ് വിളിക്കുന്നത്. ദേവു അവളുടെ ഉമ്മയെ 'ഉമ്മ' എന്നും.

ചെകുത്താൻ ഇറങ്ങിയ മലയിൽ പിറ്റേന്ന് സാവിത്രിയമ്മയുടെ കൈ പിടിച്ച് അവൾ നിന്നു. ഉഴുതുമറിച്ച നിലം. മണ്ണിൽ കാല് പുതഞ്ഞു പോകുന്നു. അവൾക്ക് വല്ലാത്ത അറപ്പു തോന്നി. ആരൊക്കെയോ കുറെ പേര് എന്തൊക്കെയോ ചെയ്യുന്നുണ്ട്. കുത്തി നോക്കി, ഇല്ല എന്നു പറയുന്നുണ്ട്. മണ്ണ് മാന്തി യന്ത്രം മെല്ലെ എന്തൊക്കെയോ പൊക്കിയെടുക്കുന്നുണ്ട്. ഒരു പഴയ ഷീറ്റുമായി കുറെ ആളുകൾ ഓടി വരുന്നുണ്ട്.

അവൾ ആകാശത്തേയ്ക്ക് നോക്കി. വല്ലാത്ത പേടി തോന്നി. ആ ചെകുത്താൻ എവിടെ പോയി? അവൾ അമ്മയുടെ കൈ മുറുകെ പിടിച്ചു.

'അമ്മ, നമ്മൾ ഇനി എവിടെ താമസിക്കും?'

'നമ്മൾ എങ്ങോട്ടു പോകും, ന്റെ മോളെ... നിനക്ക് നിന്റെ ഉപ്പേനേം ഉമ്മേനേം കുഞ്ഞുണ്ണിയേം വിട്ട് പോവാൻ പറ്റോ? അവർ ഉണർന്ന് നമ്മളെ വിളിച്ചാൽ ആരാ അറിയാ? നമുക്ക് ദേ ആ കാണുന്ന മരത്തിന്റെ ചോട്ടിൽ ഒരു ചെറിയ വീടുണ്ടാക്കാം. അവര് വിളിക്കുന്നതും നോക്കി ഇരിക്കാം...'

അവൾക്ക് വല്ലാതെ സങ്കടം വന്നു. കുറച്ചു നേരം നിശ്ശബ്ദയായിരുന്നു അവൾ ചോദിച്ചു?

"'അമ്മ, ദൈവങ്ങളൊക്കെ മരിച്ചോ?"

അമ്മ അവളുടെ മുഖത്ത് നോക്കി, ഒരു നിമിഷം ആലോചിച്ചു പറഞ്ഞു.. "ഇല്ല മോളെ, നിന്നെ രക്ഷപെടുത്തിയത് ഒരു ദൈവമല്ലേ.. ഞാൻ കണ്ടിരുന്നു."

"അപ്പൊ ആ ദൈവം എന്താ ഉമ്മേം, ഉപ്പേം ഉണ്ണിയേം ഒന്നും രക്ഷിക്കാണ്ടിരുന്നേ? എന്തിനാ ദൈവം ദേവൂട്ടിയെ കൊണ്ടുപോയെ?" അപ്പോഴേയ്ക്കും അവളുടെ കുഞ്ഞികവിൾ കണ്ണീരിൽ കുതിർന്നിരുന്നു.

"നിയ്ക്കറിയില്ല ന്റെ മോളെ" അവർ അവളെ അടക്കി പിടിച്ചു പൊട്ടി കരഞ്ഞു.

ഒരു നിമിഷം, എന്തോ ഓർത്ത് അവൾ ചോദിച്ചു: "എന്റെ റോസാ ചെടി ഇവിടെ എവിടെയായിരുന്നു അമ്മേ?" 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com