ADVERTISEMENT

കുരുപ്പ് (കഥ) 

പൊടിയുടെ മണമായിരുന്നു തെരുവിന്, അഴുക്കുമണവും. ഓട്ടോസ്റ്റാന്റിന്റെ അറ്റത്ത് അകത്തേയ്ക്കുമാറി രണ്ട് ഇരുമ്പുകമ്പികൾ അതിരുകാക്കുന്ന, നടുക്ക് അഴുക്കുചാലും അതിനു മുകളിൽ പലയിടവും പൊട്ടിപൊളിഞ്ഞ സ്ലാബുകളും നിരത്തിയ കോളനി നടപ്പുവഴി. ഇരുവശവുമായി നിരന്നു നിൽക്കുന്ന ആസ്‌ബസ്റ്റോസ് ഒറ്റമുറികൾ. കോളനി വീടുകൾക്ക് പുറകിലായി ഒഴുകുന്ന തീട്ടച്ചാലുകളിൽ പുളച്ചു നടക്കുന്ന പന്നിക്കൂട്ടങ്ങൾ. മഹാനഗരത്തിന്റെ അഴുക്കുകൾ വന്നടിയുന്ന കുപ്പത്തൊട്ടിയിലെ മനുഷ്യ ജന്മങ്ങളാണ് ഇവിടെ ജീവിച്ചിരുന്നത്. ഇടതുവശത്തെ ഏഴാമത്തെ മുറിയുടെ അരുകിലായാണ് കോർപറേഷൻ വക കുടിവെള്ളപൈപ്പ്. അതിന് എതിർവശത്തായി മുൻപ് താമസിച്ച ബീഹാറുകാരൻ പച്ചചായമടിച്ചു വികൃതമാക്കി മുകളിൽ ശുഭ്, ലാഭ് എന്നെഴുതിയ കതകുള്ള എന്റെ മുറി. 

പകൽ പൈപ്പിനു ചോട്ടിൽ കോളനി പെണ്ണുങ്ങളുടെ തിരക്കായിരിക്കും. കരിച്ച തമ്പാക്ക് കൊണ്ട് പല്ലു തേച്ചു വെറുതെ വഴക്കിട്ട് കൂടി നിൽക്കും. അവധി ദിവസങ്ങളിൽ കതകിനടിയിലെ പന്നികുത്തി പൊളിഞ്ഞ ഭാഗത്തുകൂടി എനിക്കെല്ലാം കാണാം. തുറന്നു വച്ചാലും കുഴപ്പമില്ല. ഞാനെന്ന വ്യക്തിയെ അവർ തീരെ ഗൗനിക്കാറില്ല. കോളനിയിലെ മറ്റുള്ളവരെ, പ്രത്യേകിച്ച് പെണ്ണുങ്ങളെ എനിക്ക് പേടിയായിരുന്നു. പൈപ്പിൽ വെള്ളമെടുക്കാൻ പോലും ആളില്ലാത്ത അപൂർവ സമയങ്ങൾക്കുവേണ്ടി ഞാൻ കാത്തിരിക്കാറുണ്ട്. ജോലിക്കു പോകുമ്പോളും തിരിച്ചു വരുമ്പോളും ഇരുട്ടാണ് എനിക്ക് കൂട്ടു തരാറുള്ളത്. വല്ലപ്പോളും നേർക്കുനേർ വരുമ്പോൾ കതകിന്റെ വിടവിലൂടെ ഉളിഞ്ഞു നോക്കുമ്പോൾ കാണുന്ന അവരുടെ അലക്ഷ്യമായ് ഉടുത്ത സാരിക്കുള്ളിലെ മാംസളതകളായിരിക്കും ഓർമവരുന്നത്. വിയർക്കാൻ തുടങ്ങും. തല പെരുക്കുന്നപോലെ തോന്നും. ഞാൻ ചൂളി തലകുനിച്ചു വേഗത്തിൽ നടക്കാൻ ശ്രമിക്കും. അവർ വല്ലതും എന്നോട് സംസാരിച്ചാൽ തലകറങ്ങി ഞാൻ വീഴും എന്നെനിക്കുറപ്പാണ്.

എന്റെ മുറിയുടെ മുൻപിൽ താമസിക്കുന്ന സോൻസലേയുടെ ഭാര്യ മാത്രമാണ് ഞാനും ഒരു മനുഷ്യനാണ് എന്ന് പലപ്പോഴും എന്നെ ഓർമിപ്പിക്കാറുള്ളത്. വെള്ളം നിറച്ച ബക്കറ്റ് എടുക്കാൻ പേടിച്ച് ഒരു മൂലയിൽ നിൽക്കുന്ന എന്നെ കണ്ട് "ഹോയ് മഡ്രാസി ചൽ ഹെ ഗേ" എന്ന് അവജ്ഞയോടെ പറയുന്ന അവരുടെ ശബ്‌ദം കരുണതുളുമ്പുന്നതായാണ് എനിക്ക് തോന്നാറുള്ളത്. വെളുത്തുതടിച്ചു ഉയരമുള്ള സ്ത്രീ. വസൂരിക്കലകൾ നിറഞ്ഞ മുഖം. സോൻസലേ നഗരത്തിലെ ഏതോ കമ്പനിയിലെ സെക്യൂരിറ്റിയാണ്. കുട്ടികളുടെ മുഖമുള്ള കുറിയ മനുഷ്യൻ. വല്ലപ്പോളുമാണ് വരുക. വരുന്നദിവസം കള്ളിന്റ ലഹരിയിൽ ഉയരുന്ന തെറികളും ബഹളവും അടിയും മൂലം രാത്രി പകുതി പോകും. പിറ്റേന്ന് രാവിലെ ഭർത്താവിനെ യാത്ര അയക്കുന്ന ഭാര്യയെ കണ്ടാൽ ഇന്നലെ നടന്നെതെല്ലാം ഒരു സ്വപ്നം ആയി തോന്നും. അത്ര സ്നേഹം ആയിരിക്കും.

ഇവിടെ താമസിക്കാൻ വന്ന സമയത്തു സോൻസലയുടെ മകൾ ഗുഡിയ പന്നികളെ പോലെ ചേറിൽ ഉരുണ്ടു നടക്കുന്ന കോളനിയിലെ വൃത്തികെട്ട കുട്ടികളിൽ ഒരാൾ മാത്രമായിരുന്നു. പതിയെ അവൾ കീറപാവാടയിൽനിന്ന് ചുരിദാറിലേയ്ക്ക് മാറുന്നതും ഓട്ടവും കളികളും കുറയ്ക്കുന്നതും പകരം വെള്ളം പിടിക്കാൻ പൈപ്പിനു ചോട്ടിൽ വരുന്ന പെണ്ണുങ്ങളിൽ ഒരാളായി മാറുന്നതും കതകിന്റെ വിടവിലൂടെ ഞാൻ കണ്ടുകൊണ്ടിരുന്നു. അമ്മയെപ്പോലെ വെളുത്തു വലുപ്പമുള്ള ശരീരം കിട്ടിയെങ്കിലും എന്നോട് അവൾ യാതൊരു കരുണയും കാട്ടിയിരുന്നില്ല. പകരം പുഴുത്ത ഒരു പട്ടിയെപ്പോലെ എന്നെ നോക്കിപ്പോന്നു. അവൾ എന്നോടുകാണിക്കുന്ന വെറുപ്പിന്റെ ഓരോ കണികയിലും ഞാൻ ലഹരികണ്ടു. എന്തോ മറ്റുള്ളവരോടില്ലാത്ത ഒരാഗ്രഹമായി മാറി ഗുഡിയ എനിക്ക്. വാതിലിന്റെ വിടവിലൂടെ അവളെമാത്രം കാത്തിരിക്കാൻ തുടങ്ങി. അവളുടെ നെഞ്ചിന്റെ കുറുകെ ഇട്ട് അരയുടെ മുകളിൽ കെട്ടിവയ്ക്കുന്ന ഷാൾ ഓരോ ദിവസം കഴിയുംതോറും മുറുകിക്കൊണ്ടിരുന്നു.

നഗരത്തിനുപുറത്തെ ശാന്തിലാൽ സേട്ടിന്റെ വക കൺസ്ട്രക്ഷൻ സൈറ്റിലെ വെൽഡർ ആയിരുന്നു ഞാൻ. ചുട്ടുപൊള്ളുന്ന വെയിലിൽ പൈപ്പുകൾ വെൽഡുചെയ്യുന്ന ജോലി. പകൽമുഴുവൻ തെറിക്കുന്ന തീപ്പൊരിയിൽ നോക്കി കണ്ണുകലങ്ങി ചുമക്കും. രാത്രി സ്റ്റാന്റിനടുത്തുള്ള തട്ടുകടയിൽ നിന്ന് ബക്ര റൊട്ടിയും സബ്ജിയും കഴിച്ചുകഴിയുമ്പോൾ ക്ഷീണം ഇരട്ടിക്കും. വന്നു പായയിൽ വീണാൽ കണ്ണടയ്ക്കാൻ പറ്റില്ല. കണ്ണിന്റെ പോള നീരായി കട്ടിവച്ചു തൂങ്ങും. അടയ്ക്കുമ്പോൾ ആയിരം സൂചികൾ കുത്തുന്ന വേദന. പച്ചവെള്ളം കണ്ണിൽ കോരിയൊഴിക്കുമ്പോൾ കുറച്ചു സമാധാനം. ഈർപ്പം പോകുമ്പോൾ പിന്നെയും വേദന . ഉറക്കം എപ്പഴോ. ആരോഗ്യം ദിനംപ്രതി കുറഞ്ഞുവന്നു. ദേഹത്ത പുറത്തുകാണാത്ത എല്ലുകൾ ഒന്നുമില്ലാത്ത അവസ്ഥ. പഴയ കറുപ്പുനിറം ഒന്നുകൂടി ഇരുണ്ടു. ഇന്നലെയും സാധാരണ ക്ഷീണം ആണെന്നാണ് കരുതിയത്. രാത്രിയിൽ നന്നായി പനിച്ചു. കഠിനമായ വേദന. കണ്ണിൽ മാത്രമല്ല ഓരോ രോമകൂപങ്ങളിലും ചോര പൊടിയുന്നതു പോലെ. തണുപ്പിന്റെ സൂചികൾ എല്ലുകളിൽ കുത്തിക്കൊണ്ടിരുന്നു. ഒരു ചൂടിനു വേണ്ടി പരതി. കീറിയ കമ്പിളിയും തുണികളും തലവഴി മൂടിപ്പുതച്ചു. രാവിലെ എഴുന്നേറ്റപ്പോൾ ദേഹത്തുമുഴുവൻ കുരുപ്പുകൾ.

ദേഹം മുഴുവൻ മണലുവാരിയിട്ട പോലുള്ള കുരുക്കൾ വെള്ളപ്പോളപോലെ നിറഞ്ഞിരിക്കുന്നു. പനി കുറഞ്ഞു. പക്ഷേ വേദന... കണ്ണുതുറക്കാൻ പറ്റുന്നില്ല. തല വെട്ടിപ്പിളരുന്ന പോലെ. മൂലയിൽ ഉള്ള മണ്ണണ്ണ സ്റ്റോവ് കത്തിച്ചു വെള്ളം വച്ചു. ചൂടോടെ ഒരു ചായ കുടിച്ചപ്പോൾ ഒരു ജീവൻ വന്നു പുറത്തിറങ്ങാൻ ധൈര്യമില്ല. പകർച്ചവ്യാധിയാണ്. കോളനിക്കാർ എങ്ങനെ പ്രതികരിക്കും എന്നറിയില്ല. പൈപ്പിന്റെ ചോട്ടിൽ പെണ്ണുങ്ങളുടെ ബഹളം തുടങ്ങി. മൂന്നു ദിവസത്തോളം കഴിഞ്ഞപ്പോൾ കൈയിലുള്ള ഭക്ഷണം തീർന്നു. വെള്ളം രാത്രിയിൽ പോയിപിടിക്കും. ചായ കുടിച്ച് ഒരുദിവസം നീക്കി. വിശപ്പും വേദനയും മൂലം വല്ലാത്തൊരു അവസ്ഥയിൽ എത്തുന്നത് ഞാൻ അറിഞ്ഞു. ബോധം പതിയെ പോകുന്നപോലെ. ശരീരത്തിന് ഭാരം  ഇല്ലാത്ത അവസ്ഥ. ഇതാണോ മരണം? പതിയെ നിരങ്ങി വാതിലിനടുത്തെത്തി തുറന്നതോർമയുണ്ട്. ഇരുട്ടിന്റെ അഗാധതയിലേയ്ക്ക് മുങ്ങാങ്കുഴിയിട്ടപോലെ...

കണ്ണു തുറന്നപ്പോൾ മുറിക്കകത്താണ്. പൈപ്പിന്റെ ചോട്ടിൽ കിടക്കുകയായിരുന്നു. പെണ്ണുങ്ങളെല്ലാം കൂടി എടുത്ത് അകത്താക്കിയാണ്. സോൺസലയുടെ ഭാര്യ ഹെൽത് വർക്കർ ആണെന്ന് തോന്നുന്ന ഒരാളോട് പറയുന്നതു കേട്ടു. " ജാര യെ ചുതിയ കാ മ്ര്യതയു ജാല ആമീ ജബേബിഡാർ ഹൊഹു." അവസാനം പൈസ കിട്ടിയാൽ ഭക്ഷണം കൊടുക്കാമെന്ന്  സോൺസലയുടെ  ഭാര്യ സമ്മതിച്ചു. തുജേപസി കഹാ പൈസ അഹേത് കായ്? കൈനീട്ടി പഴ്സിൽ നിന്നു കിട്ടിയ നോട്ടുകൾ എറിഞ്ഞു കൊടുത്തു.

പിറ്റേന്ന് മുതൽ ഭക്ഷണം വാതിലിനു പുറത്തു എത്തി തുടങ്ങി. ഭക്ഷണം വച്ചശേഷം കതകിൽ ഇടിക്കും. ഇടിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല വാതലിനു വിടവിലൂടെ ഞാനെല്ലാം കാണുന്നുണ്ടായിരുന്നു. ചില ദിവസങ്ങളിൽ വരുന്നത് ഗുഡിയ ആയിരുന്നു. എന്തോ അന്ന് ഭക്ഷണത്തിന് ഒരു പ്രത്യേക രുചിയായിരിക്കും. ഉച്ചകഴിഞ്ഞു പൈപ്പിൻചോട്ടിലെ ബഹളങ്ങളുടെ ഒരു ഇടവേള ഉണ്ടാകും. ചുട്ടുപഴുത്ത സൂര്യൻ മുകളിലെ ആസ്ബസ്റ്റോസ് ഷീറ്റിനെ ഉരുക്കും. വിയർപ്പിന്റെ ചെറുചാലുകൾ ഉണങ്ങിത്തുടങ്ങിയ കുരുപ്പുകളിലൂടെ ഒഴുകും. അസഹ്യമായ ചൊറിച്ചിലിൽ നഖങ്ങൾ മുള്ളുകളാകും. കുരുപ്പുകൾ പൊട്ടി നീറ്റലാകുമ്പോൾ ഒരു ചെറുകാറ്റിനായ് കൊതിക്കും. 

പുറകുവശത്ത് ഒരു ജനലുണ്ട്. തുറക്കുന്നത് അസഹ്യമായ ദുർഗന്ധം വമിക്കുന്ന തീട്ടച്ചാലിലേക്കാണ്. തുറന്നിട്ടു. നഗരത്തിന്റെ സകല അഴുക്കുമണവും പേറിയ കാറ്റടിച്ചു കയറി. ചാലിൽ കുത്തിമറിയുന്ന പന്നിക്കൂട്ടങ്ങൾ. കരയിൽ ആ വൃത്തികേടുകളിൽ നിന്നും ചെറുജീവികളെ പിടിക്കാൻ കാത്തിരിക്കുന്ന ഒരു വയസ്സൻ കൊക്ക്. പന്നികൾ വരുമ്പോൾ ഒഴിഞ്ഞു മാറിയും അവ തെറിപ്പിക്കുന്ന ചെളി പുരളാതെയും ശ്രദ്ധിക്കുന്നു അവൻ. കുറേനേരം നോക്കിയിരുന്നിട്ടും ആ കൊക്കിനു ഇരകളൊന്നും കിട്ടിയതായി കണ്ടില്ല.

കുറച്ചുദിവസം കഴിഞ്ഞപ്പോൾ കുരുക്കൾ കരിഞ്ഞുതുടങ്ങി. രാവിലത്തെ പെണ്ണുങ്ങളുടെ ബഹളം കഴിയുമ്പോൾ കതക് തുറന്നിടാൻ തുടങ്ങി. ചില സ്ത്രീകൾ പരിചയ ഭാവം എല്ലാം കാണിച്ചുതുടങ്ങിയിട്ടുണ്ട്. സോൻസലയുടെ ഭാര്യയ്ക്കു എറിഞ്ഞു കൊടുത്ത നോട്ടുകളുടെ ഫലമാണെന്നു തോന്നുന്നു. അവർ "കസേ ചാലേലെ അഹേ" എന്നെല്ലാം ചോദിച്ചു തുടങ്ങിയിരിക്കുന്നു. ഇടയ്ക്ക് കുറച്ചു വേപ്പിലകളും കൊണ്ടു തന്നു. കുറച്ചു മുറിയുടെ പുറത്തു വാതിലിലും തൂക്കി. അങ്ങനെവേണമത്രേ. എനിക്കും പെണ്ണുങ്ങളോട് മിണ്ടാൻ ധൈര്യമെല്ലാം വന്നുതുടങ്ങി.  

ഒരുദിവസം ഗുഡിയ ഭക്ഷണവുമായി വരുന്നതു കണ്ട ഞാൻ കുറച്ചു പൈസ ചുരുട്ടി അവൾ കാൺകെ പടിയിൽ വച്ചു. അവൾ കണ്ടു എങ്കിലും എന്നെയൊന്നു പാളിനോക്കി തിരിച്ചുപോയി. രണ്ടു ദിവസത്തെ ശ്രമത്തിനൊടുവിൽ അവൾ ആ പൈസ എടുത്ത് ഉടുപ്പിനകത്തു തിരുകി. എന്നെ നോക്കി ചിരിച്ചു. തിരിഞ്ഞുനടക്കുന്ന അവളുടെ പിഞ്ഞിയ ഉടുപ്പിനകത്തുനിന്ന് എത്തിനോക്കുന്ന വെളുപ്പ് എന്നിൽ ലഹരി പടർത്തി. കതകുചാരി കട്ടിലിൽ അമർന്നു. സ്വപ്നങ്ങളിൽ അവളുടെ ചലനങ്ങൾ എന്നെ അടിമുടി വിയർപ്പിച്ചു. 

എന്തോ ബഹളം കേട്ടാണുണർന്നത്. സോൺസാലെ എത്തിയിട്ടുണ്ട്. ചെവിയോർത്തു കിടന്നു. സ്ഥിരം വഴക്കുകളാണ്. പനി പിന്നെയും തുടങ്ങിയപോലെ. ശക്തമായ തലവേദന വീണ്ടും വന്നു. ഉച്ചയ്ക്ക് കൊണ്ടുവന്ന ഭക്ഷണം കഴിച്ചിട്ടില്ല. വിശക്കുന്നില്ല. നന്നായി വിയർക്കുന്നുണ്ട്. രാത്രി ഏറെ ആയിട്ടും ഉറക്കം വരുന്നില്ല. വെറുതെ തിരിഞ്ഞും മറിഞ്ഞും കിടന്നു. 

പുറത്തെ ബഹളങ്ങൾ നിലച്ചു. ജനലിലൂടെ വരുന്ന ഉഷ്ണക്കാറ്റിൽ ഇതളുകൾ പറക്കുന്ന കലണ്ടിറിന്റെ ശബ്ദം മാത്രം. പതിയെ കതക്‌ തുറന്നു. വിജനമായ കോളനി. പന്നികൾ തമ്മിൽ പോരുകൂടുന്ന സീൽകാരങ്ങൾ ഇടയ്ക്ക് കേൾക്കാം. സമാനമായ അടക്കിയ ശബ്ദം സോൻസലയുടെ വീട്ടിൽനിന്നും ചിലപ്പോൾ പുറത്തുവരുന്നുണ്ട്. സോൻസലയുടെ പടിക്കുപുറത്ത് ഒരു കറുത്ത നിഴൽ. ദൂരെയുള്ള സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിൽ അതിനു ഗുഡിയയുടെ രൂപം വച്ചു. അന്നുവരെ ഇല്ലാത്തപോലെ തിളങ്ങുന്ന അവളുടെ കണ്ണുകൾ. നിഴൽ പതിയെ അനങ്ങി. എന്നെയും കടന്ന് വാതിലും കടന്ന് എന്റെ മുറിക്കകത്തേയ്ക്കതു നീങ്ങി. ഇരുട്ടിൽ പരുങ്ങി ഞാൻ നിന്നു. പരതിയ വിരലുകളിൽ തൊട്ടത് മൃദുലതയുടെ പഞ്ഞികെട്ടുകൾ. നെഞ്ചിൽ അടിച്ച നിശ്വാസങ്ങളിൽ വിയർപ്പിന്റെ കുമിളകൾ ഉരുകിയൊലിച്ചു. ഉണങ്ങിയ കുരുപ്പുന്റെ പൊറ്റകൾ  ഉടലിന്റെ  ഉരസലിൽ പൊഴിഞ്ഞു. തണുപ്പുപടർന്ന തൊലിപ്പുറങ്ങളിൽ പനിയുടെ അഗ്നിനാളങ്ങൾ ഒടുങ്ങി. പുറത്തു പന്നികളുടെ സീൽക്കാരങ്ങൾ ഉയർന്നു താന്നപ്പോൾ ബോധം നഷ്ടപ്പെട്ടു ഞാൻ തറയിൽ വീണു.

രാവിലെ എണീറ്റപ്പോൾ പനി തീരെയില്ല. പൊറ്റകൾ പൊഴിഞ്ഞ് പാടുകൾ മാത്രം ശേഷിച്ചു. ഇന്നലത്തെ സ്വപ്നം പോലെ... കണ്ടു കഴിഞ്ഞ മായകാഴ്ചകൾക്ക് ഒരു രാത്രിയുടെ ആയുസ്സേ ഉണ്ടായിരുന്നുള്ളു എന്ന ഖേദം. ജ്വരത്തിന്റെ മൂർച്ഛയിൽ ഓർത്തെടുത്ത കിനാവുകൾ മധുരം നിറഞ്ഞ ഓർമകൾ. ഒരു ചായയും എടുത്ത് പുറത്തേക്കിറങ്ങി. പൈപ്പിൻ ചോട്ടിലെ പെണ്ണുങ്ങളുടെ ഇടയിൽ അടക്കിപ്പിടിച്ച വർത്തമാനങ്ങൾ. സോൺസലയുടെ ഭാര്യ അവരുടെ മുറിക്ക് പുറത്ത് വേപ്പിന്റെ ഇലകൾ തൂക്കുന്നു. അകത്ത് മുറിയിൽ ഇരുട്ടിൽ ദേഹം നിറയേ കുരുപ്പുമായിരിക്കുന്ന ഗുഡിയായെ മനസ്സിൽ കണ്ടു. കതകടച്ചു അകത്തു കയറി. ജനലിന്റെ അടുത്തേയ്ക്ക് നീങ്ങി. പുറത്ത് വയസ്സൻ കൊക്ക് പന്നികളുടെ ചേറ് തെറിപ്പീരിൽ നിന്ന് ഒഴിഞ്ഞ് അവസാനം തീട്ടച്ചാലിൽ നിന്ന് ഒരു തവളയെ കൊത്തിയെടുത്തു വിഴുങ്ങിയ ശേഷം കൊക്കിൽ പറ്റിയ മാലിന്യം തൂവലിൽ തുടച്ചു വൃത്തിയാക്കി എങ്ങോ പറന്നകന്നു. കട്ടിലിനു താഴെ വീണു കിടന്ന മുടിപ്പിന്ന് ഇളം വെയിലേറ്റു തിളങ്ങി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com