ADVERTISEMENT

സ്നേഹാലയം (കഥ)

വഴിയാത്രക്കാർക്കും യാചകർക്കും ഉച്ചയൂണിന് സൗകര്യമുണ്ടായിരുന്നു ഭവാനിയമ്മയുടെ തറവാട്ടിൽ. അവർ ആ നാലുകെട്ടിനുള്ളിൽ ഭവാനിയമ്മയുടെ അതിഥികളെ പോലെയായിരുന്നു.

പത്തായത്തില് നെല്ല് നിറഞ്ഞ കാലം തൊട്ട് ഭാവാനിയമ്മയുടെ അമ്മ തുടങ്ങിവെച്ച ആചാരമാണ്. അതിന്നും മുടങ്ങാതെ തുടരുന്നുണ്ട്.

ചോറും മോര് കറിയും ഒരുകൂട്ടം തോരനും അവർക്കായി ദിവസവും തയാറായിട്ടുണ്ടാവും. ഭവാനിയമ്മ തയാറാക്കുന്ന മോര് കറിക്ക് പ്രത്യേക രുചിയാണെന്ന് ആളുകൾ പറയും.

നാലുകെട്ടിനുള്ളിൽ നാരയണൻ വന്നിരുന്നിട്ടുണ്ട്. തറവാട്ടിലെ പഴയ ജോലിക്കാരനാണ്. ഇപ്പോൾ പ്രത്യേകിച്ച് കൂലിയൊന്നുമില്ല. അലച്ചിലാണ് പ്രധാന തൊഴിൽ.

" കുറേ ആയല്ലോ നാരായണ ഇഞ്ഞെ കണ്ടിട്ട് "

'ഇതുവഴി വരാറില്ല. പിന്നേ.... വെശ്ന്നപ്പൊ ഇങ്ങ് ഓടി ' നാരായണൻ ചെറുതായൊന്ന് ചിരിച്ചു.

" ഈയ് ഇരിക്ക് ഞാൻ ചോറെടുത്ത് വരാം." ഭവാനിയമ്മ ധൃതിയോടെ അടുക്കളയിലേക്ക് പാഞ്ഞു. മോര് കറിയും ചോറും തോരനും ഓരോ പാത്രങ്ങളിലാക്കി.

" അമ്മക്ക് വേറെ പണിയില്ലേ. കണ്ടവരെ ഒക്കെ കയറ്റി ഇരുത്തി വീട് നാശാക്കാൻ " അപ്രതീക്ഷിതമായി അടുക്കളയിലേക്ക് കടന്നു വന്ന മൂത്ത മകൻ രഘുവിന്റെ ശബ്ദം ഉയർന്നു.

"പതുക്കെ പറയെട. ഓല് കേൾക്കും "

" കേൾക്കട്ടെ... തെണ്ടികൾ."

ഭവാനിയമ്മയോട് കയർത്തു രഘു ദേഷ്യത്തോടെ മുറിയിലേക്ക് നടന്നു. രണ്ട് മക്കളാണ് അവർക്ക്. രഘുവും സേതും രണ്ടുപേരുടെയും മാറി മാറിയുള്ള ശകാരം ഇതിപ്പോൾ പതിവായിട്ടുണ്ട്.

സങ്കടവും കണ്ണീരും ഭവാനിയമ്മയുടെ മുഖത്ത് നിഴലിച്ചു നിന്നു. നിത്യവും കേൾക്കുന്നത് കൊണ്ടാവണം അതൊന്നും കൂസാതെ ഭവാനിയമ്മ അടുക്കളയിൽ നിന്ന് ഭക്ഷണമെടുത്ത് നാലുകെട്ടിലേക്ക് നീങ്ങി.

"ന്താ ഭവാനിയമ്മേ.. മോത്തൊരു വല്ലായ്മ "

' ഒന്നൂലാ നാരയണാ.. ഈയ് കഴിക്ക് '

സങ്കടം ഒളിപ്പിച്ച പുഞ്ചിരിയുമായി ഭവാനിയമ്മ നാരായണന്റെ ഇലയിലേക്ക് ചോറ് വിളമ്പി. പിന്നാലെ കറിയും. മോര് കറി ചേർത്ത് നാരയണൻ ചോറ് കുഴച്ചെടുത്തു. അതിലൊരു ഉരുള വായിലിടാൻ നേരം നാരായണന്റെ ചുണ്ടുകൾ വിറച്ചു.

" ഇങ്ങട് ആളുകൾ വരുന്നത് മക്കൾക്ക് ഇഷ്ടില്ലാ ല്ലേ... വെറേ വഴിയിണ്ടാച്ചാ " പറഞ്ഞു തീരുന്നതിന് മുന്നേ നാരായണന്റെ കണ്ണുനീര് ഇലയിലേക്ക് വീണ് തുടങ്ങിയിരുന്നു.

' കുരുത്തക്കേട് കാണിക്കാ നാരായണാ നീ. ഭക്ഷണത്തിലാ ഇന്റെ സങ്കട കരച്ചിൽ വീഴ്ത്തണേ '

കണ്ണുകൾ തുടച്ച് നാരയണൻ വേദനയോടെ ചോറ് ചവച്ചരച്ചു. തൊണ്ടിയിൽ നിന്നും ചോറ് ഇറങ്ങുമ്പോൾ വല്ലാത്തൊരു ഭാരം നാരയണന് അനുഭവപ്പെട്ടു.

ഭക്ഷണം കഴിഞ്ഞപ്പോൾ നാരയണന്റെ കൈകളിലേക്ക് ഭവാനിയമ്മ വെള്ളം കോരിയൊഴിച്ചു. എന്തു പറയണമെന്നറിയാതെ നിറഞ്ഞ കണ്ണുകളോടെ നാരയണൻ ഭാവാനിയമ്മയെ നോക്കുന്നുണ്ട്. ഉടുത്തിരുന്ന മുണ്ടിന്റെ അറ്റം കൊണ്ട് നാരായണൻ പതിയെ മുഖം തുടച്ചു. കയ്യിലുണ്ടായ ഭാണ്ഡക്കെട്ട് മുതുകിലേക്ക് കയറ്റി വെച്ച് നാരായണൻ യാത്ര പറയുകയാണ്.

'നാളേം ഈ വഴി ഉണ്ടെങ്കിൽ ഉച്ചൂണിന് വരണംട്ടോ'

" ഉം " അയാൾ മൂളി.

നാരായണൻ മെല്ലെ തറവാടിന്റെ പടിയിറങ്ങി നടന്നു തുടങ്ങി. അയാൾ വിദൂരതയിൽ എത്തും വരെ നാലുകെട്ടിന്റെ ഒരു മൂലയിൽ നിന്നും ഭാവാനിയമ്മ അയാളെ നോക്കി നിന്നു.

നാലുകെട്ടിനുള്ളിൽ ഭക്ഷണം തേടിയെത്തുന്ന ആളുകളുടെ എണ്ണം ദിനേനെ കുറയാൻ തുടങ്ങിയിരിക്കുന്നു. മക്കളുടെ ശകാരം ഭവാനിയമ്മയിൽ നിന്നു മാറി ആളുകളിലേക്ക് നേരിട്ടെത്തി തുടങ്ങി. തിങ്ങി നിറഞ്ഞ നാലുകെട്ട് ഇപ്പോൾ ശാന്തമാണ്. വിശന്നു വരുന്നവർക്കുമില്ലേ ആത്മാഭിമാനം.

"ഏട്ടൻ പറയ്... ഇങ്ങളല്ലേ മൂത്തത്. സ്വത്ത് ഭാഗം വെക്കാതെ ഇനി കച്ചോടൊന്നും മുന്നോട്ട് പോകാൻ കഴിയില്ല." അവിടെ രാത്രിയിരുന്ന കൂടിയാലോചനയിൽ സേതു തീർത്തു പറഞ്ഞു.

"നിങ്ങടെ അമ്മ കണ്ണിൽ കണ്ടോർക്ക് കൊടുത്ത് തന്നെ സ്വത്ത് മുഴുവൻ തീർക്കും." രഘുവിന്റെ ഭാര്യ ശ്യാമളയും ആ ഗൂഡാലോചനയിൽ അഭിപ്രായം രേഖപ്പെടുത്തി.

"ഏട്ടനെന്താ ഒന്നും മിണ്ടാത്തേ..?"

'തറവാട് വിറ്റാൽ പിന്നെ അമ്മ ?'

" അഗതിമന്ദിരത്തിലാക്കാണം." സേതുവിന് അധികം ആലോചിക്കേണ്ടി വന്നില്ല.

'അത്....'

"എന്നാൽ ഏട്ടന്റെ കൂടെ നിർത്ത്."

'ഏയ് അത് ശരിയാവില്ല. പിള്ളേരൊക്ക ഉള്ളതാണ്. എന്നെ കൊണ്ട് കയ്യില്ല നോക്കാൻ.' ശ്യാമള ഇടയിൽ കയറി. കുലകുശമായ ചർച്ച അവിടെ അവസാനിച്ചു. അങ്ങനെ അവർ ഒരു തീരുമാനത്തിൽ എത്തിയിരിക്കുന്നു.

നാളുകളുടെ അലച്ചിലിന് ശേഷം നാരായണൻ വീണ്ടും കോവിലകത്തിന് മുന്നിലെത്തി. അവിടെ നിറയെ ജോലിക്കാരെ അയാൾ കണ്ടു. തറവാട് പൊളിക്കുന്ന ഒച്ചയും ബഹളവുമാണ് ചുറ്റിലും. നാരായണൻ അവിടുന്ന് മെല്ലെ അടുക്കള ഭാഗത്തേക്ക് നീങ്ങി.

പണിക്കാർക്ക് വേണ്ടിയുള്ള ചായ ഉണ്ടാക്കുന്ന തിരക്കിലാണ് വീട്ടുജോലിക്കാരി.

" ഭവാനിയമ്മ ? "

' ഇവിടെ ഇല്ല '

" എവിടെ പോയി "

' അവരിപ്പോൾ ഇവിടെയല്ല താമസം '

" പിന്നെ ? "

' സ്നേഹാലയത്തിലാണ്.'

" സ്നേഹാലയത്തിലോ? "

' അതേ....'

അനാഥരായ വൃദ്ധർ താമസിക്കുന്നൊരു ഇടമാണ് സ്നേഹാലയം. രോഗികളും നിർദ്ധനരും ഒത്തുകൂടിയുള്ളൊരു അഗതിമന്ദിരം. 

വീട്ടു ജോലിക്കാരിയോട് നാരായണന് അധികം ചോദിക്കേണ്ടി വന്നില്ല. തല താഴ്ത്തി അയാൾ പതിയെ തിരിഞ്ഞു നടന്നു.

തിരിഞ്ഞു നടക്കുന്ന വേളയിൽ മുറ്റത്തു നിന്നും നാരായണൻ തറവാട്ടിനകത്തേക്ക് മെല്ലെ നോക്കി. ആളുകൾ തിങ്ങി നിറഞ്ഞിരുന്ന ആ നാലുകെട്ടിനുള്ളിൽ ചോറും മോര് കറിയും വിളമ്പി നൽകുന്ന ഭവാനിയമ്മയെ ഹൃദയത്തിന്റെ ഏതോ കോണിൽ തെളിഞ്ഞു കാണാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com