sections
MORE

ഒരു ബംഗാളിവധം ആട്ടക്കഥ

short-story-illustration
SHARE

ഒരു ബംഗാളിവധം ആട്ടക്കഥ (കഥ)

സലീംഭായി അത്യാവശ്യം ഫേമസ് ആയിരുന്നു, അതിനെക്കുറിച്ചു യാതൊരു അറിവുമില്ലാതെ തന്നെ. അച്ചാച്ചന്റെ മീനുകളെ കാണാൻ വന്ന സ്ഥലത്തെ ഒരു പ്രധാനമുഖ്യൻ ഭായിയെക്കണ്ടപ്പോൾ സ്പോട്ടിൽ തിരിച്ചറിഞ്ഞെന്നു മാത്രമല്ല, നല്ല പണിക്കാരനാണെന്നു പറയുകയും ചെയ്തു. പക്ഷേ തന്റെ ക്ലീൻ ഷേവ് മുഖത്ത് ഒരു ചെറിയ ചിരി പടർത്തിക്കൊണ്ടു മൂക്കിൽ നിന്ന് വളരെ മൃദുവായി വരുന്ന ശബ്ദത്തിൽ ചെട്ടാ, ചെട്ടാ എന്ന് വിളിക്കുകയല്ലാതെ ഭായിക്ക് പ്രത്യേകിച്ചൊന്നും പിടികിട്ടിയതായി തോന്നിയില്ല.

സലീംഭായിയെ കാണുന്ന ചിലനേരങ്ങളിൽ അഞ്ചാംക്ലാസ്സിൽ പഠിക്കുന്ന എന്റെ മകനെ പെട്ടെന്ന് ഹിന്ദി പഠിപ്പിക്കാനുള്ള ആവേശം എന്നെ പിടികൂടും. മുറ്റത്തു കളിച്ചുകൊണ്ടിരിക്കുന്ന അവന്റെ ചെവിപൊട്ടുന്ന ഒച്ചയിൽ ഞാൻ സലിംഭായിയോട് ചോദിക്കും – ‘ഘർ ബംഗാൾ മേം കഹാം ഹേ – കൽക്കട്ടാ...?’

ബംഗാളികൾക്ക് മാത്രം സ്വന്തമായുള്ള വൃത്താകൃതിയിലുള്ള നാക്കുരുട്ടലില്‍ നിന്നുവരുന്ന മധുരഭാഷണത്തിൽ ഭായി പറയും – ‘ബംഗാള്‍ മേം ബോർദ്വാൻ.’ അവിടെ ഒരു വീട്ടിൽ മൂന്നു പെൺകുട്ടികൾ അവരുടെ അച്ഛനെക്കാത്തു ഇരിപ്പുണ്ട് എന്നൊക്കെ ഭായ് പലപ്രാവശ്യം പറഞ്ഞതാണ്. ഞാൻ പലവട്ടം ചോദിച്ചതുമാണ്. പക്ഷേ മകനെ ഹിന്ദി പഠിപ്പിച്ചല്ലേ പറ്റൂ.

ഷണ്മുഖംപിള്ളസാർ പത്താംക്ലാസിൽ പിച്ചിയും തല്ലിയും ഞെക്കിപ്പഴുപ്പിച്ചെടുത്ത മുറിഹിന്ദിയാണ് കൈവശമുള്ളതെന്ന് എന്റെ മകനോട് എപ്പഴോ തുറന്നുപറഞ്ഞത് അവൻ ഓർത്തിരിപ്പുണ്ടാവാൻ വഴിയില്ല.

മൂന്ന് പിള്ളേരുടെ തന്തയാവാൻ മാത്രമുള്ള പ്രായമൊന്നും സലീംഭായിക്കില്ല. നുണയായിരിക്കും. അല്ലെങ്കിൽ നേരത്തെ കെട്ടിക്കാണും. എന്തെങ്കിലുമാകട്ടെ. ‘ചായ് പിയാ..?’ ഞാൻ ചോദിച്ചു. ‘ഹാ ഹാ, ചെച്ചി ദിയാ.’ ഭായി പറഞ്ഞു.

നേരമേതാണ്ട് ആറായിക്കാണും. അപ്പോഴാണ് ഏതാണ്ട് ഒരു ടണ്ണോളം മീൻതീറ്റയുമായി അച്ചാച്ചന്റെ മഹീന്ദ്ര ജീത്തോ പെട്ടിവണ്ടി വീട്ടിൽ വന്നുനിന്നത്. ജിമ്മി, ഭായിയോട് ഇതൊന്നു ഇറക്കാൻ പറയെന്നു പറഞ്ഞുകൊണ്ട് അച്ചാച്ചൻ ജീപ്പെടുത്തു കവലയിലേക്കു പാഞ്ഞു. ‘ജോസുകുട്ടിയെ കാണണ്ട ഒരു കാര്യമുണ്ട്.’ എന്ന് ആത്മഗതം മൊഴിഞ്ഞുകൊണ്ട്. പരക്കംപാച്ചിലുകളുടെ അച്ചാച്ചൻ. ജീവിതത്തിൽ തിരക്ക് സൃഷ്ടിക്കുന്നതിൽ അഗ്രഗണ്യൻ.

ഞാൻ പുറത്തേക്കുവന്നപ്പോൾ ഭായി റെഡിയാണ്. ഭാവഭേദങ്ങളില്ലാതെ, മൈതാനത്ത് സ്വന്തം നിലയറിയാവുന്ന ഒരു ക്യാപ്റ്റനെപ്പോലെ. കയറുകളെല്ലാം അഴിച്ചു ടാർപ്പായയെല്ലാം മുന്നോട്ടു തള്ളി സലീംഭായി അടുത്ത ഓപ്പറേഷന് തയാറായി. നാൽപതുകിലോ ഭാരം വരുന്ന ഒരു പതിനഞ്ച് മീൻതീറ്റച്ചാക്കുകൾ. പിന്നെ ഒരു ഇരുപതുകിലോ വരുന്ന ഒരു പത്തു പതിനഞ്ചെണ്ണം. ഇവയെല്ലാം ഭായിയെക്കാത്ത് പെട്ടിവണ്ടിയുടെ മുകളിൽ നിശ്ചലമായി വിരാജിച്ചു.

ഇരുപതുകിലോ ചാക്കുകളെല്ലാം നിസ്സാരമായി വണ്ടിയിൽനിന്ന് ഇറക്കിവെയ്ക്കപ്പെട്ടു. രബീന്ദ്രനാഥഠാക്കൂറിന്റെ നാട്ടിൽ (നമ്മുടെ നാട്ടിലെ പണ്ഡിതരെ പോലെയല്ല, പഠിപ്പില്ലാത്ത സലീംഭായ് ‘ഠാക്കൂർ’ എന്നേ പറയൂ.) നിന്നു വന്ന ആ മനുഷ്യൻ ആ ത്രിസന്ധ്യാനേരത്തു നാൽപതുകിലോച്ചാക്കുകൾ ഓരോന്നായി തലയിൽ ചുമന്ന് മീൻതീറ്റയുടെ ഷെൽഫിലേക്കു വെക്കാൻ തുടങ്ങി. ഷെൽഫിലേക്കു വീഴാന്‍ വിസമ്മതിച്ച ചില ചാക്കുകളോട് ഒരു പോരാളിയെപ്പോലെ അയാൾ പൊരുതി. ചാക്കുകൾ തിരികെ പൊരുതുന്നതുപോലെ. ഒരു പഞ്ചഗുസ്തിക്കാരനെ പോലെ വിട്ടുകൊടുക്കാതെ സലീംഭായ്.

പോരാളിക്ക് ഒരു കൂട്ടാളി വേണമല്ലോ. പോരാത്തതിന് ജിമ്മിൽ വളർന്നവൻ ജിമ്മി. ചില നാൽപതുകിലോ ചാക്കുകൾ ഞാനും വലിച്ചു താഴെച്ചാടിച്ചു. ശരീരത്തിന് തീരെ ചേരാത്ത മൃദുസ്വരത്തില്‍ സലീംഭായ് പറഞ്ഞു – ‘വേണ്ട ചെട്ടാ.’ മുകളിലേക്ക് കയറാൻ മടിച്ച ചില ചാക്കുകളോട് അങ്ങനെ ഒരു ബംഗാളിയും ഒരു മലയാളിയും തോളോട് തോൾ ചേർന്നുനിന്നു പയറ്റി. ഒരു ഇരുപതുമിനുറ്റ് കൊണ്ട് ഞങ്ങൾ ചാക്കുകളെ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചു. ഒരു പല്ലവിപോലെ ‘വേണ്ട ചെട്ടാ, വേണ്ട ചെട്ടാ’ എന്ന് ഭായി ഇടയ്ക്കിടെ ആവർത്തിച്ചുകൊണ്ടിരുന്നു.

പണിതീർന്നു കൈയും കാലും കഴുകി നിർന്നിമേഷനായി സലീംഭായി നിന്നു. ഞാൻ പോയി ഒരു ഗ്ലാസ് തണുത്ത വെള്ളം കുടിച്ചു. ‘ഠണ്ട പാനി നഹീ ചാഹിയേ’ എന്ന് ഭായി. ഒരു ഓറഞ്ച് എടുത്ത് ഭായിയുടെ കൈയിൽ കൊടുത്തു.

ജീത്തോ പുറകിലേക്കെടുത്തു ഞാൻ ഭായിയോട് കയറാൻ പറഞ്ഞു. എന്റെ മകൻ നടുക്കിരുന്നു. നേരം വൈകിയാൽ ഭായിയെ താമസസ്ഥലത്തു കൊണ്ടുവിടുകയാണ് പതിവ്.

ഓർക്കാപ്പുറത്തു കിട്ടിയ ഓറഞ്ച് എവിടെ വെക്കണം എന്നറിയാത്ത ഒരു കുട്ടിയെപ്പോലെ ഭായി വണ്ടിയിലിരുന്നു. എന്നിലെ ഹിന്ദിമാഷ് വീണ്ടും ഉണർന്നു. ഞാൻ ചോദിച്ചു – ‘നൈറ്റ് മേം ക്യാ ഖാത്താ ഹേ?’

‘ചാവൽ കറി ബനാത്താ ഹേ റൂം മേം’ എന്ന് ഭായി. ‘ബാഹർ സെ നഹീ ഖാത്താ ഹേ...?’ ഞാൻ വിട്ടില്ല. കോട്ടയം ജില്ലയിലെ ഒട്ടുമിക്ക ഹോട്ടലുകളിലും നിത്യസന്ദർശകൻ ആയിരുന്ന ഞാൻ വേറെന്തു ചോദിക്കാൻ?

നഹി നഹി എന്ന് ഭായി. ജ്യാദാ പൈസ ഹോത്താ ഹേ? എന്നുള്ള എന്റെ അടുത്ത ചോദ്യം അപ്രസക്തമായിരുന്നു.

ഒരു ചെറിയ മൗനത്തിനുശേഷം ഭായി പറഞ്ഞു.

‘ഹം റൂം മേം ചാർ ആദ്മി ഹേ. ആജ് ഖാന ബനാനാ മേരാ ഡ്യൂട്ടി ഹേ. ആജ് ഇത്‌നാ ടൈം ഹോ ഗയാ. മേം ഔർ ഏക് ആദ്മി കോ കഹാ. കൽ മേം ബനാവൂംഗാ.’

‘ഠീക് ഹേ. ബംഗാൾ മേം ഫിലിം ദേഖ്ത്താ ഹേ?’ ഞാൻ വിഷയമൊന്നു മാറ്റിപ്പിടിച്ചു. ‘സത്യജിത് റേ കാ ഫിലിം ദേഖാ ഹേ?’ വീണ്ടും ചോദ്യശരം.

സത്യജിത് റേ എന്ന പേരിൽക്കവിഞ്ഞു ഒന്നും എനിക്കറിയില്ലെങ്കിലും ബംഗാളികൾ ഇതെല്ലാം അറിഞ്ഞിരിക്കേണ്ടതല്ലേ?

ആലുവാമണപ്പുറത്തു വെച്ചുപോലും സത്യജിത് റേയെ കണ്ടിട്ടില്ല എന്നുള്ള ഒരു അന്യതാബോധം ഭായിയുടെ മുഖത്ത് നിഴലിച്ചു. പുരാനാ ഹേ പുരാനാ ഹേ എന്ന് പറഞ്ഞുകൊണ്ട് ഭായിയെ റേയിൽ നിന്ന് മോചിപ്പിക്കാൻ ഞാൻ ആവതു പരിശ്രമിച്ചു.

‘സൗരവ് ഗാംഗുലി കാ ഖേൽ ദേഖാ ഹേ?’ എന്ന് ചോദിച്ചതും ഭായി ഹാപ്പിയായി. ‘ഹാ ഹാ ഇന്ത്യ കാ കപ്ത്താന്‍...’ എന്ന് ഭായി. അഭിമാനം. ഇന്ത്യയുടെ ക്യാപ്റ്റൻ പദവി കൈമറിഞ്ഞു മറ്റു മഹാരഥന്മാരുടെ കൈയിൽ എത്തിയിട്ടും ബംഗാളികൾക്ക് ഒരു കപ്താനേ ഉള്ളൂ. അത് എന്നും ദാദാ തന്നെ.

‘മിഥുൻ ചക്രവര്‍ത്തി കാ ഫിലിം ദേഖാ ഹേ?’ സലീംഭായിക്ക് ചുമട് എടുക്കുന്നത് തന്നെയാണ് ഭേദം എന്ന് തോന്നിക്കാണും. ബംഗാളിവധം ആട്ടക്കഥ അങ്ങനെ പുരോഗമിക്കുകയാണല്ലോ. ‘ഹാ ഹാ മിഥോൻ ചക്രബോർത്തി ബഡിയാ ആദ്മി ഹേ. ഗരീബോം കൊ ബഹുത് പൈസ ദേത്താ ഹേ. ആസ്പത്താൽ ജാനേ കേ ലിയേ വഗേരാ...’ ഭായി പറഞ്ഞുകൊണ്ടിരുന്നു.

ബംഗാളികളുടെ മമതയെക്കുറിച്ചും തൃണമൂലിനെക്കുറിച്ചും ഞാൻ ആലോചിച്ചപ്പോഴേക്കും ലോഡ്ജ് എത്തിയിരുന്നു. ഹമാരാ റൂം വഹാം ഹേ എന്ന് പറഞ്ഞു ഒരു ചെറിയ മുറി ഭായി ചൂണ്ടിക്കാണിച്ചു. ഠീക് ഹേ എന്നു പറഞ്ഞു സലീംഭായിയെ അവിടെ ഇറക്കിവിട്ടു ഞാനും മോനും തിരികെപോന്നു.

ഇന്നത്തെ ഉറക്കത്തിൽ അയാൾ കാണുന്ന സ്വപ്നങ്ങളില്‍ ബോർധ്വാനിലെ വീടുണ്ടാവും. മൂന്ന് പെൺകുട്ടികൾ കിടന്നുറങ്ങുന്ന വീട്. ആ വീടിനു രബീന്ദ്രനാഥഠാക്കൂറും സൗരവ് ഗാംഗുലിയും മിഥോൻ ചക്രബോർത്തിയും കാവൽ നിൽപ്പുണ്ടാവും.

സലീംഭായിയും ഞാനും തമ്മിൽ എന്ത്? പറയാൻ മാത്രം ഒന്നുമില്ല. സ്ഥലകാലങ്ങളുടെ ഏതോ ഒരു നാൽക്കവലയിൽ ഞങ്ങൾ സഹയാത്രക്കാരായി, മനുഷ്യൻ മനുഷ്യനോടെന്ന പോലെ ഇടപെട്ടു. കൂടിവരുന്ന ചൂടിനെ അത് ക്ഷണനേരത്തേക്ക് നനച്ചുവെന്നു തോന്നുന്നു.

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA