ADVERTISEMENT

ഒരു മദ്യകുപ്പിയിൽ നിന്നും ജീവിതത്തിലേക്കുള്ള ദൂരം (ചെറുകഥ) 

രാഷ്ട്രീയ നിലപാടുകളും ജാതിയും മതവും വ്യത്യസ്തങ്ങൾ ആയിരുന്നുവെങ്കിലും വൈകുന്നേരം ഒത്തുകൂടുന്ന ഒരു സൗഹൃദം ഉണ്ടായിരുന്നു ഞങ്ങൾക്ക്. അത് ഇന്ന് കൊടിയുടെ നിറച്ചാർത്തിൽ നഷ്ടപ്പെട്ടിരിക്കുന്നു. ഒരു സ്‌മോൾ അടിക്കാൻ തോന്നിയാൽ "കുട്ടിചെക്കൻ" എന്ന റിക്ഷ പയ്യൻ വണ്ടി സ്റ്റാർട്ട് ചെയ്യും. സ്കൂൾ അധ്യാപകനായ വിനു, ലാൽ, സിവിൽ സർവീസ്  ബാലൻ, റിക്ഷാ ബാലൻ, മില്ലുടമ ജോസഫ് സെബാസ്റ്റിൻ, കള്ളുഷാപ്പുടമ രമേശ്, കച്ചവടക്കാരൻ മുഹമ്മദ് കുട്ടി, അലിയാർ, ഞാൻ തുടങ്ങിയവർ. പിന്നെ പല അവസരങ്ങളിൽ പലരും... പിരിവെടുത്തു പണം തികക്കും. 

മിക്കവാറും ശനിയാഴ്ച രാത്രിയാവും ഈ പരിപാടികൾ കേമമായി നടന്നിരുന്നത്. തന്റെ റിക്ഷാ രഥത്തിൽ രമേശിനെ പിന്നിൽ ഇരുത്തി മഹാഭാരതത്തിലെ കൃഷ്ണനെ പോലെ തേര് തെളിക്കും. ഷാപ്പ് രമേഷിന് ക്യു വിൽ നിൽക്കുന്ന ആളുകളെ മിക്കവാറും അറിയുന്നത് കൊണ്ട്  നീണ്ട നിരയിൽ നിൽക്കാതെ കാര്യം നടക്കും. അപ്പോഴേക്കും കുട്ടിചെക്കൻ ഡീലക്സ് കാക്കയുടെ ഹോട്ടലിൽ നിന്നും കോഴി കിഡ്‌നി ഫ്രൈ വാങ്ങി നിൽക്കും. അന്നത്തെ കാലത്ത് വെള്ളം അടിച്ചു വണ്ടി ഓടിക്കുന്നത് അത്രവലിയ കുറ്റമൊന്നും അല്ലാതിരുന്നതു കൊണ്ട് വല്യ കുഴപ്പമില്ലാതെ കാര്യങ്ങൾ നടന്നു. മാസത്തിൽ രണ്ടോ മൂന്നോ തവണ നടന്നിരുന്ന കാര്യമായതു കൊണ്ട് സഹധർമിണി വല്യ പ്രശ്നത്തിനൊന്നും വരുമായിരുന്നില്ല.  

ആയിരം നോട്ടിറങ്ങിയ കാലം മില്ലുടമ സെബാസ്റ്റിന്റെ കയ്യിൽ ഒരു പുതിയ നോട്ടു വന്നിറങ്ങി. വണങ്ങി നിന്ന് ഞങ്ങൾ എല്ലാവരും കണ്ടു. വെളുത്ത ഖദർ ഷർട്ടിന്റെ പോക്കറ്റിൽ പുറത്തേക്കു നോക്കിയിരിക്കുന്ന ആ സാധനം പൊട്ടിക്കാൻ അപ്പോൾ തന്നെ തീരുമാനവും ഉണ്ടായി. പതിവുപോലെ രമേശിന് പകരം അന്നു പോയത് സെബാസ്റ്റിയൻ തന്നെ ആയിരുന്നു എന്നൊരു വ്യത്യാസം മാത്രം..!

ആയിരം രൂപ എന്നത് കൈവിട്ടുപോകുന്നതിൽ ഉള്ള സങ്കടത്തെക്കാൾ ഉപരി ബാക്കി അടുത്ത ആഴ്ചക്കുള്ളത് ആക്കിമാറ്റാൻ വിരുതുള്ള ആളുകൾക്ക് കൊടുക്കണ്ട എന്നുള്ള തോന്നലാവാം എന്ന് പിന്നീട് പലപ്പോഴും തോന്നിയിട്ടുണ്ട്. രമേശ് ഒന്നുരണ്ടു പേരുടെ അടയാളവും പറഞ്ഞു കൊടുത്തുകൊണ്ട് പറഞ്ഞു വിട്ടു. അന്ന് മൊബൈൽ പ്രചാരത്തിൽ ഇല്ല എന്നത് ഓർക്കുക. ഒരു മണിക്കൂർ കഴിഞ്ഞു.. രണ്ടായി.. അവരെ കാണുന്നില്ല..!

ഞങ്ങൾ എല്ലാവരും വണ്ടിയും എടുത്തുകൊണ്ട് സ്ഥലത്തെത്തിയപ്പോൾ കാണുന്നത് കുണ്ഠിതപ്പെട്ടു നിൽക്കുന്ന അർജുനൻ ആയ സെബിയേയും, തേരാളിയായ കുട്ടിച്ചെക്കനെയും ആണ്. "ക്യു"വിൽ നിൽക്കാതെ സാധനം വാങ്ങിക്കാൻ നിയോഗിക്കപ്പെട്ട രമേശ് പറഞ്ഞ അടയാളങ്ങൾ ഉള്ള പയ്യൻ "ആയിരം രൂപ കൊണ്ട് മുങ്ങി". സെബി പറഞ്ഞു.

"സ്ഥിരമായി മില്ലിൽ വന്നുകൊണ്ടിരുന്ന പയ്യനാ... അവന്‍റെ കയ്യിലാ പണം കൊടുത്തത്. സാരല്യ നാളെ അവന്‍റെ വീട്ടിൽ പോകാം.

പിന്നെ പതിവുപോലെ പിരിവായി. വാങ്ങലായി. അതിന്റെ പിറ്റേ ദിവസം എന്നു മാത്രമല്ല പല ദിവസങ്ങളിലും അവനെ തിരഞ്ഞു. പക്ഷേ കണ്ടുകിട്ടിയില്ല..! 

വർഷങ്ങൾ പലതും  കഴിഞ്ഞു പലരും പലവഴിക്കായി. കാലങ്ങളുടെ കണക്കുപുസ്തകത്തിൽ ബന്ധങ്ങൾ പല അക്ഷരങ്ങളായി പിരിഞ്ഞു. ഒരു ദിവസം അന്ന് കൂടിയിരുന്നവരിൽ സെബി അടക്കം കുറച്ചു പേരുകൂടി ത്രിശൂർ പൂരം കാണാൻ പോയി. വരുന്നവഴി പാലക്കാടു ത്രിശൂർ റോഡിൽ ഉള്ള ഹോട്ടലിൽ ഭക്ഷണം കഴിക്കാം എന്നു കരുതി കയറി. ഭക്ഷണവും അകത്താക്കി ബില്ലിനു വേണ്ടി കാത്തിരിപ്പായി. ബില്ല് വരുന്നില്ല. കുറച്ചു നേരം കഴിഞ്ഞു വെയ്റ്റർ വന്നു പറഞ്ഞു. 

"സാർ ബില്ല് നിങ്ങൾ തരേണ്ട എന്ന് മുതലാളി പറഞ്ഞു..!"

"അതെന്താ ഞങ്ങൾ നിന്‍റെ മുതലാളീടെ ബന്ധുക്കാർ ഒന്നും അല്ലല്ലോ.. താൻ ബില്ല് കൊണ്ടുവാടോ.." സ്വല്പം ചൂടനായ സെബിയാണ് അത് പറഞ്ഞത്. അവിടേക്ക് സുന്ദരനായ ഒരു ചെറുപ്പക്കാരൻ ചിരിച്ചു കൊണ്ട് കടന്നുവന്നു. 

"സെബിച്ചായ, നിങ്ങൾ തന്ന പിടക്കുന്ന ആയിരം നോട്ടു കൊണ്ട് അന്ന് മുങ്ങീതാ. നാണക്കേടും അതിലുപരി അച്ചായനെ ഫേസ് ചെയ്യാനുള്ള വിഷമവും കാരണം പിന്നെ മുന്നിൽ വന്നില്ല ക്ഷമിക്കണം. കയ്യിൽ അഞ്ചു പൈസയില്ലാതെ ഇരിക്കുമ്പോൾ ആണ് അന്ന് ക്യുവിൽ നിന്നു മാന്യന്മാർക്ക് സാധനം വാങ്ങിക്കൊടുത്തു കമ്മീഷൻ കൊണ്ട് പൈസ ഉണ്ടാക്കാം എന്ന് ഒരാൾ പറഞ്ഞത്. ആയിരം നോട്ട് ആദ്യമായി കയ്യിൽ കിട്ടിയപ്പോൾ ഞാൻ അവിടെ നിന്നും മുങ്ങി ഇവിടെ പൊങ്ങി. ഇവിടെ ആദ്യം ഒരിടത്തു വെയ്റ്റർ ആയി. പിന്നീട് ഒരാളെ വർക്കിംഗ് പാർട്ണർ ആക്കി. ഇവിടെ തന്നെ ചെറിയ ചായക്കട തുടങ്ങി. അവസാനം ഇപ്പോൾ ഇവിടെ വരെ എത്തി. അന്ന് നിങ്ങൾ സ്‌മോൾ അടിച്ചു കളയേണ്ട പണം.. അതാണിത്..! ഇന്നിവിടെ കാണുന്ന സകലതിനും പിന്നിൽ ആ ആയിരം രൂപയാണ് അച്ചായാ..

ഞങ്ങൾക്ക് മിണ്ടാൻ വാക്കുകൾ ഇല്ലായിരുന്നു. എത്രയോ പണം നമ്മൾ മുടിപ്പിച്ചു കളയുന്നു. അതിനിടക്ക് അതുപോലുള്ള ചെറിയ മൂലധനം വച്ചുകൊണ്ട് മിടുക്കന്മാർ ഉന്നതിയിൽ എത്തുന്നു. അവൻ പഠിപ്പിച്ചു തന്നത് വലിയൊരു പാഠമായിരുന്നു.പലർക്കും ഉപകാരമാകുന്ന വലിയ സന്ദേശം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com