ADVERTISEMENT

ഒരു ഫേക്ക് ഐഡി ചാറ്റിങ് (കഥ)

വെള്ളിയാഴ്ച ഉച്ചഭക്ഷണം കഴിച്ചൊന്നു മയങ്ങാൻ നേരത്താണ് അഗസ്റ്റിൻ മെസ്സൻജറിൽ ഒരു ''ഗുഡ്മോർണിങ് '' കണ്ടത്. കവിതാ മാണിക്കൻ– കൂടുതൽ എങ്ങും കേൾക്കാത്തൊരു പേരായതുകാരണം ആദ്യം ഒന്ന് സംശയിച്ചു എങ്കിലും നോക്കാം എന്നുകരുതി അവൻ തിരിച്ചൊരു കൈപ്പത്തി അയച്ചുകൊടുത്തു.

പകരം അവിടെ നിന്നും ചെറിയ ഒരു കൈപ്പത്തി വന്നു.

അഗസ്റ്റിൻ: കോൻ ഹെ ഭായ്? 

കവിത: ''താങ്കൾ എവിടെ നിന്നാണ്?''

അഗസ്റ്റിൻ: ''നഹി സംജാ മേ 'കെ എസ് എ' മേ ഹും''

കവിത: ''ഞാൻ തൊടുപുഴ താൻ ബംഗാളിയാണോ?'' 

അഗസ്റ്റിൻ: അല്ല മലയാളി.. ചിലപ്പോൾ ബംഗാളികൾ പണി പറ്റിക്കാറുണ്ട് അതാ ഹിന്ദി. കവിത എന്നത് സ്ത്രീതന്നെ ആണൊന്നൊരു സംശയം തോന്നി അതാ.

കവിത: ''അയ്യോ ഞാൻ ഫേക്കല്ല ട്ടോ'' 

അഗസ്റ്റിൻ: ''ഉവ്വ് വിശ്വസിച്ചു നൂറു ശതമാനം പോരേ? ''

കവിത: ''നാട്ടിൽ എവിടെ? ഫാമിലി എന്തു ചെയ്യുന്നു'' 

അഗസ്റ്റിൻ: ''എറണാകുളം. ഇവിടെ ആയിരുന്നു നാട്ടിൽ സെറ്റിലായി'' 

അഗസ്റ്റിൻ: ''ഇയാൾ എന്ത് ചെയ്യുന്നു?''

കവിത: ''ഒരു തുന്നൽ കട നടത്തുന്നു'' 

അഗസ്റ്റിൻ: ''ജോലിക്ക് ആളുകൾ ഉണ്ടോ?''

കവിത: ''ഒരാളുണ്ട് പക്ഷേ ഇപ്പോൾ അടച്ചിരിക്കുവാ മൂന്നു ദിവസായി. ജീവിച്ചു പോവാനുള്ള വർക്ക് കിട്ടും''  

അഗസ്റ്റിൻ: ''താൻ പ്രൊഫൈൽ ഫോട്ടോ ഒന്നും ഇട്ടിട്ടില്ലല്ലോ ഞാനിപ്പോൾ നോക്കിയിരുന്നു'' 

കവിത:- ''യ്യോ... പാരയാണേ''

ഞാൻ വിത്ത് ഫാമിലി ഫോട്ടോ ഇട്ടിട്ടുണ്ട്. കൊല്ലങ്ങളായി എനിക്ക് ശല്യമൊന്നും ഇല്ല. ഞാൻ ശല്യം ചെയ്യാൻ പോകാറുമില്ല. 

കവിത: ''അല്ലാതെ തന്നെ ശല്യാ... ഫോട്ടോ കൂടി ഇട്ടാൽ ഗുരുവായൂരപ്പാ..! ആണുങ്ങളെ ആര് ശല്യം ചെയ്യാൻ? ഇതൊക്കെ സ്ത്രീകളുടെ പ്രശ്നമല്ലേ, ഇപ്പോൾ വർക്കിലാണോ എന്താ ജോബ്?

അഗസ്റ്റിൻ: "ചെറിയ ഒരു ജോലി ചെയ്യുന്നു നല്ല ചൂടാ ഇവിടെ'' 

കവിത: ''ജോലിക്ക് പേരില്ലേ എത്രവർഷമായി വിദേശത്ത്?''

അഗസ്റ്റിൻ: ''കുറച്ചുകാലമായി. അല്ല ഈ കവിതയിലെ മണി ആരാ?''

കവിത: ''അച്ഛന്റെ പേരാ.! അച്ഛൻ പത്തുവർഷം മുന്നേ മരിച്ചു ഭർത്താവ് കുറച്ചു  വർഷം മുന്നേ ഒരു ആക്സിഡന്റിൽ...

വർഷങ്ങൾ പഴക്കമുള്ള കവിതയുടെ ദുഃഖത്തിൽ അവനും പങ്കു ചേർന്ന് ദുഃഖം രേഖപ്പെടുത്തി.

അഗസ്റ്റിൻ: ''അയ്യോ ദുഃഖവാർത്ത. ദുഃഖത്തിൽ പങ്കുചേരുന്നു''. 

കവിത: ''ഇപ്പോൾ അമ്മയ്ക്കും വയ്യാതായി ഹാർട്ടിന് ബ്ലോക്ക് ആണ്. സർജറിക്ക് വേണ്ടി അഡ്മിറ്റാണ് തിങ്കളാഴ്ചയാണ് സർജറി.

പറഞ്ഞുവരുന്ന വഴിയെ കുറിച്ച് മനസ്സിലായതും അഗസ്റ്റിൻ ചോദിച്ചു.  

''സഹായത്തിന് ആരും ഇല്ലേ? കോട്ടയത്ത് ഞാൻ അറിയുന്ന ഒരു മാഷുണ്ട് ചാരിറ്റി ഒക്കെ ചെയ്യുന്ന ആളാ പുള്ളിയെ ഞാൻ അങ്ങോട്ട് പറഞ്ഞു വിടണോ?''

കവിത: ''യ്യോ അതൊന്നും വേണ്ടാട്ടോ... ഞാൻ പറഞ്ഞൂന്നേ ഉള്ളൂ, സർജറിക്ക്‌ ഒരു പതിനയ്യായിരത്തിന്റെ കുറവേ ഉള്ളൂ, അതിന്റെ ടെൻഷനിൽ ആണ്'' 

അഗസ്റ്റിൻ: ''അതാ ഞാൻ പറഞ്ഞത് മാഷിനെ അങ്ങോട്ട് വിടാം. വേണ്ടതുപോലെ ചെയ്‌തോളും'' 

കവിത: ''അതു വേണ്ട. ഞാൻ പറഞ്ഞന്നേയുള്ളു. പലിശയ്ക്ക് പറഞ്ഞിട്ടുണ്ട് ചിലപ്പോ ഇന്ന് കിട്ടും, ഷോപ്പുള്ളവർക്ക് കൊടുക്കാറുണ്ട്''

അഗസ്റ്റിൻ: ''പലിശ വാങ്ങി അവർ പണക്കാരാവുന്നു. വലിയ ഒരു ബെൽട്ടാണത് ഇപ്പോൾ എവിടെയാ ഇയാൾ"

കവിത: '' ആശുപത്രിയിലാ, ഓക്കേ സീ യു..! ''

അഗസ്റ്റിൻ: ''ആവശ്യമെങ്കിൽ പറയൂ, ഞാൻ മാഷിനെ അയക്കാം. പുള്ളി പറഞ്ഞാൽ ചില സഹായങ്ങൾ ഒക്കെ ഞങ്ങൾ ചെയ്യാം'' 

കവിത: ''അതിനൊന്നും സമയം കിട്ടില്ല സർ, അമ്മയ്ക്ക് ഇപ്പോഴേ തീരെ വയ്യ. കാശ് റെഡിയായാൽ അപ്പോ തന്നെ സർജറി ഇന്ന് എങ്കിൽ ഇന്നു തന്നെ. തിങ്കൾ എന്ന് കാശ് തികയാത്തതു കൊണ്ടാണ് ഡോക്ടറോട് പറഞ്ഞത്. ഓക്കേ ബൈ''

അഗസ്റ്റിൻ: ''നാൽപതു ശതമാനം അടച്ചാൽ ഓപ്പറേഷൻ നടത്തണം എന്നാണ് നിയമം'' 

ശേഷം മറുപടി ഒന്നും വന്നില്ല അഗസ്റ്റിൻ മെല്ലെ ഉറക്കത്തിലേക്കു വീണു. ശനിയും ഞായറും തിങ്കളും കടന്നുപോയി. അവനൊരു മെസ്സേജ് ഇട്ടു–

അഗസ്റ്റിൻ: ''എന്തായി? താൻ ഒരു പറ്റിക്കൽസ് ആയിരുന്നു അല്ലേ?''

കവിത: ''എന്ത് പറ്റിക്കൽസ് താൻ എന്താ അങ്ങനെ പറഞ്ഞത്''

അഗസ്റ്റിൻ: ''പിന്നെ മെസ്സേജ് ഒന്നും വന്നില്ല?''

കവിത: ''വേണ്ടാന്ന് ഇയാളോട് ആദ്യമേ പറഞ്ഞായിരുന്നു. നല്ല സംസ്കാരം''

അഗസ്റ്റിൻ: ''പിന്നെ ഒരു പരിചയവും ഇല്ലാത്ത ആളോട് ഇങ്ങനെ ഒക്കെ പറയുന്നതാവും നല്ല സംസ്കാരം. അടികൂടണ്ട ഈ ഓൺ ലൈനിൽ വെറും പറ്റിക്കൽസ് മാത്രേ ഉള്ളൂ''

കവിത: ''താൻ പോടോ ശല്യം ചെയ്യാതെ നായിന്റെ മോനെ..! വൃത്തികെട്ടവൻ താൻ ആളൊരു ശല്യക്കാരനാണല്ലോ അറിയാൻ കഴിഞ്ഞത് നന്നായി ഗുഡ് ബൈ''

നടക്കില്ല എന്നറിഞ്ഞതും കവിതാ മണി അവനെ ബ്ലോക്കി മറ്റൊരാളെ തപ്പി പോയി. ചാറ്റാൻ പോയി ഓർക്കാപ്പുറത്ത് അപ്പന് വിളികിട്ടിയ അഗസ്റ്റിന്റെ കിളിയും പോയി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com