ADVERTISEMENT

സ്നേഹപൂർവം (കഥ)

അസ്സലാമും അലൈക്കും... 

പ്രിയപ്പെട്ട ഉപ്പച്ചി അറിയാൻ..! ഉപ്പാ നിങ്ങൾക്ക് സുഖമാണോ? എനിക്കും വാവക്കും ഉമ്മച്ചിക്കും ഇവിടെ സുഖം തന്നെ. എന്താ ഉപ്പച്ചി ഇതുവരെ ഈ മോളെ കാണാൻ വരാഞ്ഞത്? വാവയോടും ഉമ്മച്ചിയോടും ഉള്ള പിണക്കം മാറിയില്ലേ ഇതുവരെ? ഉപ്പായെ ഈ മോൾക്ക് ഒരുപാട് ഇഷ്ട്ടാണ് ട്ടോ. ഉപ്പച്ചിയെ കുറിച്ച് എന്റെ കുട്ടുകാരി സഹന എന്നോട് പറയും നിന്റെ ഉപ്പച്ചി ദുഷ്ടനാണ് എന്നൊക്കെ! 

അതിന് ഞാൻ എന്നും അവളോട് വഴക്കും കൂടാറുണ്ട്. എന്റെ ഉപ്പച്ചിയെ അത്രയ്ക്ക് ഇഷ്ട്ടാണ് ഈ മോൾക്ക്... ഉപ്പാ ഇവിടെ ഞങ്ങളെ നോക്കാൻ ഒരുപാട് പേര്ണ്ട് ഉപ്പാ... ഉപ്പ അടിക്കുന്ന പോലെ ആരും ഇവിടെ ഞങ്ങളെ അടിക്കാറില്ല ഇപ്പൊ. എന്നാലും ഉപ്പച്ചീ ഉപ്പച്ചിയോട് ഈ മോൾ എപ്പോഴും ചോദിക്കാറുള്ള മുത്തം ഈ മോൾക്ക് തന്നില്ലല്ലൊ. റയാനും സാനിബയും ഫയസും ഒന്നും എന്റെ കൂടെ കളിക്കാൻ ഇവിടെ ഇല്ല ഉപ്പാ... അവർ ഈ മോളുടെ അടുത്ത് വരുമോ?

വലിയുപ്പാപ്പയും ഉമ്മാമയും എല്ലാം തരുന്ന മിഠായിയും, ഉറങ്ങാൻ വേണ്ടി പറഞ്ഞു തരുന്ന കഥകളും എല്ലാം കേൾക്കാൻ ഈ മോൾക്ക് പൂതിയാവുന്നുണ്ട് ഇപ്പൊ...

ഇവിടെ ഉള്ള ഒരു മാമൻ പറഞ്ഞു ഉപ്പച്ചി ഈ മോളേയും വാവയേയും ഉമ്മച്ചിയേയും വെള്ളത്തിൽ മുക്കി കൊന്നതാണ് എന്ന്. 

എന്നും ഉമ്മയെ അടിക്കാറുള്ള ഉപ്പ കുറച്ചു ദിവസങ്ങളായി ഉമ്മയോടും വാവയോടും ഈ മോളോടും കാണിച്ച സ്നേഹം കണ്ടപ്പോൾ എത്ര സന്തോഷായി ഈ മോൾക്ക് എന്ന് അറിയ്യ്വോ.... 

സ്‌കൂൾ വിട്ടു വന്നാൽ എന്നും ഉമ്മച്ചി കരഞ്ഞോണ്ടിരിക്കുന്നത് കാണുമ്പോൾ ഉപ്പച്ചിയോട് ദേഷ്യം തോന്നാറുണ്ട്. എന്നാലും എന്റെ ഉമ്മച്ചി പറയും ഉപ്പ പാവാണ് എന്ന്.

അവസാന നാളുകളിൽ ഉപ്പച്ചി കാണിച്ച സ്നേഹം കണ്ടപ്പോൾ, ഈ മോൾ ആഗ്രഹിച്ച മുത്തം തന്നപ്പോൾ മോൾടെ കണ്ണ് നിറഞ്ഞത് ഉപ്പ ശ്രദ്ധിച്ചിരുന്നോ? അത് എന്റെ ഉപ്പച്ചിയെ ഞങ്ങൾക്ക് തിരിച്ചുകിട്ടിയെന്ന സന്തോഷം കൊണ്ടായിരുന്നു ഉപ്പാ. പെരുന്നാളുകൾക്ക് പോലും ഉപ്പച്ചി ഡ്രസ്സെടുത്തു തരാത്തതോണ്ടല്ലെ വലിയുപ്പായും മാമൻമാരും വാവക്കും മോൾക്കും ഡ്രസ്സ് എടുത്തു തന്നത്. അതിനും ഞങ്ങൾ എന്തോരം തല്ല് കൊണ്ടു.

എങ്കിലും ഈ പെരുന്നാളിന് ഡ്രസ്സ് ഉപ്പച്ചി എടുത്തു തരും എന്ന് ഉമ്മ പറഞ്ഞപ്പോൾ എനിക്ക് വലിയ സന്തോഷമായിരുന്നു.

ഞാൻ എന്റെ സ്‌കൂളിലെ കൂട്ടുകാരെ കാണിക്കാൻ വേണ്ടി കാത്തിരുന്നതാണ്. അന്ന് ഡ്രസ്സ് എടുക്കാൻ പോയത് ഈ മോളുടെ അവസാനയാത്ര ആണെന്ന് ഒരു തവണ ഉപ്പ പറഞ്ഞിരുന്നെങ്കിൽ..! ഒരുപാട് തവണ ഉപ്പാനെ ഉമ്മവെക്കാൻ ഈ മോൾ കൊതിച്ചേനേ.

ഉപ്പച്ചി ഞങ്ങളെ മടിയിലിരുത്തികൊണ്ട് പോവുമ്പോൾ എനിക്കെന്ത് സന്തോഷമായിരുന്നെന്ന് അറിയാമോ... ഉമ്മച്ചിയുടെ പുഞ്ചിരിയും വാവയുടെ കളിയും ഒക്കെ കണ്ടപ്പോൾ ഉപ്പയെന്നും ഞങ്ങളുടെ കൂടെ ഉണ്ടാവാൻ പടച്ചോനോട് മനസ്സിൽ പ്രാർഥിച്ചു ഒരുപാട് തവണ... ഞങ്ങളെ ആരുമില്ലാത്ത ലോകത്തേക്ക് പറഞ്ഞയക്കാനാണെന്ന് തീരെ കരുതിയില്ല ഉപ്പാ... അന്ന് ഉപ്പയുടെ വണ്ടിയിൽ നിന്നും എന്നെയും വാവയെയും വെള്ളത്തിനടുത്തേക്ക് കൊണ്ടു പോയപ്പൊ ഞാൻ കരുതി ഉപ്പ ഞങ്ങളെ കുളിപ്പിക്കാനായിരിക്കുമെന്ന്.

പക്ഷേ ഉമ്മച്ചിയെ ആദ്യം വെള്ളത്തിലേക്ക് തള്ളിയിട്ടപ്പോ ഈ മോൾക്ക് വല്ലാതെ വേദനിച്ചു ട്ടോ. പിന്നെ വാവയെയും വെള്ളത്തിൽ ഇട്ടപ്പോ നമ്മളെല്ലാവരും കൂടി വെള്ളത്തിൽ കുളിക്കാൻ പോവുകയാണെന്നാ ഞാൻ കരുതിയത്. അവസാനം എന്നെ വെള്ളത്തിലേക്കിട്ടപ്പോ മുങ്ങി അടിയിലേക്ക് പോവുമ്പൊ ഞാൻ കണ്ടു വാവ എന്നെ കണ്ടിട്ടും മിണ്ടാതെ കിടക്കുന്നു... ഉമ്മച്ചി വാവയെ പിടിക്കാൻ നോക്കിയിട്ടും കിട്ടാതെ വാവക്ക് നേരേ കൈനീട്ടി അപ്പുറത്തു കിടക്കുന്നു... 

ഇത് പറയാനല്ലേ ഉപ്പച്ചീ ഞാൻ വീണ്ടും കൈകാലിട്ടടിച്ച് മരണവെപ്രാളത്തോടെ പൊങ്ങിവന്നത്..? എന്നിട്ടും എന്തിനാ ഉപ്പച്ചീ എന്നെ തലയിൽ പിടിച്ചു വീണ്ടും അടിയിലേക്ക് തള്ളിയത്? എന്റെ കഴുത്ത് അപ്പോ ശരിക്കും വേദനിച്ചു ട്ടോ... പിന്നെയെനിക്ക് പൊങ്ങിവരാൻ കഴിഞ്ഞില്ല ഉപ്പാ...

കണ്ണിലെല്ലാം ഇരുട്ട് കയറുന്ന പോലെ തോന്നി. ഉമ്മയും വാവയും എല്ലാം കാണുന്നുണ്ട്. കണ്ണ് തുറന്നു കിടക്കുവാ രണ്ടു പേരും. 

എന്നെ കാണാത്ത പോലെ... പിന്നെ കുറേക്കഴിഞ്ഞ് ആരൊക്കെയോ വന്ന് ഞങ്ങളെ പൊക്കിയെടുത്ത് ഒരു കട്ടിലിൽ കിടത്തിയപ്പോളും ഞാൻ തിരഞ്ഞത് ഉപ്പയെ ആയിരുന്നു.

പക്ഷേ കണ്ടില്ല. ഉപ്പ എവിടെ പോയതായിരുന്നു? എന്നെ എപ്പോഴും അടിക്കാറുള്ള കിച്ചുപോലും വന്നിട്ടുണ്ടായിരുന്നല്ലോ... എന്തിനാ ഉപ്പാ അവനും കരയുന്നത്? ഉമ്മുമ്മയും മാമനും എല്ലാം കരയുന്നു. ഈ പെരുന്നാളിനുള്ള ഡ്രസ്സാണോ ഉപ്പാ ഇത്? 

അതും വെള്ളത്തുണി മാത്രമാണോ ഉള്ളത്? 

ഉമ്മച്ചി അന്ന് പറഞ്ഞത് ഉപ്പച്ചി നല്ല ഉടുപ്പ് വാങ്ങി തരും എന്നാണല്ലോ.. ഇത് എന്ത് ഉടുപ്പാ... ഇത് വേണ്ട ഉപ്പച്ചീ. മാമനോട് ഇടേണ്ട എന്ന് പറഞ്ഞിട്ട് കേൾക്കുന്നില്ല...

മാമൻ കരഞ്ഞോണ്ടാണിത് ഇട്ടു തരുന്നത്... വാവയേയും ഉമ്മച്ചിയേയും ഇതേ ഉടുപ്പിൽ പൊതിഞ്ഞു കെട്ടുന്നു... എന്നെയും കെട്ടാൻ തുടങ്ങി ഉപ്പച്ചീ... വേഗം വാ..

മാമനും വായിച്ചിയും ഒന്നും ഞങ്ങൾ പറഞ്ഞത് കേൾക്കുന്നില്ല. ഉപ്പാ... ഇതാ മുഖത്തും തുണി കെട്ടുന്നു. വാവയും ഉമ്മയും എവിടെ പോയി അവരെ കാണുന്നില്ല. അച്ചുവിന്റെ ഉപ്പയെ കൊണ്ടു പോയപോലെ പള്ളിയിലേക്ക് കൊണ്ടു പോവും എന്ന് പറയുന്നു. വേണ്ട എന്നു പറയാൻ പോലും ഉപ്പച്ചി ഇവിടെ വന്നില്ലല്ലോ... എനിക്ക് സങ്കടണ്ട് ട്ടോ ഉപ്പച്ചീ. ഉപ്പച്ചി ഇപ്പോഴും അവിടെ വെള്ളത്തിൽ കളിക്കുകയാണോ? ഇനി എന്നാ ഉപ്പാ ഇവിടെ ഞങ്ങളുടെ അടുത്ത് വരിക..?

ഉപ്പ ഞങ്ങളെ കൊന്നതാണെന്ന് ഉമ്മച്ചിയും വാവയും പറയുന്നു. അത് സത്യമാണോ ഉപ്പച്ചീ? ഉപ്പച്ചീടെ മാറിൽ കിടക്കാറുളള ഈ മോളെയും വാവയെയും കൊല്ലാൻ എന്റെ ഉപ്പച്ചിക്ക് ആവുമോ? എന്തിനു വേണ്ടയാണ് ഉപ്പ ഇത് ചെയ്തത്? എന്നാലും ഈ മോളേം വാവയേം ഉമ്മച്ചിയേം കൊല്ലാൻ തോന്നിയത് എന്തിനാണ്?

ഇതിനുള്ള ഉത്തരം ഈ മോൾക്ക് ആര് പറഞ്ഞു തരാനാണ്. ഉപ്പാ? ഉപ്പവരുന്നതും കാത്തിരിക്ക്യാ ഞാൻ... അതിനുള്ള ഉത്തരം കിട്ടാൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com