sections
MORE

ബിലാത്തിയിൽ എത്തിയ മഹാബലി

Maveli
SHARE

ബിലാത്തിയിൽ എത്തിയ മഹാബലി (കഥ)

ഒന്നും ചെയ്യാതെ വെറുതെയിരുന്നു ദേഹം ചീർക്കുന്ന ചില രാഷ്ട്രീയക്കാരുടെ വയർ പോലെ അല്ല ശ്രീമാൻ മഹാബലിയുടെ കുംഭ. അത്‌ തന്റെ പ്രൗഢിക്കും അധികാരത്തിനും പാരമ്പര്യത്തിനും ഒത്തു  ചേർന്ന അലങ്കാരം ആണ്. കുംഭ ഇല്ലാത്ത മഹാബലി, നമുക്ക് ആലോചിക്കാൻ പോലും പറ്റത്തില്ല. 

പതിവു പോലെ ഓണക്കാലം വന്നാൽ പിന്നെ കുംഭ കുലുക്കി ഇറങ്ങുന്ന പ്രജാ വത്സലൻ മഹാബലിക്ക് തിരക്കോടു തിരക്കല്ലേ. 

എങ്ങനെ തിരക്കു വരാതിരിക്കാൻ. 

തന്റെ ഭരണകാലത്തു കഷ്ടിച്ചു പതിനായിരം പ്രജകൾ മാത്രം ഉണ്ടായിരുന്നിടത്ത് ഇപ്പോൾ കേരളത്തിൽത്തന്നെ മൂന്നു കോടിക്കു മുകളിൽ പ്രജകൾ. 

പിന്നെ ലോകത്തിന്റെ നാനാ മൂലയ്ക്കും പോയി കുടി പാർക്കുന്ന ലക്ഷങ്ങൾ വേറെ. ഇവിടെയെല്ലാം ഓണത്തിനു ചെല്ലണ്ടേ . 

ഏതു നാട്ടിൽ കഴിഞ്ഞാലും ഓണത്തിന് മലയാളിക്ക് മഹാബലിയെ കാണണം. 

അതുകൊണ്ട് പാർലമെന്റ് ഇലക്‌‌ഷൻ കഴിഞ്ഞാൽ പിന്നെ അടുത്ത ഇലക്‌ഷനു മാത്രം പ്രത്യക്ഷപ്പെടുന്ന ചില എംപി മാരെ പ്പോലെ ഒളിച്ചു നടക്കാൻ മഹാബലിക്ക് പറ്റൂല, അതിന്റെ ആവശ്യവും ഇല്ല. 

ഒരു സിനിമാ പാട്ടിൽ പറയുന്ന പോലെ "ചിങ്ങമാസം വന്നു ചേർന്നാൽ നിന്നെ ഞാൻ എൻ സ്വന്തമാക്കും " ഇതാണ് ഏതു നാട്ടിലും  ഉള്ള മലയാളിക്കും ചിങ്ങം പിറന്നാൽ മഹാബലിയോടുള്ള ഒരു സമീപനം. 

എല്ലാവർക്കും മഹാബലിയെ വേണം, അദ്ദേഹം അവിടെ ചെല്ലണം, ഓണാഘോഷങ്ങളിൽ പങ്കെടുക്കണം, അവരുടെ കൂടെ സദ്യ ഉണ്ണണം, തന്റെ ഭരണ കാലത്തെ സമൃദ്ധിയും സമാധാനവും അയവിറക്കണം.. ഇങ്ങനെ ആഗ്രഹങ്ങളുടെ  നീണ്ട നിര തന്നെ. 

പക്ഷേ, മുമ്പ് കേരളത്തിൽ മാത്രം കിടന്ന മലയാളി എല്ലാംകൂടി ലോകത്തിന്റെ നാനാഭാഗത്തും പോയി പാർത്തിട്ട് , ഓണം ആകുമ്പോൾ എല്ലാടത്തും നിന്ന് വിളി തുടങ്ങും. "മഹാബലി  ഓണത്തിന് ഇതിലെ വാ, മഹാബലി ഇതിലെ വാ" എന്നും പറഞ്ഞ്. 

ലോകം മുഴുവൻ ഓടാൻ പഴേ ആരോഗ്യം ഇപ്പോൾ മഹാബലി തമ്പുരാന് ഇല്ലെന്ന്  ഇവന്മാർക്ക് അറിയില്ലേ. കൊല്ലം എത്രയായി ഇത് തുടങ്ങീട്ട്. 

പണ്ട് അന്നേരത്തെ ഒരു മൂച്ചിന്,  വാമനനോടു  പറഞ്ഞും പോയി എല്ലാ വർഷോം ഓണത്തിന് വരാൻ വരം വേണമെന്ന്.

അത്‌ ഭാവിയിൽ  പൊല്ലാപ്പാകുമെന്ന്  അദ്ദേഹം നിരീച്ചില്ല. 

എന്താ ചെയ്ക?  നനഞ്ഞിറങ്ങിയാൽ കുളിച്ചു കേറുക തന്നെ. 

സത്യം പറഞ്ഞാൽ കഴിഞ്ഞ ഓണത്തിന് തിരുമേനി കേരളത്തിലോട്ട് പോയേ ഇല്ല. അവിടെ  അന്ന് ആരൊക്കെയോ തന്റെ  വേഷം കെട്ടി മഹാബലി ആണെന്നും പറഞ്ഞ് നടന്നു എന്ന വിവരം മഹാബെലിയുടെ ചെവിയിലും എത്തിയിട്ടുണ്ട്  . 

കേരളത്തിൽ എങ്ങനെ പോകാൻ. കർക്കിടകം കോപിച്ചു നാട് മുഴുവൻ വെള്ളത്തിൽ അല്ലാരുന്നോ. 

അതുകൊണ്ട്  ഒരു കണക്കിന് ഒരു ഗുണം ഉണ്ടായി. ഓണത്തിനു മുൻപേ തന്നെ "മാനുഷർ എല്ലാം ഒന്നു പോലെ " ആയി. എല്ലാവരും  ദുരിതാശ്വാസ ക്യാമ്പിൽ ഒന്നുപോലെ ആമോദത്തോടെ കഴിഞ്ഞു. 

അല്ലെങ്കിലും  മലയാളിക്ക്  പഴേ പോലെ ഒന്നും ഒരു ഒരുമയും ഇല്ല. കാണുമ്പോൾ തമ്മിൽ ചിരിക്കും എങ്കിലും ഒന്നിന് ഒന്നിനെ കണ്ടുകൂടാ. ജാതിയും മതവും അതുക്കും മേലെ രാഷ്ട്രീയവും. 

മനുഷനെ മയക്കുന്ന കറപ്പ് ആണോ രാഷ്ട്രീയം? കാൾ മാക്സ് ഉണ്ടാരുന്നെങ്കിൽ ചോദിക്കാരുന്നു. 

"ദുരിതാശ്വാസത്തിൽ" കയറിയാൽ മാത്രം എല്ലാരും നല്ലവരാ. അതിന് മുൻപേ എല്ലാവരുടെയും ദുരഭിമാനവും അഹങ്കാരവും വെള്ളപ്പാച്ചിലിൽ ഒലിച്ചു പോയിക്കഴിഞ്ഞിരിക്കും. നേരു പറഞ്ഞാൽ ഇപ്പോൾ ഇവന്മാര് തന്റെ  പ്രജകളായിരുന്നു എന്ന് പറയാൻ പോലും മഹാബലിയ്ക്ക്  നാണക്കേടാ.  സുകൃതക്ഷയം അല്ലാതെന്താ. 

ഓണത്തിന് ചെന്നാലോ,  നാട്ടിൽക്കൂടി  പഴേപോലെ നടക്കാൻ പറ്റത്തില്ല.  എവിടോട്ടു ചെന്നാലും എല്ലാടത്തും ടൈൽസ് ഇട്ടിരിക്കുകയല്ലേ. സൂക്ഷിച്ചില്ലേൽ തെന്നും, വീഴും. രണ്ടു മൂന്നു കൊല്ലം മുൻപ് ആലപ്പുഴയിൽ ഒരു ഓണാഘോഷത്തിന് ചെന്നപ്പോൾ തിരുമേനി  ഒരിടത്ത് ഒരു മുറ്റത്ത്‌ ടൈൽസിൽ ചവുട്ടി തെന്നി   PSLV റോക്കറ്റിന്റെ  വേഗത്തിൽ പത്തടി മാറി തെറിച്ചു വീണതാ. പെട്ടെന്ന് ആൾക്കാർ എല്ലാംകൂടി പൊക്കി എടുത്തു, ഒന്നും പറ്റിയില്ല എന്ന് ഒരു ഗമയ്ക്ക്  അദ്ദേഹം അങ്ങു പറഞ്ഞു എങ്കിലും  ദേവലോകത്തു ചെന്നതിനു ശേഷം പുറക്കാട് മൂത്ത മൂസതിന്റെ തിരുമ്മ് ആറുമാസം ചെയ്തതിൽ പിന്നെയാണ്നടക്കാറായത്. പുറക്കാട്  മൂത്ത മൂസതിനു ദേവലോകത്തും  ചികിത്സ ഉള്ളതു ഭാഗ്യം.

നല്ല പോലെ ഓടിയ സിനിമ യുടെ രണ്ടാം ഭാഗം ഇറങ്ങുന്നത് പോലെ കഴിഞ്ഞ വർഷം തകർത്ത് ആടിയ വെള്ളപ്പൊക്കം. ഈ കൊല്ലം അതിന്റെ രണ്ടാം ഭാഗം ഇറക്കി നാട്ടുകാരെ വലച്ചത് മഹാബലിക്ക് പോലും വിശ്വാസിക്കാൻ പ്രയാസം. മഹാബലിയുടെ ഓർമയിൽ തൊണ്ണൂറ്റി ഒൻപതിലെ വെള്ളപ്പൊക്കം മാത്രമേ ഇത്ര ഭീകരം ആയിരുന്നിട്ടുള്ളു. അടിക്കടിക്ക്  പ്രളയം ഉണ്ടാകുകയാണെങ്കിൽ ഓണത്തിന് ഊര് ഉറപ്പിച്ചു എങ്ങിനെ കേരളത്തിലേക്ക് പോകും? അല്ലെങ്കിൽ  അവിടെ പോയി എന്ന് വരുത്താൻ വേണ്ടി വല്ല ഹെലികോപ്റ്ററിലും കയറി മന്ത്രിമാർ പ്രളയം കാണാൻ പോകുന്ന പോലെ  ആകാശത്തു ഇരുന്ന് ഓണം കാണാൻ പോകണം. അത്തരം പ്രഹസനത്തിനൊന്നും ബഹു മാന്യൻ ആയ മഹാബലിയെ കിട്ടൂല.

തുടരെ രണ്ടു പ്രാവശ്യം പ്രളയം തകർത്ത തന്റെ രാജ്യം കാണാനുള്ള മനക്കരുത്തും ഇപ്പോൾ മൂപ്പർക്കില്ല. എല്ലാം ഒന്നു നേരെ ആയിട്ട് ഇനി അടുത്ത കൊല്ലമേ കേരള ത്തിലേക്ക് ഓണം കൂടാൻ പോകുന്നുള്ളൂ എന്ന് മഹാബലി ഉറപ്പിച്ചു. എല്ലാം ശരിയാക്കാൻ അവിടെ വേറെ ആള് ഉണ്ടല്ലോ. അവര് നോക്കട്ടെ. ഓണമായിട്ട് വീട്ടിൽ  ഇരിക്കാൻ പറ്റില്ല, എവിടെങ്കിലും പോണം അത് നിർബന്ധമാണ് പ്രജാവത്സലന്. 

ഒരു പുതുമയ്ക്ക്  ഈ ഓണം വിദേശ മലയാളിയുടെ കൂടെ ആയാലോ. 

കുറെ മലയാളികൾ  ഇപ്പോൾ ഇംഗ്ലണ്ടിൽ ഉണ്ടല്ലോ. ഈ ഓണം അവരുടെ കൂടെ ആയി കളയാം.മഹാബലി ഉറപ്പിച്ചു. രാജാക്കന്മാരെയും രാജഭരണത്തെയും ഇപ്പോഴും ബഹുമാനിക്കുന്നവരുടെ നാടല്ലേ. അവിടെ പോകുമ്പോൾ അവിടുത്തെ റാണി യെയും കാണണം– അദ്ദേഹം വിചാരിച്ചു. തന്റെ രാജ കുടുംബത്തിന്റെയും  ചരിത്രം  ഒക്കെ അറിയുന്നവർ ആണല്ലോ അവർ. 

മഹാബലി എന്ന പേരുതന്നെ,  തന്റെ  മഹാ  "ബെല്ലി"   കണ്ടിട്ട്  ഇംഗ്ലീഷ്കാർ   ഇട്ട പേര് ആണെന്നും അത് ലോപിച്ചു, മഹാബലി ആയതാണെന്നും  ഇന്ന് എത്ര പേർക്കാ അറിയാവുന്നത്? അതൊക്കെ പഴയ കഥ. 

ചിങ്ങമാസത്തിൽ പോലും നല്ല വെയിൽ ഇല്ലാത്ത ബിലാത്തിയിൽ ഓണം എങ്ങിനാവുമോ എന്തോ, ഇതുവരെ താൻ അവിടെ പോയിട്ടില്ലല്ലോ എന്നിങ്ങനെ വിചാരിച്ചിരിക്കുമ്പോൾ അതാ വരുന്നു  ഫോൺ വിളി. 

മഹാബലി തനിക്ക് ഒരു ദുബായ്ക്കാരൻ പ്രജ മുൻപ് കൊടുത്ത ഐഫോൺ എടുത്ത് നോക്കി. ജോൺ വർഗീസ് യുകെ എന്ന്  അതിൽ തെളിയുന്നു .  

ഇയ്യാൾ മുൻപും വിളിച്ചിട്ടുണ്ടല്ലോ എന്നോർത്ത് കൊണ്ടു മഹാബലി ഹലോ എന്ന് പറഞ്ഞു. 

അപ്പോൾ ഫോണിന്റെ അങ്ങേ തലക്കൽ നിന്നും, "ഹലോ ഇത് മഹാബലി തിരുമേനിയല്ലേ, ഞാൻ യൂകെ.  ന്ന് ജോൺ വർഗീസ്. മലയാളി അസോസിയേഷൻ പ്രസിഡന്റാ,  മുൻപും  ഞാൻ തിരുമേനിയെ വിളിച്ചിട്ടുണ്ട്. "

ഹാ.. ഹാ.. മനസിലായി, എന്താ വിശേഷം പറയൂ. 

അത്‌ തിരുമേനി, ഈ ഓണത്തിന് അവിടുന്ന് ഞങ്ങളുടെ അസോസിയേഷന്റെ ഓണ പരിപാടിക്ക് വരണം. ഞാൻ ഇതിന് മുൻപും അങ്ങേ ക്ഷണിച്ചിട്ടുണ്ട്. പക്ഷേ അവിടിന്നു വന്നിട്ടില്ല, ഈ പ്രാവശ്യം അവിടുന്ന് എന്റെ അപേക്ഷ  തള്ളരുതേ. 

താൻ വിളിച്ചത് നല്ല സമയത്താ. ഞാൻ അവിടുത്തെ കാര്യം ഇപ്പോൾ ഓർത്തതേ ഉള്ളു. ശരി. ഈ ഓണം ബിലാത്തിയിൽ നിങ്ങളോടൊപ്പം ആയേക്കാം. എതിലേ ചെന്നാലും താൻ അസോസിയേഷൻ ഉണ്ടാക്കും അല്ലേ. ഒരു അസോസിയേഷനെ ഉള്ളോ അവിടെ? ഒരുപാട് മലയാളി ഒണ്ടോടോ അവിടെ? ഓണാഘോഷം ഒക്കെ എങ്ങിനാ?  

അസോസിയേഷൻ എന്ന് പറഞ്ഞാൽ നാട്ടിലെ കേരള കോൺഗ്രസ്‌ പോലെയാ അങ്ങുന്നേ. വളർന്നും പിളർന്നും ഇഷ്ടം പോലെ. എന്റെ തിരുമേനീ ഓണം എന്നു പറഞ്ഞാൽ ഇവിടാണ്  ഓണം. നല്ല ഒന്നാന്തരം ഒറിജിനൽ സാധനം കിട്ടും അല്ലാതെ നാട്ടിലെ പോലെ വ്യാജൻ ആണോ, കണ്ണ് ഫ്യൂസ് ആകുമോ എന്നൊന്നും പേടിക്കേണ്ട. 

മിസ്റ്റർ ജോൺ അതല്ല ഞാൻ ചോദിച്ചത്, എവിടെ ചെന്നാലും ഇതാണ് മനസ്സിൽ അല്ലേ, ഓണത്തിന്റെ ആഘോഷം എല്ലാം ഉണ്ടോ എന്നാണ് ചോദിച്ചത്.

തിരുമേനി കോപിക്കരുത്. അവിടുന്ന് വിചാരിക്കുന്നത് പോലെ അല്ല. ബീവറേജില്ലാത്ത ഓണം മലയാളിക്ക് സങ്കൽപിയ്ക്കാൻ പോലും പറ്റത്തില്ല.   ഓണം കഴിഞ്ഞു മലയാളി കുടിച്ച വാട്ടീ സിന്റെ കണക്ക് സർക്കാർ ഇറക്കുന്നത് അവിടുന്നും കേട്ടുകാണുമല്ലോ. അതുകൊണ്ട് ഓണത്തിന് അതിന് ഒന്നാം സ്ഥാനമാ. 

പിന്നെ തിരുവാതിര, പുലികളി, സദ്യ അങ്ങനെ എല്ലാ ഐറ്റംസും ഉണ്ട്തിരുമേനീ. 

ഇങ്ങോട്ട് പോരുമ്പോൾ ഒരു കാര്യം തിരുമേനി പ്രത്യേകം ശ്രദ്ധിക്കണം, 

ആതെന്തോന്നാടോ ജോൺ വർഗീസേ  ഇത്ര പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം? വീസയുടെ കാര്യം ആണോ, എനിക്ക് വീസ വേണ്ട എന്ന് തനിക്കറിഞ്ഞു കൂടേ? 

അയ്യോ അതല്ല തിരുമേനി. അങ്ങ് വന്നിറങ്ങേണ്ടത് ഹീത്രൂ എയർപോർട്ടിൽ ആണ്. മറക്കരുത്.  ഉത്രാടത്തിന്റെ അന്ന് തന്നെ പോരേ. ലാൻഡിങ് സമയം അറിയിച്ചാൽ മതി. ഞങ്ങൾ അറൈവലിൽ വന്നു കൊള്ളാം. 

മഹാബലി വലിയ ത്രില്ല് അടിച്ചിരിക്കുക യാണ്. ബിലാത്തിയിലെ ആദ്യത്തെ ഓണം പ്രജകളോടൊത്ത്. ഓണത്തിന്റെ തിരക്ക് കഴിഞ്ഞാൽ ബ്രിട്ടിഷ് രാജ്ഞിയെ സന്ദർശനം. പിന്നെ വിൻസർ കൊട്ടാരം കാണണം. അവിടെ ടിപ്പു സുൽത്താന്റെ വാൾ ഒക്കെ സൂക്ഷിച്ചിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ട്. അതു കാണണം. 

കൂടാതെ, കാലക്കേടുകൊണ്ട് കൈവിട്ടു പോയ കോഹിനൂർ രത്നാം കാണണം. അങ്ങിനെ എല്ലാം കൊണ്ടും ഭയങ്കര തിരക്ക് ആയിരിക്കും ഈ ഓണം. 

മഹാബലി ഇങ്ങനെ  മനോരാജ്യത്തിൽ ഉലാത്തികൊണ്ടിരുന്നു. പിറ്റേ ദിവസം തന്നെ ഭൃത്യനെ വിട്ട്  എയർ  ഇന്ത്യ യിൽ ടിക്കറ്റ് ബുക്ക്‌ ചെയ്തു. മഹാബലിക്ക് ലോകത്ത് എവിടെ പോണേലും എയർ ഇന്ത്യ യിൽ ഫ്രീ ആണ്. ഉത്രാടത്തിന് ബിലാത്തിയിൽ എത്തുന്ന  സമയം ജോണിന് ടെക്സ്റ്റ്‌ ചെയ്തു കൊടുത്തു.  അങ്ങനെ യാത്രയ്ക്ക് എല്ലാം റെഡി. 

ഉത്രാടനാളിൽ ലണ്ടൻ ഹീത്രൂ എയർപോർട്ടിൽ  സമയം വൈകുന്നേരം ആറുമണിയായി. ആറര മണിക്കാണ് മഹാബലിയെയും വഹിച്ചു കൊണ്ടുള്ള എയർ ഇന്ത്യ ലാൻഡ് ചെയ്യാൻ പോകുന്നത്. ജോൺ വർഗീസും സെക്രട്ടറി മാർട്ടിൻ ജോസഫും അവരുടെ അസോസിയേഷനും വലിയ സന്തോഷ ത്തിലാണ്. യുകെ. ൽ ആദ്യമായി സാക്ഷാൽ മഹാബലിയെ കൊണ്ടുവരാൻ അവർക്കല്ലേ പറ്റിയത്. 

വിവരം അറിഞ്ഞു മറ്റു പല മലയാളി അസോസിയേഷൻകാരും  മഹാബലിയെ ഒന്ന് കിട്ടാൻ  ജോൺ വർഗീസിനെ മണി അടിക്കുന്നുണ്ട്. ജോൺ ഒന്നും വിട്ട് പറഞ്ഞിട്ടില്ല. ഓണത്തിന് എടയ്ക്കാ പുട്ട് കച്ചവടം. 

സമയം കഴിഞ്ഞു പതിനഞ്ചു മിനിറ്റു വൈകി എയർ ഇന്ത്യ ലാൻഡ് ചെയ്തു.  താമസിയാതെ അതിലെ യാത്രക്കാർ ഓരോന്നായി കസ്റ്റംസ് കഴിഞ്ഞ് എക്സിറ്റിലൂടെ വന്നുകൊണ്ടിരുന്നു. മഹാബലിയെ കണ്ടാൽ ഒറ്റ നോട്ടത്തിലേ  ആർക്കും മനസിലാകും. കസവു മുണ്ട് തറ്റുടുത്ത പാളത്താറും മെയ്യാഭരണങ്ങളും ചന്ദനക്കുറിയും സ്വർണക്കിരീടവും അണിഞ്ഞ വന്ദ്യൻ. അതുകൊണ്ട് ആളെ തെറ്റില്ല, പക്ഷേ ഇതുവരെ കാണുന്നില്ലല്ലോ. ജോണും മാർട്ടിനും പരസ്പരം പറഞ്ഞു കൊണ്ട് ഉത്കണ്ഠാകുലരായി. 

നോക്കിനിന്ന് വീണ്ടും മുപ്പത്  മിനിറ്റ് കൂടി കടന്നു. 

അപ്പോൾ അവർക്ക്‌ തോന്നി എന്തോ പന്തികേട് ഉണ്ട്.  ആള് ഫ്ലൈറ്റിൽ കയറി എന്ന് കൺഫർമേഷൻ കിട്ടിയതാണ്. പിന്നെ എങ്ങനെ മിസ്സ്‌ ആയി? . അവർ ആധിപിടിച്ചു ചുറ്റുപാടും നിൽക്കുന്നവരെ ഒക്കെ ഒന്നുകൂടി നോക്കി.ഇനി അദ്ദേഹം  അവിടെങ്ങാനും നിൽപ്പുണ്ടോ ? 

കൂട്ടികൊണ്ട് പോകാൻ ഉള്ള ആളെ നോക്കി നിൽക്കുന്ന പല യാത്രക്കാരും  അവിടെ നിൽപ്പുണ്ട്. അതിൽ മഹാബലി വേഷം മാത്രം കാണുന്നില്ല. 

ഇനി മറ്റു വല്ല അസോസിയേഷൻ കാരും നമ്മളെ പറ്റിച്ചു  മഹാബലിയെ  അടിച്ചോണ്ട് പോയോ?

ഇപ്പോൾ ഇവരെ ശ്രദ്ധിക്കുന്നവർക്ക്  മനസിലാകും അവർ ആരെയോ പ്രതീക്ഷിക്കുന്നു, പക്ഷേ ആളെ കാണുന്നില്ല എന്ന്. സമയം പിന്നെയും മുന്നോട്ടു പോകുകയാണ്. മഹാബലിയെ കൂടാതെ എങ്ങനെ തിരിച്ചു പോകും. എത്ര ആശിച്ചു മോഹിച്ചു വന്നതാണ്. എന്തൊരു ദുർവിധി യാണിത്. 

ഉത്കണ്ഠയുടെ മുൾമുനയിൽ നിന്ന അവരുടെ വദനങ്ങളിൽ സ്വേദ  കണങ്ങൾ പൊടിഞ്ഞുകൊണ്ടിരുന്നു. 

വിഷണ്ണരായി നിന്ന അവരെക്കണ്ട്, ഇളം നീല കോട്ടും ചുവന്ന ടൈ യും കെട്ടിയ ഒരാൾ അടുത്തേക്കു വന്നു. കണ്ടിട്ട് ഒരു മാന്യൻ ആണ് എന്ന് തോന്നുന്നു. അയാളുടെ മുഖവും വിവർണ്ണമാണ്. എന്തോ പ്രശ്നം ഉണ്ട് അയാൾക്കും. 

അയാൾ ജോൺ വർഗീസിനോട് ചോദിച്ചു "

" യൂ മലയാളി ? 

അതെ മലയാളിയാ. സാർ എന്തുപറ്റി? 

അപ്പോൾ ആഗതൻ പറഞ്ഞു :

ഞാൻ.... ഞാൻ... മഹാബലി.

നിങ്ങൾ അറിയുമാരിക്കും.എയർ  ഇന്ത്യയ്ക്ക് വന്നിറങ്ങിയതാ.  ഒരു ജോൺ വർഗീസിനെ അന്വേഷിക്കുകയാണ്. ഇവിടെ കാണും എന്നാണ് പറഞ്ഞത്. 

ഇതു കേട്ട ജോൺ വർഗീസിന്റെയും മാർട്ടിന്റെയും കണ്ണുകൾ തള്ളി അഞ്ഞൂറ് വാട്ടിന്റെ ബൾബ് പൊലെ ആയി  . 

ഇത് മഹാബലിയോ? 

വേഷം മാറിയപ്പോൾ മഹാബലി യ്ക്ക് വന്ന ഒരു  മാറ്റം ! കണ്ടാൽ  ഒരു കുഞ്ഞും അറിയുകേല.  

കോട്ടും ടൈ യും കെട്ടി ടിപ് ടോപ് വേഷത്തിൽ,  മഹാബലിയെ ഇവിടെ  എങ്ങനെ പ്രതീക്ഷിക്കും?

ബിലാത്തിയിലേക്ക് വരുമ്പോൾ ഒട്ടും  കുറയ്‌ക്കേണ്ട,  സായിപ്പിന്റെ വേഷം തന്നെ ആയിക്കോട്ടെ എന്ന് വച്ചതാണത്രേ !

ഏതായാലും വല്ലാതെ വിഷമിപ്പിച്ചു കളഞ്ഞു. 

മഹാബലിയെ കണ്ടുകിട്ടിയതോടെ അവിടെ  അതുവരെ ഉണ്ടായ ഉത്കണ്ഠയുടെ മഞ്ഞുരുകി ആഹ്ലാദത്തിന്റെ തെളിനീരൊഴുകി. 

അപ്പോൾ മഹാബലി വാഷ് റൂമിൽ ഒന്ന് കേറിയിട്ടു പോകാം  എന്നായി. 

വാഷ് റൂം കാണിച്ചു കൊടുത്തിട്ടു ജോൺ വർഗീസും മാർട്ടിനും അറൈവൽ ലൗഞ്ജ് ൽ വെയിറ്റ് ചെയ്തു. 

അഞ്ചെട്ടു മിനിറ്റ് കഴിഞ്ഞപ്പോൾ വാഷ്  റൂമിൽ നിന്നും കാണികളെ ഞെട്ടിച്ചു കൊണ്ട് അതാ  ഇറങ്ങി വരുന്നു സാക്ഷാൽ മഹാബലി !

പുത്തൻ കസവുമുണ്ട് തറ്റുടുത്തിരിക്കുന്നു. 

കഴുത്തിലും കൈകളിലും പത്തര മാറ്റിൽ തീർത്ത മെയ്യാഭരങ്ങൾ. കാതിൽ വൈര കടുക്കൻ. നെറ്റിയിൽ ചന്ദന കുറി. ശിരസിൽ തിളങ്ങുന്ന സ്വർണ കിരീടം !

ആ  വെളുത്തു തുടുത്ത ആ മുഖത്ത് എന്തൊരു ഐശ്വര്യം !

ബിലാത്തിയിൽ ഉലാത്താൻ, ഇതാ വേഷം മാറി  മഹാബലി റെഡി !

ബിലാത്തിയിലെ  മലയാളികൾ  ആകട്ടെ അപ്പോൾ  ഉത്രാടപ്പാച്ചിലിന്റെ തിരക്കിൽ  ആയിരുന്നു.

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA