ADVERTISEMENT

എന്റെ നിറം കറുപ്പാണ് (ലേഖനം)

ഈയിടെ എന്റെ ഒരു അടുത്ത സുഹൃത്ത് വിഷമത്തോടെ സൂചിപ്പിച്ച ഒരു സംഭവമാണ് ഈയൊരു കുറിപ്പിന് ആധാരം.

അദ്ദേഹത്തിന്റെ മകൻ, ഒന്നിലോ രണ്ടിലോ പഠിക്കുന്ന കുട്ടിയെ അവന്റെ ക്ലാസിലെ കുട്ടികൾ "കറുമ്പാ" എന്നു വിളിച്ചു കളിയാക്കുന്നത്രേ. മറ്റൊരു പരാതി അവന്റെ മുഖത്ത് വിരൽ തൊട്ട് മറ്റു കുട്ടികൾ കണ്ണെഴുതുന്ന പോലെ കാണിക്കുന്നുവത്രേ! നിറം കറുപ്പായതു കൊണ്ട് അവനെ കൂട്ടത്തിൽ കൂട്ടാത്തവർ വരെയുണ്ട്. എന്തൊരു കഷ്ടം! എന്റെ വളരെ അടുത്ത സുഹൃത്തിന്റെ ഭാര്യ തന്റെ ഗർഭകാലത്ത് കുട്ടി കറുത്തു പോകുമോ എന്നോർത്ത് അനുഭവിച്ചിരുന്ന വ്യഥ നേരിൽ കണ്ട കാര്യം പെട്ടെന്ന് ഞാനോർത്തു പോയി. അതു പോലെ ഈയടുത്ത് ഏഴാം ക്ലാസിൽ പഠിക്കുന്ന ഇരു നിറക്കാരിയായ എന്റെ മകൾക്കും കിട്ടി ഒരു ഉപദേശം. ദിവസേന പാല് കുടിച്ചാൽ മതി വെളുക്കുമത്രേ. ഉപദേശിച്ചത് മറ്റാരുമല്ല അവളുടെ ക്ലാസ് ടീച്ചർ തന്നെയാണ്! 

വെളുപ്പിനേക്കാൾ ഭംഗി കറുപ്പിനാണ് എന്നൊക്കെ പറഞ്ഞ് അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും, എന്തു കാര്യം? യാതൊരു ഫലവുമില്ല. സമൂഹത്തിനെ മൊത്തം ബാധിച്ചിരിക്കുന്ന ഈ വർണ്ണ ഭ്രാന്ത് നമ്മുക്ക് എങ്ങിനെ മാറ്റിയെടുക്കാൻ കഴിയും? ജനിതകമായ കാരണങ്ങളാൽ തന്റെ തൊലിയുടെ നിറം അൽപ്പം മങ്ങി പോയതിന് ആ പാവം കുഞ്ഞുങ്ങൾ എന്തു പിഴച്ചു? തന്റെ നിറത്തെ ചൊല്ലി എത്ര മാത്രം മാനസിക പീഢനമായിരിക്കും ജീവിതകാലം മുഴുവൻ ആ കുഞ്ഞുങ്ങൾ അനുഭവിക്കുന്നുണ്ടാകുക? അവരുടെ സ്വഭാവ രൂപീകരണത്തെ അത് എത്രമാത്രം സ്വാധീനിച്ചിട്ടുണ്ടാകും? അവരുടെ ആത്മവിശ്വാസത്തെ അത് എത്ര കണ്ട് ബാധിക്കും എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ദയവ് ചെയ്ത് നമ്മുടെ കുഞ്ഞുങ്ങളെ നിറം കൊണ്ട് അളക്കാതിരിക്കു. അത് അവരെ മാനസികമായി വല്ലാതെ തളർത്തുമെന്നത് നിങ്ങളറിയാതെ പോകരുത്.

"വർണ്ണ വിവേചനം എന്നത് ഒരു വിഭാഗം മറ്റൊരു വിഭാഗത്തോട് അഥവാ വിഭാഗങ്ങളോട് കാണിക്കുന്ന വിവേചനപരമായ സമീപനമാണ്" 

മേൽപ്പറഞ്ഞത് ഇലക്കും മുള്ളിനും കേടില്ലാതെ പറയുന്ന ഒരു രീതി. കുറച്ച് കൂടി തുറന്നും വിശദമായും പറഞ്ഞാൽ, തൊലിയുടെ നിറം കറുത്തിരിക്കുന്നവർക്ക് നേരെ മറ്റുള്ളവർ കാണിക്കുന്ന ഒരു തരം വിവേചനം. ഈ തരം തിരിവ് കറുത്ത നിറമുള്ളവർക്ക് എളുപ്പത്തിൽ മനസിലാകും. ഇതൊക്കെ നമ്മുടെ കേരളത്തിലോ എന്ന് ആലോചിച്ച് നെറ്റി ചുളിക്കേണ്ട. ഏറ്റവും കൂടുതൽ വർണ്ണവിവേചനം ഉള്ളത് നമ്മുക്കിടയിൽ തന്നെയാണ് എന്നാണെന്റ പക്ഷം. ഒരു കുഞ്ഞ് ജനിച്ച് പുറത്തു വരുമ്പോൾ തന്നെ നിറം കറുപ്പാണോ വെളുപ്പാണോ എന്ന് ആശങ്കപ്പെട്ട് കാത്തിരിക്കുന്ന ബന്ധുക്കളെയാണ് നമ്മുക്ക് കാണുവാൻ സാധിക്കുക. വെളുത്ത നിറമുള്ള കുഞ്ഞിനെ ലഭിക്കുക എന്നതിനാണ് പ്രഥമ പരിഗണന, അല്ലാതെ ആരോഗ്യമുള്ള ഒരു കുഞ്ഞിനെ ലഭിക്കുക എന്നതിലല്ല. ആരും ഒരു കറുത്ത നിറമുള്ള കുഞ്ഞിനു വേണ്ടി ആശിച്ചിരിക്കുന്നത് ഇതുവരെ കണ്ടിട്ടില്ല. ഇനിയെങ്ങാനും കുഞ്ഞിന്റെ നിറം അൽപ്പം മങ്ങിയിട്ടാണെങ്കിൽ അവിടെ തുടങ്ങുന്നു ആ കുഞ്ഞിന്റെ കഷ്ടകാലം. പിന്നെ നിറം വെളുപ്പിക്കാനുള്ള എണ്ണകളും വില കൂടിയ ക്രീമുകളുമായി കറുപ്പിൽ നിന്നും വെളുപ്പിലേക്കുള്ള പരിണാമത്തിനായുള്ള യുദ്ധം തുടങ്ങുകയായി. 

ഈ ലോകത്തെ അടുത്തറിഞ്ഞു തുടങ്ങുന്ന നിമിഷം മുതൽ കറുത്ത നിറം മോശവും വെളുപ്പ് നിറം നല്ലതും എന്ന ബോധം അവരിൽ അറിയാതെ തന്നെ അടിച്ചേൽപ്പിക്കപ്പെടുന്നു. അതോടൊപ്പം തന്നെ അവരിൽ അപകർഷതാ ബോധവും സൃഷ്ടിക്കപ്പെടുന്നു. പിന്നീടുള്ള അവന്റെ അല്ലെങ്കിൽ അവളുടെ ശിഷ്ഠകാല ജീവിതം ഈ അപകർഷതാ ബോധവും പേറിയായിരിക്കും.

ബ്ലാക്ക് ലിസ്റ്റ്, ബ്ലാക്ക് മാർക്ക്, ബ്ലാക്ക് മാർക്കറ്റ്, ബ്ലാക്ക് മാജിക്ക്, തുടങ്ങി കറുപ്പിനെ കൂട്ടുപിടിച്ച് ഒട്ടനവധി വാക്കുകളാണ് ഉള്ളത്.

വിവാഹം പോലെയുള്ള മംഗള കർമ്മങ്ങളിൽ അണിയേണ്ടത് വെളുത്ത വസ്ത്രമാണെങ്കിൽ മരണങ്ങൾക്ക് അത് കറുത്ത വസ്ത്രമാകും. പ്രതിഷേധം സൂചിപ്പിക്കാൻ കറുത്ത കൊടി. അങ്ങനെ എവിടെ നോക്കിയാലും കറുപ്പ് നിറം സൂചിപ്പിക്കുന്നത് നെഗറ്റീവിറ്റി മാത്രം.

കറുപ്പിന് ഏഴഴക്, ബാക്കി തൊണ്ണൂറ്റി മൂന്നും വെളുപ്പിനാണെന്ന് തമാശയായി പലരും പറഞ്ഞ് കേട്ടിട്ടുണ്ട്. ഒരു കണക്കിന് അത് സത്യമാണ്. നമ്മുടെ സമൂഹം എത്ര പ്രബുദ്ധരാണെന്ന് പറഞ്ഞാലും ഈയൊരു വിഷയത്തിൽ ഈ പറയുന്നത്ര പ്രബുദ്ധത ഇല്ല എന്നേ ഞാൻ പറയു. പ്രതിവിധി നിർദ്ദേശിക്കാൻ ഞാൻ ആളല്ല. പക്ഷേ മനുഷ്യനുള്ള കാലത്തോളം ഇത്തരം വിവേചനങ്ങൾ നിലനിൽക്കും എന്ന കാര്യത്തിൽ ഉറപ്പ്. സമൂഹത്തെ ഒറ്റയടിക്ക് മാറ്റി മറിക്കുവാൻ സാധ്യമല്ല. സ്വയം മാറുകയേ വഴിയുള്ളു.

കറുപ്പിന് ഏഴ് അഴകല്ല, നൂറ് അഴക് തികച്ചും ഉണ്ടെന്നു തന്നെ മനസ്സു കൊണ്ട് ഉറപ്പിക്കുക. തൊലിയുടെ നിറം കറുപ്പാണെങ്കിലും വെളുപ്പാണെങ്കിലും, അതെല്ലാം മരിച്ച് മണ്ണടിയുന്ന നേരം വരേയുള്ളു എന്ന യാഥാർഥ്യം മനസ്സിലാക്കി ജീവിക്കുക.

നെഞ്ചിൽ കൈവെച്ച് ഉറക്കെ പറയാൻ ശീലിക്കുക. അതെ, എന്റെ നിറം കറുപ്പാണ്...

"കണ്ണിന്റെ ദൃഷ്ടി പടലത്തിൽ പതിക്കുന്ന പ്രകാശരശ്മിയുടെ തരംഗദൈർഘ്യത്തിനനുസരിച്ച് ലഭിക്കുന്ന അനുഭവം മാത്രമാണ് നിറം"

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com