sections
MORE

'ഇന്നലെ' എന്ന സിനിമയുടെ പരസ്യവുമായി കാണാതായ കൊച്ചുമോളെ തേടി അലഞ്ഞ മുത്തശ്ശി

old-women
പ്രതീകാത്മക ചിത്രം
SHARE

മൈസൂറമ്മയുടെ ഓർമയ്ക്ക് (ഓർമകുറിപ്പ്)

നേരം പരപരാ വെളുത്തു വരുന്നതേയുണ്ടാവുകയുള്ളു. ഞങ്ങളാരും എഴുന്നേറ്റിട്ടുണ്ടാവില്ല. വീടിനു വടക്കു പുറത്തെ റോബസ്റ്റാ കാപ്പിച്ചെടിയുടെ കമ്പിൽ ചേക്കേറുന്ന അമ്മച്ചിയുടെ കോഴികൾ പോലും തണുപ്പ് ആസ്വദിച്ച് ഉറങ്ങുകയാവും... ഇങ്ങനെയുള്ള ചില നനുത്ത വെളുപ്പാൻ കാലങ്ങളിൽ ഒന്നോ ഒന്നരയോ കൊല്ലം കൂടുമ്പോൾ "ഡീ...വത്സലാമ്മോ..." എന്നുള്ള വിളി കേട്ടാവും ഞങ്ങൾ ഉണരുക..

കയ്യിലൊരു തകരപ്പെട്ടിയും തൂക്കി, പാദത്തോളമെത്താത്ത മുണ്ടും, നേര്യതിന് പുറത്തു കൂടി കൈ നീളമുള്ള സ്വറ്ററും ധരിച്ച് കഷ്ടപ്പാടിന്റെ കണ്ണുനീരൊഴുകി നിറയെ ചാലുകൾ കീറിയ മുഖവുമായി തുളഞ്ഞു ഞാന്ന കാതിൽ തോടയോളം പോന്ന സ്വർണ്ണക്കമ്മലും കഴുത്തിൽ സ്വർണ്ണമാലയുമിട്ട് മുഷിഞ്ഞ ചരടിട്ട് മുറുകെ കെട്ടിയ മടിശീലയ്ക്കുള്ളിലെ തുച്ഛമായ വഴിപ്പണം അരക്കെട്ടിലെവിടെയോ സുരക്ഷിതമായി തിരുകി വച്ച്.... ഇടയ്ക്കിടെ ചുണ്ണാമ്പ് തേച്ച് ചവയ്ക്കാനുള്ള അനുസാരികൾ കൊണ്ട് വീർത്തിരിക്കുന്ന മടിക്കുത്തുമായി 'മൈസൂറമ്മ' വരികയായി....

കർണ്ണാടകത്തിലെ ഏതോ കുഗ്രാമത്തിൽ നിന്ന് ബസും തീവണ്ടിയും കയറി, പാതിരാ കഴിഞ്ഞ് ചങ്ങനാശ്ശേരി സ്റ്റേഷനിൽ ഇറങ്ങി, പ്ലാറ്റ്ഫോമിൽ കുത്തിയിരുന്ന് മയങ്ങിയും മയങ്ങാതെയും നേരം തള്ളി നീക്കിയിട്ടുണ്ടാവും... പിന്നെ, ഹൈറേഞ്ചിലേക്ക് പോകുന്ന ആദ്യ വണ്ടിക്ക് കയറി ബാല്യത്തിന്റെയും കൗമാരത്തിന്റെയും കാലടിപ്പാടുകൾ അവശേഷിക്കുന്ന മണ്ണിൽ ഇറങ്ങും. ശേഷം ചെമ്മൺപാതയിലൂടെ നടന്ന് ഒറ്റയടിപ്പാത വഴി അടുത്ത ബന്ധുക്കൾ താമസിക്കുന്ന വീടുകൾ ലക്ഷ്യമാക്കി പോകുന്നതിനിടയിലെ ആദ്യ ഇടത്താവളമാണ് ഞങ്ങളുടെ വീട്.

അമ്മച്ചി ചൂട് കട്ടൻകാപ്പി ഇട്ടുകൊണ്ട് വരുമ്പോഴേക്കും വായിലെ മുറുക്കാൻ കുലുക്കുഴിഞ്ഞ് തുപ്പുന്നതിനിടയിൽ തലേന്ന് തീവണ്ടിയിലെ ടിടിഇയോട് കയർത്തതും സഹയാത്രികയോട് കലഹിച്ച് ജനറൽ കമ്പാർട്ട്മെന്റിൽ കിടക്കാൻ ഇടം കണ്ടെത്തിയതുമായ വീരകഥകൾ ഒക്കെ പറയുന്നത് അന്ന് തീവണ്ടി യാത്ര അത്ര പരിചയമില്ലായിരുന്ന ഞങ്ങൾ അത്ഭുതത്തോടെ കേട്ടിരിക്കും...

പിന്നീട് കട്ടൻ കുടിച്ച ഗ്ലാസ് കഴുകി വച്ച്, ഇതുവരെയുള്ള ജീവിത കഥയുടെ അവസാന ലക്കങ്ങളുടെ ഭാണ്ഡം അമ്മച്ചിയുടെ മുന്നിൽ മെല്ലെ തുറന്ന് വയ്ക്കും...

"കൊച്ച് ചെറുക്കൻ വരുമ്പം (വണ്ടൻമേട്ടിൽ നിന്നും ആഴ്ചയിലൊരിക്കൽ മാത്രം വീട്ടിൽ വരുന്ന എന്റെ അച്ച) പിന്നെ വരാടീ കൊച്ചേ..." എന്നു പറഞ്ഞ് തൊഴുത്തിന്റെ അരികിലൂടെ തെക്കുപുറത്തേക്ക് നടന്നു നീങ്ങും. കാൽവെള്ളയും വില കുറഞ്ഞ വള്ളിച്ചെരിപ്പും കലഹിച്ചുണ്ടാകുന്ന 'പടപടാ' ശബ്ദം നേർത്തുനേർത്ത് ഇല്ലാതാകും...

അനുജത്തിയുടേയോ ചേട്ടത്തിയുടേയോ ഒപ്പം ഒന്നോ രണ്ടോ ദിവസം തങ്ങിയ ശേഷം വീണ്ടും ഒരു തിരിവിന് ദൂരെ നിന്നു തന്നെ എന്റെ അമ്മച്ചിയെ നീട്ടി വിളിച്ചുകൊണ്ട് വീട്ടിലെത്തും. കൈയിൽ ഒരു ഇൻലന്റും ഉണ്ടാവും... നാട്ടിലെത്തിയ വിവരം അറിയിക്കാൻ മകൾക്ക് 'എഴുത്ത് വിടാൻ' ഉള്ള ഉദ്ദേശത്തിലാണ് വരുന്നത്. മകളെ അറിയിക്കാനുള്ള കാര്യങ്ങൾ അടുക്കും ചിട്ടയുമില്ലാതെ ഒന്നിനു പുറകെ ഒന്നായും ആശയ വ്യക്തതയില്ലാതെയും പറഞ്ഞു കൊണ്ടേയിരിക്കും. അമ്മച്ചി ഒരു 'എഡിറ്റ'റുടെ മെയ് വഴക്കത്തോടെ അതൊക്കെ ഒരു കത്തിന്റെ ഭാഷയിലാക്കി മഷി നിറയ്ക്കുന്ന പഴയ ഒരു ജൂബിലി പേന കൊണ്ട് ഇൻലന്റിൽ കുത്തിക്കുറിക്കും... ഒടുവിൽ വായിച്ചു കേട്ടിട്ട് അടുക്കളയിൽ കയറി തടയിലിട്ടിരിക്കുന്ന ചോറിൻകലത്തിന്റെ അടച്ചൂറ്റിയുടെ വിടവിലൂടെ രണ്ട് വറ്റെടുത്ത് ഒട്ടിച്ച് നടന്നകലും. വാലേലച്ചന്റെ പീടികയുടെ ഭിത്തിയിൽ വാ പിളർന്ന് തൂങ്ങിക്കിടക്കുന്ന ചുവന്ന എഴുത്തുപെട്ടിയുടെ അടുത്തേക്ക്....

അങ്ങനെ രണ്ടോ മൂന്നോ ആഴ്ചക്കാലം ബന്ധുവീടുകളിൽ മാറി മാറി അന്തിയുറങ്ങിയും ഭക്ഷണം കഴിച്ചും ഇഷ്ടക്കാരുടെ ഉമ്മറത്തും അടുക്കളയിലും പൊട്ടിച്ചിരിച്ചും അടക്കം ചൊല്ലിയും പഴങ്കഥകൾ പറഞ്ഞും 'മൈസൂറേ.....' എന്ന്  പ്രകോപിപ്പിച്ച് വിളിക്കുന്ന ചെറുബാല്യക്കാരോട് ഉച്ചത്തിൽ കയർത്തും വടിയെടുത്തോങ്ങിയും പിന്നെ ചിരിച്ചും പെട്ടെന്ന് കടന്നു പോകും. ഇതിനിടയിൽ എപ്പോഴെങ്കിലും തിരികെ പോകാനുള്ള വണ്ടിയുടെ സമയം ഏതെങ്കിലും വിധത്തിൽ മനസ്സിലാക്കും.

അങ്ങനെയിരിക്കെ പെട്ടിയും തൂക്കി തെക്കുപുറത്തു നിന്ന് ഞങ്ങളുടെ ചാവടിപ്പുരയുടെ പടിഞ്ഞാറെ മുറ്റത്തു കൂടി വീട്ടിലേക്ക് വരും....

"ഡീ വൽസലാമ്മോ... കൊച്ചെർക്കൻ എന്ത്യേഡീ..? ഞാമ്പോകുവാടീ... "

"എപ്പോഴാ ഇച്ചേയീ ട്രയിൻ.."

"രാത്രീല് ഒമ്പതിന്..."

"അതിനിപ്പഴേ പോണോ ഇച്ചേയി...''

"എടീ അത് നിനക്കറിയത്തില്ല... തീവണ്ടിയാപ്പീസിൽ നേരത്തെ ചെന്ന് ശീട്ടൊക്കെ എടുക്കണം. ബെസേൽ പോകുന്ന പോലെയൊന്നുമല്ല..." 

തീവണ്ടിയാത്ര അത്ര പരിചയമില്ലാത്ത എന്റെ അമ്മച്ചിയുടെ മുമ്പിൽ ചോദ്യം ചെയ്യപ്പെടാനാകാത്ത തീവണ്ടിയറിവുകൾ നിരത്തുകയും അന്തർ സംസ്ഥാന രാത്രിയാത്രകൾ നടത്തുകയും ചെയ്യുന്ന മൈസൂറമ്മ അമ്മച്ചിക്ക് മാത്രമല്ല ഞങ്ങളുടെ നാട്ടിൽ എല്ലാവർക്കും ഒരു അത്ഭുതമായിരുന്നു.

"ഇച്ചേയി ഇനി എന്നു വരും" എന്നു ചോദിച്ചു കൊണ്ടുവരുന്ന അച്ചയുടെ ചോദ്യത്തിന് പെട്ടി താഴെ വച്ച് ഇടതു കൈ നടുവിലൂന്നി പുറകോട്ട് വളഞ്ഞുകുത്തി വാ തുറന്നുള്ള ഒരു ചിരിയായിരിക്കും മറുപടി...

അമ്മ നാട്ടിൽ നിന്നും അയച്ച കത്ത് മകൾ കാതങ്ങൾ നടന്ന് ഏതോ മലയാളിയുടെ വീട്ടിൽ കൊണ്ടുചെന്ന് വായിച്ചു കേട്ടതിന്റെ പിറ്റേന്നോ മറ്റോ ആയിരിക്കും മിക്കപ്പോഴും മൈസൂറമ്മ തിരികെ ഹൊണ്ണഹള്ളിയിൽ എത്താറ്. ഒരിക്കലോ മറ്റോ മകൾ രാധ നാട്ടിലേക്കയച്ച കത്ത് അമ്മ തിരികെ പോയതിനു ശേഷം എന്റെ അമ്മച്ചിയുടെ വിലാസത്തിൽ വന്നിട്ടുള്ളതും ഓർമിക്കുന്നു...

ഒരിക്കൽ മൈസൂറമ്മ നാട്ടിൽ വന്നപ്പോൾ പേരക്കുട്ടിയെയും കൂട്ടിയാണ് വന്നത്. പന്ത്രണ്ടോ പതിമൂന്നോ വയസ്സ് പ്രായമുള്ള പെൺകുട്ടി. മുത്തശ്ശിക്കൊപ്പം ഓടിനടന്ന് ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ അവൾക്കും നാട് പരിചിതമായി... പക്ഷേ, ഏതോ ഒരു ശപിക്കപ്പെട്ട ദിവസത്തിൽ അവൾ നാട്ടിൽ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായി. ഒരു പക്ഷേ, ആ വൃദ്ധ മാതാവിന്റെ ജീവിതത്തിലെ ഏറ്റവും നിറംകെട്ട ദിനം. കരയിൽ പിടിച്ചിട്ട മീൻ കണക്കെ ആ വല്യമ്മമനസ്സ് പിടഞ്ഞു. സങ്കടവും ആകുലതയും അതിന്റെ അളവ് തെല്ലും ചോരാതെ പങ്കിട്ടെടുക്കാൻ ആരുമടുത്തില്ലാത്ത ദുരവസ്ഥ. വെറും കയ്യോടെ വീട്ടിൽ തിരികെയെത്തി മകളോട് എന്ത് സമാധാനം പറയും. കാലെത്തുന്ന ഇടങ്ങളിലൊക്കെ കരഞ്ഞും വിളിച്ചും അന്വേഷിച്ച് നടന്നു... അന്വേഷണ വഴിയിൽ ഒപ്പം സങ്കടപ്പെട്ടവരുടെ അനുതാപങ്ങൾക്ക് ഒരു ദീർഘനിശ്വാസത്തിനപ്പുറത്ത് ആയുസ്സില്ലായിരുന്നു...

ആ അന്വേഷണത്തിനിടയിലാണ് ഇന്നും എന്റെ മനസ്സിനെ അസ്വസ്ഥതപ്പെടുത്താറുള്ള ഒരു സംഭവമുണ്ടായത്. വാർദ്ധക്യത്തിന്റെ ഇളം ചാരനിറമുള്ള കണ്ണുകളിൽ പ്രതീക്ഷയുടെ തിളക്കവുമായി കൈയിൽ ചുരുട്ടിപ്പിടിച്ച ഒരു പത്രത്താളുമായാണ് അന്ന് തിടുക്കപ്പെട്ട് ആ അമ്മ എന്റെയടുത്ത് വന്നത്. വന്നപാടെ ആ പത്രത്താൾ ചുരുൾ നിവർത്തി എന്റെ നേരെ തിരിച്ചു പിടിച്ചു. ഒരു അപകടത്തിൽ നിന്നും രക്ഷപ്പെട്ട് ഓർമ നഷ്ടപ്പെട്ട ഒരു പെൺകുട്ടിയെ അർദ്ധബോധാവസ്ഥയിയിൽ കണ്ടു കിട്ടിയിട്ടുണ്ടെന്ന പത്രപ്പരസ്യവും ആ പെൺകുട്ടിയുടെ ചിത്രവുമായിരുന്നു അത്.

ഒറ്റനോട്ടത്തിൽ സംഭവം ശരിയാണ്. പക്ഷേ, മൈസൂറമ്മയുടെ പ്രതീക്ഷകൾക്ക് തളിരണിയിച്ച ആ ചിത്രം കൊച്ചുമകളുടേതായിരുന്നില്ല.. മറിച്ച്, അക്കാലത്ത് തീയേറ്ററുകളിൽ പ്രദർശനത്തിന് തയാറെടുക്കുന്ന ഒരു മലയാള സിനിമയുടെ വ്യത്യസ്തമായ ഒരു പരസ്യമായിരുന്നു. കഥകളുടെ രാജകുമാരൻ പത്മരാജന്റെ 'ഇന്നലെ' എന്ന സിനിമയുടെ പരസ്യം.

അത് അവൾ തന്നെയാണെന്ന് ഉറച്ചു വിശ്വസിക്കുന്ന ആ അമ്മയോട് 'ഇത് അവളല്ല; സിനിമാ പരസ്യമാണ്' എന്നു പറഞ്ഞു മനസ്സിലാക്കാൻ എന്നാൽ കഴിയുംവിധം ഞാൻ ശ്രമിച്ചു. പക്ഷേ, ഞാൻ പറയുന്നതത്രയും എന്റെ കണ്ണിലേക്കും വിദൂരതയിലേക്കും മാറി മാറി നോക്കിക്കൊണ്ട് മൂളി കേൾക്കുന്നുണ്ടായിരുന്നെങ്കിലും എന്തുകൊണ്ടോ അന്ന് വെറും പത്തൊൻപത് വയസ് മാത്രം പ്രായമുള്ള ഞാൻ പറഞ്ഞത് ഒറ്റയടിക്ക് വിശ്വസിക്കാൻ അവർ തയാറാകാഞ്ഞതുപോലെ എനിക്കു തോന്നി. അധികം വൈകാതെ പത്രം തിരികെ വാങ്ങി ചുരുട്ടിയെടുത്ത് പ്രതീക്ഷയുടെ കാലുകൾ അതിവേഗം നീട്ടി വച്ചുകൊണ്ട് അന്വേഷണത്തിന്റെ ഒറ്റയടിപ്പാതയിലൂടെ വെക്കം നടന്നു മറഞ്ഞു; ഒരു ഒറ്റയാൾപ്പട്ടാളത്തെപ്പോലെ... പക്ഷേ, അവരുടെ എല്ലാ അന്വേഷണങ്ങളും വെറുതെയായിരുന്നു...

അത്തവണ ആരവങ്ങളൊന്നുമില്ലാതെയാവണം മൈസൂറമ്മ തിരികെ തീവണ്ടി കയറിയത്... അവിടെച്ചെന്ന് മകളെ എങ്ങനെ അഭിമുഖീകരിച്ചോ ആവോ...

പിന്നീടും പല തവണ മൈസൂറമ്മ നാട്ടിൽ വരികയും തിരികെപ്പോവുകയും ചെയ്തിട്ടുണ്ട്. ആ വരവുകളിലൊക്കെ തനിക്ക് നഷ്ടപ്പെട്ടത് അവർ തിരഞ്ഞിട്ടുണ്ടാവണം. എപ്പോഴാണ് അവർ അവസാനമായി നാട്ടിൽ വന്നിട്ട് തിരികെ പോയതെന്ന് എനിക്കോർമയില്ല.. ഒന്നറിയാം; അവസാന ഇടവേളയ്ക്ക് നീളം കൂടിക്കൂടി വരികയാണ്. ഒരുവേള അനന്തതയിലേക്ക് നീളുന്ന ഒരു വലിയ ഇടവേള ബാക്കിയാക്കിയിട്ട് കർണ്ണാടകത്തിലെ ഞങ്ങൾക്ക് അപരിചിതമായ ഏതോ കുഗ്രാമത്തിലെ മണ്ണിൽ അലിഞ്ഞ് ചേർന്നിട്ടുണ്ടാവണം.. 

നഷ്ടപ്പെട്ട പേരക്കുട്ടി ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ഇന്ന് 42 - 45 വയസ് പ്രായം ഉണ്ടാകുമായിരുന്നു... എന്റെ അമ്മച്ചി പാലിന്റെ കണക്കെഴുതുന്ന പഴയ ഡയറിത്താളുകൾക്കിടയിൽ പരതിയാൽ മറ്റ് പലതിന്റെയും കൂടെ ആകെ മുഷിഞ്ഞ് ദ്രവിച്ച ഒരു ഇൻലന്റ് കത്തും കണ്ടേക്കാം... കർണ്ണാടകത്തിൽ നിന്നും പണ്ടെങ്ങോ തീവണ്ടി കയറി അമ്മച്ചിയുടെ വിലാസത്തിൽ വന്ന ഒരു കത്ത്. കത്തിനു പിന്നിൽ ചെറുതും വലുതുമായ ഇംഗ്ലിഷ് അക്ഷരങ്ങൾ ഇടകലർത്തി എഴുതിയിട്ടുള്ള ഒരു വിലാസമുണ്ടാവും.

rADhakriShnan

hoNNahaLLi

CHikamAnglooR

വിസ്മൃതിയിലാകാതെ ഈ പഴങ്കഥകകളൊക്കെ ഞാൻ ഇടയ്ക്കിടെ ഓർമിക്കാറുണ്ട്. അഥവാ മറന്നാലും അന്ന് മൈസൂറമ്മയ്ക്ക് ഏറെ പ്രതീക്ഷ സമ്മാനിച്ച പത്രപരസ്യത്തിനൊപ്പം 'ഇന്നലെ' എന്ന പത്മരാജൻ ചിത്രത്തിന്റെ ആകാശവാണി പരസ്യത്തിന് അകമ്പടി വന്ന പെരുമ്പാവൂർ ജി രവീന്ദ്രനാഥ് മാഷിന്റെ 'കണ്ണിൽ നിൻ മെയ്യിൽ ഓർമപ്പൂവിൽ ഇന്നാരോ പീലിയുഴിഞ്ഞു..."

എന്ന അനശ്വരമായ  ഈരടികൾ കേൾക്കുമ്പോഴെല്ലാം എന്നെ ഓർമിപ്പിക്കാറുണ്ട്....

ഒപ്പം ഇരുളിനെ കീറി മുറിച്ച്‌ പായുന്ന ഒരു രാത്രി വണ്ടിയുടെ രണ്ടാം ക്ലാസ് ബോഗിയും അരണ്ട വെളിച്ചത്തിന് താഴെ കൂനിക്കൂടിയിരിക്കുന്ന ഒരു രൂപവും തുരുമ്പെടുത്തു തുടങ്ങിയ ഒരു തകരപ്പെട്ടിയിലേക്ക് നീളുന്ന നിറയെ ചുളിവുകളുള്ള കൈയും ഒക്കെ.

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA