ADVERTISEMENT

ഉപ്പുമാങ്ങയോടോ പരിഭവം? (കഥ)

“ഉപ്പുമാങ്ങയോടു നിനക്ക് എന്താണിത്ര പരിഭവം?” കുത്തിവീർപ്പിച്ചുള്ള എന്റെ ഇരിപ്പ് കണ്ടിട്ടാവും പ്രഭാകരേട്ടൻ ഇത് ചോദിച്ചത്. 

എന്തുത്തരം പറയും? സത്യം പറഞ്ഞാൽ നാണക്കേടാവും. പല പഴയ കഥകൾക്കൊപ്പം മറന്നതാണ് ഉപ്പുമാങ്ങയുടെ കാര്യവും. 

അവധി കഴിഞ്ഞു പോരാൻ നേരം നാത്തൂനാണ് കുറച്ച് ഉപ്പുമാങ്ങകൾ ഒരു പൊതിയിലാക്കി പെട്ടിയിലെടുത്തു വച്ചത്. ഇനി നാത്തൂൻപോരാണ് അസന്തുഷ്ടിയുടെ കാര്യമെന്ന് പ്രഭാകരേട്ടൻ ഓർത്താലോ. 

പ്രഭാകരേട്ടൻ പിന്നെയും കുത്തികുത്തി ചോദിച്ചതിന് പിന്നാലെ സ്വയം ഉത്തരവും പറഞ്ഞു. “ശരിയാ, നിനക്ക് പ്രഷറിന്റെ അസുഖമുള്ളതുകൊണ്ട് ഉപ്പുമാങ്ങ കൂട്ടാനൊക്കത്തില്ലല്ലോ. അതാണല്ലേ കാര്യം. നല്ലോണം അലിയുന്ന മാങ്ങയാ. നല്ല കാന്താരിയും ഉള്ളിയും ചേർത്ത് ചമ്മന്തി അരച്ചാൽ കിടു.” 

“ഏട്ടൻ ഈ വർണ്ണനയൊന്നു നിർത്തുമോ.” അൽപം മുൻകോപത്തിൽ തന്നെയാണ് ലതയുടെ ഉത്തരം. "എനിക്ക് ഉപ്പുമാങ്ങ എന്ന് കേൾക്കുന്നതേ ചതുർത്ഥിയാ. ഒരു ഉപ്പുമാങ്ങ..."

മുഖത്ത് ദേഷ്യം കാണിച്ചെങ്കിലും മനസ്സ് പിന്നോട്ടോടി, ഒരു കുസൃതി ചിരിയോടെ...

“എടീ ലതേ, നിനക്ക് ഇന്ന് ഞാൻ വച്ചിട്ടുണ്ട്. ഇവിടെ വാടീ, പെണ്ണിന് തോന്ന്യവാസം ചില്ലറയല്ല.” ചെവിയിൽ അമ്മയുടെ ആക്രോശം. 

“ എന്താ രാധേ, അവള് പിന്നേം പഞ്ചസാര ഭരണി താഴെ ഇട്ടോ. നീ എന്തിനാ ദേഷ്യം പിടിക്കുന്നെ.” വക്കീലച്ചന്റെ വക്കാലത്ത്. പക്ഷേ ഏൽക്കുന്ന ലക്ഷണമില്ല. 

“അവളിങ്ങു വരട്ടെ അവളുടെ മൂക്കും ഇത് പോലെ ചെത്തും ഞാൻ. നിങ്ങളിങ്ങു വന്നു നോക്കിക്കേ മനുഷ്യാ, അവള് കാണിച്ചു വച്ചിരിക്കുന്നത് കണ്ടില്ലേ.”

ശ്വാസം അടക്കിപ്പിടിച്ചു കതകിനു പുറകിൽ ഒളിച്ചു നിന്ന് ലത, അച്ഛൻ അമ്മയുടെ അടുത്തേക്ക് പോകുന്നത് കണ്ടു. “ ഇന്ന് അച്ഛനും രക്ഷിക്കില്ല, പറമ്പിലേക്ക് ഓടുക തന്നെ രക്ഷ.” 

ഓടാൻ തിരിഞ്ഞതും മുമ്പിൽ കുട്ടേട്ടൻ. അവന്റെ കൈയിൽ പെട്ടാൽ പെട്ടു. തടിയനാണെന്നു പറഞ്ഞു പരിഹസിച്ചതിന്റെയും കളിയാക്കി പാട്ടുണ്ടാക്കി കൂട്ടുകാരുടെ മുമ്പിൽ പാടിയതിന്റെയും പ്രതികാരം മുഖത്തുണ്ട്. 

രണ്ടായി പിന്നിയിട്ട മുടിയുടെ ഒരു പിന്നൽ കൈക്കലാക്കി കുട്ടേട്ടൻ. “എടീ ലതേ, എന്നെ കളിയാക്കി പാടെടീ, വേഗം... നിന്നെ ഇന്ന് അമ്മയുടെ കൈയിൽ കൊടുത്തിട്ടു തന്നെ കാര്യം.”

കുട്ടേട്ടൻ മുടി വലിച്ചു വേദനിപ്പിക്കും മുമ്പേ ലത പാടി തുടങ്ങി. 

“പൊണ്ണത്തടിയനെ എന്തിനു കൊള്ളാം, ചെത്തി മിനുക്കി ചിന്തേരിട്ടു പുത്തൻപുരയുടെ തൂണിനു കൊള്ളാം.” 

“ഏട്ടാ, ഇനി മേലാൽ ഞാനിത് പാടില്ല. എന്നെ വിട്. ഞാൻ തെക്കേപുരയിടത്തിലെ പേരക്കൊമ്പിൽ ഇരുന്നു നേരം 

വെളുപ്പിച്ചോളാം. ഇന്നത്തെ എന്റെ ചോറും മുട്ടക്കറിയും കുട്ടേട്ടന് കിട്ടും.”

പ്രലോഭനം മുട്ടയുടെ രൂപത്തിൽ, കുട്ടേട്ടൻ മുടിയുടെ പിടി വിട്ടു. 

അമ്മ അടങ്ങുന്നില്ല. "നിങ്ങളിത് കണ്ടോ ഞാനെത്ര കണ്ടുമോഹിച്ചതാ. കർക്കിടകത്തിനു നല്ലോണം പാകമായേനെ. അവളെ വല്യേട്ടൻ വന്നു വിളിച്ചപ്പോൾ പത്തിരുപത് ദിവസം ചെർപ്പുളശ്ശേരിക്ക് വിടാർന്നു. എന്റെ ഇക്കണ്ട പണിയൊക്കെ വെറുതെയായി."

“അയ്യോ രാധേ, കഷ്ടമായല്ലോ. ഈ പെണ്ണിത് എന്ത് ഭാവിച്ചാ” അച്ഛനാണല്ലോ ദൈവമേ. അതും എന്നെ കൈവിട്ട ലക്ഷണം. 

അടുക്കളപ്പുറത്തേക്കുള്ള കതകിനു പുറകിൽ ഒളിക്കുക തന്നെ. ആരോ കൈയിൽ പിടിമുറുക്കുന്നു. 

“ചേച്ചി, അവളെ കിട്ടി. ഞാൻ കൊണ്ടുവരാമിപ്പോൾ.” ഈശ്വരാ, കൈപ്പിടിച്ചു ഞെരുക്കുകയാണ് വിലാസിനി ചിറ്റ. “വിലാസിനി കുലാസിനി പണ്ടാരം” എന്ന് ഭിത്തിയിൽ ഞാൻ എഴുതിയതിന്റെ അന്ന് മുതൽ ഞാൻ അവർക്കു നോട്ടപ്പുള്ളിയാണ്. 

“ചിറ്റേ, വിട് ചിറ്റേ ഞാൻ അറിയാതെ ചെയ്തതാ.” വിട്ടില്ല ...

തലകുനിച്ച് അമ്മയുടെ മുമ്പിൽ നിൽക്കുമ്പോൾ കണ്ണ് അറിയാതെ ചരുവത്തിലേക്കു ചലിച്ചു. ചരുവം നിറച്ചു നല്ല പച്ചമാങ്ങകൾ. മാങ്ങകൾ ലതയെ നോക്കി കുസൃതിയോടെ ചിരിക്കുന്നു. ലതയും...

ക്രോസ്സ് വിസ്താരം തുടങ്ങിയത് അച്ഛനാണ്. കോടതി നല്ല ശീലമല്ലേ. “ലതേ, നീ അമ്മ ഉപ്പിലിടാൻ വച്ച മാങ്ങകൾ കണ്ടിരുന്നോ. നീയാണോ ഇത് ചെയ്തത്."

“ഇല്ലച്ഛാ സത്യമായിട്ടും ഞാനല്ല.” 

“പിന്നെയാരാടി ഇത് ഈ പരുവമാക്കിയത്. വണ്ടിക്കാരുടെ കൈയിൽ നിന്ന് ഞാൻ പൈസ്സാ കൊടുത്ത് വാങ്ങിയതാ. നിന്റെ അച്ഛന്റെ വീട്ടീന്ന് തന്നതൊന്നും അല്ല.” അമ്മ ആളുകൊള്ളാം, പറയണ കൂട്ടത്തിൽ അച്ഛമ്മക്കൊരു കുത്തും. 

മാങ്ങകൾ പിന്നെയും പുഞ്ചിരിച്ചു. ലതയും...

അമ്മയുടെ കൈ അലമാരക്കു മുകളിലുള്ള ചൂരൽ വടിയിലേക്കു മെല്ലെ നീളുന്നത് ലത കണ്ടു. 

അച്ഛൻ പൊതുവെ ദയാലുവാണ്, ലത അച്ഛനെ നോക്കി, “രക്ഷിക്കൂ എന്നെ”. അച്ഛന്റെ പിടി അയഞ്ഞു. അച്ഛന്റെ കൈകൾ വിടുവിച്ച് അവൾ പറമ്പിലേക്ക് പാഞ്ഞു. അൽപ്പം ദൂരെയെത്തിയപ്പോൾ അവൾ ഉറക്കെ പറഞ്ഞു. 

“അമ്മയോട് ഞാൻ അന്നേരം ഒരു മാങ്ങാ ചോദിച്ചപ്പോൾ അമ്മ തന്നില്ലല്ലോ. അതു കൊണ്ട് ഞാൻ നൂറു മാങ്ങയും ഓരോ പ്രാവശ്യം കടിച്ച് ഒരു കഷ്ണം വീതമെടുത്തതാ. അങ്ങേ അറ്റത്തേ, ചുനയായിരുന്നു. അതു കൊണ്ട് താഴെ നോക്കിയാ കടിച്ചത്. നല്ല പുളിയാട്ടോ, ഇനി വേണേൽ കടുമാങ്ങാ അച്ചാറിട്ടോ. അച്ഛനതാ ഇഷ്ടം“

“ഈ പെണ്ണിനെ കൊണ്ട് ഞാൻ തോൽക്കും. ദേവീ..., കെട്ടി ചെല്ലണ വീട്ടിൽ ഇവൾ എന്താകും. നിങ്ങളാണവളെ വഷളാക്കണത്. പോയി അവളെ പിടിക്ക്. “ അമ്മയുടെ ഉത്തരവ്. 

പാവം അച്ഛൻ ലതയുടെ പിന്നാലെ, “എടീ, മോളെ ഓടല്ലെടീ, ഇവിടെ വാടീ...” 

ഒന്നര ഏക്കർ പറമ്പല്ലേ നീളത്തിൽ. അച്ഛനെവിടെ ഞാനെവിടെ... പേരമരം എന്നും കൂട്ട്...

അച്ഛന്റെ ഓട്ടം കണ്ടു കിഴക്കെപുറത്തെ നാണുകുട്ട്യമ്മയുടെ ദീനരോദനം, ബാക്ക്ഗ്രൗണ്ടിൽ...

“വക്കീൽസാറെ ഓടല്ലേ, മോളെ അച്ഛനെ ഓടിക്കല്ലേ പ്രഷറുള്ളതാ...”  

“അതേ പ്രഭാകരേട്ടാ, ഈ ഉപ്പുമാങ്ങ അത്ര നല്ലതല്ല. പ്രഷറുകൂട്ടും. അതാ കാര്യം. “ 

ഉമ്മറത്ത് വച്ചിരിക്കുന്ന ഫോട്ടോയിലിരുന്ന് അച്ഛൻ ലതയേ നോക്കിച്ചിരിച്ചു... ലതയും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com