ADVERTISEMENT

നമ്മുടെ കൗമാരങ്ങളോട് രണ്ടു വാക്ക്... (ലേഖനം‌)

നിങ്ങളുടെ ജീവൻ അമ്മമാരുടെ ഗർഭപാത്രത്തിൽ മൊട്ടിട്ട് തുടങ്ങുമ്പോഴേ ആരംഭിക്കുന്ന കരുതലും ആശങ്കയുമാണ് ഞങ്ങൾ ഓരോ മാതാപിതാക്കൾക്കുമുള്ളത്. ഗർഭപാത്രത്തിന്റെ സുരക്ഷിതത്വത്തിൽ നിന്നും ഞങ്ങളുടെ കൈകളിലേക്ക് നിങ്ങൾ വന്നു ചേരുമ്പോൾ ആദ്യം ഞങ്ങൾക്കതൊരു പകപ്പായിരിക്കും, പിന്നീടതൊരു അമ്പരപ്പും അളവില്ലാത്ത ആവേശവും ആഹ്ലാദവുമായി മാറുന്നു. ഒരു മനുഷ്യ ജീവിതത്തിലെ ഏറ്റവും വലിയ അഭിമാന മുഹൂർത്തങ്ങളിലൊന്നായാണ് ഞങ്ങൾ ആ നിമിഷങ്ങളെ കണക്കാക്കുന്നത്.

പിന്നീട് നിങ്ങളോടൊത്തുള്ള ഓരോ നിമിഷങ്ങളും ഒരോ ദിനങ്ങളും ഒരുപാട് പ്രത്യേകതകളും ആകുലതകളും നിറഞ്ഞതാണ്. നിങ്ങളൊന്ന് നിർത്താതെ കരഞ്ഞാൽ, പാലുകുടിക്കാതെയിരുന്നാൽ, ഉറങ്ങാതെയിരുന്നാൽ, മൂക്കൊന്നടഞ്ഞാൽ... എല്ലാം ഞങ്ങൾക്ക് ആശങ്കകളാണ് നൽകുന്നത്. നിങ്ങൾ അമ്മയുടെ ചാരത്ത് മാറത്തെ വാത്സല്യചൂടും അറിഞ്ഞ്, അമ്മിഞ്ഞയും നുകർന്ന് സുഖമായി ഉറങ്ങുമ്പോൾ, മുഖത്ത് തുണി വീണ് ശ്വാസം തടസപ്പെടുമോ എന്ന് ആശങ്കപ്പെട്ട് ഞങ്ങളുടെ കണ്ണുകൾ ഉറങ്ങാതെ നിങ്ങൾക്ക് കാവലായി ഉണ്ടാകും. നിങ്ങൾ ആദ്യമായി കമിഴ്ന്ന് വീഴുമ്പോൾ, ആദ്യമായി നിങ്ങളുടെ കുഞ്ഞിക്കാലുക‌ൾ ഒറ്റയടി വെച്ചു നടക്കുമ്പോൾ, ആദ്യമായി സ്പഷ്ടമല്ലെങ്കിൽ കൂടി അച്ഛൻ, അമ്മ എന്ന് നിങ്ങൾ വിളിക്കുമ്പോൾ, പല്ലുകളില്ലാത്ത മോണ കാട്ടി നിങ്ങൾ ചിരിക്കുമ്പോഴെല്ലാം ഞങ്ങൾക്ക് ലോകം കീഴടക്കിയ ഭാവമായിരിക്കും! പിന്നീട് ഞങ്ങളുടെ ജീവിതത്തിലെ ഓരോ നിമിഷങ്ങളും നിങ്ങളെ മാത്രം ചുറ്റിപ്പറ്റിയുള്ളതായിരിക്കും. നിങ്ങൾക്ക് ഓരോ വയസ്സ് കൂടുന്തോറും ഞങ്ങളുടെ ആശങ്കകളും ആകുലതകളും ഒപ്പം കൂടുന്നു. നിങ്ങൾക്കു വേണ്ട മെച്ചപ്പെട്ട വിദ്യാഭ്യാസം, ജീവിത സൗകര്യങ്ങൾ, നല്ല ഭക്ഷണം ഇതൊക്കെ ഉറപ്പു വരുത്തുന്നതിനായി ഞങ്ങൾ നെട്ടോട്ടമോടുന്നു. പക്ഷേ നിങ്ങൾ കൗമാരത്തിലേക്ക് കടക്കുമ്പോൾ ഞങ്ങളുടെ ഇത്തരം ആശങ്കകളും ആകുലതകളും നിങ്ങൾക്ക് അരോചകമായും അനാവശ്യമായും തോന്നുക തീർത്തും സ്വഭാവികം മാത്രം.

കൗമാരകാലത്തെ നിങ്ങളുടെ ചോരത്തിളപ്പും നിങ്ങൾക്കു ലഭിക്കുന്ന സ്വാതന്ത്ര്യവും ഈ ലോകത്ത് നിങ്ങൾ കാണുന്ന പുതുമകളും നിങ്ങളെ കൊണ്ടെത്തിക്കുക പലപ്പോഴും അപകടകരമായ അവസ്ഥകളിലായിരിക്കും.

ഇത്തരം ഘട്ടങ്ങളിൽ ഒരു പക്ഷേ പലപ്പോഴും നിങ്ങൾക്ക് വിവേകപൂർവ്വം ചിന്തിക്കുവാനോ പ്രവർത്തിക്കുവാനോ കഴിഞ്ഞെന്ന് വരില്ല. ഇത്തരം സന്ദർഭങ്ങളിൽ നിങ്ങളുടെ ചിന്തകളേയും വാക്കുകളേയും ഞങ്ങൾ ഏറ്റെടുക്കും. നിങ്ങളുടെ കാര്യത്തിൽ ഞങ്ങൾ അതീവ ശ്രദ്ധാലുക്കളാകും. നിങ്ങൾക്ക് താങ്ങായും തണലായും ഞങ്ങൾ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ കൂടെ ഉണ്ടാകും. പക്ഷേ ഏറെ സങ്കടകരമെന്നു തന്നെ പറയട്ടെ, ഇത്രമേൽ കരുതലുണ്ടായിട്ടും നിങ്ങളിൽ പലരുടെയും ജീവൻ ഞങ്ങൾക്കു മുമ്പിൽ ഈയാംപാറ്റകളെ പോലെ എരിഞ്ഞു തീരുന്നു. ജനനം മുതൽ വളർച്ചയുടെ ഓരോ ഘട്ടങ്ങളിലുമുള്ള ഞങ്ങളുടെ പ്രതീക്ഷകളുടെ കടയ്ക്കൽ കത്തി വെച്ച് ഒരൊറ്റ നിമിഷം കൊണ്ട് നിങ്ങൾ പടിയിറങ്ങി പോകുന്നു.

സൂപ്പർ ബൈക്കുകളോടുള്ള ആരാധന മൂത്ത് വേഗത ഒരു മാസ്മരിക ലഹരിയായി പടർന്ന് നിങ്ങൾ റോഡിലൂടെ ചീറി പായുമ്പോൾ നിങ്ങൾ കേൾക്കുന്നുണ്ടോ ഞങ്ങളുടെ നെഞ്ചിലെ പടപടപ്പ്? നിങ്ങൾ തിരികെയെത്തും വരെ ഒരു കനലായി ഞങ്ങൾ എരിഞ്ഞു തീരുന്നത് നിങ്ങൾ കാണുന്നുണ്ടോ? ഒരു നിമിഷത്തെ അനുഭൂതിക്കു വേണ്ടി ലഹരിയുടെ കാണാകയത്തിലേക്ക് നിങ്ങൾ ഊളയിട്ടിറങ്ങുമ്പോൾ ഓർത്തിരുന്നോ ഞങ്ങളുടെ കുഞ്ഞു സ്വപ്നങ്ങളെ കുറിച്ച്?

നിങ്ങളുടെ ഒറ്റ നിമിഷത്തെ എടുത്തു ചാട്ടം അല്ലെങ്കിൽ അശ്രദ്ധ ഞങ്ങൾക്ക് നൽകുന്നത് തീരാദുഃഖമാണ്.... നിങ്ങളുടെ ജീവനറ്റ ശരീരം ഞങ്ങൾക്കു മുമ്പിൽ എത്തുമ്പോൾ ഞങ്ങൾ അനുഭവിക്കുന്നത് ഹൃദയം പൊട്ടുമാറ് വേദനയാണ്... നിങ്ങളുടെ സാന്നിധ്യമില്ലാത്ത, നിങ്ങളുടെ കളിചിരികളില്ലാത്ത, നിങ്ങളുടെ ആലിംഗനങ്ങളില്ലാത്ത, നിങ്ങളുടെ മുത്തങ്ങളില്ലാത്ത ഈ ലോകം ഞങ്ങൾക്ക് തീർത്തും അന്യമാണെന്ന് നിങ്ങൾ തിരിച്ചറിയണം. അപകടകരമായ ഓരോ കാര്യങ്ങൾ നിങ്ങൾ ചെയ്യുമ്പോഴും ഓടിയെത്തണം നിങ്ങളുടെ മനസിൽ  ഞങ്ങൾ പാവം മാതാപിതാക്കളുടെ നിസ്സഹായതയുടെ മുഖം... ഓർക്കുക,

നിങ്ങളുടെ നഷ്ടം ഞങ്ങളുടെ ജീവിതത്തിൽ സൃഷ്ടിക്കുന്ന ശൂന്യത വളരെ വലുതാണ്... ഒരിക്കലും നികത്താനാവാത്ത വിധം വളരെ വളരെ വലുത്...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com